Friday, July 4, 2008

കരിമുകള്‍- ഇരുപത്തിനാല്‌



ഇരുപത്തിനാല്‌

ദേവകിയമ്മ മാഷില്ലാത്ത വീട്ടില്‍ ഒറ്റയ്ക്ക്‌ താടിക്കു കൈ കൊടുത്ത്‌ ആലോചിച്ചിരുന്നു. മതിലിനപ്പുറം ഇരമ്പുന്ന കമ്പനി. മുറ്റം നിറയെ കരിക്കാടി വീണു പടര്‍ന്നിരിക്കുന്നു. മുങ്ങിക്കുളിച്ചിട്ടു നാളുകളായി. കുളത്തിലെ വെള്ളം കഷായം പോലെ കറുത്തു കിടന്നു.

പടിക്കല്‍ നിന്ന്‌ ആരോ വരുന്നുണ്ടെന്നു തോന്നും. ശ്രദ്ധിച്ചു നോക്കുമ്പോള്‍ ആരുമുണ്ടായിരിക്കില്ല. അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കുന്നു മാഷ്‌ പോയിട്ട്‌. ഒരിക്കല്‍ പാര്‍ട്ടിക്കാരെല്ലാം കൂടി അദ്ദേഹത്തെ കാണിക്കാനായി ജയിലില്‍ കൊണ്ടുപോയി. ഒരു ദിവസം മുഴുവന്‍ ട്രെയിനിലായിരുന്നു യാത്ര.

അന്നു കണ്ടു.

മുഖം നന്നായി ചൊട്ടിയിട്ടുണ്ട്‌. നരയും നന്നായി കേറിയിട്ടുണ്ട്‌. ജയില്‍ക്കുപ്പായമാണ്‌ ധരിച്ചിരുന്നത്‌. അഴികള്‍ക്കപ്പുറത്തുവന്നു നിന്നു. എന്നും കാണുന്ന പോലുള്ള പെരുമാറ്റം.

'എന്തിനാ കഷ്ടപ്പെട്ട്‌ ഇത്രേം ദൂരം...?"

ആ കണ്ണുകളിലെ സാത്വികഭാവം അത്‌ എല്ലാക്കാലത്തുമുണ്ടായിരുന്നു.

അധികനേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. കണ്ണില്‍നിന്നു വെള്ളം ഉരുണ്ടുകൂടിയത്‌ അമര്‍ത്തിത്തുടച്ചു.

"നീ സന്ധ്യക്ക്‌ മുമ്പ്‌ തിരിച്ചു പൊക്കോളൂ... ഞാനുടനെ വരും.... ധൈര്യമായിട്ടിരിക്കു..."

"മുറ്റത്തുള്ള തുളസിയെല്ലാം നനച്ചു നിര്‍ത്തണം. കൊടുവേലിക്കിഴങ്ങ്‌ എല്ലാം പോയോ? മനുഷ്യസ്പര്‍ശം കുറഞ്ഞാല്‍ അവ പോകും. പാടത്ത്‌ എന്തെങ്കിലും പാവലോ മത്തനോ വെണ്ടയോ കൃഷി ചെയ്യിക്കണം. നെല്‍ കൃഷികൊണ്ട്‌ കാര്യമില്ല. നികത്തി വാഴയും കവുങ്ങുമായാലോ? കവുങ്ങുകളില്‍ കുരുമുളക്‌ അസ്സലായിട്ടു പിടിക്കും. അടയ്ക്കയുമുണ്ടാകും. പക്ഷേ, അടയ്ക്ക പറിക്കാന്‍ പാടുപൊടും..."

പിന്നീടെന്തോ ഓര്‍ത്ത പോലെ മുഖം മ്ലാനമായി.

ശിക്ഷ കഴിഞ്ഞ്‌ ഇവിടുന്ന്‌ ഒന്നിറങ്ങീട്ടാവാം... എല്ലാം... നിന്നേക്കൊണ്ട്‌ എന്താവാന്‍...?

അവര്‍ക്കിടയില്‍ നീണ്ട നിശ്ശബദ്ത.

ദേവകിയമ്മയുടെ പ്രകൃതവും രൂപവും മാറിയിട്ടുണ്ട്‌. പണ്ട്‌ നല്ല തൂവെള്ള മുണ്ടും നേരീതുമായിരുന്നു വേഷം. രാവിലെ ഇളം ചൂടുവെള്ളത്തില്‍ കുളി. നരച്ചു തുടങ്ങിയ മുടിയുടെ അറ്റത്ത്‌ തുളസിക്കതിര്‍. നെറ്റിയിലെ ചന്ദനനടുവിലും സുന്ദൂരരേഖയിലും കുങ്കുമം.

പടിക്കല്‍ കൂടി കുറേ പുല്ലുകാരി പെണ്ണുങ്ങള്‌ കടന്നുപോയി. എല്ലാവരും പുല്ലുകെട്ടു ഗേറ്റിനരുകിലെ പൊക്കം കുറഞ്ഞ മതിലില്‍ താങ്ങിനിര്‍ത്തി നിന്നു കിതച്ചു.

"ദേവ്വേമ്മേ... ഇത്തിരി കുടിക്കാനെന്തെങ്കിലും തര്‍വോ?..." ഒരുവള്‍ വിളിച്ചു ചോദിച്ചു.

"ഇവടൊന്നുല്യാ... പച്ചോള്ളം വേണോങ്കീ ദാ... കെണറീന്ന്‌ കോരിക്കുടിച്ചോ?"

പുല്ലുകാരി പെണ്ണുക്കത്‌ സങ്കടമായി. അവര്‍ പരിഭവം പറഞ്ഞു.

"കമ്പനിപ്പാടം മൊതല്‌ ചൊമന്നൂണ്ട്‌ വരണ വരവാ... ദേവ്വേമ്മേ.... പച്ചോള്ളം കുടിച്ചാല്‌ ശരീരത്തിന്‌ നീര്‍ക്കെട്ടല്‌ വീഴും... കഞ്ഞ്യോള്ളം ഇല്ലേ..? രിത്തിരി കഞ്ഞ്യോള്ളം കിട്ട്യാ മത്യാര്‍ന്നു..."

ദേവകിയമ്മ കഞ്ഞി വച്ചിരുന്നില്ല.

ഒരിക്കലും ആ വീട്ടില്‍ അങ്ങനെ സംഭവിക്കാറുള്ളതല്ല. മാഷുണ്ടായിരുന്നപ്പോള്‍ പുല്ലുകാരിപ്പെണ്ണുങ്ങള്‍ക്ക്‌ കഞ്ഞിവെള്ളമല്ല, കഞ്ഞി തന്നെയായിരുന്നു കൊടുക്കാറുണ്ടായിരുന്നത്‌.

പെണ്ണുങ്ങള്‍ വെളുപ്പിന്‌ അഞ്ചുമണിക്ക്‌ എണീറ്റ്‌ പല്ലുപോലും തേക്കാതെ കൂട്ടമായി കമ്പനിപ്പാടത്തേക്ക്‌ ഒന്നിച്ചു പോകുന്നവരാണ്‌. ഇരുട്ടു മാറിയിട്ടുണ്ടാവില്ല. നേരെ നടന്ന്‌ പൊക്കാമറ്റം കവലയിലെത്തി സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ച്‌ പൊളിഞ്ഞു വീണ മതിലിലൂടെ കമ്പനിക്കകത്തു കടക്കും. കമ്പനിപ്പാടം നിറയെ പോതപ്പുല്ല്‌ കിളിര്‍ത്തു നില്‍ക്കുന്നുണ്ട്‌. താഴെ വിഷജലമുണ്ടെങ്കിലും മുകളില്‍ നിന്നു പറ്റേ ചെത്തിയെടുത്താല്‍ മതി.

പെണ്ണുങ്ങള്‍ പുല്ലരിഞ്ഞു തുടങ്ങുമ്പോഴാണ്‌ വിശേഷം. വലിയ ഇനം പോത്തട്ടകള്‍ കാലില്‍ കടിച്ചു തൂങ്ങും. അവ ഒരു സിറിഞ്ചിലെന്നപോലെ ചോരയൂറ്റി കുടിക്കുകയും ചെയ്യും.

പോത്തട്ടകള്‍ കടിച്ചാല്‍ പിടി വിടുകയില്ല. ചോര കുടിച്ചു മതിയാക്കി താഴെ ഇറങ്ങണം. അതുവരെ പനമരത്തിലെ കടവാവ്വലുകള്‍ പോലെ അതു കടിച്ചു തൂങ്ങിക്കിടക്കും.

അട്ടകടി പെണ്ണുങ്ങള്‍ക്ക്‌ പുത്തരിയല്ല. അവര്‍ മടിയില്‍നിന്ന്‌ മുറുക്കാനെടുത്ത്‌ നാലുംകൂട്ടി മുറുക്കി അട്ടയുടെ മേലേക്ക്‌ തുപ്പും. താമ്പൂലമേറ്റാല്‍ അവന്‌ പിടിച്ചുനില്‍ക്കാനാവില്ല. ഉടന്‍ താഴെ വീണു കുടിച്ച രക്തം മുഴുവന്‍ ഛര്‍ദ്ദിച്ച്‌ ചത്തുപോകും. പിന്നീട്‌ നേര്‍ത്ത പാട പോലെയാവും. അവന്‍ കിടക്കുന്നിടത്തു നാഴി ചോര തളംകെട്ടും.

പോത്തട്ടകള്‍ക്കു പട്ടിണി പുത്തരിയല്ല. വര്‍ഷങ്ങളോളം അവ കമ്പനിപ്പാടത്തെ ചേറില്‍ പുതഞ്ഞു കിടക്കും. അപ്പോള്‍ ശരീരം ഒരു കാട്ടുജീരകം പോലെ ചെറുതായിരിക്കും ചോരയുള്ള മനുഷ്യനോ കന്നുകാലികളോ പരിസരത്തു വന്നാല്‍ തന്ത്രപൂര്‍വം ശരീരത്തില്‍ കയറിപ്പിടിക്കും. മുറിവുണ്ടാക്കി രക്തമൂറ്റുന്നത്‌ അറിയുകയേ ഇല്ല. പിന്നീട്‌ കാലില്‍ അമ്പഴങ്ങ പോലെയെന്തോ തൂങ്ങിയാടുമ്പോള്‍ മാത്രമാണ്‌ അറിയുക. അപ്പോഴേക്കും ഒരു ബലൂണില്‍ ചോര നിറച്ചപോലെയായിട്ടുണ്ടാവും.

ഈ അട്ടകളെ സഹിക്കാം... പക്ഷേ താമ്പൂലം കൊണ്ടു തുപ്പിയാല്‍ പോകാത്ത അട്ടകളുണ്ട്‌ കമ്പനിപ്പരിസരത്ത്‌... കുര്യാക്കോ, തങ്കയ്യന്‍, പിന്നെ.... പെണ്ണുങ്ങള്‍ അടക്കം പറയും.

രാവിലത്തെ വെയിലില്‍ നിരത്തിലൂടെ പുല്ലിന്‍കെട്ടുമായി നിരന്നു നീങ്ങുന്ന പെണ്ണുങ്ങള്‍...

അവരുടെ തൊണ്ട വരണ്ടുണങ്ങിയിരിക്കും.

മാഷുണ്ടായിരുന്നപ്പോള്‍ ഉമ്മറത്തുണ്ടെങ്കില്‍ വിളിച്ചു പറയും.

"ദേവകീ.. ദേ പുല്ലുകാരി പെണ്ണുങ്ങളു വന്നു. അവര്‍ക്കിത്തിരി കഞ്ഞിവെള്ളം ഉപ്പിട്ട്‌ കൊട്‌"
അതൊരാശ്വാസമായിരുന്നു. ദേവകിയമ്മ കഞ്ഞിവെള്ളം മാത്രമല്ല കൊടുക്കാറുള്ളത്‌. അതില്‍ കുറച്ച്‌ വറ്റുമുണ്ടാവും. പിന്നെയൊരല്‍പം കടുമാങ്ങാക്കറി...

മനസുകൊണ്ട്‌ ഈ പെണ്ണുങ്ങളെല്ലാം ആ ഹൃദയങ്ങള്‍ക്കു നന്മ കൊടുത്തിട്ടുണ്ട്‌... എന്നിട്ടും ആ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചോര്‍ത്ത്‌ അവര്‍ നെടുവീര്‍പ്പിട്ടു.

വിധിയെത്തടുക്കാന്‍ കഴിയുമോ?

ഇപ്പോള്‍ ദേവകിയമ്മയ്ക്കധികം മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാല്‍ അല്‍പമെന്തെങ്കിലും മിണ്ടിയാലായി. ചിലപ്പോള്‍ കേട്ടിട്ടുണ്ടാവില്ല.

ഈയിടെ പുല്ലുകാരി പെണ്ണുങ്ങള്‍ക്ക്‌ ചില സംശയം തോന്നിത്തുടങ്ങി.

ഈ ദേവകിയമ്മയ്ക്ക്‌ തലയ്ക്ക്‌ എന്തെങ്കിലും തകരാറു പറ്റിയിട്ടുണ്ടോ...?

അതിനു കാരണമുണ്ടായി.

മാഷിന്റെ ഇറയവും മുറികളും സിമന്‍റിട്ടതായിരുന്നു. രാവിലെ പുല്ലിനുപോയ പെണ്ണുങ്ങള്‍ ഇതുവരെ കാണാത്ത ഒരു കാഴ്ച കണ്ടു.

ദേവികയമ്മ എവിടെ നിന്നോ കുറെ പശുവിന്‍ ചാണകം കൊണ്ടുന്ന്‌ വെളുപ്പിന്‌ അഞ്ചു മണിക്ക്‌ ഉമ്മറത്തെ സിമന്‍റിട്ട ഇറയം മെഴുകുന്നു.

ആദ്യമത്‌ പെണ്ണുങ്ങള്‍ക്ക്‌ വിശ്വാസം വന്നില്ല. അവര്‍ അടുത്തു ചെന്നു നോക്കി.

"എന്തു ഭ്രാന്താ ദേവകിയമ്മേ ഈ കാട്ടണത്‌?"

ഒരുത്തി വിളിച്ചുചോദിച്ചു.

ദേവകിയമ്മ ഒന്നും സംഭവിക്കാത്തതുപോലെ മറുപടി പറഞ്ഞു തുടങ്ങി.

"മാഷിനു ശുദ്ധം നിര്‍ബന്ധാ... ചാണകം കൊണ്ടു മെഴുകിയാല്‍ കരിപ്പൊടിയുടെ അസ്കിതകളെല്ലാം മാറുമെന്നു കേള്‍ക്കുന്നു. മാഷ്‌ വരുമ്പോള്‍ ഇവിടെയെല്ലാം കരി പിടിച്ചു കിടന്നാല്‍ വെഷമമാവും."

പുല്ലുകാരികള്‍ മുഖത്തോടു മുഖം നോക്കി, മൂക്കത്തു വിരല്‍വച്ചു.

ഇങ്ങനെയുള്ള ഓരോരോ പ്രവര്‍ത്തികള്‍...

ചിലപ്പോള്‍ മണിക്കൂറുകളോളം ഉമ്മറത്ത്‌ കുത്തിയിരുന്ന്‌ പടിക്കലേക്ക്‌ നോക്കി കണ്ണീരൊലിപ്പിക്കുന്നതു കാണാം. ആരെന്തു ചോദിച്ചാലും കേട്ട ഭാവമില്ല.

ഇടയ്ക്കെല്ലാം ഒറ്റയ്ക്കിരുന്ന്‌ എന്തെല്ലാമോ പിറുപിറുക്കും.

നാളുകള്‍ കഴിഞ്ഞപ്പോള്‍ ദേവകിയമ്മയ്ക്ക്‌ ഒന്നിലും ശ്രദ്ധയില്ലാതെയായി. മുറ്റത്തു മുഴുവന്‍ മുത്തങ്ങാപ്പുല്ലുകള്‍ വളര്‍ന്നുകേറി മറിഞ്ഞു കിടന്നു.അടിച്ചുതളി നിന്നു. ഇപ്പോള്‍ തീപോലും പുകയാറില്ല. പലപ്പോഴും പട്ടിണിയിലാണ്‌ ദേവകിയമ്മ.

അവസ്ഥകള്‍ മനസ്സിലാക്കി ശങ്കുവേട്ടെ‍ന്‍റ രണ്ടാം ഭാര്യ ലക്ഷ്മി ഒരിക്കല്‍ മാഷിെ‍ന്‍റ വീട്ടില്‍വന്നു. എന്തൊക്കെയോ ചില ആഹാര സാധനങ്ങളും കൊണ്ടുവന്നു.

ലക്ഷ്മി ചുറ്റും നോക്കിയപ്പോള്‍ ദേവകിയമ്മയെ അവിടെയെങ്ങും കണ്ടില്ല. അവര്‍ കമ്പനിയ്ക്കെടുത്ത പാടത്തേക്കിറങ്ങിയിരുന്നു.

പുല്ലുകാരി പെണ്ണുങ്ങള്‍ ഇപ്പോള്‍ ദേവകിയമ്മയോട്‌ കഞ്ഞിവെള്ളം ചോദിക്കാറില്ല. അവര്‍ക്ക്‌ ആളുകളെ തിരിച്ചറിയുന്നുണ്ടോയെന്നു തന്നെ സംശയം.

കരി പിടിച്ചു കിടക്കുന്ന വീട്‌ വൃത്തിയാക്കണമെന്ന ചിന്ത മാത്രമാണവര്‍ക്ക്‌. അതിനായി അവരുടെ അബോധമനസ്‌ ചെയ്തു കൂട്ടുന്ന അബദ്ധങ്ങള്‍കൊണ്ടു വീടും പരിസരവും കൂടുതല്‍ വൃത്തികേടായിക്കൊണ്ടിരുന്നു.

ചോദിക്കാനോ പറയാനോ ആരുമില്ല. മാഷ്‌ ജയിലിലെ പുസ്തകങ്ങള്‍ക്കിടയില്‍ ഇരട്ടവാലനെപ്പോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സാമ്രാജ്യത്ത്വങ്ങള്‍, ക്ലാസിക്കുകള്‍, ഗണിതമേഖല, ഭാഷാ സാഹിത്യം, കവിത തുടങ്ങിയവയിലെല്ലാം കയറിയിറങ്ങി കാലം കഴിക്കുന്നു.

ഈയിടെ ദേവകിയമ്മയ്ക്ക്‌ ദിവസത്തില്‍ കൂടുതല്‍ സമയം കുളിക്കണമെന്ന ചിന്തയാണ്‌.

ശുദ്ധിയില്ലെന്ന തോന്നല്‍ അവരെ സദാ സമയവും അലട്ടി. അതിനായി കരിവെള്ളം കെട്ടി കിടന്ന കുളത്തിലും എണ്ണപ്പാട കെട്ടിയ തോട്ടിലും നൂറ്റൊന്നു മുങ്ങലുകള്‍ വീതം കാലത്തും വൈകീട്ടും നടത്തി.

എന്നിട്ടും തൃപ്തിയായില്ല.

വേളൂര്‍ തോട്ടിലെ അഴുക്കുവെള്ളം ഗംഗാജലമായി സങ്കല്‍പിച്ച്‌ അവര്‍ മുങ്ങിക്കൊണ്ടിരുന്നു.

ദേവകിയമ്മയുടെ അവസ്ഥ കണ്ട്‌ നാട്ടുകാര്‍ക്കു വിഷമം തോന്നി. പാവം ദേവകിയമ്മ. അതിന്റെ സമനില തെറ്റിയിരിക്കുന്നു. ചിലര്‍ പരസ്പരം പറഞ്ഞു.

മാഷുണ്ടായിരുന്നെങ്കില്‍ ദേവകിയമ്മയ്ക്കീ ഗതികേടുണ്ടാവുമായിരുന്നില്ല.

അവരുടെ ഈ മുങ്ങിക്കുളി ഗ്രാമമൊട്ടുക്കും പ്രസിദ്ധമായി. ചില വികൃതികള്‍ അവര്‍ മുങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ കരയിലിരുന്ന്‌ എണ്ണാന്‍ തുടങ്ങും. നൂറ്റൊന്നു മുങ്ങലു കഴിഞ്ഞ്‌ തണുത്തു വിറച്ച്‌ ക്ഷീണിച്ച്‌ വെള്ളത്തില്‍ നിന്നുകേറി തല തോര്‍ത്താന്‍ തുടങ്ങുമ്പോള്‍ അവര്‍ തമാശയായി പറയും...

"ദേവ്വേമ്മേ... നൂറ്റൊന്നു മുങ്ങലായില്ല. വെറും എണ്‍പത്തിനാലെ ആയുള്ളൂ... ബാക്കി കൂടി മുങ്ങിയാലേ ഫലമുള്ളൂ... ശുദ്ധമാകൂ..."

ശുദ്ധഗതിക്കാരി ഇതു സത്യമെന്നു കരുതി വീണ്ടും വെള്ളത്തില്‍ കിടന്നു മുങ്ങിത്തുടിക്കും.

അവരുടെ ഈ സ്വഭാവം മൂലം ഉണ്ടായിരുന്ന വെള്ള സെറ്റുമുണ്ടുകളെല്ലാം കരിമ്പന്‍ കയറി നശിച്ചു. പുതിയതൊന്നുമില്ല താനും. ഉള്ളവയില്‍ ചിലത്‌ ഈറനോടെ പലയിടത്തും ചുരുട്ടിവച്ചു. നിവര്‍ത്തിയിടാന്‍ മറന്നു.

വീട്ടില്‍ വയ്പും കുടിയുമില്ലാതെയായി. ദേവകിയമ്മയുടെ ശരീരമെല്ലാം ചുക്കിച്ചുളിഞ്ഞു. കണ്ണുകളെല്ലാം കുഴിയിലായി. അവര്‍ നാടൊട്ടുക്കും അലഞ്ഞുനടന്നു...

ഒരു ദിവസം ദേവകിയമ്മ വീട്ടിലെത്തിയില്ല. പുല്ലുകാരി പെണ്ണുങ്ങള്‍ വീടിനു ചുറ്റുംനടന്നു വിളിച്ചു നോക്കി. അനക്കമില്ല.

കമ്പനിപ്പാടത്തേക്കിറങ്ങുന്ന പെരുമ്പിളിത്തൊണ്ടുവഴി നടന്നുപോയ ഒരു വഴിപോക്കന്‍ ദേവകിയമ്മയെ കണ്ടു. തൊണ്ടിലെ കാട്ടുവെള്ളം ഒഴുകിയുണ്ടായ ഒരു കുഴിയില്‍ കാലിറക്കിവച്ച്‌ അവരങ്ങനെ ഇരിക്കുകയാണ്‌.

അയാള്‍ എന്തൊക്കെയോ ചോദിച്ചു. പക്ഷേ ഉത്തരമുണ്ടായില്ല.

ചോന്നനുറുമ്പുകള്‍ കാലിലൂടെ വരിവരിയായി മേലോട്ടു കയറി ശരീരം മുഴുവന്‍ അലഞ്ഞു നടക്കുന്നു. അവരുടെ മനസ്‌ പൂര്‍ണമായും എവിടെയോ കൈമോശം വന്നുകഴിഞ്ഞിരുന്നു.

No comments: