Saturday, July 26, 2008

കരിമുകള്‍ - രണ്ട്‌



രണ്ട്‌

അന്നക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. പാടത്തുനിന്നു വീശുന്ന കാറ്റ്‌ വീടിെ‍ന്‍റ മുകളിലെ തുറന്ന ഭാഗത്തുകൂടി ഈര്‍പ്പം മുറിയില്‍ കലര്‍ത്തി തണുപ്പു ചുഴികളുണ്ടാക്കുന്നു. ശോശക്കുട്ടി അടുത്തു കിടപ്പുണ്ട്‌. പതിനഞ്ചുവര്‍ഷം മുമ്പൊരു മഴക്കാലത്താണ്‌ അവളുണ്ടായത്‌. എത്ര പെട്ടെന്നാണ്‌ കാലം കഴിഞ്ഞു പോയത്‌. ഇന്നവള്‍ മുതിര്‍ന്ന പെണ്ണായി. അവളെ വളര്‍ത്താനായി താനനുഭവിച്ച ദുരിതങ്ങള്‍ കര്‍ത്താവിനു മാത്രമേ അറിയൂ.

ജോസഫ്‌ പെണ്ണു കാണാന്‍ വരുമ്പോള്‍ കള്ളു കുടിയനായിരുന്നില്ല. എന്തൊക്കെ പ്രതീക്ഷകളാണ്‌ അന്നു നല്‍കിയത്‌. പിന്നീട്‌ സ്ത്രീധനമായി അപ്പന്‍ തന്ന പൊന്നും പണവുമെല്ലാം ക്രമേണ കുടിച്ചു മുടിപ്പിച്ചു. ഒരര്‍ത്ഥത്തില്‍ താനിങ്ങനെയൊന്നും കഴിയേണ്ടവളല്ലല്ലോ?

ആലോചന വന്നപ്പോള്‍ തനിക്കിഷ്ടമുണ്ടായിരുന്നില്ല. അപ്പെ‍ന്‍റ പിടിവാശിക്കു മുമ്പില്‍ എന്തു ചെയ്യാന്‍?

ജോസഫ്‌ പണിക്കുപോയാല്‍ ഒരു ചില്ലിക്കാശു വീട്ടിലെത്തിക്കില്ല. ചിലപ്പോള്‍ വീട്ടുസാധനങ്ങളെല്ലാം എടുത്തു വിറ്റു കള്ളുകുടിക്കും. കല്യാണം കഴിഞ്ഞ്‌ തറവാട്ടില്‍ നിന്നു കൊടുത്തുവിട്ട ചെമ്പു പാത്രങ്ങള്‍, ഉരുളികള്‍ തുടങ്ങി തുപ്പല്‍ കോളാമ്പി വരെ വിറ്റു കുടിച്ചു. ഇക്കഴിഞ്ഞ ദിവസം പണി കഴിഞ്ഞെത്തിയപ്പോള്‍ കിടക്കുന്ന കട്ടിലും കാണാനില്ല.

ആദ്യകാലങ്ങളില്‍ കുടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ദേഹോപദ്രവും തുടങ്ങിയിട്ടുണ്ട്‌.

ശോശക്കുട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‌ തീയാണ്‌. ഇക്കഴിഞ്ഞ മീനത്തില്‌ തെരണ്ടു. ആരേയും അറിയിച്ചില്ല. ആരോട്‌ പറയാന്‍? പറഞ്ഞാല്‍ നാലു പുറത്തുനിന്നും പരിഹാസവും കുത്തു വാക്കുകളും കേള്‍ക്കേണ്ടിവരും. കള്ളുകുടിയന്‍ ജോസഫിന്റെ മകളല്ലേ...? എന്തെങ്കിലുമൊന്നു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ്‌ നാട്ടുകാര്‍.

നാടൊട്ടുക്കും സ്ത്രീലാളന കഥകള്‍ നിറഞ്ഞു നില്‍ക്കുന്നു. മുതുക്കന്മാരായ നേതാക്കന്മാര്‍ക്കും അവരുടെ സില്‍ബന്ദികള്‍ക്കും ഇത്തരം കിളിന്തു പെണ്‍കുട്ടികളിലാണ്‌ കമ്പം. ഇനിയിപ്പോള്‍ തെ‍ന്‍റ കണ്ണൊന്നു തെറ്റിയാല്‍ അവളുടെ തന്ത ജോസഫ്‌ തന്നെ കച്ചോടമുറപ്പിച്ച്‌ അഡ്വാന്‍സ്‌ വാങ്ങിക്കൂടായ്കയില്ല.

കാലമതാണ്‌.

ചെറ്റപ്പുരയ്ക്കു യാതൊരു അടച്ചൊറപ്പുണ്ടായിരുന്നില്ല. ഓല മെടഞ്ഞ്‌ തട്ടികയാക്കിയാണു മുന്‍ വാതിലും പിന്‍വാതിലും അടച്ചിരുന്നത്‌. ചെറിയൊരു കാറ്റുവന്നാലും തുറന്നുപോകും. പക്ഷേ, ഇങ്ങനെയെങ്കിലും ഒരടച്ചൊറപ്പില്ലാതെ എങ്ങിനെ ജീവിക്കും?

ഈയിടെ ചെറുപ്പക്കാരു പലപ്പോഴായി കേറി വരുന്നുണ്ട്‌. പലവിധ കാര്യങ്ങള്‍ പറഞ്ഞാണ്‌ വരവെങ്കിലും അവരുടെ മനസ്സിലിരുപ്പ്‌ അന്നക്കുട്ടി അളന്നു വച്ചിട്ടുണ്ട്‌. അവരുടെ അസ്ഥാനത്തുള്ള നോട്ടങ്ങളും മൂളലുകളും...

അങ്ങിനെയാണ്‌ വീടിന്‌ അടച്ചൊറപ്പുള്ള ഒരു വാതില്‍ പണിയണമെന്ന്‌ അന്നക്കുട്ടിക്കു തോന്നിയത്‌. നേരം വെളുത്താല്‍ താന്‍ സ്കൂളിലേക്ക്‌ ഉപ്പുമാവുണ്ടാക്കാനായി പോവും. ഉച്ചകഴിഞ്ഞേ തിരിച്ചെത്തൂ.

ശോശക്കുട്ടി പത്താംതരം തോറ്റതില്‍ പിന്നെ വേറെങ്ങും പോയില്ല. അവള്‍ എപ്പോഴും വീട്ടിലുണ്ടാവും. ചെറുപ്പക്കാരു കേറിയിറങ്ങി നെരങ്ങാതെ നോക്കണം. എന്തെങ്കിലും സംഭവിച്ചാല്‌ അമ്മയ്ക്കാണ്‌ ദോഷം. പെണ്‍മക്കളെ കയറൂരി വിട്ടെന്നു പഴി കേള്‍ക്കേണ്ടി വരും.

ഉപ്പുമാവുണ്ടാക്കുന്ന ജോലി മലയാളം വാദ്ധ്യാര്‌ നാരായണന്‍ മാഷായിട്ട്‌ ഉണ്ടാക്കിത്തന്നതാണ്‌. അദ്ദേഹത്തെ നാട്ടിലെല്ലാവരും മാഷ്‌ എന്നു വിളിക്കുന്നു. ഈ ഉപ്പുമാവും പണിയുടെ കാശെല്ലാം മാഷിന്റെ കയ്യില്‍ ചേര്‍ത്തുവച്ചിട്ടുണ്ടായിരുന്നു.ഒരു ദിവസം അദ്ദേഹത്തോടൊപ്പം മരമില്ലില്‍ പോയി പ്ലാവിെ‍ന്‍റ അസ്സല്‍ കാതലു വാങ്ങി അറപ്പിച്ചു വാതിലുണ്ടാക്കിച്ചു. മുന്‍വശത്തും പിന്‍വശത്തും അടച്ചൊറപ്പുള്ള വീട്ടില്‍ താമസിക്കാന്‍ അന്നക്കുട്ടിക്ക്‌ നല്ല മനഃസമാധാനം തോന്നി. ഇനി നന്നായി ഉറങ്ങാം.

പുറത്തു പാടശേഖരങ്ങളില്‍ ചീറിയടിക്കുന്ന എടവപ്പാതിക്കാറ്റ്‌. പുറത്തു കതകിനടുത്ത്‌ ഒരു മൂളല്‍ കേള്‍ക്കുന്ന പോലെ....

അന്നക്കുട്ടി ചെവി വട്ടം പിടിച്ചു.

ടോമിയെന്ന പട്ടിക്കുട്ടിയുടെ ശബ്ദം. അവള്‍ ചെന്നു കതകു തുറന്നപ്പോള്‍ നനഞ്ഞൊട്ടി കിടുകിടാ വിറച്ചുകൊണ്ട്‌ നായ്ക്കുട്ടി ദയനീയമായി അന്നുക്കുട്ടിയെ നോക്കി. അവള്‍ ഒരു കീറച്ചാക്കെടുത്തു അതിനെ സുരക്ഷിതമായൊരു സ്ഥലത്ത്‌ ഉറങ്ങാനുള്ള ഇടമൊരുക്കി കൊടുത്തു.

അന്നക്കുട്ടി ശോശക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു. ദൂരെ എണ്ണക്കമ്പനിയിലെ പുലര്‍കാല സൈറണ്‍ മുഴങ്ങുന്നുണ്ടായിരുന്നു.

No comments: