Wednesday, July 16, 2008

കരിമുകള്‍-പന്ത്രണ്ട്‌



പന്ത്രണ്ട്‌


നൂറ്റാണ്ടിന്റെ ഒടുക്കം ഗ്രാമത്തില്‍ വ്യവസായ രംഗത്തു കാതലായ മാറ്റങ്ങളുണ്ടായി. ആദ്യം എണ്ണക്കമ്പനി പിന്നീട്‌ രാസവള നിര്‍മാണക്കമ്പനി, അതിനുശേഷം കെമിക്കല്‍ കമ്പനി, ഇപ്പോഴിതാ കരിപ്പൊടിക്കമ്പനിയും.

ഒന്നിനു പിറകെ ഓരോന്നായി കമ്പനികള്‍ ഗ്രാമ വിശുദ്ധി നശിപ്പിച്ചു. സ്ഥലമെടുപ്പുകളില്‍ ആളുകള്‍ക്ക്‌ പണം മാത്രം പോരാ ജോലി വേണം എന്ന രണ്ടു ഡിമാന്‍റുകള്‍ മാത്രമേ ഉണ്ടായുള്ളൂ.

ആരും സ്വന്തം വേരുകള്‍ നഷ്ടപ്പെടുന്നതിന്റെ ആകുലതയെക്കുറിച്ച്‌ വിഷമിച്ചില്ല. ഒരു ഗ്രാമം ഒറ്റ സുപ്രഭാതം കൊണ്ടു നിര്‍മിക്കാന്‍ കഴിയില്ല. തലമുറകള്‍ കൈമാറി പോന്ന ബന്ധങ്ങള്‍, ആരാധനാലയങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വ്യക്തിബന്ധങ്ങള്‍, സ്വകാര്യമായി ആസ്വദിക്കുന്ന ഭൂപ്രദേശത്തിെ‍ന്‍റ നഷ്ടപ്പെടലുകള്‍, ക്ഷേത്ര സങ്കല്‍പങ്ങള്‍, അതിന്റെ ചുവരിലുള്ള പാരമ്പര്യ കൊത്തുപണികള്‍, പിതൃക്കളുടെ അസ്ഥിത്തറകള്‍... തുടങ്ങി ധാരാളം സാഹചര്യങ്ങള്‍ക്കും വിഷയങ്ങള്‍ക്കും വിലയിടാന്‍ കമ്പനികള്‍ക്കു കഴിയുകയില്ല. വിലയിട്ടാലും അതിനു പകരം പണം എത്ര കൊടുത്താലും പകരമാവുകയുമില്ല.
വസ്തുക്കളുടെ മാര്‍ക്കറ്റു വിലയേക്കാളും മാഷിനെ സ്പര്‍ശിച്ചത്‌ ഇത്തരം നഷ്ടപ്പെടലുകളായിരുന്നു. ഈ നഷ്ടപ്പെടലുകള്‍ക്കാരു പ്രതിഫലം തരും? സര്‍ക്കാരിനാവുമോ? കമ്പനികള്‍ക്കാവുമോ...?

പരിസ്ഥിതിക്കു നാശം വിതയ്ക്കുന്ന വ്യവസായ ശാലകള്‍ അടച്ചു പൂട്ടണമെന്നും പൊതുജനങ്ങള്‍ക്ക്‌ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മലിനീകരണം നിയന്ത്രിക്കാനായി പ്രത്യേകം പ്ലാന്‍റുകള്‍ ഉണ്ടാക്കണമെന്നും കാലങ്ങളായി പൊതുജനങ്ങളില്‍നിന്നു മുറവിളികള്‍ ഉയരുന്നുണ്ട്‌.

കുറേ നാളുകള്‍ക്കുശേഷം മാഷ്‌ ഒരിക്കല്‍ കമ്പനിപ്പടിയിലെത്തി. പഴയ കമ്പനിപ്പരിസരമല്ല അതിപ്പോള്‍. ഓരോ മുഖവും അപരിചിതം.

കാര്‍ബണ്‍ കമ്പനിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പു നടന്നപ്പോള്‍ ആ വ്യവസായം ഇവിടെ അരുതെന്നു പറഞ്ഞവരില്‍ മുന്‍നിരക്കാരനായിരുന്നു അദ്ദേഹം. ഈ കമ്പനി ഗ്രാമത്തിലെത്തിയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മലിനീകരണ പ്രശ്നങ്ങളെപ്പറ്റി നല്ല അറിവുണ്ടായിരുന്നു മാഷിന്‌. അതുകൊണ്ടുതന്നെ നാട്ടുകാരുടെ പക്ഷത്തായിരുന്നു ന്യായം.

എന്നാല്‍ നേതാവ്‌ കുര്യാക്കോ കാര്‍ബണ്‍ കമ്പനി മാനേജ്മെന്‍റിന്റെ വിശ്വസ്തനായി മലിനീകരണ സമരങ്ങള്‍ക്കെതിരെ കരിങ്കാലിപ്പണിയും തുടങ്ങിയിരുന്നു. കുര്യാക്കോ രണ്ടു മുഖങ്ങളുമായി കമ്പനിപ്പരിസരത്ത്‌ വിലസി.

ഇത്തരം ചരടുവലികള്‍ യൂണിയനിലിരുന്ന്‌ കുര്യാക്കോ ചെയ്യുന്നതായി മാഷിന്‌ വൈകിയാണ്‌ ബോധ്യപ്പെട്ടത്‌. അവനെ കണ്ട്‌ നേരില്‍ സംസാരിക്കാനായി അദ്ദേഹം പാര്‍ട്ടിയോഫീസിലേക്ക്‌ കയറിച്ചെന്നു.

യൂണിയനാഫീസില്‍ പലരും പുതുമുഖങ്ങളാണ്‌. ആര്‍ക്കും മാഷിനെ മനസ്സിലായില്ല. കുര്യാക്കോ അകത്തെ മുറിയില്‍ മീറ്റിംഗിലാണ്‌. ഒരു മണിക്കൂറോളം അദ്ദേഹം അവനെ കാത്തിരുന്നു. പക്ഷേ, വന്നില്ല. ഒടുക്കം ക്ഷമകെട്ട്‌ ഇറങ്ങിപ്പോന്നു.

തന്റെ കാലം കഴിഞ്ഞിരിക്കുന്നു. പഴയ സങ്കല്‍പ്പത്തിലുണ്ടായിരുന്ന കുര്യാക്കോയല്ല, ഇപ്പോള്‍ യൂണിയന്‍ ഭരിക്കുന്നത്‌. സ്ഥലമെടുപ്പില്‍ നാട്ടുകാരുടെ പ്രശ്നങ്ങളെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചും സംസാരിക്കണമെന്നുണ്ടായിരുന്നു.

അവനു തന്റെ മുഖത്തു നോക്കാനാവില്ല.

അല്ലെങ്കില്‍ ഈ തിരസ്കരണത്തിലെ അര്‍ത്ഥം?

തിരിച്ചു നടക്കുമ്പോള്‍ ഒരു കാര്യം മാഷിനു ബോധ്യമായി. അധികകാലം ഈ നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ല. പാടശേഖരങ്ങളില്‍ കൃഷിയില്ല. നിറയെ വിഷജലവും ആഫ്രിക്കല്‍ പായലും. കാര്‍ബണ്‍ വരുന്നതോടെ അന്തരീക്ഷവും കരിപ്പൊടികൊണ്ടു നിറയും.

ഇവിടെ ചോദിക്കാനാരുമില്ല. ചോദിക്കാന്‍ കരുത്തുള്ളവരെ കമ്പനി വിലയ്ക്കെടുത്തിരിക്കുന്നു. അവരുടെ മൗനം കമ്പനി തുടങ്ങാനുള്ള പച്ചക്കൊടിയാണ്‌.

സ്ഥലമെടുപ്പിലും വികൃതമായ ചില സത്യങ്ങള്‍ മാഷ്‌ തിരിച്ചറിഞ്ഞു. ഏതോ തല്‍പരകക്ഷികളുടെ ചീങ്കണ്ണിപ്പാറ പിടിച്ച പ്രദേശം പൊന്നിന്‍ വിലയ്ക്ക്‌ എടുക്കാനായി ഗ്രാമത്തെ വികലമാക്കി ഓടിച്ചും മടക്കിയും വികൃതമാക്കിയ സ്ഥലമെടുപ്പു മാനദണ്ഡങ്ങള്‍ ചില സാധു കുടുംബങ്ങള്‍ കമ്പനി മതിലുകള്‍ കൊണ്ടുള്ള കാരാഗൃഹത്തില്‍ കുടുങ്ങിക്കിടന്നു. അവര്‍ക്ക്‌ പുറംലോകവുമായുള്ള വഴികളും ബന്ധങ്ങളും അറ്റുപോയി. മിക്ക വീട്ടുകാരെയും അയല്‍പക്കങ്ങളില്ലാത്ത വിധത്തില്‍ ഒറ്റപ്പെടുത്തി.

മാഷിന്റെ പറമ്പിലെ വീടിരിക്കുന്ന ഭാഗമൊഴിച്ച്‌ ബാക്കിയെല്ലാം കമ്പനിയെടുത്തു. വര്‍ഷങ്ങളായി കൊച്ചുകുട്ടികളെപ്പോലെ പരിചരിച്ചിരുന്ന പ്രിയപ്പെട്ട അമൂല്യ വൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി വീഴുന്നതു അദ്ദേഹം മതിലിന്‌ ഇപ്പുറത്തുനിന്നു വേദനയോടെ കേട്ടു.

കൃഷിയിലൊന്നും ആര്‍ക്കും താല്‍പര്യമില്ല. കൃഷി ആര്‍ക്കു വേണം? കമ്പനിപ്പണിയല്ലേ വേണ്ടൂ....?

മാഷിന്‌ കുറേനാളേയ്ക്ക്‌ പുറത്തേക്കിറങ്ങാന്‍ തോന്നിയില്ല. രാവിലെ മുതല്‍ വൈകിട്ടുവരെ വീടിന്റെ തിണ്ണയില്‍ താടിക്കു കൈ കൊടുത്തു ചിന്താധീനനായി സമയം കഴിച്ചുകൂട്ടി. കമ്പനിയുടെ സൈറണുകളില്‍ ജനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതുപോലെ.

കാര്‍ബണ്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയ ദിവസം രാത്രി മാഷിനുറങ്ങാന്‍ കഴിഞ്ഞില്ല. ഉറക്കത്തില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ക്കിടയില്‍പ്പെട്ട്‌ തെ‍ന്‍റ ശരീരം കണ്‍വയര്‍ ബെല്‍റ്റിലൂടെ ഒഴുകി, പല്‍ചക്രത്തിലൂടെ തിരിഞ്ഞു കൊണ്ടിരുന്നു. പാതിമയക്കത്തില്‍ ചില കറുത്ത പുക ഉരുണ്ടുകൂടി ഘനീഭവിച്ച്‌ വികൃത രൂപീകളായി തനിക്കു ചുറ്റും നൃത്തം ചെയ്തു.

രാവിലെ വൈകിയെണീറ്റപ്പോള്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടു തോന്നി. കുളി കഴിഞ്ഞ്‌ തുളസിത്തറയില്‍ നിന്ന്‌ ഒരില നുള്ളിയപ്പോള്‍ ഇലകളിലെല്ലാം കരിപുരണ്ടിരിക്കുന്നു.
മാഷ്‌ കൈവെള്ളയില്‍ നോക്കി. സരസ്വതിയില്ല, ലക്ഷ്മിയില്ല, പാര്‍വ്വതിയില്ല. വെറും കരിപ്പൊടി മാത്രം.

പിന്നീട്‌ പലയിടത്തും കരി വന്നടിഞ്ഞു കൂടി കൊണ്ടിരുന്നു. കിണറ്റില്‍, പുരപ്പുറത്ത്‌, ഉണങ്ങാനിട്ട ഷര്‍ട്ടില്‍, ചെവി മടക്കുകളില്‍ നാസാരന്ര്ധങ്ങളില്‍, നഖങ്ങളില്‍ സര്‍വത്ര കരി...

തൊട്ടപ്പുറത്തു കൂറ്റന്‍ പുകക്കുഴല്‍ രാപകല്‍ കരി ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു...

കമ്പനിപ്പടിക്കല്‍ പുതിയൊരു ക്ലിനിക്‌ തുടങ്ങിയത്‌ ഈ അടുത്ത ഇടയ്ക്കാണ്‌. ധാരാളം രോഗികള്‍ എത്തുന്ന ക്ലിനിക്കിന്റെ ഉടമസ്ഥത മിലിട്ടറിയില്‍ കമ്പോണ്ടറായിരുന്ന ജോര്‍ജ്‌ എന്ന ആളുടേതായിരുന്നു. രോഗികള്‍ക്ക്‌ അദ്ദേഹം ജോര്‍ജ്‌ ഡോക്ടറായിരുന്നു. നാട്ടുകാര്‍ പലവിധ അസുഖങ്ങളുമായി ഡോക്ടറുടെ അടുത്തെത്തി.

മാഷിന്‌ ഈയിടെ ശ്വാസതടസ്സമുണ്ടാവുന്നുണ്ട്‌. ഈ കമ്പനി പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതു കലശലാവാന്‍ തുടങ്ങി. ക്ലിനിക്കില്‍ ചെന്നപ്പോള്‍ ധാരാളം രോഗികളുണ്ട്‌. മിക്കവര്‍ക്കും ഒരേ അസുഖം തന്നെ. ശ്വാസംമുട്ട്‌...

കമ്പോണ്ടര്‍ക്ക്‌ രോഗം പിടികിട്ടി. കാര്‍ബണ്‍ കമ്പനിയില്‍ നിന്നുള്ള കരിപ്പൊടിയാണ്‌ പ്രധാന കാരണം. രോഗികളില്‍ പലരുടെയും കഫത്തില്‍ കരിപ്പൊടി പുരണ്ടിരിക്കുന്നു.

കുഞ്ഞുങ്ങളുടെ കാര്യം ഏറെ കഷ്ടം. അവര്‍ക്ക്‌ ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍.

പരിസ്ഥിതിവാദികളും 'തീപ്പട'യെന്ന നക്സലൈറ്റു സംഘടനയും കമ്പനിക്കെതിരെ പോസ്റ്ററുകള്‍ എഴുതിയൊട്ടിച്ചു. കമ്പനിപ്പടിക്കല്‍ സമരപ്പന്തലൊരുങ്ങി. കാര്‍ബണ്‍ കമ്പനിക്കെതിരെ സമരത്തില്‍ പങ്കെടുക്കാനായി അവര്‍ നാട്ടുകാരെ ആഹ്വാനം ചെയ്തു.

സമരപരിപാടി ഉദ്ഘാടനത്തിനായി കുറെ മെല്ലിച്ച ചെറുപ്പക്കാര്‍ വന്നു മാഷിനെ ക്ഷണിച്ചു. അവരുടെ ആവശ്യം തന്റെ
യും ആവശ്യമെന്നു മാഷിനു തോന്നി.

ഉദ്ഘാടന പ്രസംഗത്തില്‍ മാഷ്‌ നേതാവ്‌ കുര്യാക്കോയെ പേരെടുത്തു പറഞ്ഞു കണക്കറ്റ്‌ പരിഹസരിച്ചു. ഈ നാടിന്റെ രക്ഷകരാകും എന്നു കരുതിയവര്‍ ശിക്ഷകരാകുന്ന കാഴ്ച എന്നെ ദുഃഖിപ്പിക്കുന്നു. പാലു കൊടുത്ത കൈക്ക്‌ കൊത്തുന്ന വിഷ ജീവികള്‍...

മാഷിന്റെ പ്രസംഗം കുര്യാക്കോയുടെ സല്‍പ്പേരിന്‌ കളങ്കമുണ്ടാക്കി. കമ്പനിപ്പടിയിലെ ചാരന്മാര്‍ പ്രസംഗം ടേപ്പിലാക്കി കുര്യാക്കോയ്ക്ക്‌ കൊടുത്തു.

അയാളുടെ മനസില്‍ അധികാരത്തിെ‍ന്‍റയും പകയുടെയും ദുഷിച്ച വിത്തുകള്‍ പൊട്ടിമുളച്ചുകൊണ്ടിരുന്നു...

"കെളവന്‍...!" അയാളുടെ ചുണ്ടുകള്‍ പിറുപിറുത്തു.

No comments: