Tuesday, July 1, 2008

കരിമുകള്‍- ഇരുപത്തേഴ്‌



ഇരുപത്തേഴ്‌

ആരൊക്കെയോ ഭയന്ന ആ ദുരന്തമുണ്ടായത്‌ ആകസ്മികമായിരുന്നു. എണ്ണക്കമ്പനിയിലെ ഒരു നിറ സംഭരണിയിലാണ്‌ ആദ്യം തീ ഉയര്‍ന്നത്‌. അതു മറ്റു ടാങ്കുകളിലേക്കു പടര്‍ന്നതും പെട്ടെന്നായിരുന്നു. പുറത്തുനിന്നു നോക്കുന്നവര്‍ക്കു കമ്പനി ഒരു യാഗാഗ്നിശാലയിലെ തീകുണ്ഡം പോലെ പഴുത്തുനിന്നു.

തൊഴിലാളികള്‍ മുറവിളിയോടെ ഗേറ്റുവഴിയും മതിലുചാടിയും പുറത്തേക്കോടുന്നുണ്ട്‌... ചിലര്‍ മതിലിലെ കമ്പിവേലികളില്‍ തൂങ്ങിക്കിടന്നു.

കമ്പനിയിരിക്കുന്ന ഭാഗത്തേക്കു നോക്കാന്‍ പറ്റാത്തവിധം തീയും വാതകങ്ങളുമാണ്‌. ടാങ്കുകളെല്ലാം പൊട്ടുകയും നിരന്നുനിന്നു തീ വര്‍ഷിക്കുകയുമാണ്‌. എന്താണ്‌ സംവിക്കുന്നതെന്നറിയുക പോലും ചെയ്യാതെ ഗ്രാമത്തിലെ മനുഷ്യര്‍ വീണു കാലഗതി പൂകി. ആയിരക്കണക്കിന്‌ ഡിഗ്രി ഫാരന്‍ഹീറ്റില്‍ ബോയിലറുകള്‍ ഉരുകിയൊലിച്ചു റോഡിലൂടെ ലാവയായൊഴുകി.

സൂര്യഗോളം കമ്പനി പ്ലാന്‍റിലിറങ്ങി വന്നാലെന്ന പോലെ.

നിമിഷനേരംകൊണ്ട്‌ ശില്‍പങ്ങളിലെ നിശ്ചലാവസ്ഥകള്‍ ഗ്രാമത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

രാസവളക്കമ്പനിയുടെ അമോണിയ സംഭരണി പൊട്ടി. ശ്വസന വായുവില്‍ അമോണിയ ഒഴുകി നടന്നു. കുഞ്ഞിനെക്കുളിപ്പിച്ചുകൊണ്ടിരുന്ന അമ്മയും കുട്ടിയും വെള്ളത്തൊട്ടിലിനടുത്ത്‌ നിശ്ചലാവസ്ഥയായി. തെങ്ങുകയറ്റക്കാരന്‍ കണാരന്‍ കൊന്നത്തെങ്ങിെ‍ന്‍റ മടലുകള്‍ക്കിടയില്‍ വിറങ്ങലിച്ചിരുന്നു. സൈക്കിളില്‍ പോയൊരാള്‍ വഴിവക്കില്‍ ആര്‍ത്തലച്ചുവീണു. പാടത്തും പറമ്പിലും അടുക്കളയിലും ഗ്രാമവാസികള്‍ തുടരെ മരിച്ചുവീണുകൊണ്ടിരുന്നു...

കൂട്ട ദുരന്തത്തില്‍ ആരും കരയേണ്ടതില്ല. എല്ലാവരുടെയും മനസുകള്‍ മഞ്ഞുകട്ടകള്‍ പോലെ... മരവിക്കട്ടെ.

വീടുകളും മരങ്ങളും എണ്ണയില്‍ കുതിര്‍ന്നു കത്തുന്ന കാഴ്ച അപൂര്‍വമാണല്ലോ? ഇതാ കണ്ടോളൂ....

പൊക്കാമറ്റം സ്കൂളില്‍ ക്ലാസ്മുറികളില്‍ എണ്ണ തളം കെട്ടിനില്‍ക്കുന്നു. അധ്യാപകരും കുട്ടികളും അവരുടെ സ്ഥാനങ്ങളില്‍ മരിച്ചിരുപ്പുണ്ട്‌.

ദൂരെ പട്ടണങ്ങളില്‍നിന്നു വന്ന ഫയര്‍ എന്‍ജിനുകള്‍ ഒരുപരിധിവിട്ട്‌ ഗ്രാമത്തിലേക്കു കടന്നില്ല. ശുദ്ധവായു ഗ്രാമത്തിലില്ലായിരുന്നു.

അനാഥ ശവങ്ങള്‍ കൊത്തിവലിക്കേണ്ട പാവം കഴുകന്മാര്‍ ചിറകു കരിഞ്ഞ്‌ എണ്ണയില്‍ വീണു കിടക്കുന്നു. തങ്കയ്യന്‍ വിപ്ലവപാര്‍ട്ടിയോപ്പീസിലും കുര്യാക്കോ ചിന്നയുടെ ബംഗ്ലാവിലും ചീര്‍ത്തുവീര്‍ത്തു കിടന്നു. അന്നക്കുട്ടിയും മോളും വീടിന്റെയകത്തു നിത്യനിദ്രയില്‍.

സര്‍ക്കാര്‍ പൊക്കാമറ്റം ഗ്രാമത്തിലേക്കുള്ള വഴികള്‍ അടച്ചു. ഒരു ഗ്രാമം നശിച്ചാലും ഒരു ജില്ല നശിക്കരുതെന്ന ചാണക്യസൂത്രം അവരുടെ സഹായത്തിനെത്തി. അവരത്‌ പലയിടത്തും ഉരുവിട്ടു.

പത്രക്കാരെയും ടി.വി.ക്കാരെയും അങ്ങോട്ടു കടത്തിയില്ല. അവര്‍ കയറിയതുമില്ല... ഓക്സിജന്‍ എല്ലാവര്‍ക്കും പ്രശ്നമായിരുന്നു.

സാബിറ ടീച്ചര്‍ ജലീലിനെയുമെടുത്ത്‌ എങ്ങനെയോ ഗ്രാമാതിര്‍ത്തിയിലെത്തി തളര്‍ന്നു വീണു. ആരൊക്കെയോ അവരെ താങ്ങിയെടുത്തു ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോയി. പൊക്കാമറ്റം ഗ്രാമം ഒരു പട്ടട പോലെ അപ്പോഴും പുകയുന്നുണ്ടായിരുന്നു...

ദുരന്തം കഴിഞ്ഞ്‌ ഒരാഴ്ചയ്ക്കുശേഷം മാഷിന്‌ പരോള്‍ ലഭിച്ചു. ജയില്‍ വണ്ടിയില്‍ അദ്ദേഹം പൊക്കാമറ്റത്തേക്കു സഞ്ചരിച്ചു. വഴിനീളെ സര്‍ക്കാര്‍, പട്ടാള വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. താല്‍ക്കാലികാശുപത്രികളും വിദേശ സന്നദ്ധ സേവാ പ്രവര്‍ത്തകരും പലയിടത്തുമുണ്ട്‌.

ആംബുലന്‍സുകള്‍ കബന്ധങ്ങളും വഹിച്ചുകൊണ്ട്‌ ചീറിപ്പാഞ്ഞു. കവലയോടു ചേര്‍ന്ന്‌ ഒരു കൂട്ട ശ്മശാനമുണ്ടാക്കി മൃതദേഹങ്ങള്‍ കുറെയെണ്ണം അവിടെ മറവു ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു...

വണ്ടികളൊന്നും ഓടിത്തുടങ്ങിയിട്ടില്ല. അദ്ദേഹം വഴിയോരങ്ങളിലും മറ്റും ദേവകിയെ അന്വേഷിച്ചു. പക്ഷേ, കാണാനായില്ല.

വീടിരിക്കുന്ന സ്ഥലത്ത്‌ വന്നിറങ്ങി.

പോലീസുകാര്‍ വണ്ടിയില്‍ തന്നെയിരുന്നു പറഞ്ഞു...

"ഹും.. പോയി നോക്കിയിട്ടു വാ...'

മുറ്റത്തു കത്തിക്കരിഞ്ഞ തുളസിത്തറ. അകത്തെ മുറികളെല്ലാം തുറന്നു കിടന്നിരുന്നു. കഴുക്കോലും ഉത്തരവുമെല്ലാം കത്തിയതിന്റെ പാടുകള്‍... തീ നന്നായി കയറിയതിന്റെ ലക്ഷണങ്ങള്‍...

"ദേവകീ... " അദ്ദേഹത്തിെ‍ന്‍റ മനസ്‌ മന്ത്രിച്ചു.

വരാന്തയില്‍ നനച്ചു കുതിര്‍ത്തുവച്ചിരുന്ന ദേവകിയുടെ സെറ്റുമുണ്ട്‌ അദ്ദേഹം കണ്ടു. അതു കത്തിപ്പോയിരുന്നില്ല.

അടുത്തുചെന്നു ആ മുണ്ടെടുത്ത്‌ മുഖത്തമര്‍ത്തി.

വരാന്തയില്‍ കുറേനേരം കുത്തിയിരുന്നു വിതുമ്പി.

"ങ്ങാ... ഇനി പോന്നോളൂ..."

പോലീസുകാര്‍ വണ്ടിയിലിരുന്നു വിളിച്ചുപറഞ്ഞു.

നാരായണന്‍ മാഷ്‌ ആ സെറ്റുമുണ്ട്‌ ഒരു നിധിപോലെ തെ‍ന്‍റ സഞ്ചിയില്‍ ഭദ്രമായി വച്ചു.
"ഇതു മതി ദേവകീ... ഇനിയുള്ള കാലം എനിക്കിതു മതി നിന്നെയോര്‍ക്കാന്‍... നമ്മുടെയീ ഗ്രാമത്തെയോര്‍ക്കാന്‍...."

അദ്ദേഹം സെന്‍ട്രല്‍ ജയിലിലേക്കു വണ്ടിയിരിക്കുമ്പോള്‍ മനസ്സിലോര്‍ത്തു... ഇനി ഈ ഗ്രാമത്തിലേക്ക്‌ തിരിച്ചുണ്ടാവില്ല. ശിഷ്ടകാലം ജയിലിലെ പുസ്തകങ്ങള്‍ക്കിടയില്‍ ഒരു ഇരട്ടവാലനെപ്പോലെ കയറിയിറങ്ങാം... അതിനുശേഷം വിസ്മൃതിയിലേക്കും...

2 comments:

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the DVD e CD, I hope you enjoy. The address is http://dvd-e-cd.blogspot.com. A hug.

Sujith Bhakthan said...

വളരെ നല്ലൊരു ബ്ലോഗാണ്‌ കരിമുകള്‍. പക്ഷെ ഓരോ പോസ്റ്റുകള്‍ക്കും കണ്ട കമന്റുകളുടെ കുറവു കാരണം എനിക്കു മനസ്സിലാക്കുവാനായി കഴിഞ്ഞത് ഈ ബ്ലോഗ് അധികം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലാ എന്നാണ്‌. സാരമില്ല. തുടര്‍ന്നും എഴുതുക. എല്ലാവിധ ഭാവുകങ്ങളും.