Monday, July 7, 2008

കരിമുകള്‍- ഇരുപത്തൊന്ന്‌



ഇരുപത്തൊന്ന്‌

നഗരത്തിലെ ഏറ്റവും വലിയ വജ്ര വ്യാപാരിയായ മഹേഷ്ഭട്ടിന്‌ പൊക്കാമറ്റം ഗ്രാമത്തില്‍ ആയിരം ഏക്കറിലേറെ ഭൂമിയുണ്ട്‌. അച്ഛന്‍ കൃഷ്ണഭട്ടായിട്ട്‌ സമ്പാദിച്ച മുതല്‍ ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്‌.

പണ്ടു ദാവൂദ്‌ ഇബ്രാഹിം ബോംബെയില്‍ കള്ളക്കടത്തു തുടങ്ങുന്നതിന്‌ മുമ്പു കൃഷ്ണഭട്ട്‌ ആ വിദ്യ തന്ത്രപൂര്‍വം നടപ്പാക്കി കേരളത്തില്‍ വിജയിപ്പിച്ചാണ്‌ ഇക്കാണാവുന്ന സ്വത്തെല്ലാം സമ്പാദിച്ചത്‌. ആകെയുണ്ടായിരുന്ന കൈമുതല്‍ ത‍ന്റേടം മാത്രമായിരുന്നു.

പച്ചക്കറികള്‍ സിംഗപ്പൂരിലേക്കു കയറ്റി അയ്ക്കുന്ന ജോലിക്കാരനായിരുന്നു കൃഷ്ണഭട്ട്‌. ഒരു പ്രാവശ്യം അയച്ച ഒരു മച്ചുവ നിറച്ചു മത്തങ്ങ സാങ്കേതിക കാരണങ്ങളാല്‍ തിരിച്ചയക്കപ്പെട്ടു. ചീഞ്ഞുപോയതായിരുന്നു കാരണം.

മത്തങ്ങ സിംഗപ്പൂരുനിന്നുതിരിച്ചു മച്ചുവയില്‍ കയറ്റുമ്പോള്‍ അതിനുള്ളിലെല്ലാം ഒരു സേട്ടിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണ ഗോളങ്ങള്‍ തുരന്നു കയറ്റി വയ്ക്കാനുള്ള ബുദ്ധി കൃഷ്ണഭട്ട്‌ കാണിച്ചു.

തിരിച്ചുപോരുമ്പോള്‍ സിംഗപ്പൂര്‍ സേട്ടിനെ കടലില്‍വച്ച്‌ കൃഷ്ണഭട്ട്‌ വകവരുത്തി.

ഈ കണക്കറ്റ സ്വര്‍ണം മുഴുവന്‍ പൊക്കാമറ്റംഭാഗത്ത്‌ ആയിരം ഏക്കര്‍ സ്ഥലം വാങ്ങി അവിടെ എവിടെയെല്ലാമോ കുഴിച്ചിട്ടു. പിന്നീട്‌ കുറേശ്ശേ കുറേശ്ശേ എടുത്തു സ്വര്‍ണ്ണക്കട തുടങ്ങുകയും ഇന്നത്തെ നിലയിലേക്കു എത്തുകയും ചെയ്തു. ഇനിയും ആ പറമ്പിലെവിടെയോ സ്വര്‍ണ കുംഭങ്ങളുണ്ട്‌.

സര്‍ക്കാരിന്റെ ഏജന്‍സികളെല്ലാം അരിച്ചുപെറുക്കിയിട്ടും കൃഷ്ണഭട്ടിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു തരി സ്വര്‍ണം പിടിക്കാനും കഴിഞ്ഞില്ല. അകാലത്തില്‍ കൃഷ്ണഭട്ട്‌ നഗരത്തില്‍ വണ്ടിയിടിച്ചു മരിച്ചു.

ആ കൃഷ്ണഭട്ടിന്റെ മകനാണ്‌ മഹേഷ്‌ ഭട്ട്‌. പുലിക്കു ജനിക്കുന്നതു പൂച്ചയാകില്ലല്ലോ?

ഇന്നിപ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ വജ്ര വ്യാപാരിയാണ്‌ മഹേഷ്ഭട്ട്‌.

ആളുവില... കല്ലുവില...!

വജ്രക്കല്ലുകള്‍ക്ക്‌ വില നിശ്ചയിക്കുന്ന കമ്മിറ്റിയുടെ തലവന്‍. അദ്ദേഹമാണ്‌ കല്ലുകളുടെ മാറ്റ്‌ നിശ്ചയിക്കുന്നത്‌.

'ആളുവില... കല്ലുവില'യെന്ന തത്വം എല്ലാ കാലത്തും രത്നക്കല്ലു വ്യാപാരത്തിലെ പ്രധാന ഘടകമാണ്‌. കല്ലുകള്‍ക്ക്‌ വില നിശ്ചയിക്കുന്ന വ്യക്തികളുടെ സാമ്പത്തിക നിലവാരമാണ്‌ അതിനുമൂല്യം നിശ്ചയിക്കുന്നത്‌.

ആയിടയ്ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഒരാലോചന കൊണ്ടുവന്നു. പൊക്കാമറ്റത്തുള്ള മഹേഷ്ഭട്ടിന്റെ ആയിരമേക്കര്‍ സ്ഥലത്ത്‌ സമ്പുഷ്ട യുറേനിയം പുഷ്ടിപ്പെടുത്താനുള്ള പ്ലാനൃ നിര്‍മിക്കുക.

സ്ഥലം പൊന്നിന്‍ വിലയ്ക്കെടുക്കുക.

അച്ഛന്‍ കൃഷ്ണഭട്ടിന്റെ അളവറ്റ സമ്പാദ്യം മുഴുവനും ഈ ആയിരമേക്കറിലെവിടെല്ലൊമോ കുഴിച്ചിട്ടിരിക്കുന്നു. സര്‍ക്കാര്‍ ഈ സ്ഥലം മുഴുവനുമെടുത്താല്‍ തന്റെ നഷ്ടങ്ങള്‍...

മഹേഷ്ഭട്ടിന്റെ തലച്ചോറില്‍ ഒരാശയം ഉരുണ്ടുകൂടി...

മതം...
ഗവണ്‍മെന്‍റിനു പേടിയുള്ള ഒരേയൊരു സംഗതിയാണത്‌...

സ്വന്തം സ്ഥലത്ത്‌ അഷ്ടലക്ഷ്മികളെ പ്രതിഷ്ഠിക്കുക. അതിനായി ഗോവ കേന്ദ്രമാക്കി അദ്ദേഹം ഒരു ട്രസ്റ്റിന്‌ രൂപംനല്‍കി. പൊക്കാമറ്റം അഷ്ടലക്ഷ്മി ട്രസ്റ്റ്‌. കാര്യാലയ ഓഫീസ്‌.
പത്തു ക്ഷേത്ര സമുച്ചയങ്ങള്‍ ആയിരമേക്കറില്‍ പണി തുടങ്ങി. എട്ടു ദേവീക്ഷേത്രവും ഗണപതി, വിഷ്ണു എന്നീ മൂര്‍ത്തികളും ഒരു വളപ്പിനുള്ളില്‍...

ഗോവയിലെ ഗോപാലകൃഷ്ണ മഠാധിപതിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍...

വിശ്വാസികളുടെ വണ്ടികള്‍ പൊക്കാമറ്റം തീര്‍ത്ഥാടനത്തിനായി റോഡരുകില്‍ നിരന്നുകിടന്നു.

പത്തു ക്ഷേത്രങ്ങളിലും മണിയടികളും സപ്താഹ യജ്ഞങ്ങളും അഷ്ടലക്ഷ്മി സ്ത്രോത്രവും ഉച്ചഭാഷണിയിലൂടെ മുഴങ്ങി.

കേന്ദ്ര സര്‍ക്കാര്‍ സമ്പുഷ്ട യൂറേനിയവുമായി പോയ വഴിക്ക്‌ പുല്ലുപോലും കിളിര്‍ത്തില്ല.

ക്ഷേത്രത്തില്‍ തൊട്ടുകളിക്കാന്‍ സര്‍വസര്‍ക്കാരിനും പേടിയാണ്‌. മതവികാരം വ്രണപ്പെട്ടാല്‍ ഉണക്കാനുള്ള മരുന്ന്‌ ഇന്നേവരെ കണ്ടെത്തിയിട്ടില്ല. അനുഭവങ്ങള്‍ ധാരാളമുണ്ട്‌. വ്രണപ്പെട്ടിടത്തൊക്കെ ഈച്ചയരിച്ചു നില്‍ക്കുന്നു.

അച്ഛന്‍ കൃഷ്ണഭട്ട്‌ പണം ഉണ്ടാക്കാന്‍ മിടുക്കനായിരുന്നുവെങ്കില്‍ മകന്‍ മഹേഷ്ഭട്ട്‌ പണം സംഭരിച്ചുനിര്‍ത്താനും കേമനായിരുന്നു. അറുത്ത കൈക്ക്‌ ഉപ്പുതേക്കില്ല.

ഒരു ചില്ലിക്കാശുപോലും പുറത്തുപോകരുത്‌... കാശു നഷ്ടപ്പെടുന്ന ചെറിയ വഴികളൊക്കെ അയാള്‍ ബുദ്ധിപൂര്‍വം അടച്ചുകൊണ്ടിരുന്നു...

ഈയിടെ അതിനൊരുദാഹരണമുണ്ടായി.

അഷ്ടലക്ഷ്മീക്ഷേത്ര സമുച്ചയത്തിന്‌ പുറത്ത്‌ മാടക്കട നടത്തി ജീവിക്കുകയായിരുന്നു വയസ്സായ ഒരു അമ്മാവന്‍. സിഗരറ്റ്‌, സോഡ, നാരങ്ങാവെള്ളം, ജ്യുസ്‌ തുടങ്ങിയവ മാത്രമായിരുന്നു അദ്ദേഹത്തിന്റെ കടയില്‍ കിട്ടിയിരുന്നത്‌.

അമ്മാവന്‌ മറ്റു പണികളൊന്നും ചെയ്യാനുള്ള ആരോഗ്യമില്ല. ഒരു കുടുംബം ആ കട കൊണ്ടാണ്‌ ജീവിക്കുന്നത്‌.

ഒരു ദിവസം മഹേഷ്ഭട്ട്‌ സിഗരറ്റ്‌ വാങ്ങാനായി കാരണവരുടെ മാടക്കടയിലെത്തി. കുറെ നേരം അവിടെ സിഗരറ്റ്‌ വലിച്ചു ചുറ്റിപ്പറ്റിനിന്നു.

ക്ഷേത്രത്തില്‍ പോകുന്നവര്‍ അമ്മാവ‍ന്റെ കടയില്‍ കയറി ജൂസ്‌ കഴിക്കുന്നതു കണ്ടു. അയാള്‍ അവിടെ ഉച്ചവരെ നിന്നു കണക്കെടുപ്പു നടത്തി.

ഭട്ടിന്റെ തലയില്‍ ഒരാശയം മിന്നി.

പിറ്റേയാഴ്ച അമ്മാവെ‍ന്‍റ കടയോടു ചേര്‍ന്നു സ്വന്തമായി ഒരു കട തുടങ്ങി ഒരു പയ്യനെ കാര്യങ്ങള്‍ നോക്കാനേല്‍പിച്ചു. വില്‍പന പൊടിപൊടിച്ചു. അമ്മാവന്‍ വില്‍ക്കുന്നതിലും പത്തുപൈസ കുറച്ചു ആ കടയില്‍ സാധനങ്ങള്‍ വിറ്റു.

അമ്മാവ‍ന്റെ കാര്യം ഗതികേടിലായി... അയാള്‍ വാങ്ങി സൂക്ഷിച്ച സാധനങ്ങളൊന്നും വിറ്റുപോയില്ല. പിന്നീടയാള്‍ കച്ചവടം നിര്‍ത്തി എവിടേയ്ക്കോ പോയി.

ഇതാണ്‌ മഹേഷ്ഭട്ട്‌...

"കാശുണ്ടാക്കാന്‍ അയാളെ കണ്ടുപഠിക്കണം."

ഗ്രാമവാസികള്‍ പരസ്പരംപറഞ്ഞു.

No comments: