Sunday, July 20, 2008

കരിമുകള്‍- എട്ട്‌


എട്ട്‌

ജോസഫ്്‌ തെ‍ന്‍റ കൂരയിലെത്തിയിട്ടു രണ്ടു മൂന്നു ദിവസങ്ങളായി. പശുവിനെ അറവുകാര്‍ക്കു വിറ്റതിനുശേഷം അന്നക്കുട്ടിയുടെ മുഖത്തുനോക്കാന്‍ ജാള്യത തോന്നി. മാത്രമല്ല, പിന്നീടാലോചിച്ചപ്പോള്‍ അതിത്തിരി കടന്ന കയ്യായിപ്പോയെന്നും തോന്നി.

വല്ലപ്പോഴുമേ ജോസഫിന്‌ ഇത്തരം തോന്നലുകളുണ്ടാവാറുള്ളൂ. അപ്പോഴയാള്‍ തന്നെ ഒരു വികൃത ജന്തുവിനെപ്പോലെ നോക്കിക്കാണും. ആനമയക്കിയുടെ പിടിയില്‍ താന്‍ പെട്ടുകഴിഞ്ഞാല്‍ പിന്നെ നേരവും കാലവും ബന്ധവും, സ്വന്തവുമില്ല.

പലരും ഉപദേശിക്കാറുണ്ട്‌.

തനിക്കൊരു പെണ്‍കുട്ടിയാണെന്നും അവളെ ആരെയെങ്കിലും പിടിച്ചേല്‍പ്പിക്കണമെന്നുമെല്ലാം . പക്ഷേ, ഷാപ്പിലെത്തിക്കഴിഞ്ഞാല്‍ അതൊന്നും ഓര്‍ക്കാര്‍ പറ്റാറില്ല. ഈ കമ്പനി ഉടുതുണിക്കു മറു തുണിയില്ലാത്തവരെ വരെ നല്ല നിലയിലെത്തിച്ചിട്ടുണ്ട്‌. ലക്ഷങ്ങള്‍ മുടക്കി കോണ്‍ട്രാക്ടര്‍ എടുത്തവരെ പിച്ചച്ചട്ടിയും എടുപ്പിച്ചിട്ടുണ്ട്‌.

സമയം നന്നായാല്‍ എല്ലാം നന്നാവും. ദോഷമായാല്‍ പോവുകയും ചെയ്യും.

കവലയിലെ കോ ഓപ്പറേറ്റിവ്‌ സ്റ്റോറിലേക്കു വന്ന അരിച്ചാക്കു ലോറിയില്‍ നിന്നിറക്കി കൂലിയും വാങ്ങി ഷാപ്പിലേക്കു നടക്കുമ്പോള്‍ തൊട്ടരുകില്‍ ഒരു മോട്ടോര്‍ ബൈക്കു വന്നുനിന്നു.

നേതാവ്‌ കുര്യാക്കോ.

പണ്ട്‌ എട്ടാം ക്ലാസില്‍ തോറ്റുപഠിച്ചുകൊണ്ടിരുന്ന പീറച്ചെക്കനല്ല അവനിപ്പോള്‍. കമ്പനിയിലെ ട്രേഡ്‌ യൂണിയെ‍ന്‍റ ശക്തനായ നേതാവാണ്‌. ആ ചൈതന്യം അവെ‍ന്‍റ മുഖത്തും ശരീരത്തിലും പ്രതിഫലിച്ചിരുന്നു.

അലക്കിത്തേച്ച നല്ല തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും വേഷം. ക്ലീന്‍ ഷേവു ചെയ്തു വെടിപ്പാക്കിയ മുഖം. ചുണ്ടില്‍ സദാ ഒട്ടിച്ചു വച്ച പുഞ്ചിരി. കൗശലക്കാരെ‍ന്‍റ കണ്ണുകള്‍. കുറ്റിത്തലമുടി. അതാണിപ്പോഴത്തെ കുര്യാക്കോ.

"ജോസഫേട്ടാ... ഇതിന്റെ പിന്നില്‌ കേറ്‌..." കുര്യാക്കോ വിളിച്ചു.

"വേണ്ട മോനേ... ഞാന്‍ വെയര്‍ത്തു കുളിച്ചതാ. അരി എറക്ക്വാര്‍ന്നു" ജോസഫ്‌ ഒഴിഞ്ഞുമാറാന്‍ നോക്കി.

"അതൊന്നും സാരോല്യാന്നേയ്‌.... കേറ്‌".

അവന്‍ നിര്‍ബ്നധിച്ചപ്പോള്‍ ജോസഫ്‌ ബൈക്കില്‍ വട്ടം കെട്ടിപ്പിടിച്ചിരുന്നു.

വണ്ടി നേരെ തിരുവാങ്കുളത്തിനു വിട്ടു.

ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ ഒരുപാടു പേര്‍ ഇരിപ്പുണ്ടായിരുന്നു. പലരും ഗൗരവകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുപോലെ.

ബെയറര്‍ ഭവ്യതയോടെ അടുത്തുവന്നു.

'നാരായണന്‍ കുട്ടീ... ഒരു ഫുള്ള്‌ ഓള്‍ഡ്‌ മങ്കും സോഡേം ഐസും..."

പിന്നെ ജോസഫിനോടു ശബ്ദം താഴ്ത്തി സംസാരിക്കാന്‍ തുടങ്ങി.

ബാറിനുള്ളില്‍ മൂത്രച്ചൂര്‌ നിറഞ്ഞു നിന്നിരുന്നു. ഇരുട്ടു ബാറിനൊരു അനുഗ്രഹവും അഴകുമാണ്‌. മദ്യപെ‍ന്‍റ മുഖത്തെ ജാള്യതകളൊന്നും മറ്റൊരാള്‍ക്കും മനസ്സിലാകാതിരിക്കുന്നതിനും തൊട്ടടുത്ത കസേരകളിലെ അപരന്മാരുടെ സ്വകാര്യതകളിലേക്കു ശ്രദ്ധ പോകാതിരിക്കാനും ഇത്‌ ഉപയോഗപ്പെടുന്നു.

ബാറിന്റെ അന്തരീക്ഷത്തില്‍ അച്ഛനും മകനുമൊന്നിച്ചു ജാള്യതയില്ലാതെ മദ്യപിക്കാം.

"ജോസഫേട്ടാ..." കുര്യാക്കോ വിളിച്ചു.

"ഇങ്ങിനെയൊക്കെ കഴിഞ്ഞാ മതിയോ? ഈ കമ്പനീല്‌ ഒരുപാടു പണികളുണ്ട്‌. ജോസഫേട്ടന്‍ ഒരു കോണ്‍ട്രാക്ട്‌ എടുക്ക്‌. ഞാന്‍ സഹായിക്കാം. പൈസേം മുടക്കാം. പക്ഷേ ജോസഫേട്ടന്‍ എടുക്കുന്നതായെ അറിയാന്‍ പാടുള്ളൂ. ഇരുചെവി അറിയരുത്‌ ഇതിന്റെ പിന്നില്‌ ഞാനാണെന്ന്‌.

ഒരു വര്‍ഷത്തിനുള്ളില്‍ ജോസഫേട്ടെ‍ന്‍റ നിലയെന്താണെന്നു ഞാന്‍ കാട്ടിത്തരാം. സമ്മതമാണോ?"

കുര്യാക്കോ ഇരുട്ടിലൂടെ ജോസഫിെ‍ന്‍റ കണ്ണിലേക്കു നോക്കി. അവിടെ കൃഷ്ണമണിയില്‍ ഒരു വെളിച്ച കഷണം കനത്തുനിന്നു.

ജോസഫിന്‌ ഒന്നും മനസിലായില്ല. എങ്കിലും പതുക്കെ ചുണ്ടനക്കി...

"എല്ലാം മോന്റെയിഷ്ടം..."

രണ്ടു പേരും കൂടി കുപ്പി കാലിയാക്കി. നേതാവ്‌ കുര്യാക്കോയുടെ ബൈക്കിനു പുറകിലിരുന്ന്‌ വേളൂര്‍പ്പാടംവരെ യാത്ര ചെയ്തു. പാടത്തിന്റെയരുകില്‍ അയാളെ ഇറക്കിവിട്ടു കുര്യാക്കോ തിരിച്ചുപോയി.

ജോസഫ്‌ വരമ്പുവഴി വേച്ചുവേച്ചു നടന്നു പുരയുടെ മുമ്പിലുള്ള തോടിറങ്ങിക്കയറി മുറ്റത്തെത്തി. ടോമിയെന്ന നായ്ക്കുട്ടി മുരണ്ടു ചാണിയെണീറ്റു. പേടിച്ചു വാലു ചുരുട്ടി പിന്നാമ്പുറത്തേക്കോടി.

"ടീ അന്നക്കുട്ട്യേയ്‌... വാതിലു തൊറക്കെടീ...

ഒരു വിശേഷണ്ടടീ..."

ആ ശബ്ദത്തില്‍ എവിടെയെല്ലാമോ മാര്‍ദ്ദവമുള്ളതുപോലെ അവള്‍ക്കു തോന്നി.

വാതില്‍ തുറന്നപ്പോള്‍ പാട്ട വിളക്കിന്റെ മുനിഞ്ഞു കത്തുന്ന വെട്ടത്തില്‍ അയാള്‍ അന്നക്കുട്ടിയെ നോക്കിച്ചിരിച്ചു.

അത്താഴം അന്നക്കുട്ടി അടച്ചു വച്ചിട്ടുണ്ടായിരുന്നു. അവള്‍ അതെടുത്തു ജോസഫിന്റെ മുമ്പില്‍വച്ചു. എത്ര ദുഷ്ടനായാലും വേളൂര്‍പ്പള്ളീലു വച്ചു താലികെട്ടിയവനും ശോശാക്കുട്ടീടെ അപ്പനുമാണ്‌.

ടീ... നമ്മടെ കമ്പനീലെ നേതാവ്‌ കുര്യാക്കോയെക്കുറിച്ചു നിനക്കെന്താഭിപ്രായം?

കുര്യാക്കോയെന്നു കേട്ടതോടെ അന്നക്കുട്ടീടെ മുഖത്ത്‌ ഒരു പ്രകാശം വീണു... പക്ഷേ അവളതു പ്രകടിപ്പിച്ചില്ല.

കൈതപ്പൊന്തയില്‍നിന്നും തിടുക്കപ്പെട്ടെണീറ്റു പോകുന്ന കുര്യാക്കോയുടെ ഇരുണ്ട രൂപം അവളുടെ മനസ്സില്‍ നിറഞ്ഞുനിന്നു.

"ടീ.. ഞാന്‍ കോണ്‍ട്രാക്ടെടുക്കാന്‍ പോവ്വാ.... എല്ലാം അവന്‍ നോക്കിക്കോളും.. കുര്യാക്കോ..."

ആനമയക്കീടെ ബലത്തില്‍ പലതും ജോസഫ്‌ പറയാറുണ്ട്‌. അതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അന്നക്കുട്ടി ഒന്നും മിണ്ടിയില്ല.

ജോസഫ്‌ പറഞ്ഞുകൊണ്ടിരുന്നു.

"കോണ്‍ട്രാക്ടര്‍ കുഞ്ഞിരാമനും ക്ലബിലെ ചായപ്പയ്യനായിരുന്ന മുരളിയുമെല്ലാം മൊതലാളിമാരായ കഥകളറിയാമോ നിനക്ക്‌...? കമ്പനീലെ സാറന്മാര്‍ക്കു കള്ളും പെണ്ണും കൊടുത്താ... അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുഞ്ഞിരാമെ‍ന്‍റ കീഴില്‍ എത്ര എന്‍ജിനീയറുമാരാ പണീടുക്കുന്നത്‌...?"

"കോടികള്‍ ആസ്ത്യാ... കുഞ്ഞിരാമനും മുരളിക്കും..."

ജോസഫ്‌ പറഞ്ഞതിലും കാര്യമുണ്ട്‌.

പറവൂരു നിന്നു കള്ളവണ്ടി കേറിവന്നവനാ മുരളി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൊള്ളാത്തവന്‍. കമ്പനീലെ സാറന്മാരുടെ ക്ലബിലെ ചായക്കാരനായിട്ടങ്ങു കൂടി. പൊക്കാമറ്റം കവലയില്‍ വണ്ടിയിറങ്ങുമ്പോള്‍ പോക്കറ്റില്‍ ചില്ലിക്കാശില്ലായിരുന്നു.

പ്ലാന്‍റു മാനേജര്‍ കെ.കെ പിള്ളയുടെ ഔദാര്യം ഒരുപാട്‌ അനുഭവിച്ചു മുരളി. പിള്ള വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളൊന്നും കമ്പനിയിലുണ്ടായിരുന്നില്ല. ഒരാളെ ജോലിക്കു കയറ്റാനോ ജോലിയുള്ള ആളിനെ തെറിപ്പിക്കാനോ ബുദ്ധിമുട്ടില്ല.

മുരളിയുടെ ജീവിതം കുറച്ചുവര്‍ഷങ്ങള്‍കൊണ്ടു കീഴ്മേല്‍ മറിഞ്ഞു. ഇന്നിപ്പോള്‍ കോടികളുടെ ആസ്തിയുണ്ടയാള്‍ക്ക്‌. അയാളുടെ ജോലികള്‍ കമ്പനിക്കുള്ളില്‍ നിന്നു പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്‌. മുരളി കോണ്‍ട്രാക്ടര്‍ ഇന്നും പ്രസിദ്ധനാണ്‌.

"തലവര നന്നായാല്‍ എല്ലാം നന്നാവും".

അന്നു രാത്രി ജോസഫ്‌ കവലയിലേക്കു പോയില്ല. ആരോടും സംസാരിച്ചുമില്ല. മണ്ണെണ്ണ വിളക്കിെ‍ന്‍റ ആടുന്ന നാളങ്ങള്‍ ചുവരില്‍ പലവിധ രൂപങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു. രൂപങ്ങള്‍ക്കു യാതൊരു കൃത്യതയുമുണ്ടായില്ല. എല്ലാം ഒരു അവ്യക്തത സൃഷ്ടിക്കുന്നു. തെന്റെ ജീവിതംപോലെ തന്നെ.

No comments: