Thursday, July 17, 2008

കരിമുകള്‍- പതിനൊന്ന്‌



പതിനൊന്ന്‌

ജോസഫിന്റെ കോണ്‍ട്രാക്ട്‌ പണിയും കുര്യാക്കോയുടെ വീടു പണിയും ഒരേ സമയത്തു നടക്കുകയാണ്‌. കുര്യാക്കോയ്ക്ക്‌ ഈ വീടിന്റെ ആവശ്യമില്ല. കുടുംബമെന്നു പറയാനാരുമില്ല. അപ്പന്‍ ചാത്തുണ്ണി മരിച്ചതിനുശേഷം കുറെനാള്‍ അപ്പെ‍ന്‍റ മീന്‍ കച്ചവടം നടത്തി നോക്കിയതാണ്‌.

വെളുപ്പിന്‌ നാലുമണിക്കെഴുന്നേറ്റു പൊക്കാമറ്റം കവലയില്‍നിന്നും മീന്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര കടവിലെത്തണം. അവിടെ ബോട്ടുകാര്‌ വന്നടുക്കണ സമയം. ഓരോ കൊട്ട അയിലയോ മത്തിയോ വാങ്ങി സൈക്കിളിെ‍ന്‍റ പുറകില്‍ വച്ചുകെട്ടി പൊക്കാമറ്റത്തേക്കു ചവിട്ടും...

ചിത്രപ്പുഴ കയറ്റം വരെ സൈക്കിളിലിരുന്നു പോരാം. അവിടുന്ന്‌ അരമണിക്കൂര്‍ മീന്‍ വണ്ടി ഉന്തണം. നടുവിെ‍ന്‍റ പ്ലേറ്റിളകിപോകുന്ന കയറ്റമാണ്‌. ഇടയ്ക്കൊന്നും കാക്കയ്ക്കിരിക്കാനുള്ള തണല്‍ പോലുമില്ല.

കയറ്റംകയറി പകുതിയായാല്‍ റോഡരുകില്‍ ഒരു കൂറ്റന്‍ പാലമരം തണല്‍ വിരിച്ചു നില്‍ക്കുന്നുണ്ട്‌. അതിന്റെ ചുവട്ടില്‍ വഴിയാത്രക്കാരും മീന്‍കാരും ചൂടുകാലത്തു കുറേ നേരം ചിലവഴിക്കും. പിന്നീട്‌ പൊക്കാമറ്റം കവലയിലേക്കു ചവിട്ടി വിടും.

പാല നില്‍ക്കുന്നിടത്തുനിന്നു തിരിഞ്ഞു പോകുന്ന ചെമ്മണ്ണു പാത അമ്പലത്തും കാവ്‌ ദേവീക്ഷേത്രത്തിലേക്കുള്ളതാണ്‌. ഉഗ്രമൂര്‍ത്തിയായ കാളിയാണ്‌ പ്രതിഷ്ഠ. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതിയാണ്‌. വഴിപാടുകള്‍ ചുവന്ന പട്ടും ചെത്തിപ്പൂവും കൂട്ടുപായസവും. വിശ്വാസികള്‍ വെളുപ്പിനേ നടയിലെത്തും. മിക്കവാറും സ്ത്രീകളാണ്‌ തൊഴാന്‍ വരുന്നത്‌. പാല മരത്തില്‍ മിക്കവാറും എല്ലാക്കാലങ്ങളിലും പൂക്കളുണ്ടായിരുന്നു. ചിത്രപ്പുഴയില്‍ നിന്നടിക്കുന്ന പടിഞ്ഞാറന്‍ കാറ്റില്‍ ഈ പൂക്കളുടെ ഗന്ധം അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും.

ഗ്രാമത്തില്‍ പാല പൂത്ത മണം ദേവീപ്രസാദം പോലെ പരന്നു നടന്നു. പക്ഷേ, എണ്ണക്കമ്പനീലെ കരിഓയില്‍ കത്തുന്ന മണം ശ്വസിച്ചു ശീലിച്ച ഗ്രാമ വാസികളില്‍ ഇത്തരം പ്രകൃതി സുഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ടിരുന്നു.

പൊക്കാമറ്റം കവലയിലെ മാവിന്‍ ചുവട്ടില്‍ മീന്‍വില്‍പന ഉച്ചയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങും. മീന്‍ കച്ചവട തന്ത്രങ്ങള്‍ കണ്ടു നില്‍ക്കാന്‍ രസകരമാണ്‌. എട്ടോ പത്തോ കച്ചവടക്കാരുണ്ടാവും. കമ്പനി മലയില്‍നിന്നു സമൃദ്ധമായി വട്ടയില പറിച്ച്‌ അടുക്കുകളായി അടുത്തുവച്ചിട്ടുണ്ട്‌. ചന്ത ബഹളമയമാക്കിയാണ്‌ കച്ചവടം. ഇടയ്ക്കെല്ലം കൂക്കിവിളികളും അടുത്ത കച്ചവടക്കാരനെ ചീത്ത പറഞ്ഞുമാണു ഘോഷം.

മീന്‍ വാങ്ങാനെത്തുന്ന ആളുകളോട്‌ തൊട്ടടുത്ത കച്ചവടക്കാരെ‍ന്‍റ മീനുകള്‍ വസൂരി പിടിച്ചതാണെന്നും ഒരാഴ്ച കഴിഞ്ഞ മീനുകളാണെന്നും പറഞ്ഞാണ്‌ കച്ചവട രീതി.

കുര്യാക്കോയുടെ അപ്പന്‍ ചാത്തുണ്ണി ഈ കച്ചവടത്തില്‍ മുമ്പനായിരുന്നു. ഒരു കൊട്ട മീന്‍ പറഞ്ഞ നേരംകൊണ്ടു തെ‍ന്‍റ വാക്‌ സാമര്‍ത്ഥ്യത്താല്‍ വിറ്റഴിച്ച്‌ അടുത്ത കച്ചവടക്കാരെ‍ന്‍റ സാധനവും വിറ്റുകൊടുക്കുമായിരുന്നു.

മീന്‍ കച്ചവടം ചെയ്യാന്‍ അപ്പന്‍ നിര്‍ബന്ധിച്ചപ്പോഴൊക്കെ കുര്യാക്കോ മുങ്ങിനടന്നു.

മീന്‍ കച്ചവടക്കാരനാവാന്‍ തനിക്കു പറ്റില്ല. ഏതെങ്കിലും ഒരു കമ്പനിയില്‍ ഒരു ചെറിയ പണി മാത്രം കിട്ടിയാല്‍ മതി.

അപ്പന്‍ മരിച്ചതിനുശേഷം കുര്യാക്കോ ഒറ്റപ്പെടലിെ‍ന്‍റ വേദന തിരിച്ചറിഞ്ഞു. മീന്‍കാരെ‍ന്‍റ മകനായതുകൊണ്ടുമാത്രം നിഷേധിക്കപ്പെട്ട സാമൂഹിക ബന്ധങ്ങള്‍, സൗഹൃദങ്ങള്‍.

സ്കൂള്‍ പഠിത്തം നിന്നതോടെ കമ്പനിപ്പടിക്കലെ നിത്യസന്ദര്‍ശകനായി മാറി. പിന്നീട്‌ ജീവിത പാന്ഥാവ്‌ മുമ്പില്‍ തെളിയുകയായിരുന്നു.

ഇപ്പോള്‍ ട്രേഡ്‌ യൂണിയന്‍ നേതാവ്‌. ഭരണതലങ്ങളില്‍ പിടിപാടുള്ള അപൂര്‍വമാളുകളിലൊരാള്‍. ആയിരക്കണക്കിന്‌ കമ്പനിപ്പണിക്കാര്‍ പണിക്കു കയറുന്നതു തെ‍ന്‍റ തീരുമാനപ്രകാരമാണ്‌. പണവും അധികാരവും വരുമ്പോള്‍ കൂടെ ഒന്നുകൂടി ഉണ്ടാവും... ശത്രുക്കള്‍...!

പാര്‍ട്ടിയുടെ കമ്മിറ്റിയില്‍ കുര്യാക്കോയ്ക്ക്‌ പ്രഥമ സ്ഥാനം തന്നെയുണ്ടായിരുന്നു. യോഗത്തില്‍വച്ച്‌ ജില്ലാ സമ്മേളനത്തിനുള്ള ആളെ സംഘടിപ്പിക്കുന്ന ഉത്തരവാദിത്വവും പിരിവും അയാള്‍ ഏറ്റെടുത്തു.

തെ‍ന്‍റ കീഴിലെ എല്ലാ തൊഴിലാളികളും രണ്ടു ദിവസത്തെ ശമ്പളം പാര്‍ട്ടിക്കു കൊടുക്കാന്‍ കുര്യാക്കോ നിയമമുണ്ടാക്കി. ഒരു ദിവസത്തെ പാര്‍ട്ടിക്കും ഒരു ദിവസത്തെ കൂലി അയാളും വീതംവച്ചെടുത്തു.

ഇതിന്റെ പേരില്‍ അയാള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ റിബല്‍ ഗ്രൂപ്പുകളുണ്ടായി...

ജോസഫ്‌ കോണ്‍ട്രാക്ടര്‍ ഈയിടെ ഭേദപ്പെട്ട ഒരു കോണ്‍ട്രാക്ടിലൊപ്പുവച്ചു. കുര്യാക്കോയുടെ ചരടുവലികള്‍ അതിനു പിന്നിലുണ്ടായിരുന്നു.

പൊക്കാമറ്റം കാളിയാര്‍ റെയിവേ പദ്ധതിയുടെ മണ്ണു നികത്തല്‍ ജോലികളാണ്‌. പൊക്കാമറ്റത്തുനിന്നു കാളിയാര്‍ വരെയുള്ള പാടശേഖരങ്ങളിലേക്ക്‌ റെയില്‍വേ ലൈനിെ‍ന്‍റ വീതിയില്‍ മണ്ണിട്ടു നികത്തുന്ന പണി.

ഇത്രയുമധികം മണ്ണ്‌ എവിടെനിന്ന്‌ എടുക്കും? അയാള്‍ കുര്യാക്കോയുമായി ആലോചിച്ചു. പൊക്കാമറ്റത്ത്‌ ഒരു കൂറ്റന്‍ മലയുണ്ട്‌. അതു മൊത്തമായി ചുളുവിലയ്ക്കെടുത്ത്‌ മണ്ണെടുക്കുക. അമ്പതോളം ടിപ്പറുകള്‍ക്കു ഓര്‍ഡര്‍ പോയി. ബുള്‍ഡോസറുകളും പൊക്ലീനുകളും നിരന്നു.

ഒരു ദിവസം ജോസഫിെ‍ന്‍റ നേതൃത്വത്തില്‍ പൊക്കാമറ്റം മലയിലേക്ക്‌ മണ്ണുമാന്തി ഉപകരണങ്ങളും ടിപ്പറുമായി തൊഴിലാളികള്‍ കയറിച്ചെന്നു. അവിടെനിന്നു കാളിയാര്‍ റൂട്ടിലെ പാടങ്ങളും പുഴയും തോടുകളുമെല്ലാം നിരത്താന്‍ തുടങ്ങി. ടിപ്പറോടിക്കുന്ന ഡ്രൈവര്‍മാര്‍ ബാറ്റാകാശിനായി രാപകല്‍ ഉറക്കമിളച്ചു പണിയെടുത്തു.

ഏകദേശം ഒന്നര മാസംകൊണ്ട്‌ ആ മല നിരന്നുകിട്ടി.

ഭാഗ്യം കുര്യാക്കോയുടെ ഭാഗത്തായിരുന്നു. മണ്ണെടുത്ത സ്ഥലം കുഴിച്ചു ചെന്നപ്പോള്‍ നല്ലയിനം കരിങ്കല്‍ പാളികളാണ്‌ കണ്ടത്‌. മേടിച്ച ഭൂമിയുടെ എത്രയോ ഇരട്ടി വില ലാഭം കിട്ടുന്ന കരിങ്കല്‍ പാളികള്‍ ജോസഫിെ‍ന്‍റയും കുര്യാക്കോയുടെയും ജീവിതം തിരുത്തിക്കുറിച്ചു.

വലിയൊരു കരിങ്കല്‍ ക്വാറിയായി അവിടം രൂപപ്പെട്ടു. രാപകല്‍ പാറപൊട്ടിക്കുന്നതും തമരിെ‍ന്‍റ ശബ്ദവും നിറഞ്ഞുനിന്നു. ധാരാളം പാറമടത്തൊഴിലാളികള്‍ രാപകല്‍ പണിയെടുത്തു.

ലക്ഷക്കണക്കിന്‌ രൂപ മറിക്കാന്‍ കഴിയുന്ന വലിയൊരു കോണ്‍ട്രാക്ടറായി ജോസഫ്‌ അറിയപ്പെട്ടു. പണ്ട്‌ ആനമയക്കിയിലും പച്ചമുളക്‌ കടിച്ചും ജീവിതം സുന്ദരമാക്കിയിരുന്ന ജോസഫ്‌ തെ‍ന്‍റ നിലവാരം തിരുവാങ്കുളം ബാറിലേക്കാക്കി. മുന്തിയ വിദേശ മദ്യങ്ങള്‍ വാങ്ങിക്കുടിച്ചു. കഴുത്തിലൊരു സ്വര്‍ണത്തൊടലും സില്‍ക്കു ജുബ്ബയുമാണിഞ്ഞ്‌ കാറില്‍ ഡ്രൈവറെ വച്ച്‌ പിന്‍സീറ്റില്‍ കവച്ചിരുന്ന്‌ മലര്‍ന്നു കിടന്നു സഞ്ചരിച്ചു.

കുര്യാക്കോ യൂണിയന്‍ നേതാവായി ബൈക്കില്‍, ജോസഫിന്റെ വീട്ടിലും കമ്പനിയിലുമായി ചുറ്റിത്തിരിഞ്ഞു.

പണം വന്നുകഴിയുമ്പോള്‍ മനുഷ്യനു വിശ്വാസം കൂടുന്നു. പ്രത്യേകിച്ച്‌ ദൈവ വിശ്വാസം. ജോസഫ്‌ ഈയിടെ പള്ളിയിലൊന്നു പോയി. ജോസഫിനെ കണ്ടപ്പോള്‍ വികാരിയച്ചന്‌ വിശ്വസിക്കാനായില്ല. അദ്ദേഹം കാര്യമന്വേഷിച്ചു. "എന്താ ജോസഫേ ഈ വഴിക്കൊക്കെ? ഇവിടെ തനിക്കിണങ്ങുന്നതൊന്നുമില്ലല്ലോ?

"ഇങ്ങോട്ടു തന്നെയാണച്ചോ? ഞങ്ങളടെ പുതിയ വീടിെ‍ന്‍റ വെഞ്ചരിപ്പ്‌ അച്ചന്‍ നടത്തണം."

നീ വിയര്‍പ്പൊഴുക്കിയ വീടൊന്നുമല്ല അത്‌ എന്നെനിക്കറിയാം. അതു കുര്യാക്കോ ചെയ്യുന്ന പാപത്തിെ‍ന്‍റ പണം കൊണ്ടുണ്ടാക്കിയ വീടല്ലേ?

അവന്‍ സാധുക്കളായ തൊഴിലാളികളെ വഞ്ചിക്കുന്നു. നീ അതിനു കൂട്ടുനില്‍ക്കുന്നു. പാപക്കറ പുരണ്ട ആ വീടിെ‍ന്‍റ കൂദാശയ്ക്ക്‌ ഞാന്‍ വന്നാല്‍ ദൈവത്തോട്‌ എനിക്കു സമാധാനം പറയേണ്ടിവരും....

ജോസഫ്‌ യാത്ര പോലും പറയാന്‍ നില്‍ക്കാതെ മുറ്റത്തു കാറിത്തുപ്പി ദേഷ്യത്തില്‍ പള്ളിയില്‍നിന്നിറങ്ങി നടന്നു."

അച്ചന്‍ മനസ്സില്‍ കുറിച്ചിട്ടു... ദൈവഭയമില്ലാത്തവന്‍... എന്നെങ്കിലുമൊരിക്കല്‍ ഇവിടെയെത്താതിരിക്കില്ല.

4 comments:

Alex Jacob said...

Nice work frind, keep going, good luck!

Unknown said...

Good flow of words, Waiting for the next part !!

Unknown said...

Good flow of words, Waiting for the next part !!

sadas said...

നന്ദി വീണ്ടും വരിക സുഹൃത്തേ (alex, indu)

സദാശിവന്‍