Tuesday, July 8, 2008

കരിമുകള്‍- ഇരുപത്‌



ഇരുപത്‌

ജനകീയസമരം മാഷിന്റെ അറസ്റ്റോടെ ഏകദേശം അവസാനിച്ച പോലെയായി. കമ്പനികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

മാഷ്‌ ജയിലിലായതോടെ അദ്ദേഹത്തിന്റെ ഭാര്യ ദേവകിയുടെ കാര്യം കഷ്ടത്തിലായി. കൂട്ടിനോ അന്തിത്തുണയ്ക്കോ ഒരാളില്ലാതെ അവര്‍ ബുദ്ധിമുട്ടി. ഒരു മകളുള്ളത്‌ കുടുംബ സമേതം വിശാഖപട്ടണത്താണ്‌. ദേവകിയമ്മ സദാനേരവും ഒറ്റയിരുപ്പാണ്‌.

അധികമൊന്നും സംസാരിക്കാറില്ല. എന്തെങ്കിലും ചോദിക്കാനും പറയാനും അയല്‍പക്കങ്ങളുമില്ല. സ്ഥലമെടുപ്പുകള്‍ അയല്‍പക്കബന്ധങ്ങള്‍ തകര്‍ത്തു കളഞ്ഞിരുന്നല്ലോ?

മാഷിെ‍ന്‍റ തുളസിത്തറയിലെ തുളസി കരിഞ്ഞുണങ്ങി നിന്നു. കൈത്തലം കണികണ്ടുണര്‍ന്ന ആ സാത്വികന്‍ ജയിലഴികള്‍ കണി കാണുന്നു.

ഇറയത്തും മുറ്റത്തുമെല്ലാം കരിപ്പൊടി പാടകെട്ടിക്കിടന്നു. ശുഭ്രവസ്ത്രം മാത്രം ധരിച്ചു കാണാറുള്ള ദേവകിയമ്മ കരിപുരണ്ട വസ്ത്രങ്ങളുമായി ഉമ്മറത്തിരുന്നു.

മാഷ്‌ ഒാ‍മനിച്ചു വളര്‍ത്തിയിരുന്ന വൃക്ഷങ്ങളെല്ലാം ഇലകള്‍ പൊഴിഞ്ഞ്‌ വികൃതമായി നിന്നു. ഔഷധ സസ്യങ്ങള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങി.

കമ്പനിയിലെ സ്ഥിര ജോലിക്കാരുടെ കുടുംബ ജീവിതത്തില്‍ അനാരോഗ്യകരമായ മാത്സര്യബുദ്ധി നിറഞ്ഞുനിന്നു. ആഡംബരത്തിനായി അവര്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. പലപ്പോഴും അയല്‍ക്കാരെ‍ന്‍റ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ പലരുടെയും ഉറക്കം കെടുത്തി.

ഗ്രാമ ജീവിതത്തിന്റെ വിശുദ്ധിയും ജനജീവിതത്തിലെ സുതാര്യതയും നഷ്ടമായി.

കവലയിലെ ബാറിനുള്ളില്‍ മിക്കവാറും നല്ല തിരക്കുണ്ടാവാറുണ്ട്‌. കമ്പനികള്‍ ശമ്പളം കൊടുക്കുന്ന ഒന്നാം തീയതി കവലയിലേക്കു പോകാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍വാഹമില്ല. അത്രയധികം ആളുകള്‍ അവിടെ ആടിത്തൂങ്ങി നില്‍പ്പുണ്ടാവും. ചിലര്‍ ബോധം നശിച്ചു വീണു കിടക്കുന്നതും കാണാം.

ചിന്നയുടെ വീട്ടില്‍ പുതിയ ചില 'ഏര്‍പ്പാടുകള്‍' കൂടി തുടങ്ങിയിട്ടുണ്ട്‌. പണം വച്ചുള്ള റമ്മി കളിക്ക്‌ ഒരു വലിയ ഹാള്‍ തന്നെയുണ്ട്‌. ഒരേ സമയം ലക്ഷങ്ങള്‍ മറിയുന്ന ബിസിനസാണിത്‌.

അവള്‍ക്കു തലസ്ഥാനത്ത്‌ ആഭ്യന്തരവകുപ്പില്‍വരെ പിടിപാടുകളുണ്ട്‌. പട്ടണത്തിലെ പോലീസിന്റെ തലപ്പത്തേക്ക്‌ മാസാമാസം 'കവറു'കള്‍ പോകുന്നുണ്ട്‌. അതുകൊണ്ട്‌ പണിക്കര്‍ ആ ഭാഗത്തേക്കു നോക്കാറില്ല. പൊക്കാമറ്റം പോലീസിന്‌ അവളുടെ വീട്ടില്‍ നിയന്ത്രണവുമില്ലായിരുന്നു.

ചിന്ന മനസ്സറിഞ്ഞു ശ്രമിച്ചാല്‍ പണിക്കരുടെ തൊപ്പി അവിടെയുണ്ടാവില്ല. അതയാള്‍ക്കറിയാമായിരുന്നു...

വലിയ മീനുകളെ കാണുമ്പോള്‍ കൊക്ക്‌ കണ്ണടയ്ക്കുന്നതുപോലെ പണിക്കര്‍ ചിന്നയുടെ സാമ്രാജ്യം കണ്ടില്ലെന്നു നടിച്ചു.


No comments: