Sunday, July 27, 2008

കരിമുകള്‍ - ഒന്ന്‌


ഒന്ന്‌

മലയും കുന്നും ചെമ്മണ്ണു പാതയും അതിനരുകില്‍ ഓലമേഞ്ഞ കള്ളുഷാപ്പുമുള്ളൊരു ഗ്രാമം. കിഴക്കുവശം വിശാലമായ പാടശേഖരങ്ങളാണ്‌. അതിന്റെ നടുക്ക്‌ ഒരു തുരുത്തുണ്ട്‌. അവിടെയാണ്‌ ജോസഫിന്റെ കൂര.

ചെങ്കല്ലുകൊണ്ട്‌ കെട്ടിപ്പൊക്കിയ ചുവരുകള്‍ക്കു മുകളില്‍ എഴുക കെട്ടി ഓല വച്ചു മേഞ്ഞതാണീ വീട്‌. ഗ്രാമത്തില്‍ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും തുരുത്തില്‍ അതില്ല. അതിനാല്‍ കൂരയ്ക്കുള്ളില്‍ ഒരു പാട്ടവിളക്കു കരി പിടിച്ചിരിപ്പുണ്ടാകും.

ജോസഫിന്റെ കെട്ടിയോള്‍ അന്നക്കുട്ടിയും മകള്‍ ശോശക്കുട്ടിയുമാണ്‌ അവിടുത്തെ അന്തേവാസികള്‍. കൂടാതെ ഒരു പശുവും കോലാടും എണീക്കാന്‍ പ്രാണനില്ലാത്ത ഒരു നാടന്‍ പട്ടിക്കുട്ടിയുമുണ്ട്‌.

കൂരയ്ക്കു മുമ്പിലൂടെ ഒരു തോടൊഴുകുന്നു. മഴക്കാലത്തു കൂലംകുത്തിയൊഴുകുകയും വേനലില്‍ വരണ്ടുണങ്ങിക്കിടക്കുകയും ചെയ്യുന്ന അതിന്റെ അരികില്‍ സദാസമയവും ചേറുമണക്കുന്ന കാറ്റു ചുറ്റിത്തിരിയുന്നുണ്ടാവും.

ക്വിന്‍റല്‍ ചാക്കുകള്‍ ലാഘവത്തോടെ തോളില്‍വച്ചു ചുമക്കുന്നതില്‍ ജോസഫിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. ഇരു കൈകളിലും കൊളുത്തുകളുമായി ലോറിയില്‍നിന്ന്‌ ഭാരം മുഴുവന്‍ തെ‍ന്‍റ പുറത്തു താങ്ങി വയ്ക്കുന്നതു കാണാന്‍ നല്ല അഴകാണ്‌. സ്വതവേ ചുവന്നു കലങ്ങിയ കണ്ണുകള്‍ ഈ നേരങ്ങളില്‍ പുറത്തേക്കു തള്ളി വരാറുണ്ട്‌. മൂക്കിന്‍ തുമ്പത്തുനിന്നു വിയര്‍പ്പു മണികള്‍ ഉരുണ്ടു വീഴുന്നതും കാണേണ്ട കാഴ്ച തന്നെ.

ലോഡിറക്കി കഴിഞ്ഞാല്‍ മടിക്കുത്തുനിറയെ നോട്ടുകള്‍ കിട്ടും. ഇനിയാണ്‌ ജോസഫിന്റെ പ്രകൃതം കാണേണ്ടത്‌. ഇടംവലം നോക്കാതെ നേരെ ഷാപ്പിലേക്കു വച്ചു പിടിക്കും. അവിടെ പ്രത്യേകം തയ്യാറാക്കിയ 'ആനമയക്കി'യും കള്ളും ചേര്‍ന്ന മിശ്രിതം മടമടയായി കുടിച്ചുതീര്‍ക്കും.

മറ്റു കുടിയന്‍മാരെപ്പോലെ തൊട്ടുനക്കുന്നതിലൊന്നും വിശ്വാസമില്ലാത്തയാളാണയാള്‍. ആനമയക്കീടെ കുത്തല്‌ മാറാന്‍ കുറച്ചു പച്ചമുളക്‌ എളിയില്‍ കരുതിയിട്ടുണ്ടാകും. അതെടുത്തു കടിച്ചുചവച്ച്‌ നാക്കിനെ ഒന്നു പൊള്ളിച്ചെടുക്കും. ബാക്കി വരുന്ന കൊറ്റന്‍ നിലത്തെ പൂഴിമണ്ണിലേക്കു പാറ്റിത്തുപ്പും.

ഈ പ്രകൃതമെല്ലാം കണ്ടു നില്‍ക്കുന്ന വിളമ്പുകാരനെ വീണ്ടും അര്‍ത്ഥംവച്ചു തുറിച്ചു നോക്കുമ്പോള്‍ അടുത്ത കുപ്പിയില്‍ 'വിഷം' തയ്യാറായി മുന്നിലെത്തിയിരിക്കും. പാതിരാക്കോഴി കൂകും വരെ അയാള്‍ 'ആനമയക്കി'യും പച്ചമുളകുമായി അങ്കം വെട്ടിക്കൊണ്ടിരിക്കും. അന്നത്തെ പറ്റു മുഴുവന്‍ ഡസ്കിനു മുകളില്‍ ചോക്കുകൊണ്ടെഴുതുന്ന വിളമ്പുകാരന്‍.

ചുറ്റും ചിതറിക്കിടക്കുന്ന പച്ചമുളകു ഞെട്ടുകള്‍!

ജോസഫ്‌ ഷാപ്പില്‍നിന്നിറങ്ങുമ്പോള്‍ രാത്രി പന്ത്രണ്ട്‌ കഴിഞ്ഞിരുന്നു. മടിക്കുത്തില്‍ ഒരു ചില്ലിക്കാശു ബാക്കിയില്ല. ഇടവമാസത്തിലെ കോരിച്ചൊരിയുന്ന മഴക്കാലം. കുടയില്ല. മഴയിലൂടെ ആടിയാടി വീട്ടിലേക്കു നടന്നു. ചെമ്മണ്ണു നിറഞ്ഞ പാതയോരങ്ങളില്‍ കലക്കവെള്ളം തളംകെട്ടിക്കിടന്നു. ഇനി പാടം മുറിച്ചു വേണം കൂരയിലെത്താന്‍. ചതുരങ്ങളായി കിടക്കുന്ന പാടവരമ്പിലൂടെ തത്തിക്കളിച്ചും തെന്നിയും ഉരുണ്ടു വീണും ഞാറില്‍ ചവിട്ടിയും ജോസഫ്‌ ഒരു പദപ്രശ്നത്തിലേതു പോലെ സഞ്ചരിച്ചു തുരുത്തിന്റെയടുത്തെത്തി. തോടു നിറഞ്ഞു കവിഞ്ഞൊഴുകുന്നു. വെള്ളത്തിനു കലക്കലും പതയും. കരയിലെ കൈതച്ചെടികളെല്ലാം നെഞ്ചറ്റം വെള്ളത്തില്‍ തുടിച്ചുനിന്നു. പടിഞ്ഞാറു നിന്ന്‌ ഈറച്ച കാറ്റും ഊത്തലും അയാളെ ഒന്നുലച്ചു കടന്നുപോയി.

അയാള്‍ എന്തൊക്കെയോ ആലോചിക്കുകയായിരുന്നു. സ്വന്തം ചെറ്റപ്പുര മഴ നനയുന്നതു കുറെ നേരം ജോസഫ്‌ നോക്കിനിന്നു. തോടു കടന്നുവേണം തുരുത്തിലെത്താന്‍. നെഞ്ചറ്റം വെള്ളത്തിലിറങ്ങിക്കയറി പുരയുടെ മുറ്റത്തെത്തി.പുറത്തു ഇളംതിണ്ണയുടെ ഓരത്തു സുഖനിദ്രയിലായിരുന്ന പട്ടിക്കുട്ടി ജോസഫിന്റെ ലക്ഷണംകെട്ട വരവുകണ്ടു നന്ദി പ്രകാശിപ്പിച്ചു. എഴുന്നേറ്റുനിന്നു വാലാട്ടി മുരണ്ടു. പിന്നീട്‌ വീണ്ടും വളഞ്ഞു കൂടാനുള്ള ഭാവത്തോടെ വട്ടംചുറ്റി ചുരുണ്ടുകൂടി.

"ടാ... ടോമീ...!"

ജോസഫ്‌ ഗൗരവത്തില്‍ പട്ടിയെ വിളിച്ചു. ഒപ്പം അതേ സ്വരത്തില്‍ ഭാര്യയേയും.

"ടീ.. അന്നക്കുട്ട്യേയ്‌...!"

രണ്ടു പേരും പ്രതികരിച്ചില്ല. അന്നക്കുട്ടി കേള്‍ക്കുന്നുണ്ടായിരുന്നു. തലയ്ക്കു വെളിവില്ലാത്ത മനുഷ്യന്‍ ഈ കോലത്തില്‍ വിളിച്ചാല്‍ കേള്‍ക്കാന്‍ മനസ്സില്ല.

ഇതെല്ലാം ആനമയക്കീടെ കളികളാണെന്നവള്‍ക്കറിയാം. കാലമെത്രയായി കാണാന്‍ തുടങ്ങീട്ട്‌...

പുറത്തെ അന്തരീക്ഷം തണുത്തു വിറങ്ങലിച്ചിരുന്നു. പട്ടിക്കുട്ടിക്കും വിറയലുണ്ടായിരുന്നു. രാത്രിയില്‍ പാടശേഖരങ്ങളില്‍ പെയ്യുന്ന മഴയ്ക്ക്‌ തണുപ്പുകൂടും.

പക്ഷേ, ജോസഫിനു തണുപ്പുണ്ടായിരുന്നില്ല. ആ ഗ്രാമത്തില്‍ അപ്പോള്‍ തണുപ്പില്ലാത്ത ഒരാള്‍ അയാള്‍ മാത്രമായിരുന്നു.

ആനമയക്കിയും പച്ചമുളകും തണുപ്പിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.

"ടാ... ടോമീ... നീയ്യിന്നു കുളിച്ചോടാ....?"

ജോസഫ്‌ പട്ടിയോടായി ചോദിച്ചു. കുറ്റാക്കുരിരുട്ടത്തു ലോകം മുഴുവന്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ പട്ടിയോടായാല്‍പ്പോലും ചോദിക്കാമായിരുന്നതല്ല അത്‌.

യജമാനസ്നേഹമുള്ള അതു വെറുതെ മുരണ്ടു. വീണ്ടും ഉറങ്ങാനായി വട്ടം കൂട്ടി.മനസ്സിലെന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ജോസഫ്‌ നായ്ക്കുട്ടിയുടെ അടുത്തേക്കു ചെന്നു. എന്തോ അപകടം കണ്ടിട്ടെന്ന പോലെ അതു മോങ്ങിക്കൊണ്ടു ഒഴിഞ്ഞുമാറാന്‍ നോക്കി. അയാള്‍ അതിനെ വാരിയെടുത്ത്‌ തോട്ടിറമ്പത്തേക്കു നടന്നു. എന്നിട്ടു യാതൊരു ദയയുമില്ലാതെ ഒഴുക്കുവെള്ളത്തിലേക്കു ഒരേറ്‌.

"പോയി കുളിച്ചിട്ടു വന്നു കെടക്കടാ... നായിെ‍ന്‍റ..."

പടിഞ്ഞാറുനിന്നു ആര്‍ത്തലച്ചുവന്ന കാറ്റിലും ഊത്തലിലുംപെട്ട്‌ അയാളുടെ ആക്രോശം പാടശേഖരങ്ങളില്‍ മുഴങ്ങി.

നായ്ക്കുട്ടി ഇരുട്ടില്‍ കൈതക്കാടുകള്‍ക്കിടയിലൂടെ താഴേക്കൊഴുകിപ്പോയി.

എന്തോ ഒരു നിവൃതി അനുഭവിച്ചുകൊണ്ടു ജോസഫ്‌ മുറ്റത്തേക്കു തിരിച്ചു നടന്നു. ഉമ്മറത്ത്‌ എത്തിയപ്പോഴാണ്‌ ആ കാഴ്ച കണ്ടത്‌. വീടിന്റെ ഓലത്തട്ടിക മാറ്റി പകരം പ്ലാവിന്‍ പലക കൊണ്ടുള്ള നല്ല വാതില്‍ പണിതു വച്ചിരിക്കുന്നു.

രാവിലെ പുറത്തോട്ടിറങ്ങുമ്പോള്‍ ഇതുണ്ടായിരുന്നില്ല. ഇതെങ്ങിനെ ഇവിടെയെത്തി...?

താനറിയാതെ ഇവിടെ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നയാള്‍ക്കു തോന്നി.

എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചപോലെ പെട്ടെന്നു വീട്ടില്‍ നിന്നിറങ്ങി. ആടിയാടി പാടം മുറിച്ചുകടന്നു പൊക്കാമറ്റം കവല ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.

നേരം വെളുക്കാന്‍ പിന്നെയും സമയമുണ്ടായിരുന്നു.

4 comments:

കുറുമാന്‍ said...

സദാസ്, ആദ്യം മൊത്തം വായിച്ചിരുന്നുവെങ്കിലും രണ്ടാമതൊരു വായനക്ക് കൂടി ഉണ്ടിത്.

sadas said...

മലയും കുന്നും ചെമ്മണ്ണു പാതയും അതിനരുകില്‍ ഓലമേഞ്ഞ കള്ളുഷാപ്പുമുള്ളൊരു ഗ്രാമം. കിഴക്കുവശം വിശാലമായ പാടശേഖരങ്ങളാണ്‌. അതിന്റെ നടുക്ക്‌ ഒരു തുരുത്തുണ്ട്‌. അവിടെയാണ്‌ ജോസഫിന്റെ കൂര.

Unknown said...

http://nurungukal.wordpress.com/






nannayittundu suhruthee :) ....

Unknown said...

മലയും കുന്നും ചെമ്മണ്ണു പാതയും അതിനരുകില്‍ ഓലമേഞ്ഞ കള്ളുഷാപ്പുമുള്ളൊരു ഗ്രാമം. കിഴക്കുവശം വിശാലമായ പാടശേഖരങ്ങളാണ്‌. അതിന്റെ നടുക്ക്‌ ഒരു തുരുത്തുണ്ട്‌. അവിടെയാണ്‌ SHIJAS ന്റെ കൂടി കൂര.