Thursday, July 3, 2008

കരിമുകള്‍- ഇരുപത്തിയഞ്ച്‌



ഇരുപത്തിയഞ്ച്‌

കമ്പനി മലകളിലും വര്‍ക്ക്‌ സൈറ്റുകളിലും കുര്യാക്കോ വിത്തുവൃഷഭം പോലെ മേഞ്ഞു നടന്നു. ചിലര്‍ അയാളെ വിത്തുകാളെയെന്നു വിളിക്കാനും തുടങ്ങിയിരുന്നു. അതോടൊപ്പം താനൊരു അച്ഛനാകാന്‍ പോകുന്നതിെ‍ന്‍റ ആഹ്ലാദവും അയാള്‍ക്കുണ്ടായിരുന്നു.

ശോശക്കുട്ടിക്ക്‌ വയറ്റിലുണ്ട്‌.

അന്നക്കുട്ടിക്ക്‌ സന്തോഷമായി. ഇക്കാണാവുന്ന സ്വത്തിന്‌ ഒരവകാശിയുണ്ടാവുക അതൊരു ആശ്വാസമാണ്‌. വിശേഷമുണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ തന്നെ അവള്‍ക്കു ചില ഉപദേശങ്ങള്‍ അന്നക്കുട്ടി നല്‍കി.

ഇനി മുതല്‍ പല കാര്യത്തിലും ശ്രദ്ധ വേണം. സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങരുത്‌. വല്ലതും കണ്ടു പേടിച്ചാല്‍ ഗര്‍ഭമലസിപ്പോകാം. കൂടാതെ വേളൂര്‍ത്തോട്ടിലെ വെള്ളത്തില്‍ ചവിട്ടുക പോലുമരുത്‌. കുടിക്കാനായി ഡിസ്റ്റില്‍ഡ്‌ വാട്ടര്‍ തന്നെ മതി.

പഴുക്കാത്ത പപ്പായ, കൈതച്ചക്ക തുടങ്ങിയവയൊന്നും കഴിക്കരുത്‌. ഗര്‍ഭമിളകി പോകും. ഓടിക്കേറരുത്‌, ശരീരമനങ്ങി ചാടരുത്‌. ഈ വിധത്തില്‍ കുറെയധികം ഉപദേശങ്ങളുമായി അന്നക്കുട്ടി അവളുടെ നിഴലുപോലെ നടന്നു.

ഈയിടെ ചെക്കപ്പിനായി പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി കാണിച്ചിരുന്നു. അവരു ചോര പരിശോധനയ്ക്കെടുത്തു. സ്കാനിംഗും നടത്തി.

കുര്യാക്കോ ഒഴിവു നേരങ്ങള്‍ ആനന്ദപ്രദമാക്കാന്‍ ചിന്നയുടെ ബംഗ്ലാവുമായി ബന്ധം തുടര്‍ന്നു. മിക്കവാറും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അയാളെ അവിടെ കണ്ടു.

ചിന്നയുടെ ഭര്‍ത്താവെന്നു പറഞ്ഞ്‌ അവിടെ കാണാറുണ്ടായിരുന്ന ആ വെളുത്ത ക്ഷയരോഗി ഈയിടെ ചോര ഛര്‍ദ്ദിച്ച്‌ ചിന്നമുക്കിലെ വളവിനപ്പുറം കിടന്നു മരിച്ചിരുന്നു.

വിവരമറിഞ്ഞിട്ടും ചിന്നയ്ക്കൊരു കൂസലുമുണ്ടായില്ല. അവള്‍ നാലും കൂട്ടി മുറുക്കി കസ്റ്റമേഴ്സിന്റെ മുമ്പില്‍ ശൃംഗാരച്ചുവയുള്ള ചിരി നടത്തിക്കൊണ്ടിരുന്നു.

മൃതദേഹം പോലീസ്‌ കൊണ്ടുപോയി മോര്‍ച്ചറിയില്‍ വച്ചു. പിന്നീട്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കീറിപ്പൊളിച്ചു പഠിക്കാനായി വിട്ടുകൊടുത്തു.

അയാളാരാണെന്നോ ചിന്നയുമായുള്ള ബന്ധമെന്തായിരുന്നെന്നോ ആര്‍ക്കുമറിയില്ല. അയാള്‍ കസ്റ്റമേഴ്സിന്റെ മുഖത്തുപോലും നോക്കുമായിരുന്നില്ല. സിഗരറ്റ്‌ പുകച്ച്‌ ദുരെ ദൃഷ്ടിയൂന്നി ഇരിക്കുന്ന ആ രൂപം ഇപ്പോഴവിടെയില്ല.

ഇപ്പോള്‍ ചിന്നയുടെ ബംഗ്ലാവിന്റെ പരിസരത്തു ടാങ്കര്‍ ലോറികള്‍ കാണാറില്ല. പകരം ചില്ലില്‍ കറുത്ത ഫിലം ഒട്ടിച്ച കാറുകളാണ്‌ വരാറുള്ളത്‌. നഗരത്തിലെ ചില സ്വകാര്യ വഹനങ്ങളും മദ്രാസിലെയും ബാംഗ്ലൂരിലെയും രജിസ്ട്രേഷന്‍ വണ്ടികളും അവിടെ വന്നു പോകാറുണ്ട്‌.

സിനിമാ നടികള്‍, സീരിയല്‍ നടികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവരുടെ ആതിഥേയയായി ചിന്ന നിറഞ്ഞുനിന്നു. ആരൊക്കെ എപ്പോഴൊക്കെ വരുന്നുവെന്ന്‌ ആര്‍ക്കുമറിയില്ല.

ശോശക്കുട്ടിയുടെ ചെക്കപ്പിെ‍ന്‍റ ഫലം വാങ്ങാനായി അമ്മയും മകളും സ്വകാര്യ ആശുപത്രിയിലരിക്കുകയാണ്‌.

ഒടുക്കം ഡോക്ടര്‍ അകത്തേക്കു വിളിപ്പിച്ചു.

ലേഡി ഡോക്ടറാണ്‌. അവരുടെ മുഖത്ത്‌ ഗൗരവം നിറഞ്ഞുനിന്നിരുന്നു. അവര്‍ ശോശക്കുട്ടിയെ തറപ്പിച്ചു നോക്കിയശേഷം അന്നക്കുട്ടിയോട്‌ ചോദിച്ചു.
"ആരാ ഇവരുടെ ഭര്‍ത്താവ്‌?"

കുര്യാക്കോ... നേതാവ്‌ കുര്യാക്കോ... കമ്പനീലെ...

ഡോക്ടര്‍ അതു മുഴുമിപ്പിക്കുന്നതിന്‌ മുമ്പ്‌ പറഞ്ഞു.

"ശരി അയാളോട്‌ ഇവിടെ വരെ ഒന്നു വരാന്‍ പറയണം. ചിലതു സംസാരിക്കാനുണ്ട്‌. റിസല്‍ട്ട്‌ ഞാനയാള്‍ക്കു കൊടുക്കാം... നിങ്ങളു പൊയ്ക്കൊള്ളൂ..."

രണ്ടുപേരും തിരിച്ചു പോന്നു.

അവര്‍ ആലോചിക്കുകയായിരുന്നു. എന്തെങ്കിലും കുഴപ്പം? അല്ലെങ്കില്‍ കുര്യാക്കോയെ തിരിക്കിയത്‌?

പിറ്റേന്ന്‌ കമ്പനിയില്‍ ആളുകളെ കയറ്റിക്കഴിഞ്ഞ്‌ ബൈക്കുമെടുത്ത്‌ കുര്യാക്കോ ആശുപത്രിയിലെത്തി. റിസപ്ഷനിലെത്തിയപ്പോള്‍ ജീവനക്കാര്‍ കുര്യാക്കോയെ കണ്ടു ചിരിച്ചു... അവര്‍ ചില്ലുകൂടിനപ്പുറം തെ‍ന്‍റ നേരെ ചൂണ്ടിക്കാട്ടി എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഡോക്ടറെ കണ്ടു. അവര്‍ അയാളോട്‌ വളരെ ശബ്ദം കുറച്ചു സംസാരിക്കാന്‍ തുടങ്ങി.

"ഇന്നലെ നിങ്ങളുടെ ഭാര്യ വന്നിരുന്നു. അവരുടെ രക്തപരിശോധനയുടെ ഫലം കിട്ടി. പക്ഷേ... അത്‌ അവരെ നേരിട്ടറിയിക്കാന്‍ മനസു വന്നില്ല."

നിങ്ങളുടെ ഭാര്യയുടെയും കുഞ്ഞിന്റെയും രക്തത്തില്‍ എച്ച്‌.ഐ.വി. പോസിറ്റീവ്‌ നിറഞ്ഞുനില്‍ക്കുന്നു."

കുര്യാക്കോയ്ക്കൊന്നും മനസിലായില്ല.

ഡോക്ടര്‍ കുറച്ചുകൂടി തെളിച്ചു പറഞ്ഞു...

"എയ്ഡ്സ്‌ എന്ന മാരക രോഗത്തിന്റെ അണുക്കള്‍ നിങ്ങളുടെ ഭാര്യയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു... നിങ്ങളുടെ രക്തം പരിശോധിക്കണം. മനുഷ്യെ‍ന്‍റ കുത്തഴിഞ്ഞ ജീവിതം തരുന്ന ദുരന്തങ്ങളാണിതെല്ലാം. ഭാര്യ, കുഞ്ഞ്‌, കൂടാതെ നിങ്ങള്‍ വേഴ്ച നടത്തിയ സ്ത്രീകള്‍... ഇവര്‍ക്കെല്ലാം ഇതു പകരാനിടയുണ്ട്‌."

