Friday, July 25, 2008

കരിമുകള്‍ - മൂന്ന്‌



മൂന്ന്‌

എണ്ണക്കമ്പനിയിരിക്കുന്ന സ്ഥലം ഏകദേശം ആയിരം ഏക്കറോളം കാണുമായിരിക്കും. മലയും കുന്നും പാടവും തോടും ചതുപ്പുമെല്ലാം അവിടെയുണ്ട്‌. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഈ എണ്ണക്കമ്പനിയുടെ ചുമതലയും ഇവിടുത്തുകാര്‍ക്കു ഏല്‍പിച്ചുകൊടുത്തു.

ദാരിദ്ര്യവും അടിമത്തവും മാത്രം കണ്ടു ശീലിച്ച നാട്ടുകാര്‍ക്കു എണ്ണക്കമ്പനിയുടെ താക്കോല്‍ക്കൂട്ടം കൈമാറിയപ്പോള്‍ അതേറ്റു വാങ്ങിയ ഉദ്യോഗസ്ഥന്മാര്‍ ഒന്നു പകച്ചു.

ദൂരെയുള്ള തുറമുഖത്തുനിന്ന്‌ പൈപ്പുവഴി ക്രൂഡ്‌ ഓയില്‍ ഒഴുകിവന്നു കമ്പനിയിലെ ഏറ്റവും വലിയ ടാങ്കില്‍ വീഴുന്നുണ്ടായിരുന്നു. ഈ ചെളിക്കുഴമ്പ്‌ നാനാവിധമായ മാറ്റങ്ങള്‍ക്കു വിധേയപ്പെട്ട്‌ മണ്ണെണ്ണയും പെട്രോളും ഡീസലും വിമാന എണ്ണയുമായി രൂപപ്പെട്ടു. ഒടുക്കം ബാക്കിയായ കറുത്ത പദാര്‍ത്ഥം റോഡു നിര്‍മാണത്തിനുപയോഗിക്കുന്ന ടാര്‍ വീപ്പകളില്‍ നിറച്ച്‌ ഉത്തരേന്ത്യന്‍ വണ്ടികളില്‍ കയറ്റിയയച്ചു. ഭാരതത്തിന്റെ നിരത്തിനെ മുഴുവന്‍ കറുപ്പിച്ചത്‌ ഈ ടാറുപയോഗിച്ചായിരുന്നു.

മഹാത്മാഗാന്ധിയുടെ സമരമുറകളില്‍ ആകൃഷ്ടരായ ഒരു ജനവിഭാഗം ഗ്രാമത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്ര നിര്‍മാണത്തിനായി അവര്‍ കയ്യുംമെയ്യും മറന്നു പണിയെടുത്തു.

കമ്പനിക്കുള്ളില്‍ ഭീമന്‍ എണ്ണ സംഭരണികള്‍ നിരന്നു നിന്നിരുന്നു. ക്രൂഡ്‌ നിറഞ്ഞുനിന്ന സംഭരണിക്കു ചുറ്റും വലം വയ്ക്കണമെങ്കില്‍ ജീപ്പ്പു വേണമെന്ന രീതിയിലാണ്‌ പണിതിട്ടുള്ളത്‌.

കമ്പനിയുടെ തൊട്ടടുത്ത മതില്‍ ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം. പഠിക്കാന്‍ വരുന്നതു ഗ്രാമീണരുടെ മക്കളും. കമ്പനി ഉദ്യോഗസ്ഥരുടെ മക്കള്‍ക്കു പഠിക്കാന്‍ അതിനകത്തു തന്നെ ഇംഗ്ലീഷ്‌ മീഡിയം സ്കൂള്‍ തുടങ്ങിയിട്ടുണ്ട്‌. രണ്ടിടത്തെയും ബോധന സമ്പ്രദായങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞു നിന്നിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷവും ദരിദ്ര നാരായണന്മാരുടെ മക്കളായിരുന്നു. എന്തോ കടമ നിറവേറ്റുന്ന പോലെ അവര്‍ സ്കൂളില്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. ആവശ്യത്തിനു പാഠപുസ്തകങ്ങളോ വിശപ്പിനുള്ള ഭക്ഷണമോ കരുതാന്‍ വഴിയില്ലാത്ത കുട്ടികള്‍.

സ്കൂളില്‍ പോകുന്ന വഴിക്ക്‌ കമ്പനി മലയില്‍ കയറി പറിക്കുന്ന കാരയ്ക്കയും തൊണ്ടിപ്പഴവും പച്ചവെള്ളവും കൊണ്ടു വിശപ്പടക്കുന്നവര്‍. എല്ലാവരുടെയും പോക്കറ്റില്‍ വലിയ വട്ടയില മടക്കി വച്ചിട്ടുണ്ടാവും. ഉച്ചയ്ക്ക്‌ സര്‍ക്കാര്‍ സ്കൂളില്‍ കൊടുക്കുന്ന ഉപ്പുമാവും പാലും എന്ന പദ്ധതിപ്രകാരമുള്ള ഭക്ഷണം കഴിക്കാന്‍ വട്ടയില നിര്‍ബന്ധമാണ്‌.

സ്കൂളില്‍ ഉപ്പുമാവുണ്ടാക്കുന്ന പണി അന്നക്കുട്ടി ഏറ്റെടുക്കാന്‍ സമ്മതിച്ചപ്പോള്‍ ജോസഫ്‌ കയറി ഉടക്കിയതാണ്‍്‌. പക്ഷേ, നാരായണന്‍ മാഷ്‌ നിര്‍ബന്ധിച്ചു പറഞ്ഞപ്പോള്‍ ജോസഫ്‌ പിന്നീടൊന്നും പറഞ്ഞില്ല.

ഉപ്പുമാവു പുരയുടെ തൊട്ടടുത്തു പാതാളം പോലൊരു കിണറുണ്ട്‌. താഴെ വരെ ബക്കറ്റ്‌ എത്തണമെങ്കില്‍ ഒരുപാടു സമയമെടുക്കും. ഭക്ഷണം പാകം ചെയ്യാനായി ധാരാളം വെള്ളം വേണ്ടതുണ്ട്‌. ഇതു മുഴുവന്‍ വലിയ ബക്കറ്റുപയോഗിച്ചു കോരിയെടുക്കണം. എട്ടാം ക്ലാസിലെ പിന്‍ ബഞ്ചിലിരിക്കുന്ന കുര്യാക്കോ വെള്ളം കോരാറാകുമ്പോള്‍ ക്ലാസില്‍നിന്നിറങ്ങി വരും.

'ഉപ്പുമാവു കുര്യാക്കോ' എന്നാണ്‌ കുട്ടികള്‍ അവനെ വിളിക്കാറ്‌. സ്കൂളില്‍ ചേര്‍ന്നകാലം മുതല്‍ പഠിക്കാന്‍ പിന്നോട്ടായതിനാല്‍ ഓരോ കൊല്ലവും തോറ്റു തോറ്റാണ്‌ ഇവിടെയെത്തിയത്‌. കുര്യാക്കോയുടെ അപ്പന്‍ ചാത്തുണ്ണി പൊക്കാമറ്റം കവലയിലെ മീന്‍ക്കച്ചവടക്കാരനാണ്‌. അതിനാല്‍ 'ചാളക്കുര്യാക്കോ' എന്നും വിളിക്കുന്നവരുമുണ്ട്‌.

പഠിക്കുന്ന കാര്യത്തില്‍ അവനൊരു ശ്രദ്ധയുമില്ല. എന്നാല്‍ സ്കൂളിലെ മറ്റു പല കാര്യങ്ങള്‍ക്കും ആളൊരു സഹായിയാണ്‌. അതുകൊണ്ടുതന്നെ കുര്യാക്കോ പഠിച്ചില്ലെങ്കിലും സാറന്മാര്‍ അവനെ തല്ലുകയോ വഴക്കു പറയുകയോ പതിവില്ല.

നാലാമത്തെ പിരിയഡ്‌ മിക്കവാറും വാര്യരുസാറിെ‍ന്‍റ കണക്കു ക്ലാസായിരിക്കും. ഗൃഹപാഠം ഒരുപാടു ചെയ്യേണ്ടതുണ്ട്‌. മാത്രവുമല്ല, കണക്കിലെ വിവിധ തരം സൂത്രവാക്യങ്ങള്‍ മനഃപാഠമാക്കുക ചില്ലറ കാര്യമല്ല. ഈവക പൊല്ലാപ്പുകള്‍ക്കൊന്നും നില്‍ക്കാതെ കുര്യാക്കോ കാലേക്കുട്ടി ഉപ്പുമാവും പുരയിലെത്തിയിട്ടുണ്ടാവും. മറ്റു കുട്ടികള്‍ വാര്യര്‍ സാറിന്റെ അടിയില്‍നിന്നും രക്ഷപ്പെട്ട കുര്യാക്കോയെക്കുറിച്ചോര്‍ത്തു 'ഭാഗ്യവാന്‍' എന്നു പറയും.

ഉപ്പുമാവും പുരയുടെ ഭാഗത്തുള്ള കാഴ്ച വളരെ രസകരമാണ്‌. എണ്ണിയാലൊടുങ്ങാത്തത്ര കാക്കകള്‍ അടുത്തുള്ള വാക മരത്തിലും പരിസരങ്ങളിലുമുണ്ടാകും. ചുറ്റുപാടുകളില്‍ ഗ്രാമത്തിലെ സര്‍വ്വത്ര തെണ്ടിപ്പട്ടികളും.

കാക്കകള്‍ പരസ്പരം സംസാരിക്കുന്നതു കുര്യാക്കോ നോക്കി നിന്നിട്ടുണ്ട്‌. അവറ്റകളും മനുഷ്യനെപ്പോലെ തന്നെ സ്വന്തക്കാരെ കരഞ്ഞു വിളിച്ച്‌ അടുത്തുകൊണ്ടു വരികയും മറ്റുള്ളവയെ കൊത്തിയോടിക്കുകയും ചെയ്യുന്നു.

ഇത്തരം സ്വജന പക്ഷപാതങ്ങള്‍ മനുഷ്യരില്‍ നിന്നും കാക്കയിലേക്കു പകര്‍ന്നതാണോ? അതോ തിരിച്ചോ? അവനു സംശയം തോന്നിയിട്ടുണ്ട്‌.

അമേരിക്കയില്‍നിന്നു കപ്പല്‍ കയറി വന്ന നുറുക്കിയ ഗോതമ്പിെ‍ന്‍റ വെളുത്ത ചാക്കിനു പുറത്തു വലിയൊരു കഴുകന്‍ തുറിച്ചു നോക്കിനിന്നു. അതു പൊട്ടിച്ചു വലിയ ചെമ്പിലിട്ടു പുഴുങ്ങി, സസ്യ എണ്ണ കൂറ്റന്‍ ചീനച്ചട്ടിയിലൊഴിച്ചു കടുകും മുളകും മൂപ്പിച്ച്‌ ഉപ്പുചേര്‍ത്തു വഴറ്റിയെടുക്കുന്നതാണ്‌ ഉപ്പുമാവ്‌. കൂടാതെ പാല്‍പ്പൊടി വെള്ളമൊഴിച്ചു കാച്ചിക്കുറുക്കിയെടുക്കുന്ന പാല്‍ക്കുറുക്ക്‌ തുടങ്ങിയവയാണ്‌ സ്കൂളിലെ ഭക്ഷണങ്ങള്‍.

വട്ടയില നിവര്‍ത്തി നിരന്നിരിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്കിടയിലൂടെ കുര്യാക്കോ വിളമ്പിക്കൊണ്ടു നടന്നു. ചിലര്‍ കിഴികെട്ടി വീട്ടില്‍ കൊണ്ടുപോകുന്നു. മറ്റുചിലര്‍ അവിടെത്തന്നെയിരുന്നു കഴിക്കുന്നു.

വിതരണം കഴിഞ്ഞാല്‍ ഒരുപാടു മിച്ചം വരും. ഒരു വലിയ പാത്രം നിറയെ കുര്യാക്കോ എടുത്തുവയ്ക്കും. വീട്ടില്‍ കൊണ്ടുപോയി രാത്രി ഭക്ഷണമായും ഉപയോഗിക്കാം.

സ്കൂളില്‍ പത്തു മണിക്കാണ്‌ ബല്ലടിക്കുക. കുട്ടികളും അധ്യാപകരും കൃത്യസമയത്തു ഹാജരുണ്ടാവണമെന്ന കാര്യത്തില്‍ പ്രധാനാദ്ധ്യാപകനു നിര്‍ബന്ധമുണ്ട്‌.

മാഷ്‌ രാവിലെ പാടത്തു കുറച്ചു പണി ചെയ്ത ശേഷമേ സ്കൂളിലെത്തു. പക്ഷേ, സ്കൂള്‍ സമയം ഇതുവരെ തെറ്റിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ തിടുക്കപ്പെട്ടു പാടത്തുനിന്നു കേറി കുളിച്ച്‌ സ്കൂളിലെത്തുമ്പോള്‍ ചെവി മടക്കുകളില്‍ ചേറിരിക്കുന്നതും ചില കുട്ടികള്‍ കണ്ടുപിടിക്കാറുണ്ട്‌.

അദ്ദേഹത്തിന്റെ വിഷയം മലയാളമാണ്‌. രാവിലെ പാടത്തു പണിയെടുക്കുന്നതിനെക്കുറിച്ച്‌ മാഷിന്‌ ന്യായീകരണങ്ങളമുണ്ട്‌. അതദ്ദേഹം എവിടെയും പറയും. മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കണം. അതില്‍നിന്നു കിട്ടുന്ന അന്നത്തിന്റെ ഗുണമേ ദേഹത്തു പിടിക്കൂ... അതുകൊണ്ടാണ്‌. ഉറക്കമുണര്‍ന്നാല്‍ ചിട്ടയായ പ്രഭാത കൃത്യങ്ങള്‍ക്കുശേഷം പാടത്തേക്കിറങ്ങുന്നത്‌.

കമ്പനിയുടെ വരവോടെ സ്ഥിതിഗതികളാകെ മാറിയതായി മാഷിനു മനസിലായി. വരമ്പത്തു സ്ഥിരമായി കാണാറുണ്ടായിരുന്ന ഞണ്ടും ഞവിണിയും തവളയുമൊന്നും ഇപ്പോഴില്ല. കണ്ടത്തില്‍ സര്‍വത്ര എണ്ണപ്പാട കെട്ടിയ വെള്ളം.

പണ്ടെല്ലാം മൂന്നു പൂപ്പ്‌ കൃഷി നടത്തിയിരുന്ന പാടങ്ങളില്‍ ഇപ്പോള്‍ ഒരു പൂപ്പ്‌ കൃഷിയേയുള്ളൂ. കൂടാതെ രാസവളപ്രയോഗം, ചാഴിക്കു മരുന്നടി തുടങ്ങിയവ ഓരോരുത്തരും അവരവരുടെ താല്‍പര്യമനുസരിച്ച്‌ നടപ്പാക്കുന്നുണ്ട്‌. അതിെ‍ന്‍റയെല്ലാം ദോഷങ്ങള്‍ ഇപ്പോള്‍ കാണുന്നുമുണ്ട്‌.

പണ്ടു പാടത്തുവരുന്ന ഉത്സാഹമില്ല ഇപ്പോള്‍. പാടശേഖരങ്ങള്‍ ചെറു ജീവ ജാലങ്ങളുടെ ശ്മശാനം പോലെ തോന്നുന്നു. പക്ഷേ, തലമുറകളായി കൃഷി ചെയ്തു വരുന്ന കണ്ടങ്ങള്‍ വെറുതെയിടുന്നതെങ്ങനെ? കൃഷിപ്പണി താനായിട്ടു നിര്‍ത്താന്‍ പാടില്ല. തലമുറകള്‍ കൈമാറിപ്പോന്ന സുകൃതമാണത്‌.

കൃഷി പണ്ടത്തെപ്പോലെ ലാഭകരമല്ല. ചിലവും വരവും തട്ടിക്കിഴിച്ചാല്‍ നഷ്ടമേയുള്ളൂ. പക്ഷേ, ഈ മണ്ണും ഇതിലെ ചേറും തെ‍ന്‍റ ജീവിതത്തിെ‍ന്‍റ ഭാഗമാണ്‌. ഒരു ദിവസമെങ്കിലും പാടത്തു രണ്ടു തൂമ്പ കൊത്തിയില്ലെങ്കില്‍ താനല്ലാതായതുപോലെ.

കന്നുപൂട്ടലുകള്‍ ഇന്നില്ല. കാണിനാട്‌ വയലില്‍ ഇപ്പോള്‍ കാളകളെത്തുന്നില്ല. പണ്ടെല്ലാം മാസത്തിലൊരിക്കല്‍ വയലുകൂടാറുണ്ടായിരുന്നു. കമ്പനിയുടെ വരവോടെ ചെറുപ്പക്കാര്‍ക്കൊന്നും അതിലുല്‍സാഹമില്ല. പണ്ടു വയല്‍ നടന്നിരുന്ന പ്രദേശം കമ്യുണിസ്റ്റ്‌ പച്ച കയറി കാടുപിടിച്ചു കിടക്കുന്നു.

ഇപ്പോള്‍ നിലമുഴുവാനായി ട്രാക്ടറുകള്‍ എത്തുന്നുണ്ട്‌. ആ വാഹനത്തിെ‍ന്‍റ കൂറ്റന്‍ ടയര്‍ പാടുകള്‍ പതിയാത്ത ഇടമില്ല. വരമ്പുകളോ തോടുകളോ അതിനു പ്രശ്നമില്ല. അര മണിക്കൂറിനുള്ളില്‍ എത്ര ചതുപ്പായ കണ്ടവും ഉഴുതുമറിച്ചിടും. പക്ഷേ, കന്നു പൂട്ടിയുഴുവുന്ന ഹൃദ്യത അതിനില്ല.

പാടത്തു പണിക്ക്‌ ആളെ കിട്ടുന്നില്ല. പണ്ട്‌ ഈ ജോലി ചെയ്തുകൊണ്ടിരുന്നവരുടെ നിലയൊക്കെ മാറിപ്പോയി. കമ്പനിയിലോ സര്‍ക്കാരിലോ ഒരു വെള്ളക്കോളര്‍ ജോലി മാത്രമായി പുതുതലമുറയുടെ ലക്ഷ്യങ്ങള്‍.

കമ്പനിയില്‍ രാവിലെ എട്ടു മണിക്കു സൈറണ്‍ നീട്ടി കൂവി. മാഷ്‌ തൂമ്പ കഴുകി തോളില്‍വച്ചു നട വരമ്പിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ എതിരെ ഒരാള്‍ കനമുള്ള പലകയും ചുമന്നു ആടിയാടി വരുന്നുണ്ടായിരുന്നു.

'ജോസഫ്‌'

തലേ ദിവസത്തെ 'കെട്ട്‌' വിട്ടിട്ടില്ല. മാഷിനെ കണ്ടതു ഗൗനിക്കാതെയാണ്‌ നടപ്പ്‌.
മാഷ്‌ സൂക്ഷിച്ചു നോക്കി. തലയിലെ ചുമട്‌, അന്നക്കുട്ടി പണിയിച്ചു കൊണ്ടുപോയ വാതില്‍ പാളിയായിരുന്നു. അയാള്‍ പൊക്കാമറ്റം ചന്തയെ ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുകയാണ്‌.

കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പോയതിനു പിന്നാലെ അന്നക്കുട്ടി നെഞ്ചത്തടിച്ച്‌ നിലവിളിച്ചുകൊണ്ടോടുന്നു.

അവള്‍ പറഞ്ഞു:

"ചതിച്ചു മാഷേ.... ഞാന്‍ പണീപ്പിച്ചുവച്ച പെരേടെ വാതില്‌ ആ കാലമാടന്‍ അഴിച്ചെടുത്തു ഷാപ്പിലെ മൊതലാളിക്കു കച്ചോടൊറപ്പിച്ചു. ഒന്നു വേണ്ടാന്നു പറയ്‌ മാഷേ..."

അന്നക്കുട്ടി അലമുറയിട്ടു കരഞ്ഞുകൊണ്ട്‌ ജോസഫിന്റെ പിന്നാലെയോടി. മാഷിന്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ കതകും ചുമന്നു വളരെ ദൂരെയെത്തിയിരുന്നു.

No comments: