Saturday, July 19, 2008

കരിമുകള്‍- ഒമ്പത്‌



ഒമ്പത്‌

ഗ്രാമത്തില്‍ കമ്പനിയോടു ചേര്‍ന്ന്‌ ആയിരം ഏക്കര്‍ ഭൂമികൂടി അക്വയര്‍ ചെയ്യപ്പെട്ടു. കമ്പനിപ്പരിസരങ്ങളില്‍ കഴിഞ്ഞവര്‍ ഈ അറിയിപ്പു വന്നതോടെ നെട്ടോട്ടമായി. എണ്ണക്കമ്പനിയില്‍നിന്നുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന രാസവള നിര്‍മാണശാലയാണു വരാന്‍ പോകുന്നത്‌. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ അഭിവൃദ്ധിക്ക്‌ രാസവളങ്ങള്‍ അത്യന്താപേക്ഷിതമായി കേന്ദ്ര സര്‍ക്കാരിനു തോന്നി. ഇതിനുവേണ്ടി ഭൂമി എടുക്കാനും കമ്പനി നിര്‍മാണത്തിെ‍ന്‍റ ചുമതല കെ.എം.കെ നായരെ നിയോഗിച്ചു. ദീര്‍ഘ വീക്ഷണവും അനുഭവ സമ്പത്തും കൈമുതലായ ഒരാളായിരുന്നു അദ്ദേഹം.

ആന്‍ഡമാനിലായിരുന്നു കെ.എം.കെ. നായര്‍ ജോലി ചെയ്തിരുന്നത്‌. ഭാരത സര്‍ക്കാരിെ‍ന്‍റ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം നായര്‍ രാസവള നിര്‍മാണശാലയുടെ ചുമതലകൂടി ഏറ്റെടുക്കുകയായിരുന്നു.

അതുവരെ നിലവിലുണ്ടായിരുന്ന ഫാക്ടറി സങ്കല്‍പങ്ങളില്‍നിന്നും വിഭിന്നമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.

പണ്ടെല്ലാം കമ്പനിക്കു സ്ഥലമെടുത്താല്‍ ആളുകളെയെല്ലാം ഒഴിപ്പിച്ച്‌ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി, വൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ച്‌ ബുള്‍ഡോസറുപയോഗിച്ച്‌ ഒരു മൈതാനം പോലെയാക്കുമായിരുന്നു. ആ കാഴ്ച ഒരു ശവപ്പറമ്പുപോലെ വിജനവും വരണ്ടതുമായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടിട്ടുണ്ട്‌.

നായര്‍ സ്ഥലം ഏറ്റെടുത്ത ഉടനെ ഒഴിഞ്ഞുപോകുന്ന ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക്‌ കമ്പനിയില്‍ ജോലി കൊടുക്കാമെന്നേറ്റു. കൂടാതെ വ്യവസായശാലയുടെ അതുവരെയുള്ള സങ്കല്‍പങ്ങളില്‍നിന്നു വിഭിന്നമായി മരങ്ങള്‍ മുറിക്കാതെ വീടുകള്‍ ഇടിച്ചു നിരത്താതെ അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തന രീതിയാണ്‌ കാണിച്ചുകൊടുത്തത്‌. പ്രകൃതിയുടെ സംതുലനം നമ്മളായിട്ടു നശിപ്പിക്കാന്‍ പാടില്ല. നായര്‍ കീഴ്‌ ജീവനക്കാര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കി.

ഫാക്ടറിയില്‍ എല്ലാത്തരം ആളുകളെയും നിയമിച്ചു. കഥകളിക്കാര്‍, ചെണ്ടക്കാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്‍, തുടങ്ങി നോവലെഴുത്തുകാരെ വരെ ജോലിക്കെടുത്തു.

വ്യവസായശാലയില്‍ സാങ്കേതിക വിദഗ്ധര്‍മാത്രം പോരാ, സംസ്കാരമുള്ളവരും വേണമെന്നുള്ള നിര്‍ബന്ധം അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നു.

സ്ഥലമൊഴിഞ്ഞു പോകാനായി നോട്ടീസു കിട്ടിയവര്‍ പലരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. സാധാരണക്കാരായിരുന്നു ഭൂരിപക്ഷവും. അവര്‍ പരാതിയുമായി നാലുവഴിക്കും പാഞ്ഞു. പക്ഷേ, പരാതികൊണ്ടൊരു കാര്യവുമുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിെ‍ന്‍റ തീരുമാനമാണ്‌.

ചില കാര്യപ്രാപ്തിയുള്ളവര്‍ സുപ്രീം കോടതി വരെ സ്ഥലമെടുപ്പിനെതിരെ കേസുമായി നീങ്ങി. രാജ്യ വികസനത്തിനു കമ്പനികള്‍ ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടു സുപ്രീം കോടതി കേസ്‌ തള്ളി.

ആളുകള്‍ നാടും വീടും വിട്ടു വിവിധ ജില്ലകളിലേക്കു ചേക്കേറി. കമ്പനികൊണ്ടു ശിഷ്ടകാലം ജീവിക്കണമെന്നുദ്ദേശിച്ചവര്‍ ഗ്രാമത്തില്‍ പലയിടത്തും അഞ്ചും പത്തും സെന്‍റും വാങ്ങി വീടുവച്ചു താമസിച്ചു.

കമ്പനി നിര്‍മാണഘട്ടത്തില്‍ ദൂര ദേശങ്ങളില്‍നിന്നു ധാരാളമാളുകള്‍ ജോലി തേടി പൊക്കാമറ്റം കവലയില്‍ വന്നിറങ്ങി.കമ്പനിപ്പരിസരങ്ങളിലും പുറംപോക്കിലും ടെന്‍റുകെട്ടിത്താമസിക്കാന്‍ തുടങ്ങി.

കമ്പനിക്കവലയില്‍ നല്ല തിരക്കായി. ധാരാളം കടകളും ടീ സ്റ്റാളുകളും മുളച്ചുപൊന്തി. കച്ചവടം പൊടിപൊടിച്ചു.

എണ്ണക്കമ്പനിക്ക്‌ കിഴക്കുഭാഗത്ത്‌ ഒരു കൊടുംവളവുണ്ട്‌. ചിന്നമുക്ക്‌ എന്നാണ്‌ സ്ഥലത്തിന്റെ പേര്‌. കമ്പനിപ്പണിക്കാലം തുടങ്ങിയതോടെ തോപ്പുംപടിക്കാരി ചിന്ന എന്ന ചിന്നമ്മ സ്വന്തം നിലയില്‍ ഒരു വേശ്യാലയം പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ്‌ ഈ മുക്കിന്‌ അവളുടെ പേരു വീണത്‌. കൊടുംവളവായ പ്രദേശമാണത്‌. അതുകൊണ്ടുതന്നെ ഏതു വണ്ടിയും ഇവിടെ ബ്രേക്കിട്ടേ പോവാറുള്ളൂ. അവളുടെ വീടിനു മുമ്പില്‍ ബ്രേക്കിടാത്ത വണ്ടികളില്ല.

ചിന്നയുടെ വീട്‌ ആദ്യം ഒരു ചെറ്റപ്പുരയായിരുന്നു. അവളെ കൂടാതെ പ്രായപൂര്‍ത്തിയായ ഒരു മകള്‍, തോപ്പുംപടിയില്‍നിന്ന്‌ ഇടയ്ക്കു വിരുന്നു കൂടാന്‍ വരുന്ന തെറിച്ചു നടക്കുന്ന ചെറുപ്പക്കാരികള്‍...

അവളുടെ ഭര്‍ത്താവ്‌ എന്നു പറയപ്പെടുന്ന വെളുത്ത മെല്ലിച്ച ഒരു മധ്യവയസ്കന്‍ എപ്പോഴും ഉമ്മറത്തിരിപ്പുണ്ട്‌. അയാള്‍ക്ക്‌ ക്ഷയത്തിന്റെ അസുഖമുള്ളതുപോലെ തോന്നിക്കുമെങ്കിലും സദാ നേരവും സിഗരറ്റും പുകച്ചിരുന്നു ചിന്തിക്കുന്നതു കാണാം.

യാത്രാ ബസുകള്‍ വളവു തിരിയുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ പുതിയതായി അവിടെ വന്നു തെറിച്ചു നടക്കുന്ന ചെറുപ്പക്കാരികളിലായിരിക്കും. ഓരോ ദിവസവും പുതിയവയെത്തി. പല രൂപത്തില്‍... നിറത്തില്‍...

തമിഴന്‍ ലോറികളും സര്‍ദ്ദാര്‍ ഡ്രൈവര്‍മാരും ആ പ്രദേശത്തു ചുറ്റിത്തിരിയുന്നു. ആദ്യം ഡ്രൈവര്‍ ഉള്ളില്‍ പോവുകയും പിന്നീട്‌ കിളിയുടെ ഊഴമെത്തുകയും ചെയ്യും. കമ്പനിയുടെ നിര്‍മാണം പൊടിപൊടിക്കുമ്പോള്‍ ചിന്നയുടെ വ്യാപാരവും തകര്‍ത്തു നടന്നു. ഭര്‍ത്താവ്‌ ഒരു കാവല്‍ക്കാരനെപ്പോലെ ഉമ്മറത്തിരുന്നു സിഗരറ്റു പുകച്ചൂതി.

കമ്പനിപ്പണി തുടങ്ങി ആറു മാസത്തിനകം ചിന്ന ചെറ്റപ്പുര മാറ്റി കുറെ മുറികളുള്ള വാര്‍ക്കപ്പുര പണിതു. മുകളിലേക്കു പണിയാനായി കമ്പികളും നാട്ടി നിര്‍ത്തിയിരുന്നു.

ആകെയൊരു ശല്യം പോലീസാണ്‌. ചിലര്‍ക്കു പെണ്‍പിള്ളേരെ മതി. എന്നാല്‍ മറ്റു ചിലര്‍ക്കു കാശുതന്നെ വേണം. എന്തായാലും ചിന്നയുടെ കാശു വാങ്ങാത്ത പോലീസുകാര്‍ പൊക്കാമറ്റം സ്റ്റേഷനില്‍ വിരളമായിരുന്നു.

മാഷ്‌ വൈകിട്ട്‌ നടക്കാനിറങ്ങുമ്പോള്‍ ചിന്നമുക്കില്‍ നല്ലൊരാള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു കുര്യാക്കോയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ആളുകള്‍ക്കിടയില്‍ രണ്ടുപേരെ അണ്ടര്‍വെയര്‍ മാത്രമിടുവിച്ചു വിചാരണ നടത്തുന്നു. ചിന്നയുടെ ഒരു സാരി വലിച്ചു കീറി അവരുടെ കൈകള്‍ പുറകോട്ടു കെട്ടിയിട്ടുണ്ട്‌. കുര്യാക്കോയാണ്‌ ചോദ്യം ചെയ്യുന്നത്‌.

മാഷ്‌ ആള്‍ക്കൂട്ടത്തിനിടയിലൂടെ തല കടത്തി അപരിചിതരെ നോക്കി. നല്ല പരിചയമുള്ള മുഖങ്ങള്‍.

പൊക്കാമറ്റം സ്റ്റേഷനിലെ രണ്ടു കോണ്‍സ്റ്റബിള്‍മാര്‍.

"മാഷേ... ഇവന്മാര്‌ കുറേ ദിവസമായി ചിന്നേടെ വീട്ടിലാ ഏര്‍പ്പാട്‌... ഇന്നാ കയ്യോടെ പിടിക്കാന്‍ പേറ്റെത്‌..."

കുര്യാക്കോ കരിങ്കുറ്റി പോലീസുകാരെ‍ന്‍റ മുഖമടച്ച്‌ ഒരിടി പാസാക്കി.

പോലീസുകാരന്‍ ഇടികൊണ്ടു ചൂളിനിന്നു.

മാഷിടപെട്ടു... "അരുത്‌ അവരെ തല്ലരുത്‌. തെറ്റു ചെയ്താലും അവരു പോലീസുകാരാണെന്നോര്‍ക്കണം."

പിന്നെ പോലീസുകാരോടായി...

"എന്താ സാറെ ഇതൊക്കെ.... നിങ്ങള്‍ക്കു ഭാര്യേം പിള്ളേരുമൊക്കെ ഉള്ളവരല്ലേ...?"

പോലീസുകാര്‍ നിലത്തു നോക്കിനിന്നു. ദേഹമാസകലം തല്ലിന്റെ പാടുകളുണ്ട്‌.

ഈ സമയം കമ്പനി ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ നഗരത്തിലെ പോലീസ്‌ ക്യാമ്പിലേക്കു വിളിച്ചു... പൊക്കാമറ്റം സ്റ്റേഷനിലെ പോലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.

മാഷ്‌ റോഡുവഴി കിഴക്കോട്ടു നടന്നു.

ചിന്നയും രണ്ടു മുഴുത്ത പെണ്ണുങ്ങളും കാഴ്ചക്കാരെപ്പോലെ അവരുടെ വീട്ടില്‍നിന്നു. ഭര്‍ത്താവ്‌ ഇതൊന്നും ഗൗനിക്കാതെ വിദൂരതയില്‍ കണ്ണുനട്ടിരുന്നു സിഗരറ്റ്‌ വലിച്ചു തള്ളുന്നു.

ചിന്നയ്ക്ക്‌ യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. അവളിതെത്ര കണ്ടിരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ നഗരത്തിലെ ക്യാമ്പില്‍നിന്നു രണ്ടു വണ്ടി നിറയെ സി.ആര്‍.പി ബറ്റാലിയന്‍ പോലീസുകാരെത്തി. ചിന്നമുക്കില്‍ ചാടിയിറങ്ങി ഒരു ചെറിയ ലാത്തിച്ചാര്‍ജ്‌ നടത്തി. കൂടിനിന്ന പലര്‍ക്കും കിട്ടി അടി. കുര്യാക്കോയടക്കം കണ്ടാലറിയാവുന്ന അഞ്ചാറാളുകളെ അറസ്റ്റ്‌ ചെയ്തു ജീപ്പ്പിലിട്ടു. പോകുന്ന വഴിയില്‍ വണ്ടിയുടെ പ്ലാറ്റുഫോമിലിരുന്ന കുര്യാക്കോയുടെ പുറത്തു ഇരുമ്പും കീടം പോലുള്ള ഇടി വീഴുന്നുണ്ടായിരുന്നു.

"പോലീസിനെ തല്ലിയാണോടാ നിെ‍ന്‍റ യൂണിയന്‍ പ്രവര്‍ത്തനം." ഇതു പറഞ്ഞായിരുന്നു ചാര്‍ത്ത്‌.

കുര്യാക്കോ ലോക്കപ്പിലായ വിവരം ഗ്രാമത്തിലും കമ്പനിയിലും പാട്ടായി. അന്നു കമ്പനിപ്പണിക്ക്‌ ആളെ കയറ്റിയില്ല. തൊഴിലാളികള്‍ കുര്യാക്കോയ്ക്ക്‌ മുദ്രാവാക്യം വിളിച്ചുകൊണ്ടു പൊക്കാമറ്റം സ്റ്റേഷനിലേക്കു ജാഥ നടത്തി.

സ്റ്റോറില്‌ സാധനമിറക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ ജോസഫ്‌ വിവരമറിഞ്ഞത്‌. നേരെ മാഷിനെയുംകൂട്ടി സ്റ്റേഷനില്‍ ചെന്നു കുര്യാക്കോയെ ജാമ്യത്തിലെടുത്തു.

പുറത്തേക്കിറങ്ങുമ്പോള്‍ അവെ‍ന്‍റ ശരീരവും മുഖവുമെല്ലാം നീരു കെട്ടിയിരുന്നു.

"ആ നായിെ‍ന്‍റ മോന്‍ എസ്‌.ഐ. എന്നെ ഇടിച്ചു നെരപ്പാക്കി ജോസഫേട്ടാ..." കുര്യാക്കോയുടെ ചുണ്ടില്‍നിന്നും ശബ്ദം മുഴുവന്‍ വെളിയില്‍ വന്നില്ല.

ജോസഫ്‌ അവനെ ഓട്ടോയില്‍ കേറ്റി വേളൂര്‍ പാടത്തിന്റെ കരയിലെത്തിച്ച്‌ ഓട്ടോ പറഞ്ഞുവിട്ടു. അവന്‍ ജോസഫിന്റെ തോളില്‍ തൂങ്ങി വരമ്പു വഴി നടക്കാന്‍ തുടങ്ങി.

പാടത്തുവെള്ളം കുറവായിരുന്നു. വേനല്‍ക്കാലത്തു വരമ്പൊരുക്കുന്ന പണി നടന്നുകൊണ്ടിരുന്നതിനാല്‍ മിക്ക വരമ്പുകളിലും ചേറു വെട്ടിക്കേറ്റി തേച്ചു മിനുക്കി കാരമുള്ളുകള്‍ വച്ചിരുന്നു.

വേളൂര്‍ത്തോട്‌ ഇറങ്ങിക്കയറി ജോസഫും കുര്യാക്കോയും കൂരയുടെ മുറ്റത്തെത്തി.

ടോമിയെന്ന നായ്ക്കുട്ടി ജീവനും കൊണ്ടു പിന്നാമ്പുറത്തേക്കോടി.

അന്നക്കുട്ടി വന്നു കുര്യാക്കോയെ താങ്ങി അകത്തുകൊണ്ടുപോയി. അവിടെ ഒരാഴ്ചയോളം കുര്യാക്കോ താമസിച്ചു. അന്നക്കുട്ടിയുടെ ആതിഥ്യം അവനില്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. താമസത്തിനിടയില്‍ കുര്യാക്കോ പലതും നേടുകയും ജോസഫിനു അയാളറിയാതെ പലതും നഷ്ടപ്പെടുകയുമായിരുന്നു.

അന്നക്കുട്ടി പതിവിലധികം സുന്ദരിയും സന്തോഷവതിയുമായി.

1 comment:

വേണു venu said...

ഇതു മനോഹരം മാഷേ.
കഥ കഥയില്ലായ്മയിലെത്തുന്ന പ്രക്രിയ.
ഭര്‍ത്താവ്‌ ഇതൊന്നും ഗൗനിക്കാതെ വിദൂരതയില്‍ കണ്ണുനട്ടിരുന്നു സിഗരറ്റ്‌ വലിച്ചു തള്ളുന്നു.
അതേ എനിക്കും ഒരു സിഗറട്ടു കിട്ടിയിരുന്നെങ്കില്‍‍.
ഇഷ്ടപ്പെട്ടു .ചെല അപാകതകള്‍‍ ഉണ്ടു്. അതു ചൂണ്ടിക്കാട്ടാനും എനിക്കു കഴിയുന്നില്ല.:)