ഇതു ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയുമോ?

"ഇല്ല. ഇതു വന്നവര്‍ ഇതോടുകൂടി മരിക്കുകയെന്നതാണ്‌ ഇന്നത്തെ ലോക നിയമം."

"നിങ്ങള്‍ക്കു പൈസയുണ്ടെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷം ചികിത്സകൊണ്ട്‌ മരണം നീട്ടിവയ്ക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, അകാല മരണത്തിന്‌ സാധ്യത ഏറെ."

കുര്യാക്കോ തിരിച്ചു ബൈക്കിലിരുന്നു പോരുമ്പോള്‍ തലയില്‍ മറ്റു ചിന്തകളൊന്നുമുണ്ടായിരുന്നില്ല. ആരില്‍ നിന്നായിരിക്കും തനിക്കിത്‌ കിട്ടിയത്‌...? താനാര്‍ക്കെല്ലാം ഇതു വീതംവച്ചു കാണും?

ചിന്നയുടെ മാളികയിലെത്തിയ ബാംഗ്ലൂര്‍കാരിയില്‍നിന്ന്‌, കമ്പനിപ്പാടത്തെ പുല്ലുകാരികളില്‍നിന്ന്‌, പണിതേടി കമ്പനിപ്പടിയിലെത്തിയ തമിഴത്തികളില്‍നിന്ന്‌...?

അറിയില്ല. തന്നിലൂടെ തന്റെ പരമ്പരകള്‍ക്കു കൈമാറാനായി കിട്ടിയ ഈ വിഷവിത്ത്‌ ഗ്രാമം മുഴുവന്‍ പൊട്ടിമുളയ്ക്കുമോ...?

ഒരോ നിമിഷവും ഇതു കൈമാറ്റം ചെയ്യപ്പെടുന്നു. നിരപരാധിയായ ഭ്രൂണത്തെപ്പോലും വെറുതെ വിടാത്ത വിഷവിത്ത്‌.

അയാള്‍ പാര്‍ട്ടിയോഫീസിലോ വീട്ടിലോ കയറിയില്ല. ബൈക്കോടിച്ച്‌ നേരെ കമ്പനി മലയിലേക്കാണു പോയത്‌. അവിടെ ഇടതൂര്‍ന്ന കാടുകളുണ്ട്‌. കാടിെ‍ന്‍റ മറയിലൊരിടത്ത്‌ ബൈക്കുവച്ച്‌ അതിനുള്ളിലേക്കു നടന്നു.

കെ.എം.കെ. നായരുടെ ഫാക്ടറി സങ്കല്‍പങ്ങള്‍ പൂവണിഞ്ഞ കമ്പനിക്കാടുകള്‍... നയന മനോഹരമായ തടാകം. അതില്‍ ചിറകിട്ടടിച്ച്‌ ഇണചേരുന്ന സൈബീരിയന്‍ പക്ഷികള്‍. കാട്ടിനുള്ളില്‍ കൊക്കുരുമ്മി സല്ലപിക്കുന്ന നീല പൊന്മാനുകള്‍...

കുര്യാക്കോ അതൊന്നും കണ്ടില്ല.

അയാള്‍ തന്നെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു. ഇന്നേവരെ എല്ലാം പിടിച്ചുപറ്റുകയായിരുന്നു. ഒന്നും തന്നെയന്വേഷിച്ചു വന്നതല്ല. എന്നാല്‍ വന്നത്‌ നാടിെ‍ന്‍റ നാശത്തിനായുള്ള വിഷവിത്ത്‌ മാത്രം.

നല്ലൊരു വാകമരത്തണലില്‍ അയാള്‍ മലര്‍ന്നുകിടന്നു. പിന്നിട്ട വഴികളില്‍... ശാപം മാത്രം തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു...

എല്ലാവരും തനിക്കുനേരെ വിരല്‍ ചൂണ്ടിത്തുടങ്ങിയിരിക്കുന്നു...

താഴെ തടാകത്തില്‍ വെള്ളം ഓളം വെട്ടുന്ന ശബ്ദം... അയാളെണീറ്റു ചെന്നു നോക്കി.

ദേവകിയമ്മ ശുദ്ധം മാറാനായി മുങ്ങിക്കുളിക്കാന്‍ ഈ കൊടുംകാട്ടില്‍... ഈ കമ്പനിത്തടാകത്തില്‍ ഒറ്റയ്ക്കു വന്നിരിക്കുന്നു...

ദേവകിയമ്മ നൂറിലധികം മുങ്ങിക്കൊണ്ടിരുന്നു.

No comments: