Friday, July 11, 2008

കരിമുകള്‍- പതിനേഴ്‌



പതിനേഴ്‌

മാഷ്‌ രാവിലെ പാടത്തേക്കിറങ്ങി.

അപകടകാരികളായ പലവിധ രാസപദാര്‍ത്ഥങ്ങളും വാതകങ്ങളും നിറഞ്ഞ സംഭരണികള്‍കൊണ്ട്‌ ഗ്രാമം നിറഞ്ഞിരിക്കുന്നു.

ഒരു ജില്ല നിമിഷ നേരംകൊണ്ട്‌ ചാരമാവാനുള്ള ഉല്‍പന്നങ്ങള്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ കൈകാര്യം ചെയ്യപ്പെടുന്നു.

രാജ്യത്തിന്റെ സാമ്പത്തികവും ഭൗതികവുമായ പുരോഗതിക്കുവേണ്ടിയാണ്‌ ലോകത്തെ സര്‍വ്വരാജ്യങ്ങളിലും വ്യവസായങ്ങള്‍ നടത്തുന്നത്‌. ഓരോരുത്തര്‍ക്കും കര്‍ശനമായ നിയമങ്ങളുമുണ്ട്‌.

വികസിത രാജ്യങ്ങളില്‍ ഒരിക്കലും കാര്‍ബണ്‍ പോലുള്ള കമ്പനികള്‍ ജനവാസമുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കാറില്ല. ഫാക്ടറിയുടെ ഒരു നിശ്ചിത അകലത്തില്‍ ജനവാസം പാടില്ലായെന്നുള്ള നിയമം അവര്‍ അനുസരിക്കുന്നു.

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബേഡ്‌ ദുരന്ത ചിത്രങ്ങള്‍ ഒരു ചെകുത്താനെപ്പോലെ ഈ ഗ്രാമത്തിലേക്കും തുറിച്ചുനോക്കുന്നു.

അവിടെ എത്രായിരം ആളുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈച്ചകളെപ്പോലെ പിടഞ്ഞു മരിച്ചു... ജീവിച്ചിരിക്കുന്നവരുടെ കാര്യം പരമദയനീയം!

ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക്‌ ജനിതകരോഗങ്ങള്‍ ആറ്റൊഴിയുന്നില്ല. പെണ്ണുങ്ങള്‍ മാസം തികയാതെ ചാപിള്ളകളെ പെറുന്നു.

കുട്ടികളില്‍ ബുദ്ധിവളര്‍ച്ചയില്ല. ചില കുഞ്ഞുങ്ങളുടെ തല മാത്രം വളര്‍ന്നു ഭീകരമായി കിടക്കുന്നു. ശ്വാസ തടസങ്ങള്‍. ചൊറി ചിരങ്ങുകള്‍.

എന്തൊരു കുറ്റകരമായ അനാസ്ഥ...

ഇതെന്തൊരു നാട്‌?

സര്‍ക്കാരിന്‌ ഒന്നും ചെയ്യാന്‍ കഴിയാഞ്ഞിട്ടല്ല. പക്ഷേ, ചെയ്യാന്‍ സമ്മതിക്കില്ല. ലാഭം മാത്രം മുന്നില്‍ക്കണ്ട്‌ വ്യവസായ ശാലാ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ കമ്പനിയുടെ വക്താക്കള്‍ തന്നെ നമ്മുടെ നിയമ നിര്‍മാണ സംവിധാനങ്ങളുടെ മുകളില്‍ കഴുകനെപ്പോലെ അടയിരിക്കുന്നു. ലാഭം... ലാഭം. അതുമാത്രമാണ്‌ പരമമായ അവരുടെ ലക്ഷ്യം.

മാഷ്‌ പാടംവഴി ജോസഫിന്റെ കൂരയിരിക്കുന്ന ഭാഗത്തേക്കു നടന്നു. വരമ്പൊരുക്കുന്നതില്‍ കൃഷിക്കാര്‍ വീഴ്ച വരുത്താന്‍ തുടങ്ങിയിരിക്കുന്നു. പണ്ടെല്ലാം മനുഷ്യനുള്ള സഞ്ചാര സ്വാതന്ത്ര്യം പരിഗണിച്ചായിരുന്നു പാടവരമ്പുകള്‍ നല്ല വീതിയിലും ഭംഗിയിലും നിര്‍മ്മിച്ചിരുന്നത്‌. ഒരാള്‍ എതിരെ വന്നാല്‍പോലും കണ്ടത്തിലിറങ്ങാതെ വഴി ഒഴിഞ്ഞുകൊടുക്കുവാന്‍ കഴിയുമായിരുന്നു. എന്നാലിന്ന്‌ നട വരമ്പുകള്‍ അതിര്‍ത്തി നിശ്ചയിക്കാനുള്ള മനുഷ്യ ദുരാഗ്രഹത്തിന്റെ അടയാളങ്ങള്‍ മാത്രമായി ചുരുങ്ങിക്കഴിഞ്ഞു.

മനുഷ്യന്റെ ഇടുങ്ങിയ മനസ്‌ ഈ വരമ്പുകളിലൂടെ വായിച്ചെടുക്കാം. അവന്റെ സ്വാര്‍ത്ഥതയുടെ നേര്‍ച്ചക്കാഴ്ചകളായി നേരിയ കനമുള്ള വരമ്പുകള്‍ മാഷിന്റെ മുമ്പില്‍ നിവര്‍ന്നുകിടന്നു.

തോട്ടില്‍ വെള്ളമില്ല. അതിറങ്ങിക്കയറി ജോസഫിന്റെ കൂരയുടെ മുറ്റത്തു ചെന്നുനിന്നു വിളിച്ചു.

ജോസഫ്‌ അതിനുള്ളില്‍ നിന്നിറങ്ങി വന്നു. മുഖത്ത്‌ ഒരു പരാജിതന്റെ ഭാവം. വാര്‍ധക്യം വരച്ചു ചേര്‍ത്ത ചുളിവുകള്‍, താടിയും മുടിയും പെട്ടെന്നു നരച്ചിരിക്കുന്നു. തൂങ്ങിയ മസിലുകള്‍, പ്രതീക്ഷ വറ്റിയ കണ്ണുകള്‍. അകാല വാര്‍ധക്യം...!

മാഷ്‌ ചുറ്റും നോക്കി. കെട്ടി മേയാത്ത പുര. അന്നക്കുട്ടിയും ശോശാക്കുട്ടിയും ഇങ്ങോട്ടു കടക്കാറില്ല. മാത്രവുമല്ല, ജോസഫിനെപ്പറ്റി കേള്‍ക്കുന്നതുതന്നെ അവള്‍ക്കിപ്പോള്‍ ചതര്‍ട്ഠ്ഥിയാണ്‌. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടവനാണ്‌ ഈ ലോകത്തിലെ ഏറ്റവും പരിഹാസ ജന്മം.

"മാഷെന്തിനാ ഈ വഴി മുഴുവന്‍ നടന്നു വന്നത്‌?"

ജോസഫ്‌ വെറുതെ കുശലമന്വേഷിച്ചു.

"തന്നെയൊന്നു കാണാന്‍... പണ്ടു താന്‍ കോണ്‍ട്രാക്ടറായിട്ടു നടന്നപ്പോഴും, ആനമയക്കിയടിച്ചു നടന്നപ്പോഴും കാണാന്‍ തോന്നീല്ല. പക്ഷേ... ഇപ്പോ തന്നെ കാണണമ്ന്ന്‌ തോന്നി...."

മാഷ്‌ ശാന്തമായി പറഞ്ഞു.

ജോസഫിന്റെ കണ്ണില്‍നിന്നു വെള്ളം ഉരുണ്ടുകൂടി പെയ്യാനായി നില്‍ക്കുന്നതു മാഷ്‌ കണ്ടു.

"താന്‍ എന്നേക്കാളും മുമ്പ്‌ ഈ ലോകത്തു നിന്നു പോകാനൊരു ശ്രമം നടത്തീന്നറിഞ്ഞു... അന്നു മുതല്‌ നീരീക്കണതാ... തന്നെയൊന്നു കാണണമ്ന്ന്‌."

ജോസഫ്‌ മൂളിക്കേട്ട്‌ ദൂരെ പാടശേഖരങ്ങളിലേക്കു ദൃഷ്ടി നട്ടിരുന്നു.

"ടോ... നമ്മളായിട്ടു പോകാന്‍ ശ്രമിക്കരുത്‌. പോകാന്‍ നേരാവുമ്പോ മുകളിലുള്ള ആളു വിളിക്കും. അപ്പോ പോകാതെ തരമില്ല. അതുവരെ എത്ര വിചാരിച്ചാലും ആര്‍ക്കുമൊട്ടു പോവാനും കഴിയില്ല."

ജോസഫ്‌ വിഷയം മാറ്റി.

"മാഷ്‌ കുര്യാക്കോയെ കണ്ടോ?. എന്റെ മരുമോന്‍. അല്ലെങ്കില്‍ എന്റെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവ്‌...? അയാള്‍ ഒരല്‍പം പരിഹാസം കലര്‍ത്തിച്ചോദിച്ചു."
മാഷ്‌ ഒരു നിമിഷം മിണ്ടാതെ നിന്നു. എന്നിട്ടു പാടംവഴി പറന്നുപോകുന്ന കൊറ്റികളെ നോക്കി...

"ടോ... ഇതു കലികാലമാണ്‌. ഇവിടെ ഇന്നതേ നടക്കൂ എന്നില്ല. പണ്ടു ശരിയല്ലയെന്നു തോന്നിയിരുന്ന കാര്യങ്ങളാണ്‌ ഇപ്പോള്‍ ശരിയായി കാണുന്നത്‌. മനുഷ്യനു മൃഗങ്ങളുടെയത്രയും പോലും വിവേചന ബുദ്ധിയില്ലാത്ത കാലമാണിത്‌.

നാല്‍ക്കാലികള്‍ പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞാല്‍ പ്രസവിച്ച അമ്മയില്‍ തന്നെ കാമപൂരണവും സന്താനോല്‍പാദനവും നടത്തുന്നതു കണ്ടിട്ടില്ലേ...? അവര്‍ക്കതു പാപമായി തോന്നുന്നില്ലെങ്കില്‍ എന്തു ചെയ്യാന്‍...?

കുര്യാക്കോയുടെ കാര്യത്തിലും അങ്ങിനെ താന്‍ മനസ്സിലാക്കുക. പക്ഷേ, അവന്‍ മൂലം കഷ്ടപ്പെടുന്ന ഗ്രാമീണരെക്കുറിച്ചാണ്‌ എനിക്കു ദുഃഖം."

ജോസഫ്‌ ഒന്നും മിണ്ടിയില്ല. മാഷ്‌ തുടര്‍ന്നു...

"എന്തായാലും താനൊരു മനുഷ്യനായല്ലോ? ഇപ്പോള്‍ മദ്യപാനവുമില്ല. അതേതായാലും നന്നായി. മദ്യം ഒരിക്കലും ഒരുത്തനേം നന്നാക്കീട്ടില്ലടോ... നശിപ്പിച്ചിട്ടേയുള്ളൂ.... തെ‍ന്‍റ ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങിനെയൊന്നും സംഭവിക്കില്ലായിരുന്നടോ?"

മദ്യപാനികള്‍ക്ക്‌ എന്തിനും ന്യായീകരണമുണ്ട്‌. പനി വന്നാല്‍ ഒരല്‍പം കുരുമുളകു പൊടിച്ചിട്ട്‌ മദ്യം കഴിച്ചാല്‍ ഭേദമാവുമെന്നവര്‍ പറയും. തണുപ്പു മാറ്റാനിത്തിരി കഴിക്കുന്നതു നല്ലതാണെന്നും മുകളില്‍നിന്നു വീണാല്‍ മദ്യത്തില്‍ ഒരല്‍പം അരിഷ്ടമോ കോഴിമുട്ടയോ അടിച്ചുചേര്‍ത്തു കഴിച്ചാല്‍ നീര്‍ക്കെട്ടു വീഴാതിരിക്കുമെന്നു പറയുന്നതുമെല്ലാം കേള്‍ക്കാം...

ശുദ്ധ ഭോഷ്ക്കാണ്‌.... ഇതെല്ലാം മദ്യം കഴിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കലാണ്‌."

മദ്യപാനികള്‍ രോഗികളാണ്‌. പക്ഷേ, ആരും സമ്മതിച്ചുതരില്ല. കുരുമുളക്‌ പൊടിച്ചു ചായയിലോ കാപ്പിയിലോ ഇട്ടു കുടിച്ചാലും മുട്ട അരിഷ്ടത്തില്‍ ചേര്‍ത്തു കഴിച്ചാലും പനിയും നീര്‍ക്കെട്ടുമെല്ലാം മാറും.

അതുപോട്ടെ... ഞാന്‍ തന്നെ കാണാന്‍ വന്നതു ചിലതു സംസാരിക്കാനാണ്‌."

താന്‍ കടന്നുവന്ന ഇപ്പോഴെത്തിനില്‍ക്കുന്ന വഴിത്തിരിവുകള്‍ എല്ലാം എനിക്കറിയാം. ജീവിതത്തിലെ ഏറ്റവും മ്ലേഛമായ പാതയിലൂടെ സഞ്ചരിച്ച്‌ നല്ലതും ചീത്തയും രുചിച്ചറിഞ്ഞ്‌, ദാരിദ്ര്യത്തിന്റെ നിസ്സഹായതയും സമ്പത്തിന്റെ ഒൌ‍ന്നത്യവും മനസിലാക്കി ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയിലാണ്‌ താനാ കടുംകൈ ചെയ്തത്‌.

പക്ഷേ... താനിനിയും ഇവിടെ ജീവിക്കേണ്ടിയിരിക്കുന്നു. ഇവിടെ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടി ഇനിയുള്ള കാലം താനെന്തെങ്കിലും ചെയ്യണം. എന്നെങ്കിലുമൊരിക്കല്‍ അവര്‍ തന്നെക്കുറിച്ചു നല്ലതു പറയട്ടെ.

ഈ ഗ്രാമം രണ്ടുമൂന്നു വിധത്തിലുള്ള പ്രശ്നങ്ങളില്‍പ്പെട്ടുഴലുകയാണ്‌. ഒരു പൗരന്‌ നിഷേധിക്കപ്പെട്ട ശുദ്ധവായുവും ശുദ്ധജലവും മലിനമല്ലാത്ത മണ്ണും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. പണത്തിന്റെ ധാരാളിത്തത്തില്‍ വളര്‍ന്നുവന്ന മദ്യമയക്കുമരുന്നു ലോബികളുടെ വന്‍ നിരയെ തകര്‍ക്കുക, ഉന്നത ജീവിത ചിന്തയും എളിയ ജീവിത രീതിയും ഓരോ പൗരനേയും പരിശീലിപ്പിക്കുക. ഈ സമരത്തില്‍ താനന്റെ കൂടെ നില്‍ക്കണം.

മാഷിന്റെ കണ്ണിലെ തിളക്കം ജോസഫ്‌ വായിച്ചെടുത്തു.

മാഷ്‌ പ്രത്യാശയോടെ ജോസഫിന്റെ മുഖത്തേക്കുനോക്കി. അയാള്‍ വെറുതെ ഏതോ ഒരു ലോകത്തായിരുന്നു. ശുദ്ധവായുവും ശുദ്ധജലവും മരങ്ങളും കിളികളുമുള്ള ആ മാതൃകാ ഗ്രാമത്തിലൂടെ അയാളുടെ മനസ്‌ ഒഴുകി നടന്നു. അയാളുടെ മനസില്‍ ശാന്തി നിറയുകയായിരുന്നു.

മാഷ്‌ യാത്ര പറഞ്ഞു പിരിഞ്ഞത്‌ അയാള്‍ അറഞ്ഞിരുന്നില്ല.

3 comments:

Sethunath UN said...

ഒരു ലേഖ‌നത്തിന്റെ ഗൗര‌വ‌ം. കഥയിലൂടെ പരിസ്ഥിതിമ‌ലിനീകര‌ണ‌ത്തിന്റെ കാര്യം ന‌ന്നായി അവതരിപ്പിച്ചു.

Sherlock said...

:) നന്നായിരിക്കുന്നു...

മദ്യപാനികള്‍ക്ക്‌ എന്തിനും ന്യായീകരണമുണ്ട്‌. പനി വന്നാല്‍ ഒരല്‍പം കുരുമുളകു പൊടിച്ചിട്ട്‌ മദ്യം കഴിച്ചാല്‍ ഭേദമാവുമെന്നവര്‍ പറയും. തണുപ്പു മാറ്റാനിത്തിരി കഴിക്കുന്നതു നല്ലതാണെന്നും മുകളില്‍നിന്നു വീണാല്‍ മദ്യത്തില്‍ ഒരല്‍പം അരിഷ്ടമോ കോഴിമുട്ടയോ അടിച്ചുചേര്‍ത്തു കഴിച്ചാല്‍ നീര്‍ക്കെട്ടു വീഴാതിരിക്കുമെന്നു പറയുന്നതുമെല്ലാം കേള്‍ക്കാം...

സത്യം...ഇങ്ങനെ തന്നെയാണ്..ഇവര് പറയുക

-Prinson- said...

Intersing,
ആരാണ് ഈ പുസ്തകത്തിന്റെ പപ്ലിഷേര്‍സ്? ഏതു കൊല്ലം?