Monday, July 21, 2008

കരിമുകള്‍- ഏഴ്‌


ഏഴ്‌

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക്‌ വ്യവസായവല്‍ക്കരണം അനിവാര്യ ഘടകമാണ്‌. ഗ്രാമത്തില്‍നിന്നു പതിമൂന്നു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ചാല്‍ തുറമുഖ പട്ടണമായി. ലോകത്തിെ‍ന്‍റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കപ്പലുകള്‍ അവിടെ നങ്കൂരമിട്ടു കിടക്കുന്നു. എണ്ണക്കപ്പലുകളാണധികവും. ഇവയില്‍ നിന്നു ചെളി നിറഞ്ഞ ക്രൂഡ്‌ തുറമുഖത്തുനിന്നു കൂറ്റന്‍ പൈപ്പുവഴി കിലോമീറ്ററുകള്‍ പമ്പു ചെയ്തു കമ്പനിയിലെ പ്രധാന ടാങ്കില്‍ വീഴിക്കുന്നു.

ഒരു ജില്ല വെന്തു വെണ്ണീറാകാന്‍ വേണ്ടത്ര എണ്ണയുല്‍പന്നങ്ങള്‍ കമ്പനിയിലുണ്ട്‌. ഒരു തീപ്പൊരി വേണ്ടിടത്തു പതിച്ചാല്‍ മതി.

വിവിധ ജില്ലകളില്‍നിന്നു ചെറുപ്പക്കാര്‍ തൊഴില്‍തേടി കമ്പനിപ്പടിക്കലെത്തി. മിക്കവര്‍ക്കും കോണ്‍ട്രാക്ടറന്മാരുടെ കീഴില്‍ താല്‍ക്കാലിക പണികളും കിട്ടി.

ആളുകള്‍ കൂടിയതോടെ വീക്ഷണ ഗതികളിലുള്ള വ്യത്യാസങ്ങളും അഭിപ്രായ ഭിന്നതകളും കൂടി. ഒരിക്കല്‍ പ്രതിപക്ഷത്തിന്റെ ഒരു ചുവന്ന കൊടി കമ്പനിപ്പടിക്കല്‍ പ്രത്യക്ഷപ്പെട്ടു. ഭരണപക്ഷത്തെ യൂണിയെ‍ന്‍റ ആളുകള്‍ക്ക്‌ അത്‌ അലസോരമുണ്ടാക്കി.

യുവരക്തങ്ങളായ കുര്യാക്കോയ്ക്കും പരിവാരങ്ങള്‍ക്കും അതത്ര സുഖിച്ചില്ല.

കമ്പനി ട്രേഡ്‌ യൂണിയനുകള്‍ പുറമേനിന്നു നോക്കുമ്പോലെയല്ല അകത്തു സംഭവിക്കുന്നത്‌. അണികളായ സാധാരണക്കാര്‍ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അഭിമാനം കൊള്ളുമ്പോള്‍ നേതൃത്വത്തിന്‌ അത്രയൊന്നും വേവലാതിപ്പെടാന്‍ കഴിയാറില്ല. അവരുടെ ആദര്‍ശങ്ങള്‍ പ്രസംഗമണ്ഡപം വിട്ടാല്‍ കഴിഞ്ഞു. സേവനങ്ങള്‍ക്കു വിലയിടുന്ന സങ്കുചിത ചിന്താഗതിക്കാരായിരുന്നു മിക്ക നേതൃത്വങ്ങളും.

മാഷില്‍നിന്നു കുര്യാക്കോയിലേക്കുള്ള ദൂരമാണു ഗ്രാമത്തിെ‍ന്‍റ ഇതുവരെയുള്ള വളര്‍ച്ച. നാട്ടിലെ ചില പാവപ്പെട്ട ചെറുപ്പക്കാര്‍ ജീവിക്കാന്‍വേണ്ടി കമ്പനിപ്പണി തേടിയിറങ്ങാറുണ്ട്‌. എന്തുകൊണ്ടോ കുറെയായി അവര്‍ക്കൊന്നും തൊഴില്‍ ലഭിക്കുന്നില്ലായെന്ന പരാതി ഉയര്‍ന്നു കേള്‍ക്കുന്നു.

ദൂരെ ദേശങ്ങളില്‍നിന്നു ജോലി അന്വേഷിച്ചുവരുന്നവര്‍ നേതാവ്‌ കുര്യാക്കോയെ വന്നു കാണും. ആദ്യമെല്ലാം ധാരാളം ഒഴിവുകളുണ്ടായിരുന്നതിനാല്‍ എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ രാജ്യത്തെ ചെറുപ്പക്കാര്‍ മുഴുവന്‍ പണിതേടി കമ്പനിപ്പടിയിലെത്തിയപ്പോള്‍ കുര്യാക്കോയ്ക്ക്‌ എല്ലാവരെയും തൃപ്തിപ്പെടുത്താനായില്ല.

ഒരു ദിവസം കൊല്ലത്തുനിന്നു വന്ന ഒരു യുവാവ്‌ കുര്യാക്കോയെ വീട്ടില്‍ ചെന്നു കണ്ടു. ചില കൈമടക്കുകളും കൊടുത്തു. പിറ്റേന്നു തന്നെ അവനു പണി കിട്ടി. പിന്നീട്‌ കുര്യാക്കോയെ തേടി ആളുകള്‍ വീട്ടില്‍ ചെല്ലാന്‍ തുടങ്ങി.

ഒരിക്കല്‍ പൊക്കാമറ്റം കവലയില്‍ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. "അഴിമതിക്കാരന്‍ കുര്യാക്കോ ട്രേഡ്‌ യൂണിയന്‍ നേതൃത്വം ഒഴിയുക."

പിന്നീടു കുര്യാക്കോയെ കമ്പനിപ്പടിക്കലെ ജനങ്ങള്‍ കണ്ടത്‌ ഒരു മോട്ടര്‍ ബൈക്കിലിരുന്നു വരുന്നതാണ്‌. കുര്യാക്കോയുടെ പേരിനു മുമ്പില്‍ ഒരു പദംകൂടി വന്നുറച്ചു.

"നേതാവ്‌ കുര്യാക്കോ."

ആളുകളെ പേരു വിളിച്ചു കമ്പനിയില്‍ കയറ്റിക്കഴിഞ്ഞാല്‍ നേതാവിന്റെ അന്നത്തെ ജോലി തീര്‍ന്നു. പിന്നെ കോണ്‍ട്രാക്ടര്‍മാരെ കാണണം. അവര്‍ മുറിക്കു വെളിയില്‍ കാത്തുകെട്ടി നിന്നോളും. ലക്ഷങ്ങള്‍ കമ്പനിയില്‍ മുടങ്ങിക്കിടക്കുമ്പോള്‍ കുര്യാക്കോയെ വെറുപ്പിക്കാന്‍ പാടില്ലന്നവര്‍ക്കറിയാം.

ഓരോരുത്തര്‍ക്കും ഒാ‍രോ തൊഴിലാളി പ്രശ്നങ്ങളാണ്‌. കുര്യാക്കോ പരിഹാരം കാണണം. പണം പ്രശ്നമല്ല. കാര്യം കണ്ടു കഴിഞ്ഞാല്‍ ധാരാളം പാരിതോഷികങ്ങള്‍ അവര്‍ വീട്ടിലെത്തിക്കും.

സ്നേഹം കൊണ്ടു തരുന്നത്‌ എങ്ങിനെ വേണ്ടെന്നു പറയും...?

രണ്ടു വര്‍ഷങ്ങള്‍കൊണ്ട്‌ നേതാവ്‌ കുര്യാക്കോ നാട്ടിലെ ഏറ്റവും വലിയ സമ്പന്നനായി.

കുര്യാക്കോയുടെ വളര്‍ച്ച ശരിയായ വഴിക്കല്ലയെന്നു പലപ്പോഴും മാഷിനു തോന്നിയിട്ടുണ്ട്‌. പക്ഷേ, തനിക്കെന്തു ചെയ്യാന്‍ കഴിയും?

നാട്ടിലെ ചെറുപ്പക്കാര്‍ പട്ടിണിയും പരിവട്ടവുമായി നടക്കുമ്പോള്‍ അന്യനാട്ടുകാര്‍ക്കു തൊഴില്‍ കിട്ടുന്നതിലെവിടെയോ പന്തികേടുകള്‍...

ഒരു മീറ്റിംഗില്‍വച്ചു മാഷ്‌ തെ‍ന്‍റ സംശയങ്ങള്‍ നിരത്തി."നാട്ടിലെ ജനങ്ങളുടെ കഷ്ടപ്പാട്‌ കണ്ടിട്ട്‌ എനിക്കീ പ്രസിഡനൃ സ്ഥാനം വേണ്ട. എല്ലാം നീ തന്നെ നോക്കി നടത്തിക്കോളുക. ഇനി മുതല്‍ എന്നെ പ്രതീക്ഷിക്കണ്ട" അദ്ദേഹം രാജിവയ്ക്കാനൊരുങ്ങി.

കുര്യാക്കോ സമ്മതിച്ചില്ല.

യൂണിയെ‍ന്‍റ നിലനില്‍പ്പ്‌ മാഷിന്റെ ആദര്‍ശത്തിെ‍ന്‍റയും പ്രസിഡനൃ സ്ഥാനത്തിന്റെയും ബലത്തിലാണ്‌. അദ്ദേഹം രാജിവച്ചാല്‍ തെ‍ന്‍റ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടും.

അയാള്‍ ന്യായങ്ങള്‍ നിരത്തി.

"നാട്ടിലെ ചെറുപ്പക്കാര്‍ക്കു ഞാന്‍ കൊടുക്കുന്നില്ല എന്നാണല്ലോ പരാതി? മാഷിനറിയാമോ.... ഇവിടുത്തെ ചെറുപ്പക്കാര്‍ രാവിലെ കമ്പനി വാതുക്കല്‍ വരാറുണ്ട്‌. ഏകദേശം പത്തുമണി വരെ ചുറ്റിപ്പറ്റി നില്‍ക്കും. പണിയുണ്ടെങ്കില്‍ കയറും ഇല്ലെങ്കില്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കും. സ്വന്തം വീട്ടിലെത്തി ഉച്ചയൂണും കഴിച്ചു സുഖമായുറങ്ങി വൈകുന്നേരം തരംപോലെ സിനിമയ്ക്കോ അമ്പലത്തിലോ ബാറിലോ ചെന്നു സമയം ചിലവാക്കും.

എന്നാല്‍ ദൂരദേശത്തുനിന്നു വരുന്ന ചെറുപ്പക്കാര്‍ ദിവസങ്ങളോളം മാസങ്ങളോളം പണിയുണ്ടെങ്കിലും ഇല്ലെങ്കിലും കമ്പനിപ്പടിയില്‍ തന്നെയുണ്ടാകും. കമ്പനിയില്‍ ജോലിക്കു പെട്ടൊന്നൊരാളെ ആവശ്യംവന്നാല്‍ ആ നേരത്തു ഒരു നാട്ടുകാരനും ഇവിടെയുണ്ടാകാറില്ല. സ്വാഭാവികമായും അന്യദേശക്കാരന്‍ പണിക്കു കേറും.

അന്യനാട്ടുകാരന്‌ ഇവിടെ ആശ്രയം ഈ കമ്പനിയും പാര്‍ട്ടിയോപ്പീസും മാത്രമേ ഉള്ളൂ. നാട്ടിലെ ചെറുപ്പക്കാര്‍ക്ക്‌ അവെ‍ന്‍റ വീടും പ്രശ്നങ്ങളും സുഖസൗകര്യങ്ങളും കഴിഞ്ഞേ കമ്പനിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ.

കുര്യാക്കോ മാഷിന്റെ മുഖത്തേക്കു ചോദ്യഭാവത്തില്‍ നോക്കി.

മാഷിനുത്തരമില്ലായിരുന്നു. അവെ‍ന്‍റ കണ്ടെത്തല്‍ ശരിയാണെന്നും തോന്നി. മറ്റൊന്നും പറയാതെ അദ്ദേഹം വീടു ലക്ഷ്യമാക്കി നടന്നു.

റോഡിന്റെ ഇരുപുറങ്ങളിലും ഉത്തരേന്ത്യന്‍ ടാങ്കര്‍ ലോറികള്‍ നിരന്നു കിടന്നു. പഞ്ചാബ്‌, ആന്ധ്ര, ഹരിയാന, കര്‍ണാടക രജിസ്ട്രേഷനുകളാണധികവും. ഒരു വീടു പോലെയാണവരുടെ വണ്ടി. എല്ലാ സാമഗ്രികളുമായാണ്‌ സഞ്ചാരം. ആഹാരം പാകം ചെയ്യാനുള്ള അടുപ്പ്‌, പാത്രങ്ങള്‍ എല്ലാം അതിലുണ്ട്‌.

വഴിയരുകില്‍ ചപ്പാത്തിയുണ്ടാക്കുന്ന സര്‍ദ്ദാര്‍ജി ഡ്രൈവര്‍മാര്‍ ചിരിക്കുമ്പോള്‍ മിന്നുന്ന സ്വര്‍ണപ്പല്ലുകള്‍!

വണ്ടിപ്പണിക്കാര്‍ അങ്ങനെയാണ്‌. അവര്‍ക്കു ലോകമെങ്ങും ഒരേ പോലെയാണ്‌. വീടിനെക്കുറിച്ചുള്ള ആവലാതികളില്ല. ചെല്ലുന്ന സ്ഥലത്ത്‌ പെട്ടെന്ന്‌ പൊരുത്തപ്പെടുന്നു. കമ്പനിപ്പടിയില്‍ നിന്നു തുടങ്ങുന്ന യാത്ര മൂന്നോ നാലോ ദിവസംകൊണ്ടാണ്‌ ലക്ഷ്യത്തിലെത്തുന്നത്‌. രാവും പകലും ഡ്രൈവറും കിളിയും മാറിമാറി വണ്ടിയോടിക്കും. ഇടയ്ക്ക്‌ ചില പോയിന്‍റുകളില്‍ വിശ്രമമുണ്ട്‌. ഇവരെ കാത്തു തുറന്നിരിക്കുന്ന മദ്യക്കടകള്‍ അതിനോടനുബന്ധിച്ച്‌ ചില രതി ഗൃഹങ്ങള്‍. ജീവിതത്തില്‍ അര്‍ത്ഥം വന്നതായി അവര്‍ക്ക്‌ അനുഭവപ്പെടുന്ന ഇത്തരം ബന്ധങ്ങള്‍ക്കപ്പുറം മറ്റൊരുവിധ ആകുലതകളും ആ മുഖങ്ങളിലില്ല.

തനിക്കോ?

സ്കൂളിലെ അലമുറകള്‍. നാട്ടിലെ കല്യാണാടിയന്തിരങ്ങള്‍, പറമ്പിലും പാടത്തുമുള്ള പണി, യൂണിയന്‍ പ്രസിഡന്‍റു സ്ഥാനമെന്ന മുള്‍ക്കുരിശ്‌.

ഈ പദവി ഒരു അവഹേളനമായി മാഷിനു തോന്നി. തെ‍ന്‍റ ഗാന്ധിയന്‍ താല്‍പര്യങ്ങളോ പ്രവര്‍ത്തന രീതിയോ ഈ കമ്പനി രാഷ്ട്രീയത്തിന്‌ ആവശ്യമില്ല. അവിടെ ഒരു ജീര്‍ണ്ണ സംസ്കാരം രൂപപ്പെട്ടിരിക്കുന്നു. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത സംസ്കാരങ്ങള്‍.

കുര്യാക്കോയെന്ന തെ‍ന്‍റ പഴയ മടിയനായ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനത്തിനു പുതിയ തലങ്ങളും അര്‍ത്ഥങ്ങളും ചാര്‍ത്തുന്നു. യൂണിയന്‍ വഴിവിട്ട്‌ സഞ്ചരിക്കുന്നു. പൊരുത്തക്കേടുകള്‍ നിറഞ്ഞ വഴികള്‍.

സര്‍ദ്ദാര്‍ജി ഡ്രൈവര്‍മാരെപ്പോലെ ഒരു ദിവസമെങ്കിലും ഈ മണ്ണു വിട്ടു മാറി നില്‍ക്കാന്‍ തനിക്കാവുമോ? വീട്ടിലെ തെ‍ന്‍റ കട്ടിലിലല്ലാതെ താനെവിടെയും അന്തിയുറങ്ങിയിട്ടില്ലല്ലോ? എവിടെപ്പോയാലും എത്ര രാത്രിയായാലും വീട്ടില്‍ തിരിച്ചെത്തണം. തെ‍ന്‍റ മുറിയിലുറങ്ങണം. വെളുപ്പിനുണരുമ്പോള്‍ മുറിയിലെ വസ്തുക്കള്‍ തന്നെ ആദ്യം കാണണം.

തനിക്കൊരു ജീവിത ക്രമമുണ്ട്‌. രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം കൈത്തലം കണി കാണണം. വിരലുകളുടെ അഗ്രത്തില്‍ ഐശ്വര്യവതിയായി ലക്ഷ്മി കുടികൊള്ളുന്നുണ്ട്‌. മധ്യത്തില്‍ വിദ്യാദേവത സരസ്വതിയും താഴെ പാര്‍വ്വതിയും സ്ഥിതി ചെയ്യുന്നുവെന്നുള്ള വിശ്വാസം.

രാവിലെ മുങ്ങിക്കുളി നിര്‍ബന്ധം. മുങ്ങുമ്പോള്‍ പുറംഭാഗം നനയണമെന്നുണ്ട്‌. തോര്‍ത്തുമ്പോള്‍ പുറംതന്നെ ആദ്യം തോര്‍ത്തണം. പിന്നീടു തലയും ശരീരഭാഗവും തുടയ്ക്കുന്നു. മുറ്റത്തെ തുളസിത്തറയ്ക്കു ചുറ്റും മൂന്നു വലത്തുവച്ച്‌, ഒരു തുളസിയില നുള്ളി ചെവിയില്‍ വയ്ക്കുന്നു.

സന്ധ്യക്ക്‌ വിളക്കു കാണുന്ന കാര്യത്തിലും ചെറിയ ചിട്ടകളുണ്ട്‌. ഭാര്യ ദേവകി വടക്കുവശത്തു നിന്നു സന്ധ്യാദീപം കൊണ്ടുവരണം. സര്‍പ്പക്കാവിലും വൃക്ഷലതാതികളിലും വിളക്കു കാണിക്കണം. തുളസിത്തറയില്‍ ഒരു തിരി വയ്ക്കണം.

നല്ല ഓട്ടു വിളക്കില്‍ എള്ളെണ്ണയൊഴിച്ചു നാളങ്ങള്‍ ഭംഗിയായി തെളിയിച്ചുനിര്‍ത്തണം. ചൂടില്‍ പഴുത്ത ഓട്ടു വിളക്കില്‍ നിന്നുയരുന്ന എണ്ണ കത്തിയ മണം രോഗപീഡകള്‍ നിയന്ത്രിക്കാന്‍ ശക്തിയുള്ളതാണത്രെ! ഇതെല്ലാം പഴയ ശാസ്ത്രമാണ്‌. പുതു തലമുറ തിരിച്ചറിയേണ്ട സത്യങ്ങള്‍.

സന്ധ്യാനാമത്തിന്‌ വിഷ്ണുശിവഅഷ്ടലക്ഷ്മി സ്തോത്രവും ഹരിനാമ കീര്‍ത്തനവും മുടക്കാറില്ല.

വീടിനു ചുറ്റും ധാരാളം ഫലവൃക്ഷാദികള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്‌. കിഴക്കു കൂവളം, തുളസി, ചെത്തി തുടങ്ങിയവയും പ്ലാവ്‌, പാല തുടങ്ങിയവ പടിഞ്ഞാറും നാഗമരം വടക്കും, നല്‍പാമരങ്ങളില്‍പ്പെട്ട അത്തി, ഇത്തി, പേരാല്‍, അരയാല്‍ ക്രമമനുസരിച്ച്‌ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി നില്‍ക്കുന്നുണ്ട്‌. ഇവരെല്ലാം തെ‍ന്‍റ കൂട്ടുകാരാണ്‌. മനസ്സറിയുന്നവരാണ്‌.

ഇതു കൂടാതെ ധാരാളം ഔഷധ സസ്യങ്ങളും താന്‍ പലയിടത്തുനിന്നും കൊണ്ടുവന്നു നട്ടു പിടിപ്പിച്ചിട്ടുണ്ട്‌. കൊടുവേലി, ശതാവരി, രാമച്ചം തുടങ്ങി പലതും.

ഭാര്യ ദേവകിയും താനും മാത്രമേ ഇവിടെ താമസമുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞു ഭര്‍ത്താവിനോടൊപ്പം വിശാഖപട്ടണത്താണ്‌. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തേക്കു വരും. പേരക്കുട്ടികള്‍ രണ്ടും ഈ പറമ്പിലൂടെ ഓടിക്കളിച്ചു നടക്കും.

അവരെല്ലാം തിരിച്ചു പോയിക്കഴിഞ്ഞാല്‍ ഭാര്യയു താനും തനിച്ചാവും. പിന്നെ ഈ മരങ്ങളും പാടങ്ങളും മാത്രമാവും കൂട്ടിന്‌.

ചിന്തയുടെ ലോകത്തുനിന്നുണര്‍ന്നു ചുറ്റുപാടുകള്‍ കണ്ണോടിച്ചപ്പോള്‍ വീട്ടിലെത്താറായിരുന്നു. അകലെ എണ്ണക്കമ്പനിയുടെ െ‍സൈറണ്‍ ഗ്രാമത്തിലെ ഓരോരുത്തരുടെയും കാതുകളെ തുളച്ചു കയറിയിറങ്ങിപ്പോയി.

പിന്നീട്‌ യന്ത്രങ്ങളുടെ ഇരമ്പം മാത്രം ബാക്കിയായി.

ഏതോ കൂറ്റന്‍ രാക്ഷസ്സന്‍ വിശന്നിരുന്നു മുരങ്ങുന്നതുപോലെ.

No comments: