Thursday, July 10, 2008

കരിമുകള്‍- പതിനെട്ട്‌



പതിനെട്ട്‌

പൊക്കാമറ്റം സ്കൂളിലെ സാബിറ ടീച്ചറിന്റെ മകന്‍ ജലീലിന്‌ ആറു വയസായി. പണ്ടു കാലത്തെന്നോ കോഴിക്കോട്ടങ്ങാടിയില്‍നിന്നു കുടിയേറിയ കുടുംബമാണ്‌ ടീച്ചറിേ‍ന്‍റത്‌. ബാപ്പ അവുക്കാദര്‍ അക്കാലത്ത്‌ രാസവള കമ്പനിയില്‍ ജോലി കിട്ടി വന്നതാണ്‌. അന്നു ടീച്ചര്‍ക്കു പത്തു വയസ്സേയുണ്ടായിരുന്നുള്ളൂ. കമ്പനി വക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്‌. ബാപ്പയുടെ സര്‍വീസ്‌ കാലാവധി അവസാനിച്ചപ്പോള്‍ ക്വാര്‍ട്ടേഴ്സ്‌ ഒഴിയേണ്ടിവന്നു. പിന്നീട്‌ പൊക്കാമറ്റം കവലയില്‍ നിന്നു കിഴക്കുമാറി കുറച്ചു സ്ഥലം വാങ്ങി വീടുവച്ചു താമസമാക്കിയിരിക്കുകയാണ്‌. പുതിയ വീട്ടില്‍ വന്ന ശേഷം അവുക്കാദര്‍ ഹൃദ്രോഗംമൂലം മരിച്ചു.

ഗ്രാമത്തില്‍ മുസ്ലീങ്ങള്‍ തുലോം കുറവാണ്‌. പിന്നെയുള്ളത്‌ നായരും ഇൌ‍ഴവരും ക്രിസ്ത്യാനികളുമാണ്‌. പള്ളിമോള്‍ ഭാഗത്ത്‌ നിറയെ പുലയരുമുണ്ട്‌. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ടീച്ചറുടെ വീട്ടില്‍ എന്തെങ്കിലും വിശേഷങ്ങളുണ്ടായാല്‍ മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ അന്യജാതിക്കാരാവും ഉണ്ടാവുക.
പിന്നെ സ്വന്തക്കാരും ബന്ധുക്കളുമൊക്കെയായി കുറേപ്പേര്‍ കോഴിക്കോട്ടുനിന്നും കുറേ ദിവസം മുമ്പേ എത്തും.

ടീച്ചറിന്റെ വിഷയം സാമൂഹികപാഠമാണ്‌. ഭര്‍ത്താവ്‌ ലത്തീഫ്‌ ഗള്‍ഫിലാണ്‌. ആങ്ങള ഹനീഫ കുടുംബ സമേതം നേവല്‍ബയ്സില്‍ താമസിക്കുകയാണ്‌.

ഒരുദിവസം സ്കൂളില്‍വച്ച്‌ മാഷിനെ കണ്ടപ്പോള്‍ സാബിറ ടീച്ചര്‍ തടഞ്ഞു നിര്‍ത്തിപ്പറഞ്ഞു.

"ന്റെ മോന്‍ ജലീലിന്റെ മാര്‍ക്കക്കല്യാണമാണു മാഷേ... മാഷു വരണം."

മാര്‍ക്ക കല്യാണത്തിന്‌ നാട്ടിലെ ഒട്ടുമിക്ക ഗൃഹങ്ങളിലും ടീച്ചര്‍ വിളിച്ചിട്ടുണ്ട്‌. ചടങ്ങുകള്‍ക്കൊന്നും കുറവു വരുത്തരുതെന്നു ടീച്ചറിനും ഹനീഫയ്ക്കും നിര്‍ബന്ധം.

രാവിലെ തന്നെ ഒസ്ത അലിയാരു തന്റെ ചാണയ്ക്ക്‌ വച്ച്‌ സ്പുടം ചെയ്തെടുത്ത ക്ഷൗരക്കത്തിയടങ്ങുന്ന പെട്ടി കക്ഷത്തുവച്ചു ടീച്ചറുടെ വീട്ടിലെത്തിയിട്ടുണ്ട്‌. സാബിറ ടീച്ചര്‍ വിരുന്നുകാര്‍ക്ക്‌ പഴംനുറുക്കും ചായയും പത്തിരി ചുട്ടതും കൊടുക്കുന്ന തിരക്കില്‍.

ജലീല്‍ മുറ്റത്തും തൊടിയിലുമായി കളിച്ചു നടക്കുകയാണ്‌. തനിക്കു സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച്‌ യാതൊരു മുന്‍ധാരണയുമില്ലാതെ അവന്‍ മറ്റു നായരുപിള്ളേരോടൊപ്പം തിമിര്‍ത്തു കളിക്കുകയാണ്‌.

ചേലാകര്‍മ്മം അഥവാ സുന്നത്ത്‌ എന്നു ദേശവ്യാപകമായി വിളിച്ചുവരുന്ന മാര്‍ക്ക കല്യാണം ചെയ്യാത്തവര്‍ മുസല്‍മാനല്ല എന്ന വിശ്വാസം പണ്ടുമുതലേ നിലവിലുണ്ട്‌.

ടീച്ചറിന്‌ ഈ വക കാര്യങ്ങളിലൊന്നും അത്ര നിര്‍ബന്ധമില്ല. ഇന്നത്തെക്കാലത്ത്‌ മതത്തിലൊതുങ്ങി ജീവിക്കാവുന്ന ജീവിത സാഹചര്യമൊന്നുമല്ല നിലവിലുള്ളത്‌. സര്‍വ മതസ്ഥരും കൂടിക്കുഴഞ്ഞു ജീവിക്കുന്ന സമൂഹത്തില്‍ ജീവിക്കാന്‍ അതിനിണങ്ങുന്ന ഒരു വിദ്യാഭ്യാസമാണ്‌ മനുഷ്യന്‍ നേടേണ്ടത്‌ എന്ന ചിന്ത ടീച്ചറിലെങ്ങനെയോ കടന്നുകൂടിയിട്ടുണ്ട്‌.
പക്ഷേ, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ വെടിഞ്ഞു ജീവിച്ചാല്‍ ജീവിതത്തിന്‌ അര്‍ത്ഥങ്ങള്‍ നഷ്ടപ്പെടുമെന്നും ടീച്ചറിനറിയാം.

സുന്നത്തുകൊണ്ട്‌ പുരുഷ പ്രജകള്‍ക്ക്‌ ഗുണമല്ലാതെ ദോഷങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ മാര്‍ക്ക കല്യാണം തനിക്കു കഴിയുംവിധത്തില്‍ ആഘോഷമാക്കാന്‍ ടീച്ചര്‍ തീരുമാനിച്ചു.

ഓത്തുപള്ളീല്‍നിന്ന്‌ മൊല്ലാക്കമാരും മുസ്ലീം പ്രമാണിമാരും നേരത്തെ തയ്യാറായിയെത്തിയിട്ടുണ്ട്‌.

ഒസ്ത അലിയാര്‍ പഴം നുറുക്കും പത്തിരീം കഴിച്ച്‌ ഏമ്പക്കം വിട്ടു. എന്നിട്ടന്വേഷിച്ചു. ചെക്കനെന്ത്യേ...?

വീടിന്റെ പൂമുഖത്തു മൊല്ലക്കമാര്‍ ചേര്‍ന്നിരുന്ന്‌ ഓത്തു തുടങ്ങി. കൂടെയുള്ളവര്‍ ഏറ്റുചൊല്ലി. അമ്മാവന്‍ ഹനീഫ ജലീലിനെ അടുത്തു വിളിച്ചു.

നായരുകുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്കുംപോയി.

ഹനീഫ ജലീലിന്റെ നിക്കറും ഷര്‍ട്ടുമെല്ലാം അഴിച്ചുമാറ്റി. നല്ല വെളുത്ത ശീലത്തുണിയുടുപ്പിച്ചു. അടുത്തുള്ള കസേര ചൂണ്ടി അതിലിരിക്കാന്‍ പറഞ്ഞു. അവെ‍ന്‍റ കൈ നിറയെ പത്തിരിയും പഴം നുറുക്കും കൊടുത്തു. കൂടാതെ ബന്ധുക്കള്‍ കൊണ്ടുവന്ന പലതരം പലഹാരങ്ങള്‍, കോഴിക്കോടന്‍ ഹലുവ, അച്ചപ്പം, കുഴലപ്പം തുടങ്ങി ധാരാളം പലഹാര ഇനങ്ങള്‍ മുമ്പില്‍വച്ചു.

മൊല്ലാക്കമാര്‍ ഓത്തു തുടര്‍ന്നുകൊണ്ടിരുന്നു...

രണ്ടു ബന്ധുക്കള്‍ വന്നു ജലീലിന്റെ ഇരു കൈകളും കാലുകളും ബലമായി പിടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇവിടം പന്തിയല്ല എന്ന തോന്നലുണ്ടായി. അവന്‍ പലഹാരങ്ങള്‍ വലിച്ചെറിഞ്ഞ്‌ കുതറിയോടി ടീച്ചറിനെ ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു...

"വേണ്ടുമ്മ... ന്നെയൊന്നും ചെയ്യല്ലേ...?"

ടീച്ചറവനെ സമാധാനിപ്പിച്ചു. "ഒരുറുമ്പു കടിക്കണ വേദന പോലൂല്യാ... നീയങ്ങോട്‌ ചെല്ല്‌..."

ഇതിനോടകം മറ്റുള്ളവര്‍ വന്നു ജലീലിനെ പിടിച്ചുകൊണ്ടുപോയി നിലത്തിട്ട തഴപ്പായയില്‍ ബലമായി പിടിച്ചു കിടത്തി. ഒസ്ത അലിയാരു ഒരു കയ്യില്‍ മരത്തിന്റെ ചവണയും മറുകൈയില്‍ തിളങ്ങുന്ന ക്ഷൗര കത്തിയുമായി അവനു മുന്നില്‍ വന്നു.

അവന്‍ സര്‍വശക്തിയുമെടുത്തു കരയുകയും കുതറുകയും ചെയ്തുകൊണ്ടിരുന്നു. ബലിഷ്ഠകായരായിരുന്ന ചെറുപ്പക്കാര്‍ ജലീലിനെ തരിമ്പും അനങ്ങാതെ നോക്കി.

അവന്റെ കരച്ചില്‍ കേള്‍ക്കാനുള്ള വിഷമത്തില്‍ മാഷ്‌ മുറ്റത്തേക്കിറങ്ങി റോഡരുകിലേക്കു നടന്നു.

ഒസ്ത അലിയാരു അവന്റെ മുണ്ടഴിച്ചുമാറ്റി. അവിടെ ചെറിയൊരു ഇരുമ്പന്‍ പുളിയുടെയത്രയും വലുപ്പമുള്ള ഒരു ശുണ്ണാമണി. അയാള്‍ അതില്‍ കയറി പിടിച്ചു. ചൂണ്ടാണി വിരലും പെരു വിരലുമുപയോഗിച്ചു തൊലി പരമാവധി ചേര്‍ത്തു മരത്തിന്റെ ചവണയിട്ടു.

വെളിയില്‍ കിടന്ന ഒന്നോ ഒന്നരയോ ഇഞ്ചു തൊലി ക്ഷൗരകത്തി വച്ച്‌ ഒരു ചെത്ത്‌...!

ചോര പ്രളയം...!

ജലീലിന്റെ അന്തരാളത്തില്‍നിന്ന്‌ ഒരു വികൃത ശബ്ദം വായ്‌വഴി പിടിവിട്ട്‌ വെളിയില്‍ ചാടി ഗ്രാമം മുഴുവന്‍ മുഴങ്ങി....

പാടശേഖരങ്ങളില്‍ വിശ്രമിക്കുകയായിരുന്ന കൊറ്റികള്‍ ഒന്നടങ്കം പറന്നുയര്‍ന്നു ദൂരെയെത്തി.

ജലീല്‍ നിശബ്ദമായി മയങ്ങി. അവന്റെ മുഖത്തെ ചൈതന്യം എവിടെയോ പോയ്‌ മറഞ്ഞു. ചുണ്ടുകള്‍ കരിവാളിച്ച്‌ പഴത്തൊലി ഉണങ്ങിയതുപോലെയായി. ശരീരം വാടിയ ചേമ്പിന്‍ തണ്ടുപോലെ...

മൊല്ലാക്കമാരിലാരോ പറയുന്നതു കേട്ടു

"ഞ്ഞീ മയങ്ങിക്കോട്ടെ...!"

ക്ഷൗരക്കാരന്‍ ഒസ്തഅലിയാരു ചിരട്ടക്കരിയരച്ചു നല്ലെണ്ണയില്‍ ചാലിച്ച്‌ വെളുത്ത ശീലത്തുണിയില്‍ മുക്കി ജലീലിന്റെ ശുണ്ണാമണ്ണിയില്‍ ചുറ്റിക്കെട്ടി രക്തമൊഴുക്കു നിര്‍ത്തിച്ചു. പിന്നീട്‌ പ്രത്യേകമായി തയ്യാര്‍ ചെയ്ത കട്ടിലില്‍ കൊണ്ടു കിടത്തി.

ഉത്തരത്തിനും കഴുക്കോലിനുമിടയലുള്ള ഭാഗത്തു കെട്ടിയ കയറില്‍ നിന്നും പുത്തന്‍ ശീലത്തുണികൊണ്ട്‌ അവെ‍ന്‍റ അരഭാഗം മറച്ചു.

മൊല്ലാക്കമാര്‍ ഓത്തുനിര്‍ത്തി. ബഠായി പറഞ്ഞു ചിരിച്ചു. പഴംനുറുക്കും പത്തിരീം കഴിച്ചു.

ആളുകളോരോന്നും ബിരിയാണി കഴിച്ചു സലാം ചൊല്ലി പിരിഞ്ഞു. അലിയാരു കത്തി വൃത്തിയാക്കി പെട്ടിയിലിട്ടു ഹനീഫയുടെ മുന്നില്‍ വന്നു തല ചൊറിഞ്ഞു.

മാഷ്‌ പലഹാരങ്ങളൊന്നും കഴിച്ചില്ല.

കാലിച്ചായ കുടിച്ച്‌ ടീച്ചറിനോടും ഹനീഫയോടും യാത്രപറഞ്ഞു പടിയിറങ്ങി.

സാബിറ ടീച്ചര്‍ ഒരു പൊതിക്കെട്ടു നിറയെ പലഹാരങ്ങളും പൈസയും കൊടുത്ത്‌ ഒസ്തഅലിയാരെ പറഞ്ഞയച്ചു.

നായരുകുട്ടികള്‍ പാത്തും പതുങ്ങിയും ജലീല്‍ മയങ്ങുന്ന മുറിയുടെ ജനലില്‍വന്ന്‌ ഭയത്തോടെ എത്തിനോക്കി.

ജലീലിനെന്താ പറ്റ്യേ...? അവരിലൊരുവന്‍ ടീച്ചറോടു ചോദിച്ചു.

അവന്‍ മുസല്‍മാനായി... കുറച്ചു ദിവസത്തേക്ക്‌ അവന്‌ നിങ്ങളുടെ കൂടെ കളിക്കാന്‍ കഴിയില്ല.... ദീനമാണ്‌. ടീച്ചര്‍ അവര്‍ക്കു പലഹാരങ്ങള്‍ കൊടുത്തു.

ജലീലിനു ദീനം.... കുട്ടികള്‍ സങ്കടപ്പെട്ടു തിരിച്ചുപോയി.

പിന്നീട്‌ കുറേ ദിവസങ്ങളോളം എന്നും രാവിലെ ഒസ്തഅലിയാരു ടീച്ചറുടെ വീട്ടില്‍വന്നുകൊണ്ടിരുന്നു. അയാള്‍ ചെന്നു പത്തു മിനിട്ടു കഴിയുമ്പോള്‍ ആ ഭാഗത്തുനിന്നു ജലീലിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാമായിരുന്നു.

മുറിവു കഴുകി കെട്ടുന്നതാ...! ആരോ പറഞ്ഞു.

ജലീലിനെന്തു മുറിവ്‌? കുട്ടികള്‍ക്കൊന്നും മനസ്സിലായില്ല.

എല്ലാം മനസ്സിലായ പോലെ എണ്ണ കമ്പനിയിലെ സൈറണ്‍ നീട്ടിക്കൂവി....


2 comments:

കരീം മാഷ്‌ said...

ഇങ്ങനെ ഇവിടെ ഒരു ബ്ലോഗുള്ള വിവരം അറിഞ്ഞതേയില്ല.
ക്ഷമിക്കണം.
ഞാന്‍ വായിച്ചു തുടങ്ങട്ടെ!
ആശംസകള്‍

കരീം മാഷ്‌ said...

ഇങ്ങനെ ഇവിടെ ഒരു ബ്ലോഗുള്ള വിവരം അറിഞ്ഞതേയില്ല.
ക്ഷമിക്കണം.
ഞാന്‍ വായിച്ചു തുടങ്ങട്ടെ!
ആശംസകള്‍