Saturday, July 5, 2008

കരിമുകള്‍-ഇരുപത്തിമൂന്ന്‌



ഇരുപത്തിമൂന്ന്‌

പൊക്കാമറ്റം ഗ്രാമം ഇപ്പോള്‍ നാഥനില്ലാ കളരി പോലെയാണ്‌. മൂന്നു നാലു കൂറ്റന്‍ കമ്പനികള്‍. അവയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ന്യൂനപക്ഷം. അതില്‍നിന്നുള്ള മലിനീകരണം മൂലം നരകയാതനയനുഭവിക്കുന്ന ഒരു ഭൂരിപക്ഷം.

മാഷുണ്ടായിരുന്നപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാനൊരാളുണ്ടായിരുന്നു.

കുര്യാക്കോയുടെ ട്രേഡ്‌ യൂണിയന്‍ സ്വന്തമായി സ്വതന്ത്രമായൊരു ബഹുനില കെട്ടിടം കമ്പനിപ്പടിക്കല്‍ പണിതുയര്‍ത്തി. തൊഴിലാളികളുടെ വേതനവും വിയര്‍പ്പുമാണതിലുള്ളത്‌. അതിന്റെ മുകളിലത്തെ നിലയിലിരുന്നാല്‍ പൊക്കാമറ്റം കവലയും കമ്പനിപ്പടിയും കാണാം. കുര്യാക്കോയുടെ മുറി അവിടെയാണ്‌. ഗ്ലാസിട്ട്‌ സണ്‍ഫിലിം ഒട്ടിച്ച ആ മുറിയിലിരുന്നു ടൗണിലും കമ്പനി പടിയിലും നടക്കുന്ന സംഭവങ്ങള്‍ അയാള്‍ കണ്ടുകൊണ്ടിരുന്നു.

പക്ഷേ, കുര്യാക്കോയെ ആര്‍ക്കും കാണാന്‍ കഴിയുമായിരുന്നില്ല.

തൊഴിലാളികള്‍ കുര്യാക്കോയെ ഒരു നോക്കു കാണാനായി പാര്‍ട്ടിയോപ്പീസിനു കീഴെ കാത്തുനിന്നു. പലരും ദുരദേശങ്ങളില്‍ നിന്നു തൊഴില്‍ തേടി വന്നവരാണ്‌. എം.എല്‍.എ. മാരുടെയും മന്ത്രിമാരുടെയും ശിപാര്‍ശ കത്തുകള്‍കൊണ്ട്‌ കുര്യാക്കോയുടെ മുറി നിറഞ്ഞു.

കത്തുകള്‍ വാങ്ങിവച്ച്‌ ആളുകളെ മയപ്പെടുത്തി വിടാനുള്ള പല തന്ത്രങ്ങളും കുര്യാക്കോയ്ക്ക്‌ വശമുണ്ട്‌. കാശുകൊടുക്കുന്നവര്‍ക്കു പണി കിട്ടും. കത്തുകളിലൊന്നും ഇക്കാലത്തു യാതൊരു കാര്യവുമില്ല.

ഇനി കാശില്ലെങ്കില്‍ പെണ്ണ്‌. കുര്യാക്കോയുമായി അടുക്കാനായി പെണ്ണുങ്ങള്‍ ഊഴം കാത്തുനിന്നു.

ഈ കാര്യത്തില്‍ നേരവും കാലവുമൊന്നും അയാള്‍ക്കില്ല. വര്‍ക്ക്‌ സൈറ്റുകളില്‍, കണ്‍ട്രോള്‍ പാനലുകള്‍ക്കിടയില്‍, വര്‍ക്കുഷോപ്പുകളിലെ മോട്ടോര്‍ വൈന്‍ഡിംഗ്‌ ഷെഡുകളില്‍, പുല്ലുവെട്ടു കേന്ദ്രങ്ങളില്‍ കുര്യാക്കോ ഇണ ചേര്‍ന്നു കിടന്നു. അവര്‍ക്കെല്ലാം സ്ഥിരമായി പണിയും കിട്ടി. ഇതിനൊന്നും വഴിപ്പെടാത്തവര്‍ കമ്പനിപ്പടിക്കല്‍ നിന്നും നിരാശരായി മടങ്ങി.

അരക്ഷിതാവസ്ഥയുള്ള പ്രദേശങ്ങളില്‍ എല്ലാ കാലങ്ങളിലും ജനകീയ പ്രതിരോധങ്ങള്‍ രൂപം കൊള്ളാറുണ്ട്‌. ഈ പ്രതിരോധങ്ങള്‍ക്ക്‌ ശക്തി പകരാനായി അടിസ്ഥാന വര്‍ഗങ്ങള്‍ ഉണര്‍ന്നെണീക്കും.

ഈയിടെ രാത്രി പതിനൊന്നു മണിയോടെ കുര്യാക്കോ തന്റെ ബൈക്കില്‍ പാര്‍ട്ടിയോപ്പീസില്‍നിന്നു വീട്ടിലേക്കു പോവുകയായിരുന്നു. പൊക്കാമറ്റം കവലയ്ക്കും ചിന്നമുക്കിനും ഇടയിലുള്ള ഇരുട്ടുനിറഞ്ഞ വഴിയില്‍വച്ച്‌ ഒരു സംഘം ചെറുപ്പക്കാര്‍ വണ്ടി തടഞ്ഞുനിറുത്തി.

കുര്യാക്കോ ഒറ്റയ്ക്കായിരുന്നു.

അവര്‍ ഏഴെട്ടുപേരുണ്ടായിരുന്നു. അയാളെ ബലമായി പിടിച്ചു കണ്ണുകെട്ടി ഒരു കാറിലിട്ട്‌ എങ്ങോട്ടോ കൊണ്ടുപോയി. മോട്ടോര്‍ സൈക്കിള്‍ വഴിയരുകില്‍ ഉപേക്ഷിക്കപ്പെട്ടു കിടന്നു.

അയാളെ ഏതോ ഒരു മുറിയിലാക്കി കണ്ണിന്റെ കെട്ടഴിച്ചു. ചെറുപ്പക്കാരരെല്ലാം മുഖംമറച്ചിരുന്നു. കുര്യാക്കോയ്ക്ക്‌ ആരെയും വ്യക്തമായില്ല.

അവര്‍ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങി.

നേതാവിനെപ്പോലെ തോന്നിച്ച ഒരാള്‍ അടുത്തുവന്ന്‌ അവന്റെ മുഖം പിടിച്ചുയര്‍ത്തി.

"നിന്റെയും നീ പ്രതിനിധാനം ചെയ്യുന്ന ട്രേഡ്‌ യൂണിയെ‍ന്‍റയും പ്രവര്‍ത്തിദോഷംമൂലം ദുരിതമനുഭവിക്കുന്ന ഭൂരിപക്ഷം ഗ്രാമീണരുടെയും മോചനത്തിനായി നിന്നെ ഞങ്ങള്‍ വിചാരണ നടത്തി ശിക്ഷിക്കാന്‍ തീരുമാനിക്കുകയാണ്‌."

കേവലം മാനുഷികമായ പരിഗണന വച്ചുകൊണ്ട്‌ ഇപ്രാവശ്യം നിന്നെ കൊല്ലുന്നില്ല. പക്ഷേ, ഇനിയും നീ ദേശദ്രോഹം തുടര്‍ന്നാല്‍ നിനക്കുള്ള ശിക്ഷകള്‍ ഞങ്ങള്‍ നടപ്പാക്കും. അടുത്ത പ്രാവശ്യംകൂടി നീ ഇവിടെയെത്തിയാല്‍ തല കമ്പനിപ്പടിക്കലെ ഗേറ്റിന്‌ അലങ്കാരമായി ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന്‌ അവര്‍ കുര്യാക്കോയുടെ ശരീരം മുഴുവന്‍ കരിഓയില്‍ അടിക്കുകയും ചെരുപ്പുമാല അണിയിക്കുകയും ചെയ്തു. അതിനുശേഷം കണ്ണുകെട്ടി കൊണ്ടുപോയി വഴിയരുകില്‍ തള്ളി.

അന്നക്കുട്ടിയും ശോശക്കുട്ടിയും ആവുന്നത്ര സമയം ചിലവാക്കി കുര്യാക്കോയെ മണ്ണെണ്ണയില്‍ കഴുകിയെടുത്തെങ്കിലും കരി ഓയില്‍ ശരീരത്തിലെ മടക്കുകളിലും സന്ധിബന്ധങ്ങളിലും പറ്റിപ്പിടിച്ചിരുന്നു.

പിന്നീട്‌ ഒറ്റയ്ക്ക്‌ സഞ്ചരിക്കാതിരിക്കാന്‍ കുര്യാക്കോ പരമാവധി ശ്രമിച്ചു. ഉദ്ദണ്ഡന്മാരായ ഒന്നോ രണ്ടോ ഗുണ്ടകള്‍ അയാളുടെ സന്തത സഹചാരികളായി തീര്‍ന്നു.

വികലമായ കൈയ്യക്ഷരങ്ങളില്‍ കമ്പനി മതിലുകളില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ 'തീപ്പട'യുടെ ആളുകള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. പോസ്റ്ററുകളില്‍നിന്ന്‌ തീവ്രവാദത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ അക്ഷരങ്ങളായി ഗ്രാമീണരിലേക്ക്‌ തെറിച്ചു.

അവര്‍ക്കു കൃത്യമായി പാര്‍ട്ടിയോഫീസുകളോ നിയതമായ ഒരിടമോ ഉണ്ടായിരുന്നില്ല. കമ്പനിത്തൊഴിലാളികള്‍ക്കിടയിലും കുര്യാക്കോയുടെയും തങ്കയ്യന്റെ യൂണിയനുകള്‍ക്കുള്ളിലും അവരുണ്ടായിരുന്നു.

പൊക്കാമറ്റം ഗ്രാമത്തില്‍ അതുവരെയുണ്ടാകാത്ത ഒരശാന്തി ജനങ്ങളില്‍ നിറഞ്ഞുനിന്നു.

ആയിടയ്ക്കാണ്‌ മാഷിന്റെ കോടതിവിധിയുണ്ടായത്‌. രാജ്യത്തിന്റെ വ്യവസായ ശാലകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും വ്യവസായ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുകയും നിരപരാധികളായ ജനങ്ങളെ സമരമാര്‍ഗത്തിലേക്ക്‌ നയിക്കുകയും അവരെ കൊലയ്ക്ക്‌ കൊടുക്കുകയും ചെയ്തതുവഴി കൊടിയ നരഹത്യയും രാജ്യദ്രോഹവും നടത്തിയതായി മാഷിനെതിരെ കോടതി കണ്ടെത്തി.

അദ്ദേഹത്തിന്‌ ജീവപര്യന്തം തടവുകിട്ടി.

മാഷിനെ നേരെ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. ജയില്‍ വല്ലാത്തൊരു ലോകമാണ്‌. സാധാരണ കുറ്റവാളിയായി പ്രവേശിക്കപ്പെട്ടാല്‍ ഭീകര കുറ്റവാളിയായി പുറത്തുവരുന്ന ഇടം. ജയില്‍പ്പുള്ളികള്‍ ഓരോ തരം തൊഴിലുകള്‍ ചെയ്യേണ്ടിയിരിക്കുന്നു. അതിനു നിസ്സാര തുക വേതനവുമുണ്ട്‌.

മാഷിന്റെ ജോലി ജയിലിലെ വായനശാലയുടെ പുസ്തകള്‍ ബയിനൃ ചെയ്യുന്ന പണിയായിരുന്നു. തന്റെ ജീവിതത്തിലെ ഒരു മനോഹര മുഹൂര്‍ത്തംപോലെ അദ്ദേഹത്തിനു തോന്നി. മുമ്പില്‍ എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങള്‍. പലതിനും ആദിയും അന്തവുമില്ല. എങ്കിലും ഈ ശിക്ഷ തന്റെ ജീവിതത്തിലെ ഒരനുഗ്രഹമാകുമെന്നു മനസ്സു പറയുന്നു.

പക്ഷേ... ദേവകി... അവള്‍ തന്നേക്കാള്‍ വലിയ ജയിലിലാണ്‌.
ഒറ്റയ്ക്ക്‌ കഴിഞ്ഞുള്ള ശീലമില്ല അവള്‍ക്ക്‌. മൂന്നു പുറവും കമ്പനി മതിലുകളാല്‍ മറയ്ക്കപ്പെട്ട, വിഷജലം ഉറവയെടുക്കുന്ന കിണറ്റില്‍, കരിപ്പൊടി പാറുന്ന വായുവില്‍ അവള്‍ തടങ്കലിലാണ്‌.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉരുക്കു നിര്‍മ്മാണശാല ഭിലായില്‍ കമ്മീഷന്‍ ചെയ്തുകൊണ്ട്‌ പ്രസംഗിച്ച നെഹ്‌റുവിന്റെ വാക്കുകള്‍ തെ‍ന്‍റ മുന്നില്‍ തുറന്നിരിക്കുന്നു പുസ്തകത്തില്‍ അദ്ദേഹം വായിച്ചു... നമുക്കൊരു നവതീര്‍ത്ഥാടന സംസ്കാരം ഉദയം ചെയ്തിരിക്കുന്നു...

"ഇന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഹരിദ്വാറോ, കാശിയോ, രാമേശ്വരമോ അല്ലെന്നു ഞാന്‍ പറയും.... സ്വതന്ത്ര്യ ഇന്ത്യയില്‍ രൂപം കൊള്ളുന്ന വ്യവസായശാലകളാണ്‌ ആ നവനീര്‍ത്ഥാടന കേന്ദ്രങ്ങള്‍....!"

കരിപുരണ്ട... വിഷലിപ്തമായ... മാലിന്യം പുഴയിലൊഴുക്കുന്ന വ്യവസായ നടത്തിപ്പിനെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചിരിക്കില്ല... പാവം നെഹ്‌റു.

ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോരോന്നും അപകടത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നതായി അദ്ദേഹത്തിനുതോന്നി...

2 comments:

Mubarak Merchant said...

ഇന്നാണു മാഷേ ഈ ബ്ലോഗ് ആദ്യമായി ഞാന്‍ കാണുന്നത്.
വായനയ്ക്ക് വകയുണ്ടെന്ന് മനസ്സിലായി. ഇനി പഴയ പോസ്റ്റുകള്‍ വായിക്കട്ടെ.
അഭിവാദ്യങ്ങള്‍. :)

sadas said...

നന്ദി സുഹൃത്തേ