Tuesday, July 22, 2008

കരിമുകള്‍- ആറ്‌



ആറ്‌

മധ്യവേനലവധി കഴിഞ്ഞ സ്കൂള്‍ റിസല്‍ട്ട്‌ വന്നപ്പോള്‍ എട്ടാം ക്ലാസില്‍ നിന്നു ജയിച്ച കുട്ടികളുടെ ലിസ്റ്റില്‍ കുര്യാക്കോയുടെ പേരുണ്ടായിരുന്നില്ല. വന്നപാടെ അവന്‍ പഠിപ്പിച്ച സാറന്മാരെ മുഴുവന്‍ പച്ചത്തെറി പറഞ്ഞു.

മാഷിന്റെയടുത്തു പരാതിയും പറഞ്ഞു.

"നന്ദിയില്ലാത്ത സാറന്മാരാ... ഈ സ്കൂളില്‌... അവര്‍ക്ക്‌ ഉപ്പുമാവുണ്ടാക്കാനും വെള്ളം കോരാനും മുറുക്കാന്‍ വാങ്ങാനും കുര്യാക്കോ വേണം." എന്നിട്ടും കുര്യാക്കോക്ക്‌ മാര്‍ക്കിട്ടില്ല.

മാഷ്‌ മറുപടിയൊന്നും പറഞ്ഞില്ല. ദയനീയമായി നോക്കുക മാത്രം ചെയ്തു.

കുര്യാക്കോ ക്ലാസില്‍ പഠിക്കാന്‍ മിടുക്കനല്ല. പക്ഷേ, അവന്‍ പറയുന്നതിലും ചില സത്യമുണ്ട്‌. സ്കൂളില്‍ ഒരു പ്യൂണ്‍ ചെയ്യേണ്ട പണികളില്‍ കുറച്ചെങ്കിലും അവന്‍ ചെയ്യുന്നുണ്ട്‌.

എന്നു കരുതി പരീക്ഷാ പേപ്പറില്‍ ആന മണ്ടത്തരങ്ങള്‍ എഴുതി വച്ചാല്‍ മാര്‍ക്കു കൊടുക്കാന്‍ പറ്റുമോ? മറ്റു മാഷുമാരും പരസ്പരം ചോദിച്ചു.

എട്ടാം ക്ലാസില്‍ കുര്യാക്കോ ഇതു മൂന്നാം തവണയാണ്‌. ഏഴിലും ആറിലും അഞ്ചിലും ഓരോ വര്‍ഷം അധികം ഇരുന്നിട്ടാണ്‌ ഇവിടെവരെയെത്തിയത്‌. ഇതുവരെ ഗുണനപ്പട്ടികയോ സങ്കലനപ്പട്ടികയോ അവനറിയില്ല. ഇംഗ്ലീഷ്‌ അക്ഷരമാലകള്‍ തന്നെ തെറ്റിച്ചു പറയുന്നു.

ഒരിക്കല്‍ മാഷ്‌ ഉപദേശിച്ചതാണ്‌.

"നിന്റെ കുഞ്ഞനിയന്മാരുടെയത്രയുള്ള പിള്ളേരാ ക്ലാസിലുള്ളത്‌. ശ്രദ്ധിക്കാതിരുന്നാല്‍ അവരെല്ലാം ജയിച്ചു കേറിപ്പോയാലും നീ ഇവിടെത്തന്നെ ഇരിക്കും. പരീക്ഷക്കാലത്തെങ്കിലും ഉപ്പുമാവു പണിക്കും വെള്ളം കോരാനുമൊക്കെ നടക്കാതെ പോയി എന്തെങ്കിലും പഠിക്ക്‌..."

അവന്‍ തല ചൊറിഞ്ഞുനിന്നു മുളിക്കേട്ടതാണ്‌. എന്നിട്ടും റിസല്‍ട്ടു വന്നപ്പോള്‍...?

സാധാരണ സര്‍ക്കാരു സ്കൂള്‍ പോലെയല്ല ഗ്രാമത്തിലെ ഈ വിദ്യാലയം. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കൊരു മുന്‍വിധിയുണ്ട്‌. എങ്ങനെയെങ്കിലും പത്താം ക്ലാസ്‌ കടന്നു കിട്ടുകയെന്നതാണ്‌. തോറ്റാലും ജയിച്ചാലും വിഷമമില്ല. രണ്ടായാലും കമ്പനിയില്‍ പണിക്കു കേറാമല്ലോ?

എല്ലാ വര്‍ഷവും സ്കൂളടയ്ക്കുന്ന കാലത്തു കമ്പനികള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. നാട്ടിലെ ധനാഢ്യരായ ചിലരായിരിക്കും കോണ്‍ട്രാക്ട്‌ പണികളെടുക്കുന്നത്‌. ലക്ഷക്കണക്കിന്‌ രൂപ ഈ കാലയളവില്‍ കമ്പനിപ്പരിസരത്തു കിടന്നു മറിയും. ചിലപ്പോള്‍ ശിവകാശിയില്‍ അച്ചടിച്ച കള്ളനോട്ടുകളും പ്രചരിക്കും.

പ്ലാന്‍റിലെ തുരുമ്പിച്ച പൈപ്പു ലൈനുകള്‍ മാറ്റി പുതിയതിടുക, ടാങ്ക്‌ ശുചിയാക്കി പെയിനൃ ചെയ്യുക, പ്ലാന്‍റിരിക്കുന്ന ഭാഗത്തു വളര്‍ന്നു കയറിയ പുല്ലുകള്‍ വെട്ടി മാറ്റുക തുടങ്ങി ഒരുപാട്‌ ജോലികളുണ്ടാകും. ഇത്തരം ജോലികള്‍ ചെയ്യാനുള്ള തൊഴിലാളികളെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. വഴിയിലൂടെ നടന്നു പോകുന്നവരെ വരെ വിളിച്ചു ജോലിക്കു കയറ്റിയിരുന്ന കാലം.

നാട്ടില്‍ തൊഴിലാളികളുണ്ടായിരുന്നു. വെറും നാടന്‍ പണിക്കാര്‍. പാടത്തുപണി, തെങ്ങുകയറ്റം, വെറ്റില കിള്ളല്‍, പറമ്പുകിളക്കല്‍ തുടങ്ങിയ പണികള്‍ ചെയ്യുന്നവര്‍ക്ക്‌ ഈ കമ്പനിപ്പണിയൊരു കുറച്ചിലായി തോന്നി.

നാടന്‍ പണിക്കു പലവിധ ആകര്‍ഷണങ്ങളുണ്ടായിരുന്നു. രാവിലെ ചായയും പലഹാരവും ഉച്ചയ്ക്ക്‌ മീനോ ഇറച്ചിയോ കൂട്ടി ഊണ്‌. വൈകീട്ട്‌ ചായയും ലഘു കടികളും എന്നിവയ്ക്കു പുറമേ വെകിട്ട്‌ ഇരുപത്തഞ്ച്‌ രൂപയും കിട്ടും.

എന്നാല്‍ കമ്പനി പണിക്കു പോയാല്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പണിതാല്‍ കിട്ടുന്നതു ഇരുപതു രൂപയാണ്‌. ഇതില്‍നിന്നു കാന്‍റിനിലെ ചോറിെ‍ന്‍റയും ചായയുടെയും വില കിഴിച്ചാല്‍ പത്തോ പതിനാലോ കിട്ടിയാലായി. അതുകൊണ്ടു നാട്ടുപണിക്കാര്‍ കമ്പനിപ്പണിയെ പുച്ഛിച്ചു തള്ളി.

എന്നാല്‍ ചില മുതിര്‍ന്ന സ്കൂള്‍ കുട്ടികള്‍ കമ്പനി പണിക്ക്‌ കയറുമായിരുന്നു. അവര്‍ക്ക്‌ ഈ ഇരുപതു രൂപ വലിയൊരു തുകയായിരുന്നു. ദേഹമനങ്ങി പണിയുകയും വേണ്ട.

കോണ്‍ട്രാക്ടര്‍മാര്‍ ദൂരെ ദേശങ്ങളില്‍നിന്ന്‌ ആളുകളെ ഇറക്കാന്‍ തുടങ്ങി. ആ കൂട്ടത്തില്‍ ഒരു പണി കുര്യാക്കോയ്ക്കും കിട്ടി. അങ്ങനെ അവന്‍ എണ്ണക്കമ്പനിപ്പടിയിലെ നിത്യ സാന്നിധ്യമായി മാറി.

കുര്യാക്കോ പിന്നീട്‌ സ്കൂളില്‍ പോയില്ല.

ഭരണകക്ഷിയുടെ ഒരു ട്രേഡ്‌ യൂണിയന്‍ അന്ന്‌ കമ്പനിപ്പടിക്കല്‍ വളരെ ശാന്തമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ചെറിയൊരു കുടുസുമുറിയാണ്‌ പാര്‍ട്ടിയാപ്പീസ്‌. അവിടെ ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളില്‍ പെയിന്‍റു ചെയ്ത ഭിത്തിയില്‍ ഗാന്ധി ലിഖിതങ്ങള്‍ കോറിയിട്ടിരുന്നു. അതിനു മുകളില്‍ മരിച്ചുപോയ രാഷ്ട്ര നേതാക്കളുടെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രങ്ങള്‍.

പണ്ടു മാഷിെ‍ന്‍റ നേതൃത്വത്തില്‍ കര്‍ഷക സംഘം ഓഫീസായി തുടങ്ങിയതാണ്‌. അതൊന്നും ഇപ്പോഴില്ല. ഇപ്പോഴത്‌ ആളുകളെ പണിക്കു കയറ്റാനായി ഒരു മുറിയും ഓഫീസുമായി പ്രവര്‍ത്തിവച്ചുവന്നു.
പണമുള്ളയാളുകളാണ്‌ സംഘടനകളുടെയെല്ലാം തലപ്പത്തുണ്ടായിരുന്നത്‌. കമ്പനി തുടങ്ങിയശേഷം സ്ഥലത്തെ മാതൃകാധ്യാപകനായ മാഷിെ‍ന്‍റ അധ്യക്ഷതയില്‍ ഒരു തൊഴിലാളി യൂണിയന്‍ അവിടെ പ്രവര്‍ത്തനം ആരംഭിച്ചു.

സ്ഥലം എം.എല്‍.എ. പങ്കെടുത്ത യോഗത്തില്‍ ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്കു കടന്നു വരേണ്ടതിെ‍ന്‍റ ആവശ്യകതയേക്കുറിച്ച്‌ ചര്‍ച്ചയുണ്ടായി.

കുര്യാക്കോ അതൊന്നും ശ്രദ്ധിക്കാതെ അവര്‍ക്കിടയിലൂടെ ചായയുമായി നടന്നു.

കൃത്യസമയത്ത്‌ ഓഫീസ്‌ തുറക്കുവാനും തൊഴിലാളികളെ പണിക്കു കയറ്റുവാനുമുള്ള ഉത്തരവാദിത്വം മാഷ്‌ കുര്യാക്കോയെ ഏല്‍പിച്ചു. ഓഫീസിന്റെ താക്കോല്‍ കൈമാറി.

അദ്ദേഹം കുര്യാക്കോയെ മാറ്റിനിര്‍ത്തി കുറച്ചു കാര്യങ്ങള്‍ ഉപദേശിച്ചു കൊടുത്തു. നാട്ടിലെ പാവപ്പെട്ടവരെ തൊഴിലുകൊടുത്തു സഹായിക്കണം. ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌ യൂണിയന്‍ കരുത്തുള്ളതാക്കണം. യൂണിയന്‍ പണമിടപാടുകളില്‍ സുതാര്യത വേണം. ആര്‍ക്കും പരാതിയുണ്ടാവരുത്‌. നിനക്കു സ്കൂളില്‍ പഠിക്കാന്‍ കഴിയാത്തത്‌ ഇവിടെ പഠിക്കാന്‍ കഴിയും. കഴിയട്ടെ.... നന്നായി വരും... അനുഗ്രഹം വാങ്ങി.

പിന്നീടങ്ങോട്ടുള്ള പ്രയാണത്തില്‍ കുര്യാക്കോ മാറുകയായിരുന്നു. രാവിലെ ഏഴു മണിക്ക്‌ തന്നെ കമ്പനിപ്പടിക്കല്‍ എത്തുന്നു. അന്യ നാട്ടുകാരും ഇവിടുത്തുകാരുമായ തൊഴിലാളികളെ ഓരോ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ പണിക്കു കയറ്റി വിടുന്നു.

കുര്യാക്കോക്ക്‌ തിരക്കായി.

മാഷിന്‌ കൃഷിയും സ്കൂളുമാണ്‌ പ്രധാനം. അതുകഴിഞ്ഞിട്ട്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമയം തികഞ്ഞില്ല. എങ്കിലും അവധി ദിവസങ്ങളില്‍ അദ്ദേഹം യൂണിയനാപ്പീസിലെത്തി വിശേഷങ്ങളൊക്കെ അന്വേഷിക്കും.

നാട്ടിലെ പുതുതലമുറയില്‍പ്പെട്ട ചെറുപ്പക്കാര്‍ക്കു കമ്പനിപ്പണിയില്‍ എന്തോ കുറച്ചിലുള്ള പോലെ തോന്നി. അവര്‍ നാടന്‍ പണിക്കും പോയില്ല. ഒരുതരം അലസത അവരെ ബാധിച്ചിരിക്കുന്നു.

കമ്പനി വന്നതോടെ പാടത്തു പണിക്ക്‌ ആളെ കിട്ടാതെയായി. കൃഷി ചെയ്താല്‍ എല്ലാം നശിച്ചു പോകുന്നു. എണ്ണപ്പാട കെട്ടിയ വെള്ളത്തിലിറങ്ങി പണി ചെയ്യാന്‍ ചെറുമികള്‍ക്കും മടിയായി. അവരുടെ കാലുകളില്‍ ചര്‍മ്മ രോഗങ്ങള്‍ പിടിപെട്ടു.

പാടത്തെ വെള്ളത്തില്‍ ആസിഡിെ‍ന്‍റയും എണ്ണയുടെയും അംശം കൂടുതലായി കണ്ടു.

പത്രവാര്‍ത്തകള്‍ വന്നു. ഗവണ്‍മെന്‍റുതലത്തില്‍ ഇതിനെക്കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ അഭിപ്രായങ്ങള്‍ നാടൊട്ടുക്കും ഉയര്‍ന്നു.

എല്ലാവര്‍ക്കും സ്വീകാര്യനായ പ്രതിനിധിയായി മാഷ്‌ കമ്പനി മാനേജ്മെന്‍റുമായി ഇക്കാര്യം ചര്‍ച്ച നടത്തി. മലിനീകരണം തടയണമെന്ന്‌ അദ്ദേഹം കമ്പനി ഡയറക്ടറോട്‌ മുഖത്തുനോക്കി കര്‍ക്കശ ഭാഷയില്‍ ആവശ്യപ്പെട്ടു.

മാഷിന്റെ പല ചോദ്യങ്ങള്‍ക്കും അവര്‍ക്കുത്തരമില്ലായിരുന്നു. പാതിരാ ഷിഫ്ടില്‍ കമ്പനിയില്‍നിന്നു ചിത്രപ്പുഴയിലേക്കു മലിനജലം തുറന്നു വിടരുത്‌. പുഴയിലെ മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നു. പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഇതുവരെ കാണാത്ത രീതിയിലുള്ള രോഗങ്ങള്‍ പിടിപെടുന്നു. ഇതിനെല്ലാം പരിഹാരം കമ്പനി കാണേണ്ടിയിരിക്കുന്നു.

മാനേജ്മെനൃ പ്രതിനിധികള്‍ നിലത്തു നോക്കിയിരുന്നു. ഉത്തരം കിട്ടാതായപ്പോള്‍ മാഷ്‌ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോന്നു.

മലിനീകരണത്തില്‍ പ്രതിഷേധിച്ച്‌ കമ്പനിപ്പടിക്കല്‍ ആദ്യത്തെ സത്യാഗ്രഹം തുടങ്ങി. മാഷ്‌, കുര്യാക്കോ തുടങ്ങിയവര്‍ മുന്‍നിരയിലുണ്ടായിരുന്നു. രാത്രിയില്‍ കമ്പനിപ്പടി മുതല്‍ പങ്ങാലിപ്പീടികത്താഴം വരെ പന്തംകൊളുത്തി ജാഥ.

സര്‍ക്കാര്‍ തലത്തില്‍ വിവരങ്ങള്‍ പോയി.

നടപടിയായി. കമ്പനിയുടെ മലിനീകരണം പഠിക്കാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പ്രവര്‍ത്തനം തുടങ്ങുന്നതായി അറിയിപ്പുണ്ടായി. ജനജീവിതം സാധാരണ നിലയിലായി.

മാഷ്‌ കമ്പനിപ്പടിയിലേക്കുള്ള വരവു കുറച്ചു. തനിക്കൊന്നും ചെയ്യാനില്ല. യൂണിയന്‍ പ്രവര്‍ത്തനം തനിക്കിണങ്ങുന്നതല്ല. കുര്യാക്കോ... അവന്‍ ഇതില്‍ ശോഭിക്കും. മീന്‍കാരന്‍ ചാത്തുണ്ണിയുടെ മകന്‍ മീന്‍കാരന്‍ കുര്യാക്കോയാവില്ലെന്നുറപ്പ്‌. അവെ‍ന്‍റ കാര്യത്തില്‍ മാഷിന്‌ ആശ്വാസം തോന്നി.

സംഘാടകര്‍ കുര്യാക്കോ... നേതൃഗുണമുള്ളവന്‍.... അദ്ദേഹത്തിന്‌ അവനെക്കുറിച്ചഭിമാനം തോന്നി. ആളുകളെ കൃത്യമായി ജോലിക്ക്‌ കയറ്റുന്നുണ്ട്‌. അവരുടെ അവകാശങ്ങള്‍ മാനേജ്മെന്‍റിനെ അറിയിക്കുന്നു. വാങ്ങിച്ചുകൊടുക്കുന്നു. ഇതിലപ്പുറം എന്തു വേണം?

കുര്യാക്കോ വളരുകയായിരുന്നു.

പൊക്കാമറ്റം കവല മാറി. ഗ്രാമവും മാറിക്കൊണ്ടിരുന്നു.

തിരക്കിനിടയിലും കുര്യാക്കോയുടെ മനസില്‍ ഒരു പരല്‍മീന്‍ പിടയ്ക്കുന്നുണ്ടായിരുന്നു. വേളൂര്‍ തോട്ടിലെ കൈതപ്പൊന്തയ്ക്കിടയിലൂടെ ഒഴുക്കുവെള്ളത്തില്‍ തുടിച്ചു നില്‍ക്കുന്ന അന്നക്കുട്ടിയെന്ന പരല്‍ മീന്‍...

3 comments:

Cibu C J (സിബു) said...
This comment has been removed by the author.
Cibu C J (സിബു) said...

‘ന്റെ’ ശരിയല്ലല്ലോ.. വരമൊഴിയാണുപയോഗിക്കുന്നതെങ്കില്‍:

nte = ന്റെ

sadas said...

നന്ദി സിബു പാഞ്ചാരി ഫൊണ്ടില്‍ നിന്ന് വരമൊഴി ഉപയോഗിച്ചു convert ചെയ്തെടുത്തപ്പൊള്‍ പറ്റിയതാണു