Sunday, July 13, 2008

കരിമുകള്‍- പതിനഞ്ച്‌


പതിനഞ്ച്‌


മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാര്‍ തങ്ങളുടെ ജോലിയാരംഭിച്ചിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു. പക്ഷേ, മലിനീകരണത്തിന്‌ ഇതേ വരെ കുറവൊന്നും വന്നിട്ടില്ല.

എണ്ണക്കമ്പനിയില്‍നിന്നുള്ള രൂക്ഷഗന്ധം ഇതേവരെ അവസാനിപ്പിച്ചിട്ടില്ല. പട്ടണത്തില്‍നിന്നു ഗ്രാമത്തിലേക്കു യാത്രയ്ക്കിടയില്‍ ചിത്രപ്പുഴ കയറ്റംകയറിത്തുടങ്ങുമ്പോള്‍ ഇതു തിരിച്ചറിയാം. ഗ്രാമത്തിലുള്ളവര്‍ക്ക്‌ ഇതു ശീലമായതിനാല്‍ കാര്യമാക്കാറില്ല. പക്ഷേ, പുതിയ ആളുകള്‍ ഇവിടെയെത്തുമ്പോള്‍ മനംപുരട്ടലും ഛര്‍ദ്ദിയും കണ്ണുകളില്‍ നിന്നു കുടുകുടെ വെള്ളമൊഴുക്കുമുണ്ട്‌.

ഉമ്മച്ചന്‍ ജീപ്പ്പുമെടുത്ത്‌ അന്നു പോയത്‌ കാര്‍ബണ്‍ കമ്പനിയിലേക്കാണ്‌. കമ്പനി ഡയറക്ടറുമായി ഒരു മീറ്റിംഗുണ്ട്‌. വിഷയം മലിനീകരണം. ഉമ്മച്ചന്‍ പഠന റിപ്പോര്‍ട്ട്‌ ഡയറക്ടറുടെ മേശപ്പുറത്തുവച്ചു. നൂറു ശതമാനം കമ്പനിയെ പ്രതിചേര്‍ത്തു നടപടി സ്വീകരിക്കാന്‍ വകുപ്പുകളുണ്ടായിരുന്നു.

അടച്ചിട്ട മുറിയില്‍ ഉമ്മച്ചനും ഡയറക്ടറും ഏറെ നേരം സംസാരിച്ചു. യോഗത്തിനുശേഷം തിരിച്ചു ജീപ്പ്പില്‍ വന്നു കയറിയ ഉമ്മച്ചെ‍ന്‍റ മുഖത്ത്‌ എന്തെന്നില്ലാത്ത സന്തോഷം കാണാമായിരുന്നു.

തിരുവല്ല ടൗണില്‍ പുതുതായി പണി തുടങ്ങിയിരിക്കുന്ന തെ‍ന്‍റ വീടിന്റെ പണികള്‍ ഡയറക്ടര്‍ ഏറ്റെടുത്തു നടത്തിക്കൊടുക്കും. പകരം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനയ്ക്കരുതെന്ന അഭ്യര്‍ത്ഥനയും....

ഓഫീസിലെത്തിയ പാടെ സര്‍വേ റിപ്പോര്‍ട്ടുകള്‍ ഉമ്മച്ചന്‍ ഓഫീസിന്റെ മൂലയിലെ കുട്ടയിലേക്കു വലിച്ചെറിഞ്ഞു കറങ്ങുന്ന കസേരയിലിരുന്ന്‌ കണ്ണടച്ചു.

പിന്നീടയാള്‍ ഒരുനുഷ്ഠാനംപോലെ കമ്പനി പരിസരത്തുനിന്നു സാമ്പിളുകള്‍ ശേഖരിച്ചുകൊണ്ടിരുന്നു. തിരുവല്ലയിലെ വീടുപണി വളരെ വേഗത്തില്‍ പൂര്‍ത്തിയാവുകയും ചെയ്തു.

ദിവസേന കമ്പനികളെക്കുറിച്ചു കിട്ടിക്കൊണ്ടിരിക്കുന്ന പരാതികള്‍ ചുവപ്പു നാടയില്‍ കൊരുത്തു മേശയ്ക്കടിയില്‍ കെട്ടുകളായി പൂഴ്ത്തിവച്ചു.

കാര്‍ബണ്‍ കമ്പനി മലിനീകരണം കുറച്ചില്ലെന്നു മാത്രമല്ല, പുതിയ രണ്ടു പ്ലാന്‍റുകൂടി പ്രവര്‍ത്തിക്കാനാരംഭിച്ചു.

ഗ്രാമത്തില്‍ ആദ്യം പെയ്യുന്ന മഴ കരിമഴയാണ്‌. കരിമഴ പെയ്ത നാടിന്‌ ജനങ്ങള്‍ നല്‍കിയ ഓമനപ്പേരാണ്‌ കരിമുകള്‍. കമ്പനികള്‍ ഒരുവര്‍ഷം മൊത്തമായി അന്തരീക്ഷത്തിലേക്കു തുറന്നു വിടുന്ന കരിപ്പൊടി വീടുകളിലും മരങ്ങളിലും വായുവിലും മറ്റും അടിഞ്ഞു കൂടിക്കൊണ്ടിരിക്കും. എന്നെങ്കിലും അപ്രതീക്ഷിതമായി മഴപെയ്യുമ്പോള്‍ ഈ നാട്ടില്‍ ചുവന്ന കലക്കല്‍ വെള്ളത്തിനു പകരം കരിവെള്ളമാണ്‌ ഒഴുകാറ്‌.

ഇവിടെയാര്‍ക്കും വെളുത്ത വസ്ത്രങ്ങളുപയോഗിക്കാനുള്ള യോഗമില്ല. വെളുക്കെ ചിരിക്കേണ്ട കാര്യമില്ല. ചിരിച്ചാല്‍ പല്ലിനടിയിലും കരിപ്പൊടി നിറയുന്ന ഗ്രാമം.

മഴ കഴിയുമ്പോള്‍ നാടിെ‍ന്‍റ യഥാര്‍ത്ഥ നിറം വന്നു ചേരും. പക്ഷേ, കരി പൂര്‍ണമായും മാറില്ല. മഴയത്ത്‌ മറ്റു കമ്പനികള്‍ രാസവസ്തുക്കളും പുഴയിലൊഴുക്കുന്നുണ്ട്‌.

ഉദ്യോഗസ്ഥന്മാര്‍ അവരവര്‍ക്കുള്ള ന്യായങ്ങള്‍ കണ്ടെത്തി. ഉമ്മച്ചന്‍ തെ‍ന്‍റ ഏഴു തലമുറയ്ക്കു കഴിയാനുള്ള സ്വത്തുക്കളുമായി പെന്‍ഷന്‍ പറ്റി. തിരുവല്ലയിലെ വീട്ടില്‍ വിശ്രമ ജീവിതം തുടങ്ങി. പുതിയ ആളെത്തി ജീപ്പ്പും ഉപകരണങ്ങളും സാമ്പിളുകളുമായി അലഞ്ഞുനടന്നു.

മലിനീകരണം നിന്നില്ല. കമ്പനികള്‍ക്കൊന്നും സംഭവിച്ചുമില്ല.

കമ്പനികള്‍ തൊഴിലാളികള്‍ക്കുവേണ്ടി പലവിധ ക്ഷേമ പദ്ധതികളും നടപ്പില്‍വരുത്തി. കമ്പനികളിലൊരു സ്ഥിര ജോലിക്കുവേണ്ടി യുവാക്കള്‍ നെട്ടോട്ടമോടി. മന്ത്രിമാരും എം.എല്‍.എ.മാരും ശുപാര്‍ കത്തുകളെഴുതി മടുത്തു.

കമ്പനികളില്‍ സ്ഥിര ജോലിയുള്ളവര്‍ ഭൂരിഭാഗവും അലസന്മാരായിക്കഴിഞ്ഞു. ചോദ്യം ചെയ്താല്‍ യൂണിയനായി സമരമായി...

രാവിലെ എണ്ണക്കമ്പനിയില്‍ ജോലിക്കു കയറുന്ന തൊഴിലാളിക്ക്‌ രാവിലെ പ്രാതല്‍ പഴവും മുട്ടയും ചായയും. ഉച്ചയ്ക്ക്‌ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുള്‍പ്പെട്ട വിഭവ സമൃദ്ധമായ സദ്യ. വൈകിട്ട്‌ ചായ, കടി എന്നിവയും ലഭിക്കും.

കമ്പനി കാന്‍റീന്‍ വേറെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ധാരാളം തൊഴിലാളികളും മാനേജര്‍മാരും രാപകല്‍ ജോലി ചെയ്യുന്ന സ്ഥാപനം ആയിരക്കണക്കിന്‌ തൊഴിലാളികള്‍ക്ക്‌ ഒരേ സമയം ഊണുവയ്ക്കാവുന്ന കൂറ്റന്‍ പാത്രങ്ങള്‍.

ക്വിന്റല്‍ ചാക്കുകളിലെത്തുന്ന അരി കുത്തഴിച്ച്‌ വലിയ പാത്രങ്ങളിലെ തിളച്ചു മറിയുന്ന വെള്ളത്തിലിടുന്നു.... ചുറ്റും ഇലക്ട്രിക്‌ കോയിലുകള്‍ നിന്നെരിയുന്നു. ചോറു തിളച്ചു വെന്തുകഴിഞ്ഞാല്‍ ഒരു വാല്വ്‌ തുറന്നാല്‍ ടാങ്കിലെ കഞ്ഞിവെള്ളം മുഴുവന്‍ പൈപ്പുവഴി ഒഴുകിപ്പോയി ചിത്രപ്പുഴയില്‍ വീഴും.

മറ്റു പാത്രങ്ങളില്‍ സാമ്പാറും ഇറച്ചിക്കറിയും കിടന്നു വേവുന്നുണ്ടാവും. മറ്റു കറികളെല്ലാം ഉണ്ടാക്കിയ വാര്‍പ്പുകള്‍ നിരന്നിരിക്കുന്നു. ഒരു പെട്രോള്‍ ബാരലിെ‍ന്‍റയത്ര വിസ്താരമുള്ള സ്റ്റീല്‍ പിഞ്ഞാണത്തിലാണ്‌ ചോറു വിളമ്പുന്നത്‌.

ഒരാള്‍ക്കു ചോറായാലും കറിയായാലും ഒറ്റ പ്രാവശ്യമേ വിളമ്പുകയുള്ളൂ. അതുകൊണ്ടുതന്നെ തൊട്ടുകൂട്ടാനുപയോഗിക്കുന്ന നാരാങ്ങാക്കറി, മാങ്ങാക്കറി എന്നിവ പുഴുക്കു കോരിയിടുന്നതുപോലെ പ്ലേറ്റിലിടുമ്പോള്‍ ആദ്യമായി ഊണുകഴിക്കാനിരിക്കുന്നവര്‍ ഭയന്നുപോകും.

തൊഴിലാളികള്‍ക്കെല്ലാം ആവശ്യത്തിന്‌ വിളമ്പിക്കഴിഞ്ഞാലും ധാരാളം ചോറും കറീം മിച്ചംവരും. അവയെല്ലാം വലിയ ഡ്രമ്മുകളില്‍ നിറച്ചു ചിത്രപ്പുഴയിലേക്കു കമഴ്ത്തും.

പൊക്കാമറ്റം ഗ്രാമത്തിലെ ജനങ്ങള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ ഇത്രയധികം ഭക്ഷണം നശിപ്പിക്കുന്നത്‌ ദൈവ വിരോധം വിളിച്ചുവരുത്തുമെന്നു ചില ആളുകള്‍ പറഞ്ഞു. പക്ഷേ കമ്പനിയ്ക്കെന്തു ദൈവം? ദൈവം വ്യക്തികള്‍ക്കു മാത്രമല്ലേ ഉള്ളൂ... ദൈവകോപം കൊണ്ട്‌ ഇന്നേ വരെ ഒരു കമ്പനിയും നശിച്ചിട്ടില്ല...

ആയിടയ്ക്ക്‌ പുതുതായി ചാര്‍ജെടുത്ത മനുഷ്യ സ്നേഹിയും ഈശ്വര വിശ്വാസിയുമായ ഒരു മാനേജര്‍ ബാക്കി വരുന്ന ഭക്ഷണം ചിത്രപ്പുഴയില്‍ തള്ളാതെ അതെല്ലാം കമ്പനി വണ്ടിയില്‍ കയറ്റി പൊക്കാമറ്റം കവലയിലുള്ള സാധുക്കളെയെല്ലാം വിളിച്ചു സദ്യകൊടുത്തു. അപ്രതീക്ഷിതമായി കിട്ടിയ സദ്യയില്‍ എല്ലാവരും സന്തോഷിക്കുകയും പുതിയ മാനേജര്‍ക്ക്‌ ജയ്‌ വിളിക്കുകയും ചെയ്തു.

ഇനി മുതല്‍ എല്ലാ ദിവസവും ഈ സൗജന്യ ഭക്ഷണം പൊക്കാമറ്റം കവലയിലുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചപ്പോള്‍ പലരും ദൈവത്തിന്‌ നന്ദി പറഞ്ഞു.

മാനേജര്‍ മനസ്സിലോര്‍ത്തു... അന്നദാനം മഹാദാനം...!

കാന്‍റീന്‍ മാനേജരുടെ ഈ ഭക്ഷണ വിതരണം ശത്രുക്കള്‍ ചെന്നു എം.ഡിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തു. എം.ഡി മാനേജരെ തന്റെ കാബിനില്‍ വിളിച്ചുവരുത്തി ഇതേക്കുറിച്ച്‌ വിശദീകരണം ആവശ്യപ്പെട്ടു.

"നിങ്ങള്‍ കമ്പനി വക ബാക്കി വന്ന ഭക്ഷണം നിയമപ്രകാരം പുഴയില്‍ തള്ളാതെ പുറത്തുള്ള നാട്ടുകാര്‍ക്കു കൊടുക്കാറുള്ളതായി അറിയുന്നു. ശരിയാണോ?"

"അതേ സര്‍..." മാനേജര്‍ മറുപടി നല്‍കി.

"ഈ കമ്പനിയില്‍ വര്‍ഷങ്ങളായി ധാരാളം ഭക്ഷണം വെറുതെ കളയുന്നു. അതു വിശക്കുന്നവര്‍ക്കു കൊടുത്തുവെന്ന ഒരു തെറ്റു മാത്രമേ ഞാന്‍ ചെയ്തുള്ളൂ..."

"ഇതുമൂലമുണ്ടാകുന്ന എല്ലാ ദോഷങ്ങള്‍ക്കും കമ്പനി ഉത്തരവാദിത്വപ്പെടേണ്ടതായി വന്നാല്‍..?"

"ഭക്ഷണം കൊടുക്കുന്നത്‌ കൊണ്ട്‌ എന്താണ്‌ കുഴപ്പം സാര്‍?"

"അതു നിങ്ങള്‍ വഴിയെ മനസ്സിലാക്കും...."

എം.ഡി. അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.

കമ്പനിയില്‍ ഒരു ദിവസം ഭക്ഷണം ബാക്കിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുറത്തുകാത്തുനിന്നവര്‍ക്ക്‌ ഭക്ഷണം കൊടുത്തയക്കാന്‍ സാധിച്ചില്ല.

പുറത്തു ഭക്ഷണവണ്ടി പ്രതീക്ഷിച്ചുനിന്ന പൊതുജനം വിശന്നു സഹികെട്ടു കമ്പനി സെകര്യൂരിറ്റിക്കാരോട്‌ തര്‍ക്കമായി.

അന്ന്‌ ജോലി സമയം കഴിഞ്ഞു കാന്‍റീന്‍ മാനേജര്‍ പൊക്കാമറ്റം കവലവഴി കാറില്‍ പോകുമ്പോള്‍ കുറേപേര്‍ കാറിനു മുമ്പില്‍ ചാടിവീണു. മാനേജരെ ബലമായി പിടിച്ചിറക്കി ഘൊരാവേ ചെയ്തു.

നേതാവ്‌ കുര്യാക്കോയും തങ്കയ്യനും മാനേജരെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. സാധുക്കള്‍ക്കവകാശപ്പെട്ട ഭക്ഷണം ചിത്രപ്പുഴയില്‍ തള്ളുന്ന മാനേജരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ കാന്‍റീന്‍ മാനേജരെ ചെരുപ്പുമാലയിടീച്ചു മുദ്രാവാക്യം വിളിച്ചു.

ഏതോ ഒരാള്‍ അയാളുടെ കാറിന്റെ ടയറു കുത്തിക്കീറി. വേറൊരാള്‍ ഷര്‍ട്ടുവലിച്ചു കീറി. മറ്റൊരാള്‍ കരിഓയില്‍ തലവഴി ഒഴിച്ചു.

ഒരുത്തന്‍ മുഷ്ടിചുരുട്ടി മാനേജരുടെ മുഖത്ത്‌ ഒറ്റയിടി...!

അയാളുടെ മൂക്കില്‍നിന്നും വായില്‍നിന്നും കുടുകുടെ ചോര പുറത്തുചാടി.

സെക്യൂരിറ്റിക്കാര്‍ ഇടപെട്ടു മാനേജരെ രക്ഷിച്ചു കമ്പനി ഡിസ്പന്‍സറിയില്‍ പ്രവേശിപ്പിച്ചു.

ഈയിടെ കമ്പനിയില്‍ ഒരുപാടു ഭക്ഷണ സാധനങ്ങള്‍ ബാക്കിവന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു കാന്‍റീന്‍ തൊഴിലാളി മാനേജരുടെ അടുത്തുചെന്നു ഇതെല്ലാം പൊക്കാമറ്റം കവലയിലെ സാധുക്കള്‍ക്കു കൊടുക്കട്ടെയെന്നു ചോദിച്ചു. മാനേജര്‍ അയാളോട്‌ തട്ടിക്കയറി പറഞ്ഞുവത്രെ...

"അവറ്റകളെല്ലാം പട്ടിണികിടന്ന്‌ ചാവട്ടെ... ബാക്കിയെല്ലാം കുഴിവെട്ടി മൂട്‌..."

No comments: