Friday, July 18, 2008

കരിമുകള്‍- പത്ത്‌



പത്ത്‌

സ്ഥലമെടുപ്പുകഴിഞ്ഞു. പരമ്പരാഗതമായി അവിടെ ജീവിച്ചു വന്നവര്‍ ഒരു സുപ്രഭാതത്തില്‍ പിറന്ന മണ്ണും വീടും വിട്ടു മറ്റേതോ നാട്ടിലേക്കു യാത്രയായി.

സിവില്‍ എന്‍ജിനീയര്‍മാര്‍ ചങ്ങലയുമായി പുരയിടങ്ങള്‍ കയറിയിറങ്ങി നടക്കുന്നു. കമ്പനിക്കെടുത്ത സ്ഥലങ്ങള്‍ കൊടും വിജനത വന്നു നിറയുന്ന ഇടമായി. അവിടെ ധാരാളം കിളികളും മറ്റു ചെറു ജീവികളും പെറ്റുപെരുകി.

മനുഷ്യസാമീപ്യം കിട്ടാതാകുമ്പോള്‍ കാട്ടുമരങ്ങള്‍ ആര്‍ത്തലച്ചു വളരുകയും നാട്ടു മരങ്ങളായ തെങ്ങ്‌, കമുക്‌, പ്ലാവ്‌, മാവ്‌ തുടങ്ങിയവ മുരടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

കൃഷിയില്ലാത്ത പാടശേഖരങ്ങളില്‍ കൊന്തന്‍പുല്ലുകളും തകിടിപ്പുല്ലുകളും കയറി മറഞ്ഞു. അവയ്ക്കിടയില്‍ പാമ്പുകളും മുയലുകളും പെറ്റുപെരുകി. നാട്ടിന്‍പുറങ്ങളില്‍ പശുവിനെ വളര്‍ത്തുന്നവര്‍ക്കു ഒരു ഹരമാണ്‌. ഇളം പുല്ലു വളര്‍ന്നുനില്‍ക്കുന്ന കാഴ്ച.

പുതിയ സ്ഥലത്തിന്റെ മതിലുകെട്ടുപണിക്ക്‌ ഇത്തവണ പുതിയൊരു കോണ്‍ട്രാക്ടറാണെത്തിയിരിക്കുന്നത്‌. ജോസഫ്‌!

മുമ്പ്പൊക്കാമറ്റം ഷാപ്പില്‍ ആനമയക്കിയടിച്ചു അഴകൊഴമ്പനായി നടന്ന ജോസഫല്ല അയാള്‍. നിശ്ചയ ദാര്‍ഢ്യം പ്രകടമാക്കുന്ന കോണ്‍ട്രാക്ടര്‍ ജോസഫ്‌.

നേതാവ്‌ കുര്യാക്കോയുടെ പണത്തിെ‍ന്‍റ പകിട്ടനുസരിച്ചു കുട്ടിക്കരണം മറിയുന്ന ജോസഫ്‌.

ജോസഫിന്‌ ലക്ഷ്യം ഒന്നു മാത്രം... പണം... കുഞ്ഞിരാമനെപ്പോലെ... മുരളിയെപ്പോലെ...

ഇപ്പോള്‍ പൊക്കാമറ്റം കവലയിലോ ഷാപ്പിലോ ആരും ജോസഫിനെ കാണാറില്ല. തിരുവാങ്കുളം ബാറിലാണ്‌ ഏര്‍പ്പാട്‌. പഴയപോലെ കിടന്നുള്ള കുടിയില്ല. ഉത്തരവാദിത്വങ്ങളുണ്ട്‌. കുര്യാക്കോയുടെ പണം അതു ഇരട്ടിപ്പിച്ച്‌ തിരിച്ചേല്‍പ്പിക്കണം.

ഗുണമുണ്ടായി. മതിലിന്റെ പണി തീര്‍ന്നപ്പോള്‍ ലക്ഷക്കണക്കിനു രൂപ ലാഭം. എല്ലാം കുര്യാക്കോയുടെ ബുദ്ധി. കുര്യാക്കോയുടെ തൊഴിലാളികള്‍ പണിയുന്നു. താന്‍ അവെ‍ന്‍റ വെറും പാവ മാത്രം.

കോണ്‍ട്രാക്ട്‌ പണിയിലെ തട്ടിപ്പുകള്‍ ജോസഫിന്‌ ആദ്യമൊന്നും മനസ്സിലായില്ല. കോണ്‍ട്രാക്ടര്‍ക്ക്‌ എല്ലാവരെയും പറ്റിക്കാന്‍ കഴിയണം. എന്നാല്‍ അയാളെ ആരും പറ്റിക്കയുമരുത്‌. വക്രബുദ്ധിയാണ്‌ കോണ്‍ട്രാക്ട്‌ പണിയുടെ വിജയം. പുതിയ പാഠങ്ങള്‍. പുതിയ ശീലങ്ങള്‍...

പലതരം പണികള്‍ക്കായി ധാരാളം ആളുകള്‍ കമ്പനിയിലെത്തുന്നുണ്ട്‌. ഇവരെയെല്ലാം യൂണിയെ‍ന്‍റ കീഴിലാണ്‌ കയറ്റുന്നതും. ഒരാള്‍ക്കു ആറു ദിവസം പണിയെടുത്താല്‍ ഏഴാമത്തെ ദിവസത്തെ പൈസ അവധിയോടെ നല്‍കാനായി നിയമമുണ്ട്‌. പക്ഷേ, കുര്യാക്കോയുടെ യൂണിയനിലെ ഒരാളെയും ആറു ദിവസം തുടര്‍ച്ചയായി പണിയെടുപ്പിക്കില്ല.

ഈ നിയമങ്ങളൊന്നും തൊഴിലാളികള്‍ തിരക്കുകയില്ല. തൊഴിലാളികളുടെ ഈ അലവന്‍സുകളെല്ലാം യൂണിയെ‍ന്‍റ ബലത്തില്‍ കുര്യാക്കോ കോണ്‍ട്രാക്ടറുടെ കയ്യില്‍ നിന്നു കണക്കു പറഞ്ഞു മേടിക്കും. ആയിരം തൊഴിലാളികള്‍ ഒരാഴ്ച പണിതാല്‍ കുര്യാക്കോയുടെ പോക്കറ്റില്‍ വലിയൊരു സംഖ്യ വീഴും. വിയര്‍ക്കാതെ... ഷര്‍ട്ടില്‍ മണ്ണു പുരട്ടാതെ.. കിട്ടുന്ന പണം. കൗശലത്തില്‍നിന്നുണ്ടായ പണം.

ഈ പണമുപയോഗിച്ചു ജോസഫിനെ വച്ച്‌ അവന്‍ വീണ്ടും പണമുണ്ടാക്കുന്നു. പക്ഷേ....

സ്വന്തം പണം കുര്യാക്കോയ്ക്ക്‌ പുറത്തു പ്രകടിപ്പിക്കാന്‍ കഴിയില്ല. തൊഴിലാളി യൂണിയന്‍ നേതാവ്‌ എന്ന മുള്‍ക്കുരിശു തലയിലുള്ള കാലത്തോളം. ഈ പണം ജോസഫിെ‍ന്‍റ പേരില്‍ ബിനാമിയായി തന്നെ കിടക്കട്ടെ.

ജോസഫും അന്നക്കുട്ടിയും കുര്യാക്കോയുടെ ബിനാമി പണം കൊണ്ടു ജീവിതം ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു.

കുര്യാക്കോയുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ എതിര്‍ക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍ പലയിടത്തും തന്ത്രപൂര്‍വം കിങ്കരന്മാര്‍ നടപ്പാക്കി.

ഇതിനായി വിശ്വസ്ഥരായ ചാരന്മാരെ സജ്ജരാക്കി നിര്‍ത്തിയിരുന്നു. ചിലര്‍ ഇരുട്ടടി കൊണ്ടു ആശുപത്രിയിലായി. ഒരാള്‍ വണ്ടി കയറി മരിച്ചു. അല്ല... കൊന്നതാണ്‌...
എല്ലായിടത്തും തെ‍ന്‍റ മോട്ടോര്‍ ബൈക്കില്‍ റീത്തും സാന്ത്വനവുമായി കുര്യാക്കോ എത്താറുമുണ്ട്‌.

തെറ്റിപ്പിരിഞ്ഞ ചിലര്‍ ചേര്‍ന്നു വിപ്ലവ പാര്‍ട്ടിയുടെ ഒരു യൂണിയന്‍ കമ്പനി പടിക്കല്‍ തുടങ്ങി. ഗ്രാമത്തിലെ ജനങ്ങള്‍ കൗതുകത്തോടെ പുതിയ യൂണിയന്‍ പ്രവര്‍ത്തനം നോക്കിക്കണ്ടു.

അഴിമതിക്കാരന്‍ കുര്യാക്കോ വര്‍ഗശത്രുവായി മുദ്ര കുത്തപ്പെട്ടു.

വിപ്ലവ പാര്‍ട്ടിയുടെ തുടക്കം എല്ലാംകൊണ്ടും ചടുലമായിരുന്നു. തങ്കയ്യനായിരുന്നു സെക്രട്ടറി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പന്തംകൊളുത്തി ജാഥ, ചുവരെഴുത്തുകള്‍, തെരുവു നാടകങ്ങള്‍...

പൊക്കാമറ്റം കവല ഏതു നേരവും ചുവന്നുനിന്നു.

കുര്യാക്കോയുടെ യൂണിയനില്‍നിന്നു ചില അടിയൊഴുക്കുകളും സംഭവിച്ചു. ചിലര്‍ പുതിയ യൂണിയനില്‍ രക്ഷ തേടി.

വിപ്ലവ പാര്‍ട്ടികള്‍ പുറത്തുനിന്നുനോക്കുമ്പോള്‍ സോഷ്യലിസവും കമ്യൂണിസവും പാല്‍ ചുരത്തുകയാണൊയെന്നു തോന്നിപ്പോകും. അത്രയ്ക്ക്‌ ചിട്ടയും സഹനശക്തിയുമുള്ള പ്രവര്‍ത്തനങ്ങള്‍.

പിന്നീടെപ്പോഴെങ്കിലും അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയുടെ പുളി അറിയാനാവും. പലര്‍ക്കും മനസ്സിലായിട്ടുണ്ട്‌.

രണ്ടു പാര്‍ട്ടിയുടെ വ്യത്യസ്ത നയങ്ങളില്‍ തൊഴിലാളികള്‍ ധര്‍മ്മസങ്കടത്തിലായി. ഒരു യൂണിയന്‍ സമരം നടത്തുമ്പോള്‍ എതിര്‍ യൂണിയന്‍ പണിക്കു കയറും. പണിക്കു കേറുന്നവരെ തടയാന്‍ മറ്റേ പാര്‍ട്ടിക്കാര്‍ എത്തുന്നതോടെ ഉന്തും തള്ളും കല്ലേറും കത്തിക്കുത്തും സാധാരണം. നേതാക്കന്മാര്‍ ആരും ഇന്നേവരെ മരിച്ചിട്ടില്ല. ചാവുന്നത്‌ അത്താഴപ്പട്ടിണിക്കാരനായ തൊഴിലാളികള്‍ മാത്രം!

കമ്പനിപ്പടിക്കല്‍ നിരപരാധികള്‍ തമ്മില്‍ തല്ലി ചത്തു. കുര്യാക്കോ ആകശം മുട്ടെ വളര്‍ന്നു. വിപ്ലവ നേതാവ്‌ തങ്കയ്യന്‍ ബിനാമിപ്പേരില്‍ സമ്പാദിച്ചുകൂട്ടി. വിപ്ലവത്തിെ‍ന്‍റ വിത്തുകള്‍ എന്നെങ്കിലുമൊരിക്കല്‍ പൊട്ടി മുളയ്ക്കുമെന്നും തൊഴിലാളിയുടെ പറുദ്ദീസ വരുമെന്നും കരുതി വില കുറഞ്ഞ റഷ്യന്‍ പുസ്തകങ്ങള്‍ തലയ്ക്കു വച്ചുറങ്ങുന്ന പാവങ്ങള്‍ എല്ലാക്കാലത്തും യൂണിയനിലുണ്ടായി. അവരായിരുന്നു യഥാര്‍ത്ഥ ശക്തി.

രാസവള നിര്‍മാണശാലയുടെ പുതിയ പ്ലാനൃ കമ്മീഷന്‍ ചെയ്യുന്നതിെ‍ന്‍റയന്ന്‌ കുര്യാക്കോ അന്നക്കുട്ടിയുടെ പേരില്‍ ഗ്രാമത്തിലെ കണ്ണായ സ്ഥലം വിലയ്ക്കു വാങ്ങി ഒരു മാളികയുടെ പണി തുടങ്ങി.

അന്നക്കുട്ടിയുടെ യുവത്വം കൂടിയിരിക്കുന്നു. അവള്‍ ശോശക്കുട്ടിയുടെ ചേച്ചിയെപ്പോലെ അണിഞ്ഞൊരുങ്ങി നടന്നു.

അവളിപ്പോള്‍ കോണ്‍ട്രാക്ടര്‍ ജോസഫിെ‍ന്‍റ ഭാര്യയാണ്‌. വീട്ടില്‍ സുഭിക്ഷമായ ഭക്ഷണം. കുര്യാക്കോയുടെ കള്ളപ്പണം കൈകാര്യം ചെയ്യാനുള്ള അധികാരം...

കുര്യാക്കോ പഴകി കീറിയ ഖദര്‍ വസ്ത്രവുമുടുത്ത്‌ കമ്പനിപ്പടിക്കലും മീറ്റിംഗുകളിലും കൂടുതല്‍ ജനകീയനായി.

പക്ഷേ.... പൊരുത്തപ്പെടാത്തത്‌ ഒന്നുണ്ടായിരുന്നു. അമിത ഭക്ഷണം കൊണ്ടും സുഖലോലുപത കൊണ്ടും വന്നുകേറിയ ദുര്‍മ്മേദസു മുറ്റിയ പൊണ്ണത്തടി കമ്പനി രാഷ്ട്രീയത്തില്‍ ഓക്കാനമുണ്ടാക്കി.

ഒരു ദിവസം രാവിലെ ജോസഫ്‌ കമ്പനിയിലായിരുന്നപ്പോള്‍ കുര്യാക്കോ വേളൂര്‍പ്പാടം കുറുകെ നടന്നു കയറി അന്നക്കുട്ടിയുടെ ചെറ്റപ്പുരയില്‍ ചെന്നു കയറി.

ഇപ്പോള്‍ ടോമിയെന്ന നായ്ക്കുട്ടി കുര്യാക്കോയെ കണ്ടു കുരയ്ക്കാറില്ല. അതിനും തോന്നിത്തുടങ്ങിയിരിക്കണം കുര്യാക്കോയുടെ ആ വീട്ടിലെ സ്ഥാനം.

ശോശക്കുട്ടി പൊക്കാമറ്റം കവലയില്‍ ടൈപ്പ്‌ പഠിക്കാന്‍ പോയിരിക്കുന്നു.

പണ്ടു സന്ധ്യക്ക്‌ തോട്ടിലെ കൈതപ്പൊന്തകള്‍ക്കിടയിലൂടെ കണ്ട അന്നക്കുട്ടിയുടെ സ്ത്രീഗന്ധം കുര്യാക്കോ തിരിച്ചറിഞ്ഞു.

അവള്‍ക്കു ജോസഫിനെക്കാള്‍ ആദരവ്‌ അവനോട്‌ തോന്നി. കുര്യാക്കോ അവളെ തെ‍ന്‍റ ആഗ്രഹങ്ങള്‍ അറിയിച്ചു.

അന്ന്‌ ഉച്ചവരെ അവിടെ ദൈവത്തിെ‍ന്‍റ പത്തു കല്‍പനകളും ലംഘിക്കപ്പെടുകയായിരുന്നു. നിറഞ്ഞ മനസ്സോടെ കുര്യാക്കോ യാത്ര പറഞ്ഞു പാടത്തേക്കിറങ്ങുമ്പോള്‍ ശോശക്കുട്ടി എതിരെ വരുന്നുണ്ടായിരുന്നു. പക്ഷേ, അവളില്‍ അയാള്‍ക്ക്‌ വിശേഷിച്ചൊന്നും തോന്നിയില്ല.

ശോശക്കുട്ടി അകത്തുകയറി നോക്കിയപ്പോള്‍ കാറ്റടിച്ചുലഞ്ഞ പനമരംപോലെ അന്നക്കുട്ടി അവളെ നോക്കി ചിരിച്ചു. മുമ്പൊരിക്കലും അന്നക്കുട്ടി ഇങ്ങനെ വിലാസവതിയായി ചിരിക്കുന്നതു അവള്‍ കണ്ടിട്ടില്ല.

ആ ചിരി അത്ര സുഖകരമായി ശോശക്കുട്ടിക്ക്‌ തോന്നിയില്ല.

അന്നക്കുട്ടിയും ശോശക്കുട്ടിയും ഒന്നിനൊന്നു മെച്ചപ്പെട്ടുവന്നു. മണ്ണും പെണ്ണും പണമുള്ളവരുടെ സാമീപ്യത്തില്‍ തിളങ്ങുമെന്നു പറയുന്നു. അവരിപ്പോള്‍ നല്ല ആഹാരം കഴിക്കുന്നു. നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നു. ചെറ്റപ്പുരയിലെ ചേറു മണക്കുന്ന അന്തരീക്ഷത്തിനും സുഖകരമായ അസ്ഥയുണ്ടായി. ചെറ്റപ്പുരയിലെ രാജയോഗം!

കുര്യാക്കോ... രാജഗുണമുള്ളവന്‍!

ഈ കുടുംബത്തിനു ഭാഗ്യം സമ്മാനിച്ചവന്‍.

എന്തുകൊടുത്താലും തീരാത്ത കടപ്പാടുകള്‍. പണ്ട്‌ സന്ധ്യക്ക്‌ തോട്ടിറമ്പിലെ കൈതപ്പൊന്തക്കിടയില്‍ നിന്നും എണീറ്റു പോകുന്ന കുര്യാക്കോയെ ഓര്‍ത്തുകൊണ്ട്‌...

അന്നക്കുട്ടിയുടെ മനസ്സില്‍ ഒരു പതിനേഴുകാരി നഖംകൊണ്ട്‌ ചിത്രം വരച്ചുകൊണ്ടിരുന്നു.

No comments: