Tuesday, July 15, 2008

കരിമുകള്‍-പതിമൂന്ന്‌


പതിമൂന്ന്‌


കുര്യാക്കോയുടെ ബിനാമിയായി ജീവിച്ചുകൊണ്ടിരുന്ന ജോസഫിന്‌ തിരക്കുതന്നെ. അയാള്‍ വീടിന്റെ വെഞ്ചരിപ്പു നടത്താതെ ചെറ്റപ്പുരയില്‍ നിന്നു കുര്യാക്കോയുടെ പുതിയ വീട്ടിലേക്കു താമസം മാറ്റി. ഇപ്പോള്‍ അന്നക്കുട്ടിയുടെ നിയന്ത്രണത്തിലാണ്‌ ജോസഫും കുര്യാക്കോയും കോണ്‍ട്രാക്ട്‌ പണികളും.

അന്നക്കുട്ടിക്കിപ്പോള്‍ ചില കണക്കുകൂട്ടലുകളുണ്ട്‌. കുര്യാക്കോയെക്കൊണ്ട്‌ ശോശാക്കുട്ടിയെ കെട്ടിക്കണം. ബന്ധുക്കളായാല്‍ ആളുകളെക്കൊണ്ട്‌ വെറുതെ ഓരോന്നു പറയിപ്പിക്കണ്ടല്ലോ?

കമ്പനിയില്‍ ആളുകളെ കയറ്റിക്കഴിഞ്ഞാല്‍ കുര്യാക്കോ ബൈക്കില്‍ അന്നക്കുട്ടിയുടെ അടുത്തെത്തും. ശോശക്കുട്ടി ടൈപ്പിനു പോയിക്കഴിഞ്ഞിട്ടുണ്ടാവും. പിന്നീട്‌ അന്നക്കുട്ടിയും കുര്യാക്കോയും മാത്രമേ അവിടെയുള്ളൂ...

ദൈവകല്‍പനകള്‍ ലംഘിക്കപ്പെടുന്ന കൂടിക്കാഴ്ചകളുടെ ഇടവേളകളില്‍ കുര്യാക്കോ അന്നക്കുട്ടിയോടൊരു വിവരം തുറന്നു ചോദിച്ചു.

"ശോശക്കുട്ടിയെ ഇങ്ങനെ നിര്‍ത്ത്യാ മതിയോ? ഏതെങ്കിലുമൊരു പയ്യനെ കണ്ടെത്തി അവളുടെ കല്യാണം നടത്തണ്ടേ?"

മറുപടിയായി അവനെ കെട്ടി വരിഞ്ഞുകൊണ്ട്‌ അന്നക്കുട്ടി പറഞ്ഞു: 'എന്തിനാ വേറെ പയ്യന്‍? നീ തന്നെ അവളെ കെട്ട്യാ മതി."

കുര്യാക്കോയ്ക്ക്‌ അതൊരു പുതിയ അറിവായിരുന്നു.

അന്നു മുതല്‍ അവന്‍ മനസുകൊണ്ട്‌ ഒരു മണവാളനായി തീരുകയും ശോശക്കുട്ടിയെക്കൂടി അന്നക്കുട്ടിയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്തു.

പൊക്കാമറ്റം പാറമടയിലിരുന്ന ജോസഫ്‌ ഒരു ദിവസം ഡ്രൈവറേം വിളിച്ചു കാറുമെടുത്തു നേരെ വീട്ടിലെത്തി. മുറ്റത്തു വന്നപ്പോള്‍ നടക്കല്ലില്‍ കുര്യാക്കോയുടെ ചെരിപ്പു വിശ്രമിക്കുന്നതു കണ്ടു നേരെ തിരുവാങ്കുളം ബാറില്‍ പോയിരുന്നു കുടിച്ചു പൂസായി.

അയാളുടെ മനസില്‍ ചില സംശയങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു. ആരാണ്‌ കുടുംബനാഥന്‍?

താനോ... അതോ കുര്യാക്കോയോ?

ജോസഫ്‌ ഈയിടെ അന്നക്കുട്ടിയെ കാണാറില്ല. അയാള്‍ വീട്ടിലെത്താറില്ലായെന്നതാവും ശരി. കുര്യാക്കോയും അന്നക്കുട്ടിയും ഭാര്യാഭര്‍ത്താക്കന്‍മാരെപോലെ സ്വതന്ത്രമായി ഇടപെട്ടു തുടങ്ങിയിരിക്കുന്നു.

പണ്ട്‌ ഒളിഞ്ഞുനിന്നു ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നു. നടക്കല്ലിലെ ചെരുപ്പു മാറിയിട്ട്‌ തനിക്ക്‌ വീട്ടില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ.

പൊക്കാമറ്റം പാറമടയിലെ താല്‍ക്കാലിക ഓഫീസിലും തിരുവാങ്കുളം ബാറിലുമായി ജോസഫ്‌ ജീവിതം തള്ളിനീക്കി. പണത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല. പക്ഷേ, അതെങ്ങനെ വിനിയോഗിക്കണമെന്നറിയില്ല.

പാറമടയിലെ ടിപ്പറുകള്‍ മണ്ണും പാറയുമായി പൊടി പറത്തി കാളിയാറിലേക്കു തലങ്ങും വിലങ്ങുമോടിക്കൊണ്ടിരുന്നു.

ടെന്‍ഡറിെ‍ന്‍റ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ പൊക്കാമറ്റം പാറമട ഗ്രാമത്തിലെ പ്രശസ്തമായ ഒരു മടയായി തീര്‍ന്നിരുന്നു. രാപകല്‍ വെടിയൊച്ചകളും കരിങ്കല്‍ ചീളുകളും കൊണ്ടു നിറഞ്ഞൊരു ഭൂപ്രദേശം. കുറച്ചകലെ പുക തുപ്പി നില്‍ക്കുന്ന കമ്പനി കൂട്ടങ്ങള്‍.

ഗ്രാമത്തിലിപ്പോള്‍ ശാന്തതയില്ല. ഒരോ മനുഷ്യനും അറിഞ്ഞും അറിയാതെയും പുക ശ്വസിച്ചു. സ്ഫോടനങ്ങള്‍ കാരണം കേള്‍വി തകരാറുകള്‍ സംഭവിച്ചു.

തോര്‍ത്തുമുണ്ടു നനച്ചു വിരലുകൊണ്ട്‌ കുട്ടികളുടെ മൂക്കിനകം വൃത്തിയാക്കുന്ന അമ്മമാര്‍, അത്രയധികം കരി എല്ലാവരുടെയും ശ്വാസകോശത്തിലും കയറിയിട്ടുണ്ട്‌. വലിയ ആളുകള്‍ പരാതി പറഞ്ഞു. രാത്രിയില്‍ കൊച്ചുകുട്ടികള്‍ പേക്കിനാവുകള്‍കണ്ടു കരഞ്ഞുകൊണ്ടിരുന്നു.

ഈയിടെ മലിനീകരണ നിയന്ത്ര ബോര്‍ഡ്‌ എന്ന സര്‍ക്കാര്‍ സ്ഥാപനം ഗ്രാമത്തിലൊരു ഓഫീസ്‌ തുറന്നു. പൊക്കാമറ്റം കവലയിലെ ചായക്കടക്കാരന്‍ പത്രോസിെ‍ന്‍റ നിരത്തു പീടികയിലൊന്നില്‍ അതു പ്രവര്‍ത്തനം തുടങ്ങുകയും കുറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ചാര്‍ജ്‌ എടുക്കുകയുമുണ്ടായി. ഇങ്ങിനെയൊരു ബോര്‍ഡിനെപ്പറ്റി നാട്ടിലുള്ളവര്‍ പത്രത്തിലും റേഡിയോയിലുമെല്ലാം കേട്ടിട്ടുണ്ടെന്നല്ലാതെ ഇതെങ്ങനെ മലിനീകരണം നിയന്ത്രിക്കുന്നുവെന്നു നാട്ടുകാര്‍ക്ക്‌ ഒരു വിവരവുമില്ലായിരുന്നു.

രാവിലെ പത്തു മണിക്ക്‌ സര്‍ക്കാര്‍ എന്നെഴുതിയ ജീപ്പ്പില്‍ മൂന്നു പേരുമെത്തും.ഒരാള്‍ നല്ല കഷണ്ടി കയറി തടിച്ച തിരുവല്ലാക്കാരന്‍ ഉമ്മന്‍സാറ്‌. മറ്റു രണ്ടുപേരും പരികര്‍മ്മികളായ ക്ലാര്‍ക്കുമാര്‍. വന്ന ഉടന്‍ ഓഫീസ്‌ മുറിയുടെ പലക വാതിലുകള്‍ ഓരോന്നായി ഇളക്കി അട്ടിയിട്ടു വയ്ക്കുന്നതോടെ പ്രവര്‍ത്തനം തുടങ്ങുന്നു.

രാവിലെ പത്രോസിന്റെ കാലിച്ചായ മൂന്നുപേരും ആസ്വദിച്ചു കുടിച്ചശേഷം ഒരു സിഗരറ്റ്‌ പുകച്ചു പുകയൂതി കുറെ ഉപകരണങ്ങളും ചുവപ്പു നാടയിട്ടു കെട്ടിയ ഫയലുമെടുത്ത്‌ ഓഫീസ്‌ പലകയിട്ട്‌ വെളിയിലിറങ്ങുമ്പോഴേക്കും കമ്പനിയില്‍ പന്ത്രണ്ട്‌ മണിയുടെ സൈറണ്‍ ഉയര്‍ന്നിട്ടുണ്ടാവും.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‌ ധാരാളം ഉത്തരവാദിത്തങ്ങളുണ്ട്‌. ഓരോ കമ്പനിയുടെയും മലിനീകരണം പഠിച്ച്‌ നടപടിയെടുക്കേണ്ട ഒരു വകുപ്പിെ‍ന്‍റ ഈ കുത്തഴിഞ്ഞ പ്രവര്‍ത്തനം നാട്ടുകാരില്‍ അസംതൃപ്തിയുണ്ടാക്കി.

മലിനീകരണം പലതാണ്‌. ഓരോ വ്യവസായശാലയും പല വിധത്തിലുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാതെ പുറത്തുതള്ളുന്നു.

എണ്ണക്കമ്പനിയില്‍നിന്നു പുറത്തുപോകുന്ന കാര്‍ബണ്‍ മോണോക്സൈഡ്‌ ശ്വാസകോശങ്ങളില്‍ അസുഖങ്ങളുണ്ടാക്കുന്നു. രാസവള വ്യവസായ മലിനീകരണം വെള്ളത്തിലൂടെയും വായുവിലൂടെയും നടത്തുന്നു. രാസവള നിര്‍മാണത്തിനാവശ്യമായ സള്‍ഫ്യൂരിക്കാസിഡ്‌ വിഘടിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ജിപ്സം ലോറികളില്‍ കേറ്റി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നു.

രാസവളം കാര്‍ഷികോല്‍പാദനം ലക്ഷ്യമിട്ടുണ്ടാക്കുന്നുവെങ്കില്‍ രാസവള നിര്‍മാണ പ്രക്രിയ കാര്‍ഷിക നശീകരണമെന്നു തെളിയിക്കുന്ന കാഴ്ചകളാണ്‌ ഗ്രാമത്തിലുള്ളത്‌.

കാര്‍ബണ്‍ കമ്പനിയില്‍ മൂന്നു ഷിഫ്ട്‌ പണി കഴിയുമ്പോഴേക്കും നാട്ടുമ്പുറത്തെ വീടുകളിലെ കുമ്മായമടിച്ച ഭിത്തികള്‍ കരിമ്പനടിച്ചു നില്‍ക്കും.

ഓര്‍ഗാനിക്‌ രാസവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ രാത്രി പന്ത്രണ്ട്‌ എട്ടിന്റെ ഷിഫ്ടില്‍ തടംകെട്ടി നിര്‍ത്തിയിരിക്കുന്ന വിഷമാലിന്യങ്ങള്‍ പുഴയിലേക്കു തുറന്നു വിടും. രാത്രിയില്‍ ഇത്തരം ജനദ്രോഹം ചെയ്യുന്ന തൊഴിലാളികള്‍ക്കു മാനേജ്മെനൃ പ്രൊമോഷനും പ്രത്യേക അലവന്‍സുകളും നല്‍കിവന്നു.

മലിനീകരണത്തിനെതിരെ പ്രക്ഷോഭങ്ങളും സമര മാര്‍ഗങ്ങളും ഉയര്‍ന്നു വരുമ്പോള്‍ തന്നെ കുര്യാക്കോയും വിപ്ലവ യൂണിയന്‍ നേതാവ്‌ തങ്കയ്യനും അതു പൊളിക്കാനുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു.

ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ ഉമ്മച്ചെ‍ന്‍റ നേതൃത്വത്തില്‍ വെള്ളത്തിെ‍ന്‍റ സാമ്പിളുകളും മറ്റു ശേഖരിക്കാനാരംഭിച്ചു. കമ്പനികളുടെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കുറ്റമറ്റതാണോയെന്നു പരിശോധിക്കാന്‍ തുടങ്ങി. അന്തരീക്ഷത്തിലെ കരിപ്പൊടി അളക്കാനായി പ്രത്യേക യന്ത്രങ്ങള്‍ പല സ്ഥലങ്ങളിലായി സ്ഥാപിച്ചു.

ജോസഫിന്‌ റെയില്‍വേയുടെ ഒരു ചെക്കു മാറി പണം കിട്ടി. ഒരു സൂട്ട്കെയ്സ്‌ നോട്ടുമായി അയാള്‍ വീട്ടിലെത്തി. നടക്കല്ലില്‍ കുര്യാക്കോയുടെ ചെരിപ്പു കണ്ടില്ല. ആശ്വാസം....! അയാള്‍ മനസിലോര്‍ത്തു.

ബല്ലടിച്ചപ്പോള്‍ അന്നക്കുട്ടി വാതില്‍ തുറന്നു. അവള്‍ മുഖത്തു നോക്കാതെ നിന്നു.

"ശോശക്കുട്ടിയെന്ത്യേ..."

ശോശക്കുട്ടി അകത്തുണ്ടായിരുന്നു. അവള്‍ പുറത്തേക്കു വന്നു. അവളോടായി ജോസഫ്‌ പറഞ്ഞു.

"മോളെ... നിന്നെ പെണ്ണു കാണാനൊരുത്തന്‍ നാളെ വരുന്നുണ്ട്‌. എണ്ണക്കമ്പനീല്‌ ഉദ്യോഗമുള്ളയാളാ..."

അന്നക്കുട്ടിക്കതു കേട്ടു കലികയറി.

"ഇവളെ ആരും പെണ്ണു കാണുന്നില്ല. ഇവള്‌ കുര്യാക്കോടെ പെണ്ണാ.... നിങ്ങക്കീ പണോം പ്രതാപോംണ്ടായത്‌ അവ‍ന്റെ മിടുക്കാ..."

അവള്‍ പൊട്ടിത്തെറിച്ചു.

"അവനില്ലായിരുന്നെങ്കില്‌ നിങ്ങള്‌ ചുമടുമെടുത്ത്‌ ആനമയക്കീംകഴിച്ച്‌ പണ്ടേ ചത്തേനെ..."

അവനുവേണ്ടി ഈ ജന്മം മുഴുവന്‍ ഞാനും എന്റെ മോളും കടപ്പെട്ടിട്ടുണ്ട്‌.

ജോസഫിനതു സഹിച്ചില്ല.

"ടീ... അവനെന്റെ മോളെ കെട്ടിയാല്‍ എനിക്കു മാനക്കേടാ... അമ്മേം മോളേം വച്ചൂണ്ടിരിക്കാനാ അവ‍ന്റെ മോഹം. ഞാനിതു സമ്മതിക്കില്ല."

ജോസഫിന്റെ ആത്മാഭിമാനം പുകയാന്‍ തുടങ്ങി.

"ഈ പണം അവള്‍ക്കുള്ള സ്ത്രീധനമായി ഞാന്‍ നാളെ അവര്‍ക്കു കൊടുക്കാന്‍ പോവ്വാ... ആരാ എന്നെ തടയുന്നതെന്നു കാണട്ടെ..."

അന്ന്‌ അന്നക്കുട്ടിയും ജോസഫും തമ്മില്‍ ഗംഭീര വഴക്കു നടന്നു.

ബാധ കയറിയ അന്നക്കുട്ടി ഒരു സൂട്ട്കെയ്സ്‌ നോട്ടുകളെടുത്തു നിലത്തിട്ടു തീ കൊളുത്തി.

ജോസഫ്‌ വീടു വിട്ടിറങ്ങി. അയാള്‍ പാറമടയിലേക്കു പോയില്ല. പൊക്കാമറ്റം ഷാപ്പിലെ മരബഞ്ചില്‍ ഏറെക്കാലത്തിനുശേഷം ജോസഫ്‌ ചെന്നിരുന്നു.

കുര്യാക്കോ വിവരങ്ങളെല്ലാമറിഞ്ഞു ഗൂഢമായി ചിരിച്ചു. അന്നു രാത്രി അന്നക്കുട്ടി വീട്ടിലെ ഒരു മുറി മണിയറയായി ഒരുക്കി മുല്ലപ്പൂക്കള്‍ കൊണ്ടലങ്കരിച്ചു. കുര്യാക്കോ സന്ധ്യക്കെത്തി ചെരുപ്പഴിച്ചു നടക്കല്ലിലിട്ടു...

നവവരനെപ്പോലെ അവന്‍ മുറിയിലിരുന്നപ്പോള്‍ അന്നക്കുട്ടി ശോശക്കുട്ടിയുടെ കയ്യില്‍ ഒരു ഗ്ലാസ്‌ പാലുമായി അകത്തേക്കു തള്ളിവിട്ടു. അന്നക്കുട്ടി അന്നങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല.

അന്നു രാത്രിയില്‍ ഫാക്ടറികളില്‍നിന്ന്‌ പതിവിലധികം മലിനജലം പാടങ്ങളിലേക്കു തുറന്നു വിടുന്നുണ്ടായിരുന്നു.

No comments: