Sunday, July 6, 2008

കരിമുകള്‍- ഇരുപത്തിരണ്ട്‌


ഇരുപത്തിരണ്ട്‌

കുര്യാക്കോയുടെ വീടിരിക്കുന്ന സ്ഥലത്തിനു വടക്ക്‌ നാലാമത്തെ പറമ്പാണ്‌ ശങ്കുവേട്ടെ‍ന്‍റ വീട്‌. സ്ഥലത്തിന്‌ വേലിയോ മതിലോ ഒന്നുമില്ല. ആളെ കണ്ടാല്‍ ഉഗാണ്ടന്‍ പ്രസിഡന്‍റായിരുന്ന ഇദി അമീനെപ്പോലെ കറുത്തുതടിച്ച്‌ കരിവാളിച്ചിരിക്കും. എന്നാല്‍ ഇദിഅമീനിന്റെ ഹീന സ്വഭാവങ്ങളൊന്നുമില്ല.

ആകെയുള്ള ഒരു ദോഷം പട്ടാളക്കാരനായതിനാല്‍ തിരയിട്ടു പൊട്ടിക്കുന്ന ഒരു തോക്ക്‌ എപ്പോഴും കൂടെ കൊണ്ടുനടക്കും എന്നതു മാത്രമാണ്‌. കൂടെ കായം സഞ്ചിയില്‍ അതിനുവേണ്ടതായ തിരകള്‍, ചികിര, പൊട്ടാസ്‌ തുടങ്ങിയവയും. കൈ കാലുകളില്‍ പട്ടാളച്ചിട്ടയുടെ തടിച്ചുരുണ്ട മസിലുകള്‍ ചീര്‍ത്തും വീര്‍ത്തും നില്‍പ്പുണ്ട്‌.

കമ്പനിക്കെടുത്ത പാടങ്ങളില്‍ കൃഷിയില്ലാത്തതിനാല്‍ ആളുകള്‍ക്ക്‌ ചെളിയിലിറങ്ങാന്‍ മടിയായി. മിക്കവരും കൃഷിഭൂമി തരിശ്ശായിട്ടു. കൃഷി ചെയ്തിട്ടും പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ല. വിത്തിട്ടാല്‍ ആ രാത്രിതന്നെ കമ്പനിയിലെ ആസിഡുവെള്ളം കയറി വെന്തു പോകും.

ശങ്കുവേട്ടന്‌ ഊണിന്‌ വെടിയിറച്ചി നിര്‍ബന്ധം. കമ്പനി പാടങ്ങളില്‍ മനുഷ്യസാമീപ്യം കുറഞ്ഞതോടെ കാട്ടുകോഴികളും കൊറ്റികളും മുയലുകളുമെല്ലാം യഥേഷ്ടം തമ്പടിച്ചിട്ടുണ്ട്‌.

രാവിലെ തോക്കുമായി പുറത്തേക്കിറങ്ങിയാല്‍ തോന്നിയ വഴിയേ ഒരു നടപ്പാണ്‌. നാട്ടുപാതയിലൂടെ അയാളൊരിക്കലും സഞ്ചരിക്കാറില്ല. ഒരു നായാട്ടുകാരന്‍ വഴിയുണ്ടാക്കി പോകേണ്ടവനാണ്‌. ഒരു പട്ടാളക്കാരന്‍ വഴിവെട്ടി പോകേണ്ടവനും. ഇതു പട്ടാള സ്വഭാവത്തിെ‍ന്‍റ ഭാഗമാണ്‌.

ഉച്ചയ്ക്ക്‌ മുമ്പ്‌ ഏതെങ്കിലും പറമ്പിലൂടെയെല്ലാം ചാടിക്കയറി വീട്ടിലെത്തിയാല്‍ കാര്‍ത്തുവിനെ വിളിച്ച്‌ കയ്യിലുള്ള അന്നു കിട്ടിയ സാമഗ്രികള്‍ ഏല്‍പിക്കും. പിന്നീട്‌ താഴെ പറമ്പില്‍ മുട്ടോളം വെള്ളമുള്ള കുളത്തിലിറങ്ങി വൃത്തിയായി കുളിക്കും.

ഉച്ചയ്ക്ക്‌ ഭാഗവത പാരായണം നിര്‍ബന്ധം. ഊണിന്‌ തയ്യാറായി വരുമ്പോള്‍ വീശിയടിക്കുന്ന വെടിയിറച്ചിക്കറിയുടെ മണം അവിടെയെങ്ങും പരന്നിട്ടുണ്ടാവും. മൃഷ്ടാന്ന ഭോജനത്തിനുശേഷം ചാരു കസേരയില്‍ മലര്‍ന്നുകിടന്നു ഇളങ്കോവടികളുടെ ചിലപ്പതികാരം. പിന്നെയൊരു മയക്കം.

ശങ്കുവേട്ടന്‍ പട്ടാളത്തില്‍ ക്യാപ്റ്റനായിരുന്നു. ആ ഇടയ്ക്ക്‌ സംഘടിപ്പിച്ചതാണീ തോക്ക്‌. പൊക്കാമറ്റം ഗ്രാമത്തില്‍ തോക്കിന്‌ ലൈസന്‍സുണ്ടായിരുന്ന ഒരേയൊരാള്‍ അദ്ദേഹമായിരുന്നു. തോക്കിനു പുറമേ അയാളുടെ വീട്ടിലുണ്ടായിരുന്ന ഓരോ ഉപകരണങ്ങള്‍ക്കും പ്രത്യേകതകളുണ്ടായിരുന്നു.

കറിക്കത്തി, വാക്കത്തി, വെട്ടുകത്തി, തൂമ്പ, കോടാലി തുടങ്ങിയവ ശങ്കുവേട്ടന്‍ പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ളവയാണ്‌. നിലം കിളയ്ക്കുന്ന തൂമ്പ അഞ്ചു കിലോയ്ക്ക്‌ മുകളില്‍ വരും. സാധാരണ ഒരു കിളക്കാരന്‌ ആ തൂമ്പ വച്ച്‌ പത്തുമിനിട്ട്‌ തുടര്‍ച്ചയായി കിളക്കാന്‍ സാധിക്കില്ല. അപ്പോഴേക്കും അയാള്‍ കിതയ്ക്കാന്‍ തുടങ്ങും.

നാഗലാന്‍റിലായിരുന്നു ശങ്കുവേട്ടനു പോസ്റ്റിംഗ്‌. അവിടെനിന്നു സംഘടിപ്പിച്ചതാണ്‌ നല്ല ഉശിരന്‍ നാഗക്കത്തി. അത്തരത്തിലുള്ള അഞ്ചാറെണ്ണമെങ്കിലും വീട്ടിലുണ്ട്‌. തേങ്ങ പൊതിക്കാനും മരം മുറിക്കാനും കറിക്കു കഷണം നുറുക്കാനും ഇറച്ചിവെട്ടാനുമെല്ലാം നാഗകത്തിയാണവിടെ ഉപയോഗിക്കുന്നത്‌.

നാഗലാന്‍ഡിലെ കാട്ടുപോത്തിന്റെ കൊമ്പ്‌ കൈപ്പിടിയായിട്ട കത്തി വളഞ്ഞുപുളഞ്ഞ്‌ നല്ല മൂര്‍ച്ചയുള്ള ഒരു മാരകായുധംപോലെ തോന്നും. എത്ര വെട്ടിയാലും മൂര്‍ച്ച കുറയുകയുമില്ല.

കാര്‍ത്തു എന്ന കാര്‍ത്യായനി അമ്പലത്തുംകാവ്‌ ദേവീക്ഷേത്രത്തിലെ ഭക്തയായിരുന്നു. എന്നും വൈകിട്ട്‌ അവിടെ തൊഴാന്‍ പോകും. ഈ പോക്ക്‌ ദൂരെ നിന്ന്‌ പലവട്ടം കണ്ടിട്ടുള്ള ശങ്കുവേട്ടെ‍ന്‍റ പട്ടാള മനസില്‍ ചില ആഗ്രഹങ്ങള്‍ നാമ്പിട്ടു.

പട്ടാള മനസുകള്‍ സ്ത്രീ സാമീപ്യത്തിനായി കൊതിക്കുന്നവരാണ്‌. ഒരിക്കല്‍ സന്ധ്യയ്ക്ക്‌ ക്ഷേത്രനടയില്‍ നിന്നു തിരിച്ചുവരുന്ന കാര്‍ത്തുവിെ‍ന്‍റ മുമ്പില്‍ തോക്കുമായി ശങ്കുവേട്ടന്‍ നീണ്ടു നിവര്‍ന്നുനിന്നു.

പട്ടാള മനസുകളില്‍ ലാളിത്യമില്ല. വിരണ്ടുനിന്ന കാര്‍ത്തുവിനോട്‌ പട്ടാളച്ചിട്ടയില്‍ ഒറ്റച്ചോദ്യം.

"കാത്തൂ... നിന്നെയെനിക്കിഷ്ടമാണ്‌... എന്റെ കൂടെ പൊറുക്കാന്‍ തയ്യാറുണ്ടോ...?"

പട്ടാളച്ചോദ്യമാണ്‌. യെസ്‌ ഓര്‍ നോ... തുറന്നു പറയണം.

കാര്‍ത്തു വിയര്‍ത്തുപോയി. ഈ അജാനബാഹുവിന്റെ കൂടെ എങ്ങനെ ജീവിക്കാന്‍...? സദാ നേരവും തോക്കും വെടിമരുന്നും ദഹിപ്പിക്കുന്ന നോട്ടവുമായി നടക്കുന്നയാള്‍. അവള്‍ ഒന്നും പറയാതെ വഴിമാറി നടന്നുപോയി....

പിറ്റേന്ന്‌ പറമ്പും വേലിയും ചാടിക്കടന്ന്‌ കാര്‍ത്തുവിന്റെ വീടിന്റെ പിന്നാമ്പുറത്ത്‌ എത്തി. അവിടെ തെക്കുവശത്തെ പുളിമരത്തില്‍ നിറയെ കൊക്കുകളുണ്ട്‌.

കാര്‍ത്തുവിന്റെ വീട്ടുമുറ്റത്തെത്തി. അവളുടെ അമ്മയും സഹോദരി ലക്ഷ്മിയും പുറത്തേക്കിറങ്ങി വന്നു. കാര്‍ത്തു വാതിലില്‍മറഞ്ഞുനിന്നു.

"കേറിരിക്ക്‌ സാറെ..." കാര്‍ത്തുവിന്റെ അമ്മ അകത്തേക്കു ക്ഷണിച്ചു.

അയാളിരുന്നില്ല.

"നിങ്ങടെയീ പുളിമരത്തിലെ കൊക്കിനെ ഞാന്‍ വെടിവയ്ക്കാന്‍ പോവ്വാ... തള്ളയ്ക്ക്‌ പരാതീണ്ടോ?"

തള്ള ഒന്നും പറഞ്ഞില്ല. പേടിച്ചു നോക്കുക മാത്രം ചെയ്തു.

ശങ്കുവേട്ടന്‍ തോക്കെടുത്ത്‌ ഉന്നംപിടിച്ചു ഒറ്റവെടി... കൊക്ക്‌ രണ്ടുമൂന്നെണ്ണം താഴെ... ഒരു വെടിക്കു മൂന്നുപക്ഷി.

കാര്‍ത്തു വാതിലില്‍ മറഞ്ഞിരുന്ന്‌ എല്ലാം കണ്ടു...

അന്നുകിട്ടിയ പക്ഷികളെ അവര്‍ക്കു കൊടുത്തിട്ടയാള്‍ പോന്നു.

ഇപ്രകാരം ഒന്നു രണ്ടാഴ്ച കൊണ്ട്‌ ആ പുളിമരത്തിലെ കൊക്കിനെ മുഴുവന്‍ അയാള്‍ വെടിവച്ചിട്ടു.

ഒരു ദിവസം ശങ്കുവേട്ടന്റെ കൂടെ കാര്‍ത്തു ഇറങ്ങി പോരുകയും ചെയ്തു. കല്യാണച്ചടങ്ങുകളോ രജിസ്റ്ററാക്കലോ ഒന്നുമുണ്ടായില്ല. മനസിന്റെ ഉറപ്പായിരുന്നു പ്രധാനം. ശങ്കുവേട്ടന്‌ അതുണ്ടായിരുന്നു.

കാര്‍ത്തു ഗര്‍ഭിണിയായതോടെ ശങ്കുവേട്ടന്‍ നാഗാലാന്‍ഡിലേക്ക്‌ വണ്ടികയറി. പ്രസവ സമയമായപ്പോള്‍ കുറേ നാഗക്കത്തികളുമായി തിരിച്ചുവന്നു.

കാര്‍ത്തുവിെ‍ന്‍റ പേറ്റു ശുശ്രൂഷയ്ക്കുവന്നതാണ്‌ അനിയത്തി ലക്ഷ്മി. ചേച്ചിയെ സഹായിക്കുക ശങ്കുവേട്ടന്‌ ഭക്ഷണമെന്തെങ്കിലും ശരിയാക്കി കൊടുക്കുക എന്നീ ഒരുപാടു കാര്യങ്ങള്‍ അവള്‍ ചെയ്തു. ലക്ഷ്മിയെ കണ്ടപ്പോള്‍ ശങ്കുവേട്ട‍ന്റെ പട്ടാള സ്വഭാവം പുറത്തുചാടി. ചേച്ചി പ്രസവംകഴിഞ്ഞ്‌ എണീറ്റപ്പോള്‍ ലക്ഷ്മിക്കു വയറ്റിലായി.

നാലുപേരു കേട്ടാല്‍ പോക്കണംകേട്‌...

കാര്‍ത്തുവും ലക്ഷ്മിയും ഇതേച്ചൊല്ലി പലവട്ടം വഴക്കിട്ടു. ഒരു ദിവസം ചേച്ചിയും അനുജത്തിയും ഓരോന്നുപറഞ്ഞു കലഹിച്ച്‌ പരസ്പരം മുടിക്കുത്തിനു പിടിച്ചു നില്‍ക്കുമ്പോഴാണ്‌ ശങ്കുവേട്ടന്‍ പറമ്പുചാടിക്കടന്നു പക്ഷികളെയും കൊണ്ടുവരുന്നത്‌.

വന്നപാടെ രണ്ടുപേരുടെയും നെറ്റിയില്‍ തോക്കു ബാരല്‍ കുത്തിവച്ചുകൊണ്ട്‌ ആക്രോശിച്ചു.

"ടീ ശവങ്ങളെ ചുട്ടുകളേം... രണ്ടിനേം... ഇവിടെക്കെടന്നു തല്ലുകൂടിയാല്‍... രണ്ടുപേരും എന്റെ കൂടെ നിന്നോളണം... ഞാന്‍ പെറുപ്പിച്ചോളാം..."

രണ്ടും വിരണ്ടുപോയി.

അന്നു തൊട്ടിന്നുവരെ ഒരിക്കല്‍ പോലും കാര്‍ത്തുവും ലക്ഷ്മിയും വഴക്കിട്ടിട്ടില്ല. മറിച്ച്‌ വളരെ സഹകരണമായിരുന്നു.

ശങ്കുവേട്ടന്‍ ലീവിന്‌ വരുമ്പോള്‍ ഒരു ത്രിബിള്‍കോട്ട്‌ കട്ടിലില്‍ കാര്‍ത്തുവിനും ലക്ഷ്മിക്കുമിടയില്‍ കാലു രണ്ടു പേരുടെയും മേലില്‍ കയറ്റിവച്ച്‌ ആസാമില്‍ താന്‍ നേരിട്ട നാഗമ്മാരുടെയും തീവ്രാദികളുടെയും കഥകള്‍ പറഞ്ഞു കൊടുത്തുകൊണ്ട്‌ ഒരു കിടപ്പ്‌.

ഇതോടൊപ്പം പലവിധ നേരംപോക്കുകളും അവര്‍ ചെയ്തുകൂട്ടി. ശങ്കുവേട്ടന്റെ വിയര്‍പ്പിനെന്നും വെടിമരുന്നിന്റെ ത്രസിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു.

എല്ലാക്കഥകളുടെയും ഗുണപാഠങ്ങളില്‍ കാര്‍ത്തുവിനും ലക്ഷ്മിക്കുമുള്ള താക്കിതുകളും ഒളിഞ്ഞിരിക്കുന്നതായി അവര്‍ക്കുതോന്നി.

പിന്നീട്‌ ഓരോ വര്‍ഷവും ലീവുകഴിഞ്ഞു പോകുമ്പോള്‍ രണ്ടുപേരുടെയും പള്ള വീര്‍ത്തിട്ടുണ്ടാവും. രണ്ടിലുംകൂടി കുറെ മക്കളുണ്ടായി.

ഇതിനിടയില്‍ കാര്‍ത്തുവിന്‌ ആര്‍ത്തവവിരാമമുണ്ടാവുകയും അതിന്റെ അസ്വസ്ഥതകളായ അലസത, മന്ദത, ബലക്കുറവ്‌, നേരിയ കൂന്‌ തുടങ്ങിയവ ബാധിക്കുകയും ചെയതതോടെ അവര്‍ ട്രിബിള്‍കോട്ട്‌ കട്ടിലിന്റെ താഴെയിറങ്ങി കിടക്കുകയും ശങ്കുവേട്ടനും ലക്ഷ്മിയും മാത്രം പിന്നീടുള്ള കാലം നേരമ്പോക്കുകള്‍ സജ്ജീവമായി പങ്കെടുക്കുകയും ചെയ്തുകൊണ്ടിരുന്നു...

റിട്ടയറായി വന്നിട്ടും ശങ്കുവേട്ടന്‍ കമ്പനിപ്പാടം മുഴുവന്‍ അരിച്ചുപെറുക്കിക്കൊണ്ടിരുന്നു...

No comments: