Saturday, July 12, 2008

കരിമുകള്‍- പതിനാറ്‌


പതിനാറ്‌

കമ്പനികളുള്ളിടത്ത്‌ വിപ്ലവകാരികളുണ്ടാവും. നാട്ടിലെങ്ങും അവര്‍ അലഞ്ഞു നടന്നു. ടാങ്കുകള്‍ക്കിടയിലും ബോയിലറിനു കീഴേയും പള്ളിക്കൂടത്തിലും അവര്‍ നുഴഞ്ഞു കയറി. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി.

അവര്‍ക്ക്‌ കമ്പനി രാഷ്ട്രീയത്തില്‍ നിയതമായ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. സമത്വ സുന്ദര ലോകമാണ്‌ എല്ലാവരുടെയും ലക്ഷ്യങ്ങള്‍. പള്ളീലച്ചനും മന്ത്രവാദിയും കമ്യൂണിസ്റ്റുകളുമെല്ലാം കാലങ്ങളായി ആ ലോകമുണ്ടാക്കാനുള്ള പുറപ്പാടിലാണ്‌. പക്ഷേ എങ്ങനെ? ആരിലൂടെ...? എന്നാണ്‌ നടപ്പിലാക്കുകയെന്നുമറിയില്ല. പരമ്പരാഗതമായി വിപ്ലവം നടക്കും എന്നു മാത്രം എല്ലാക്കാലത്തും അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

സമത്വസുന്ദരമായ ലോക നിര്‍മ്മിതിക്കാവശ്യം മനുഷ്യസംസ്കാരത്തിന്‍റ വളര്‍ച്ചയാണ്‌. ആരോഗ്യമുള്ള ശരീരത്തിലും മനസിലും മാത്രമേ ഉയര്‍ന്ന ചിന്തകളും സംസ്കാര ബോധവും ഉടലെടുക്കുകയുള്ളൂ. അതിനെതിരെ നില്‍ക്കുന്ന വിപത്തുകള്‍ പലതാണ്‌. മദ്യവും മയക്കുമരുന്നും ഒരു സമൂഹത്തെ മൊത്തം നശിപ്പിക്കുന്നു. പക്ഷേ, അതിനെതിരെ പ്രതികരിക്കാന്‍ വിപ്ലവ പാര്‍ട്ടികള്‍ക്കാവില്ല. കാരണം പാര്‍ട്ടിയനുഭാവികള്‍ പാരമ്പര്യമായി മദ്യം വിറ്റു ജീവിക്കുന്നവരാണത്രെ! ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ വിപ്ലവ പാര്‍ട്ടികള്‍ എക്കാലവും പ്രചരിപ്പിച്ചുവന്നു.

മനുഷ്യനു മദ്യം വിറ്റു മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളോ? ജീവിക്കാന്‍ മേറ്റ്ന്തെല്ലാം തൊഴിലുകള്‍ ചെയ്യാം...?

പിന്നെ വ്യഭിചാരം. ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന തൊഴിലാണെന്ന മഹത്വം. കമ്പനിപ്പടിക്കലെ വിപ്ലവകാരികള്‍ ഈയിടെ ഓരോമനപ്പേരില്‍ അവരെ വിളിക്കാന്‍ തുടങ്ങി. ലൈംഗികത്തൊഴിലാളികള്‍. ചിന്നമുക്കിലെ ചിന്ന ലൈംഗിക മുതലാളി, അവളുടെ കൂടെയുള്ള പെണ്ണുങ്ങള്‍ തൊഴിലാളികള്‍. പാത്തും പതുങ്ങിയും കയറുന്നവന്‍ കസ്റ്റമേഴ്സ്‌. പോലീസ്‌ ഇടപെട്ടാല്‍ തൊഴില്‍ പ്രശ്നങ്ങളിലുള്ള പോലീസിടപെടല്‍...

രണ്ടു വിപ്ലവകാരികള്‍ ഇത്തരം ചിന്തകളിലൂടെ സഞ്ചരിച്ച്‌ ഒടുവിലെത്തിയത്‌ ട്രേഡ്‌യൂണിയന്‍ മുതലാളിത്തത്തിലാണ്‌. ട്രേഡ്‌ യൂണിയന്‍ മുതലാളി കുര്യാക്കോയെ ഒതുക്കേണ്ടതിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ച്‌ ക്ലാസുകള്‍ തന്നെ സംഘടിപ്പിക്കപ്പെട്ടു. തങ്കയ്യന്‍ പാര്‍ട്ടി സെക്രട്ടറി ആയതു മുതല്‍ കുര്യാക്കോയുടെ യൂണിയനെതിരെ പലവിധ പരസ്യ പ്രസ്താവനകളും പുറപ്പെടുവിച്ചിട്ടുണ്ട്‌.

പ്രസ്താവനകള്‍ പലപ്പോഴും കടലാസുപുലികളായി തീരാറാണ്‌ പതിവ്‌. പണത്തിലധിഷ്ഠിതമാണ്‌ കമ്പനി രാഷ്ട്രീയം. കുര്യാക്കോ കണക്കുപറഞ്ഞു കോണ്‍ട്രാക്ടര്‍മാരുടെ കയ്യില്‍നിന്നു കാശുവാങ്ങുന്നു.

ഇവിടെ അയാള്‍ക്കെതിരെ കര്‍ശന നിലപാടുകളെടുത്താല്‍ തനിക്കെന്തു ഗുണം? വിപ്ലവ പാര്‍ട്ടികളും ഇക്കാലത്ത്‌ പണത്തിനെ സ്നേഹിച്ചേ മതിയാവൂ...

ഇപ്പോള്‍ തങ്കയ്യനും കാശുവാങ്ങിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പാര്‍ട്ടിയോഗങ്ങളില്‍ അയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായപ്പോഴെല്ലാം വിമര്‍ശിച്ചവരെയെല്ലാം പലയിടങ്ങളിലും ഒറ്റപ്പെടുത്തി ഒതുക്കപ്പെട്ടു. പ്രതിഷേധിച്ച്‌ പാര്‍ട്ടിയില്‍നിന്നു പുറത്തുപോയവരാകട്ടെ വരിയുടച്ച വണ്ടിക്കാള കണക്കെ ശേഷകാലം വെറും കമ്പനിപ്പണിക്കാരായി ജീവിതം തള്ളിനീക്കി. ആരെയൊക്കെയോ ജീവിതകാലം മുഴുവന്‍ ഭയപ്പെട്ടു കഴിയാന്‍ വിധിച്ചതുപോലെ... അവര്‍ മൗനികളായി.

പുറത്തു സ്വകാര്യ സംഭാഷണങ്ങളില്‍ തങ്കയ്യന്‍ അഴിമതിക്കാരനാണെന്നു പറഞ്ഞവര്‍ പാര്‍ട്ടി മീറ്റിംഗുകളില്‍ വായ്പൊത്തിയിരുന്നു കടല കൊറിച്ചു.

ഈയിടെ കമ്പോണ്ടര്‍ ജോര്‍ജ്‌ തെ‍ന്‍റ ഡിസ്പെന്‍സറി അടച്ചു. കാരണം മറ്റൊന്നുമല്ല. ഗ്രാമത്തിലെ ജനങ്ങളെ ചികിത്സിച്ചു അയാള്‍ക്കുമടുത്തു. ഒരക്കിലും ഭേദമാവാത്ത രോഗങ്ങള്‍ക്കുവേണ്ടി അറിഞ്ഞുകൊണ്ടു മരുന്നുകൊടുക്കേണ്ടി വരിക ഒരു ചികിത്സകെ‍ന്‍റ ഗതികേടാണ്‌.

കമ്പോണ്ടര്‍ ജോര്‍ജ്‌ ചികിത്സിക്കുന്നുണ്ട്‌. പക്ഷേ, ആര്‍ക്കും രോഗം ഭേദമാകുന്നില്ല. രോഗം മാറാത്തിടത്തോളം കാലം ഡോക്ടറും ഡിസ്പെന്‍സറിയും നല്ലതല്ല.

ഡിസ്പെന്‍സറി അടയ്ക്കുന്നതിനെക്കുറിച്ച്‌ മാഷ്‌ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

"മാഷേ... ഈ നാട്ടില്‍ രോഗികള്‍ കൂടുകയല്ലാതെ കുറയുകയില്ല. ഇവിടെ ചികിത്സ വേണ്ടത്‌ രോഗികള്‍ക്കല്ല. അവരെ ഇത്തരത്തിലാക്കിയ ഈ കമ്പനികള്‍ക്കും ഇവിടുത്തെ നേതാക്കന്മാര്‍ക്കുമാണ്‌."

ആശുപത്രി നിര്‍ത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആ കെട്ടിടം തിരുവാങ്കുളം ബാറിന്റെ ഉടമ വിലയ്ക്കെടുത്തു മനോഹരമായി ഒരു വിദേശ മദ്യശാല ആരംഭിച്ചു. പൊക്കാമറ്റം ഷാപ്പിനേറ്റ ഒരടിയായി അത്‌. അവിടുത്തെ പല പതിവു കൂലിപ്പണിക്കാരാരും ആനമയക്കി വിട്ട്‌ ഇപ്പോള്‍ വിദേശം രുചിക്കാന്‍ തുടങ്ങിയിരുന്നു.

ഇരുപത്തിനാലു മണിക്കൂറും എന്ന കണക്കില്‍ ബ്രാണ്ടിക്കട പ്രവര്‍ത്തിച്ചു. ടാങ്കര്‍ ലോറിക്കാരും കമ്പനിപ്പണിക്കാരും ഊഴംകാത്തുനിന്നു. പൊടിപ്പന്‍ കച്ചവടം. കമ്പനിപ്പണിക്കാരില്‍ ചിലര്‍ വീട്ടിലെത്താതെ പൊക്കാമറ്റം കവലയില്‍തന്നെ വീണു കിടന്നു നേരംവെളുപ്പിച്ചു.

വിപ്ലവകാരികള്‍ പിന്നാമ്പുറം വഴി കയറി. വീര്യം കൂട്ടിക്കൊണ്ടിരുന്നു. ചിത്രപ്പുഴ മുതല്‍ പങ്ങാലിപ്പീടിക വരെയുള്ള മതിലുകളില്‍ തൊഴിലാളി പ്രബുദ്ധ മുദ്രാവാക്യങ്ങള്‍ മദ്യത്തിെ‍ന്‍റ പിന്‍ബലത്തോടെ എഴുതപ്പെട്ടു.

"വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടക്കൂ... അതൊരായുധമാണ്‌". എഴുതിയവരാരും പുസ്തകമെടുത്തില്ല. മറിച്ച്‌ മദ്യം കൈയ്യിലെടുത്തു...

ചിന്നമുക്കിലുയര്‍ന്ന ബഹുനില കെട്ടിടത്തിലെ വിലപിടിച്ച സോഫയിലിരുന്ന്‌ ചിന്ന നാലുംകൂട്ടി മുറുക്കി സ്വര്‍ണനിറമുള്ള കോളമ്പിയിലേക്കു കാര്‍ക്കിച്ചു തുപ്പി. കമ്പനിപ്പണിക്കാരായ കസ്റ്റമേഴ്സിനെ വിവിധ മുറികളിലേക്കു പറഞ്ഞുവിട്ട്‌ വിയര്‍പ്പിെ‍ന്‍റ ഗന്ധമുള്ള നോട്ടുകള്‍ അവര്‍ തടിച്ച മാറിനുള്ളില്‍ തിരുകിവച്ചു.

അകത്തെ മുറിയില്‍ കുപ്പിവളകളുടെ കിലുക്കം. മുറികള്‍ക്കുള്ളില്‍ ശുക്ലത്തിെ‍ന്‍റയും വിയര്‍പ്പിന്റെയും വാടമണം.

ചിന്നയുടെ ഫോണില്‍ ബുക്കിംഗുകളുടെ ചാകര മഴ... നോട്ടുകളില്‍ യൂറിയയും കരിപ്പൊടിയും ഒട്ടിപ്പിടിച്ചിരുന്നു.

അവള്‍ക്കിപ്പോള്‍ നല്ല സമയം. രാഷ്ട്രീയ ക്രിമിനല്‍ മാഫിയയുടെ ഇടനിലക്കാരി. മദ്രാസില്‍ നിന്നും കുടകില്‍നിന്നും പെണ്ണുങ്ങളെ എത്തിക്കാന്‍ മധ്യവര്‍ത്തികളുണ്ട്‌. ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റു ശൃംഖലയിലേക്കെന്നും പറഞ്ഞ്‌ അമ്പതോളം പെണ്ണുങ്ങളെ കയറ്റി അയച്ചുകഴിഞ്ഞു. അവിടെ അങ്ങനെയൊരു സൂപ്പര്‍ മാര്‍ക്കറ്റില്ല. ഇറച്ചിക്കച്ചവടമാണ്‌ ഇനി മുതല്‍ അവര്‍ക്കുള്ള പണി.

കെട്ടിടത്തിന്റെ പിന്നിലൂടെ ബാറില്‍ കയറിയ മൂന്നു വിപ്ലവകാരികള്‍ക്ക്‌ ബാര്‍ അടയ്ക്കാറായ സമയം അറിഞ്ഞില്ല. സപ്ലയര്‍ വന്നു തലചൊറിഞ്ഞു പറഞ്ഞു.

"സാറന്മാരെ... ഇനി ബാറടയ്ക്കണമായിരുന്നു..."

അവര്‍ 'കുറത്തി'യും 'യാത്രാമൊഴി'യും 'കാട്ടാളനും' പിന്നിട്ട്‌ 'ചാക്കാല'യിലെത്തി നില്‍ക്കുകയായിരുന്നു അന്നേരം.

തൊട്ടടുത്ത മുറിയില്‍ സൗജന്യമായി മദ്യപിക്കാനെത്തിയ പൊക്കാമറ്റം സ്റ്റേഷനിലെ എ.എസ്‌.ഐ പണിക്കര്‍. ആധുനിക കവിതയിലെ അന്തര്‍ധാരകളില്‍ മുങ്ങാംകുഴിയിട്ടു രസിച്ചു.

ബില്ലുകൊടുത്ത്‌ ബാക്കിയുള്ള ചില്ലറ പ്ലേറ്റില്‍ നിന്നെടുക്കാതെ വിപ്ലവകാരികള്‍ ബാറിനു വെളിയിലിറങ്ങി. പാര്‍ട്ടി തത്വസംഹിതകളുടെ നിബിഡമായ വനങ്ങളിലൂടെ ഒറ്റയും ഇരട്ടയും പിടിച്ചു രസിച്ചു. സിഗരറ്റു വലിച്ച്‌ വിശാലമായ ലോകത്തേക്ക്‌ പുക നിസാരമായി ഊതിവിട്ടു.

അവരുടെ ശരീരത്തില്‍നിന്ന്‌ വിപ്ലവത്തിന്റെയും കാളയിറച്ചിയുടെയും സിഗരറ്റിന്റെയും മണം പുറത്തുവരുന്നുണ്ടായിരുന്നു.

മൂന്നുപേരും മദ്യത്തിന്റെ വീര്യത്തില്‍ സര്‍വരാജ്യ തൊഴിലാളികളായി പൊതു റോഡിലൂടെ തെന്നിത്തെറിച്ചു നടന്നു. കൈലിമുണ്ടുടുത്ത ആരാധകന്‍ എ.എസ്‌.ഐ സൂക്തങ്ങള്‍ കേട്ട്‌ പിന്നാലെയും നടപ്പു തുടങ്ങി.

ഒരു വളവിലെത്തിയപ്പോള്‍ മനുഷ്യത്തൊടലുപോലെ യുവാക്കള്‍ പൊതുറോഡില്‍ നിറഞ്ഞുനിന്നു മൂത്രമൊഴിക്കാന്‍ തുടങ്ങി. ആരാധകന്‍ എ.എസ്‌.ഐ പണിക്കര്‍ ഓരോരുത്തരുടെയും മുഖത്തേക്കു ടോര്‍ച്ചടിച്ചു നോക്കി ആളുകളെ മനസിലാക്കി.

മൂന്നുപേരിലും വിപ്ലവം കത്തിക്കയറി ശിരസ്സിലിരുന്നു പുകഞ്ഞു.

"ഏതവനാടാ മുഖത്തേക്ക്‌ ടോര്‍ച്ചടിക്കുന്നത്‌? ദേ ഇതിലേക്കടിച്ചോടാ..."യെന്നും പറഞ്ഞ്‌ മൂന്നുപേരും മുണ്ടുപൊക്കിക്കാണിച്ചതും ഒരുമിച്ചായിരുന്നു.

പണിക്കര്‍ നാണം കെട്ടു ചൂളി പോയി. തന്റെ ദീര്‍ഘകാല സര്‍വീസിനിടയ്ക്ക്‌ അദ്ദേഹം ഇത്രയധികം ചെറുപ്പക്കാര്‍ നിരന്നുനിന്നു മനുഷ്യത്തൊടലുപോലെ തുണിപൊക്കി കാണിക്കുന്നത്‌ ആദ്യമായി കാണുകയായിരുന്നു.

ബോധം വീണപ്പോള്‍ പണിക്കര്‍ റോഡരുകില്‍ വീണു കിടക്കുകയായിരുന്നു. ഉടന്‍തന്നെ അയാള്‍ സ്റ്റേഷനിലെത്തി പോലീസ്‌ എന്നെഴുതിയ ജീപ്പ്പുമെടുത്ത്‌ മൂന്നു വിപ്ലവകാരികളെയും പൊക്കി രാത്രിയ്ക്കു രായ്മാനം അഴിക്കകത്തിട്ടു.

അന്നു രാത്രി സ്റ്റേഷനിലെ ലോക്കപ്പില്‍വച്ച്‌ നാറാണത്തുഭ്രാന്തനും മാനസാന്തരവും ചൊല്ലിച്ചിട്ടേ പണിക്കര്‍ വീട്ടില്‍ പോയുള്ളൂ.

പിറ്റേന്ന്‌ പാര്‍ട്ടി സെക്രട്ടറി തങ്കയ്യന്‍ ഇവര്‍ക്കു വേണ്ടി ജാമ്യമെടുക്കാനായി ചെന്നപ്പോള്‍ അവര്‍ക്കു മൂത്രം പോകുന്നില്ലായിരുന്നത്രെ...!

No comments: