Wednesday, July 23, 2008

കരിമുകള്‍ - നാല്‌


നാല്‌

വെളുപ്പിന്‌ കൂറ്റനൊരു ഇടിമുഴക്കം കേട്ടാണ്‌ മാഷ്‌ കണ്ണു തുറന്നത്‌. ശബ്ദത്തോടൊപ്പം വീടിന്റെ മോന്തായത്തില്‍നിന്നു കുറെ ഓടുകള്‍ നിരങ്ങി താഴെ വീഴുകയും ഇടിമിന്നല്‍ പോലെ ചുവരില്‍ ചില വിള്ളലുകളും പ്രത്യക്ഷപ്പെട്ടു.

വീടും പരിസരവും പ്രകമ്പനംകൊണ്ടു....

മാഷും ദേവകിയമ്മയും പെട്ടെന്ന്‌ എണീറ്റ്‌ ലൈറ്റിട്ടു. വെളിച്ചത്തില്‍ വീടിന്റെ പുറംഭാഗത്തു നെടുനീളത്തില്‍ വലിയൊരു വിള്ളല്‍ വീണിരിക്കുന്നതു കണ്ടു. എത്ര കാലമായി താനിവിടെ താമസിക്കുന്നു. ഇത്രയും കാലത്തിനിടയ്ക്ക്‌ ഇതുപോലൊരു ഇടിവെട്ടോ മുഴക്കമോ കേട്ടിട്ടില്ല. കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട്‌.

മാഷ്‌ മുറ്റത്തേക്കിറങ്ങി.

പടിഞ്ഞാറേ ആകാശച്ചെരുവില്‍ ഉയരുന്ന തീ നാളങ്ങള്‍ മരങ്ങളുടെ ഇടയിലൂടെ അദ്ദേഹം കണ്ടു. റോഡിലൂടെ ആളുകളോടുന്ന ശബ്ദം. ഇരുട്ടില്‍ അവരെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്‌.
ഒന്നും വ്യക്തമല്ല.

കമ്പനിയിരിക്കുന്ന ഭാഗത്താണ്‌ തീ നാളങ്ങള്‍. മാഷ്‌ റോഡിനരികിലേക്കു ചെന്നു. അയല്‍ക്കാരെല്ലാം കൂട്ടംകൂടി റോഡിലുണ്ട്‌. കമ്പനിയിലേക്കു കൈ ചൂണ്ടി സംസാരിക്കുന്നു. ആ കൂട്ടത്തിലേക്കു കൂടി.

ഈ സമയം പടിഞ്ഞാറുനിന്നു സൈക്കിളില്‍ പാഞ്ഞെത്തിയ കുര്യാക്കോ അദ്ദേഹത്തിെ‍ന്‍റ അടുത്തെത്തി ബ്രേക്ക്‌ പിടിച്ചു നിന്നു കിതച്ചു.

"മാഷേ എണ്ണക്കമ്പനിക്കു തീ പിടിച്ചു... വിമാനം പറത്താനുള്ള എണ്ണ കെടക്കണ ടാങ്കാ പൊട്ടീത്‌... ഇനിയിപ്പം ഈ നാടു കുറച്ചുനേരം കൊണ്ടു കത്തിച്ചാമ്പലാകും.

"എവിടേക്കാ പോവ്വാ മാഷേ...?" കുര്യാക്കോ മാഷിെ‍ന്‍റ മുഖത്തേക്കു നോക്കി.

"എങ്ങോട്ടാ പോവ്വാ...?" അദ്ദേഹത്തിനും ഉത്തരമില്ലായിരുന്നു.

വെളുപ്പിനു നാലുമണിക്കാണ്‌ ടാങ്കിനു തീ പിടിച്ചത്‌. കഠിനമായ സ്ഫോടനത്തില്‍ ടാങ്കിെ‍ന്‍റ കൂറ്റന്‍ മൂടി ഉയര്‍ന്നു ഛിന്നഭിന്നമായി വളരെയകലെയാണു ചെന്നു വീണത്‌. ഏവിയേഷന്‍ സ്പിരിറ്റാണ്‌ ടാങ്കിലുണ്ടായിരുന്നത്‌. മണ്ണെണ്ണയും പെട്രോളും ഡീസലും വഹിക്കുന്ന കൂറ്റന്‍ പതിനഞ്ചോളം ടാങ്കുകള്‍ പരിസരത്തു നില്‍ക്കുന്നുണ്ട്‌. അവ തീയ്യില്‍ പഴുത്തു നില്‍ക്കുകയാണ്‌. കമ്പനിയുടെ നാലു ഫയറെഞ്ചിനുകളില്‍ മൂന്നെണ്ണം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഒരെണ്ണം എപ്പോഴും വര്‍ക്കുഷോപ്പിലായിരിക്കും. അവ സമീപത്തുള്ള ടാങ്കുകളെ നനച്ചുകൊണ്ടിരുന്നു. വലിയ തീക്കുണ്ഡത്തില്‍ സിറിഞ്ചുകൊണ്ട്‌ വെള്ളം ചീറ്റിക്കുന്ന പോലുണ്ടായിരുന്നു ആ കാഴ്ച. പൊക്കാമറ്റം സ്റ്റേഷനിലെ പോലീസുകാര്‍ സ്ഥലത്തെത്തി തീ നോക്കി നിന്നു. കമ്പനി അധികാരികള്‍ വേവലാതി പിടിച്ച്‌ ഓടി നടന്നു. അവര്‍ക്കു നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു തീ. എങ്കിലും പോലീസുകാര്‍ നാട്ടുകാര്‍ കമ്പനി പരിസരത്തേക്കു അടുക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

"പണ്ട്‌ തൃക്കേലെ തേവരിരുന്ന സ്ഥാനത്താ ടാങ്കിരിക്കുന്നത്‌. അപ്പോ അനുഭവിക്കാതിരിക്യോ...?" ആളുകള്‍ അഭ്യുഹങ്ങള്‍ പരത്തി.

"ദൈവത്തോടു കളിച്ചാല്‍ എത്ര വലിയ കമ്പനിയായാലും ഇതാവും അനുഭവം...." വയസ്സായവര്‍ പിറുപിറുത്തു.
വിമാന എണ്ണ ടാങ്കില്‍നിന്നു തീയും പുകയും പൊങ്ങി ഒരു കൂറ്റന്‍ ആല്‍മരംപോലെ നിലകൊണ്ടു. കരിമ്പുകയും തീക്കുണ്ഡവും കെട്ടുപിണഞ്ഞ്‌ ആകാശത്തു വിചിത്രമായ ചുഴികള്‍ സൃഷ്ടിച്ചു. തീജ്വാലയുടെ പ്രകാശം കൂടി നിന്ന നാട്ടുകാരുടെ മുഖങ്ങളില്‍ പ്രതിഫലിച്ചു.

ജോസഫ്‌ ഷാപ്പിലിരുന്ന്‌ 'ആനമയക്കി'യുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴാണ്‌ ഈ വിവരമറിയുന്നത്‌. നേരെ പടിഞ്ഞാറ്‌ എണ്ണക്കമ്പനി ലക്ഷ്യമാക്കി വേച്ചു നടന്നു. കമ്പനി പരിസരത്തുള്ള താമസക്കാര്‍ കൈയിലൊതുങ്ങാവുന്ന അത്യാവശ്യ വസ്തുക്കളുമെടുത്തു അടുത്ത ടൗണിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടന്വേഷിച്ചു ചെന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ വീടും പൂട്ടി ദൂരെ സ്ഥലങ്ങളിലേക്കു പോയിക്കഴിഞ്ഞിരുന്നു.

പോലീസും ഫയര്‍ഫോഴ്സും എന്തൊക്കെയോ ചെയ്യുന്നുണ്ട്‌. അവരുടെ നിലവിലുള്ള സംവിധാനങ്ങള്‍ വളരെ പുരാതനമാണ്‌. ഇതുപോലൊരു സ്ഥിതി വിശേഷം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല. ചില അഗ്നിശമന സേനാംഗങ്ങള്‍ തീപിടിച്ച ടാങ്കിന്‌ കുറച്ചു മാറി എളിക്കു കയ്യുംകൊടുത്തു കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

ജോസഫ്‌ കത്തുന്ന ടാങ്കിന്‌ സമീപത്തേക്ക്‌ വേച്ചുനടന്നു. പോലീസുകാര്‍ തടുത്തു. പിന്നെ പോലീസുകാരോടായി ന്യായം പറച്ചില്‍. ഇതിനിടയില്‍ ഒരു പോലീസുകാരന്‍ ജോസഫിന്റെ മുഖമടച്ച്‌ രണ്ടെണ്ണം പൊട്ടിച്ചു.

"ആനമയക്കി' ഒതുങ്ങി... ജോസഫ്‌ ആള്‍ക്കൂട്ടത്തിനിടയില്‍ ഞൊടിച്ചുനടന്നു.

മൂന്നാം ദിവസവും ടാങ്ക്‌ നിന്നു കത്തുകയാണ്‌. കമ്പനിയുടെ ഫയറെഞ്ചിനു പുറമേ തൊട്ടടുത്ത കെമിക്കല്‍ കമ്പനിയില്‍ നിന്നും രണ്ടു മൂന്നെണ്ണം എത്തിയിട്ടുണ്ട്‌. പക്ഷേ, ഫയറെഞ്ചിെ‍ന്‍റ വെള്ളം തീയിലെത്തുന്നതിനു മുമ്പുതന്നെ ആവിയായി പോയി.

ടാങ്ക്‌ കത്തിത്തീരുകയേ രക്ഷയുള്ളൂ. വിദഗ്ധന്മാര്‍ വിലയിരുത്തി. മറ്റു ടാങ്കുകള്‍ക്കു തീപിടിക്കാതെ ശ്രദ്ധിക്കണം. കത്തുന്ന ടാങ്കിലെ വിമാന എണ്ണ ഇനിയും തീര്‍ന്നിട്ടില്ല. തൊട്ടടുത്ത ടാങ്കുകളെല്ലാം നിറയെ വിവിധ തരം എണ്ണകളാണ്‌. അവ ചൂടേറ്റു പുളഞ്ഞു നില്‍ക്കുന്നു. എപ്പോള്‍ വേണമെങ്കിലും അതിലേക്കു തീ പടരാം.

പൊക്കാമറ്റം സ്റ്റേഷനിലെ പോലീസുകാര്‍ കൂടിനിന്ന്‌ സൊറ പറഞ്ഞു. അഗ്നിയുടെ മുമ്പില്‍ നിയമം ചൂളി നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു.

ഒരു പോലീസുവണ്ടി അനൗണ്‍സ്മെന്‍റുമായി എത്തി.

"നാട്ടുകാരുടെ ശ്രദ്ധക്ക്‌... കമ്പനിയുടെ എണ്ണ ടാങ്ക്‌ കത്തിക്കൊണ്ടിരിക്കുകയാണ്‌. തീ നിയന്ത്രണാതീതമാണ്‌. ആളുകള്‍ രണ്ടുകിലോ മീറ്ററെങ്കിലും അകലേക്കു മാറേണ്ടതാണ്‌."

എണ്ണ കമ്പനിക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലൂടെ പഞ്ചായത്തു റോഡുകളിലൂടെ ആ വാഹനം സഞ്ചരിച്ചുകൊണ്ടിരുന്നു.

ആളുകള്‍ പരിഭ്രാന്തിയിലായി. പൈസയും സ്വന്തം വാഹനമുള്ളവര്‍ വീടുംപൂട്ടി നേരെ നഗരത്തിലെ ഹോട്ടല്‍ മുറികളില്‍ ചേക്കേറി. ചിലര്‍ ദൂരെയുള്ള ബന്ധുവീടുകളില്‍ ചെന്നുപറ്റി. എങ്കിലും മിക്കവര്‍ക്കും പോകാന്‍ മറ്റൊരിടമില്ലായിരുന്നു.

ചിലര്‍ വീടുപൂട്ടി വയസ്സായ മാതാപിതാക്കളെയും ഉപേക്ഷിച്ച്‌ പൊയ്ക്കളഞ്ഞു. നാല്‍ക്കാലികളെ കയര്‍ ചെത്തി വിട്ടു. തീ വ്യാപിച്ചാല്‍ അവ കയറില്‍ കിടന്നു വെന്തു ചാകരുതല്ലോ?

പശുക്കള്‍ എന്തോകണ്ടു ഭയന്ന പോലെ എവിടെയ്ക്കെല്ലാമോ ഓടിപ്പോയി.

വരാനിരിക്കുന്ന ദുരന്തങ്ങള്‍ നാല്‍ക്കാലികള്‍ മുന്‍കൂട്ടി തിരിച്ചറിയും.

ഗ്രാമം ഒറ്റ ദിവസംകൊണ്ട്‌ സുനാമി കടല്‍ത്തീരം പോലെ വിജനമായി. ഇറാക്കിലെ എണ്ണക്കിണറിന്‌ തീപിടിച്ചപോലുള്ള കരിമ്പുക ഗ്രാമങ്ങളിലെങ്ങും പടര്‍ന്നു.

കമ്പനിയില്‍ തൊഴിലാളികള്‍ ജോലിക്കത്തിയില്ല. ഇപ്പോള്‍ അവിടം നാവിക സേനയുടെ നിയന്ത്രണത്തിലാണ്‌. അവരുടെ ഹെലികോപ്ടറുകള്‍ വന്നും പോയുമിരുന്നു.

തൊഴിലാളി പ്രസ്ഥാനങ്ങളും അവരുടെ അമരക്കാരും പുറത്തു വന്നിട്ടില്ല. നാട്ടിലൊരു ദുരന്തമുണ്ടാകുമ്പോള്‍ ആദ്യം രക്ഷപ്പെടുന്നത്‌ അവരായിരിക്കും. പ്രശ്നമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടല്‍ മുറിയിലിരുന്ന്‌ അവര്‍ അറിയുക മാത്രം ചെയ്യും. സ്വാര്‍ത്ഥ മോഹികളായ നേതൃത്വം എല്ലാക്കാലത്തും തൊഴിലാളികളെ നയിച്ചിരുന്നു. അപൂര്‍വം നല്ല മനുഷ്യര്‍ നേതൃത്വമേറ്റെടുത്താല്‍ പുകച്ചു പുറത്തു ചാടിക്കുന്നതാണ്‌ ആധുനിക ഭരണ വൈദഗ്ധ്യങ്ങളായി അംഗീകരിച്ചു പോരുന്നത്‌.

അനൗണ്‍സ്മെനൃ വണ്ടി മാഷിെ‍ന്‍റ അടുത്തു വന്ന്‌ ചവിട്ടിനിറുത്തി.

"മാഷ്‌ പോണില്ലേ....?'

പരിചയമുള്ള കരിങ്കുറ്റി നിറമുള്ള പോലീസുകാരനാണ്‌. മാഷ്‌ മറുപടിയൊന്നും പറയാതെ ചിരിച്ചു. പോലീസുവണ്ടി ശബ്ദമുണ്ടാക്കി കടന്നുപോയി.

കമ്പനിയിലെ മൊത്തം ടാങ്കുകള്‍ക്കും തീപിടിച്ചാല്‍ എവിടെ പോയിട്ടെന്തു കാര്യം? എണ്ണ കമ്പനിയില്‍ തന്നെ മുപ്പതിലധികം ടാങ്കുകളുണ്ട്‌. ഒരെണ്ണം പൊട്ടിയാല്‍ മതി ഈ ഗ്രാമം ചാരമാകാന്‍. കൂടാതെ അടുത്ത കെമിക്കല്‍ കമ്പനിയിലെ വിവിധ തരം വാതകങ്ങള്‍ കെമിക്കലുകള്‍. അമോണിയ, നാഫ്ത, സള്‍ഫ്യൂറിക്കാസിഡ്‌ തുടങ്ങിയവയുടെ കൂറ്റന്‍ ടാങ്കുകള്‍ ഇവയെല്ലാം പൊട്ടിയാല്‍ അഞ്ചു മിനിട്ടിനകം ഈ ജില്ല കത്തിത്തീരും. ജീവനുള്ള ഒന്നും ബാക്കിയുണ്ടാവില്ല.

എല്ലാവരും നശിച്ചിട്ട്‌ താന്‍ മാത്രം എന്തിന്‌? മരിക്കുന്നെങ്കില്‍ ഒന്നിച്ച്‌... വിധി പോലെയേ... വരു... മാഷ്‌ മനസിനെ ബലമായി കെട്ടി.

എന്നാല്‍ സംശയിച്ചതുപോലൊന്നും സംഭവിച്ചില്ല.

നാലാം ദിവസം മാഷ്‌ ആകാശത്തിലെ തീ നാമ്പുകളിലേക്കു പ്രതീക്ഷയോടെ നോക്കി...

തീയ്യിന്‌ ഇന്നല്‍പം കുറവുണ്ടോ?

No comments: