Wednesday, July 9, 2008

കരിമുകള്‍- പത്തൊമ്പത്‌



പത്തൊമ്പത്‌

ചിത്രപ്പുഴ കയറ്റം കയറിത്തുടങ്ങുമ്പോള്‍തന്നെ കമ്പനികള്‍ കണ്ണില്‍പ്പെട്ടു തുടങ്ങും. ഇടതുവശത്തു എണ്ണക്കമ്പനി, കുറച്ചു കൂടിയങ്ങോട്ടു ചെന്നാല്‍ രാസവളക്കമ്പനി, അതിനെതിര്‍വശത്തായി കെമിക്കല്‍ കമ്പനി, ഒടുക്കം കാര്‍ബണ്‍ കമ്പനി.

ഈ കമ്പനികളുടെ പൈപ്പുകളില്‍നിന്നുയരുന്ന പല നിറങ്ങളിലുള്ള പുകകള്‍ ആകാശത്തു വച്ചു കൂടിച്ചേര്‍ന്നു പുതിയ മൂലകങ്ങളുണ്ടായി. ഗ്രാമവാസികള്‍ ഇവ ശ്വസിച്ചു ജീവിച്ചു.

കാര്‍ബണ്‍ കമ്പനിയടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു മാഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെറുപ്പക്കാര്‍ പൊക്കാമറ്റം കവലയിലെത്തി. ജോസഫ്‌ അവരുടെ കൂടെ തന്നെയുണ്ടായിരുന്നു. മരച്ചോട്ടിലെ താല്‍ക്കാലിക സ്റ്റേജില്‍ വച്ചു മാഷ്‌ മലിനീകരണം മൂലം വന്നു ഭവിച്ചിട്ടുള്ള അനര്‍ത്ഥങ്ങളെക്കുറിച്ചു സംസാരിച്ചു. കേള്‍ക്കാനായി ധാരാളം തദ്ദേശ വാസികള്‍ ഒത്തുകൂടി.

പാര്‍ട്ടികള്‍ക്കതീതമായി ജനങ്ങളുടെ ഈ കൂടിച്ചേരല്‍ കുര്യാക്കോ തന്റെ പാര്‍ട്ടിയോഫീസിലിരുന്നു അറിയുന്നുണ്ടായിരുന്നു. അയാള്‍ തങ്കയ്യനെ ഫോണില്‍വിളിച്ചു. അവര്‍ താല്‍ക്കാലികമായി വൈരംമറന്ന്‌ കുറേനേരം മനസു തുറന്നു സംസാരിച്ചു.

അവര്‍ക്കു മുമ്പില്‍ ഒരു പൊതുശത്രു എത്തിയിരിക്കുന്നു. ജനങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന കൂട്ടായ്മകളെ അവര്‍ എക്കാലവും ഭയപ്പെട്ടിരുന്നു.

വാര്‍ധക്യത്തോടടുത്ത മാഷ്‌ ഇനി പൊതുജീവിത്തില്‍ തിരിച്ചു വരുമെന്നു അവര്‍ കരുതിയിരുന്നില്ല. മാത്രവുമല്ല, തെ‍ന്‍റ ബിനാമി സ്വത്തിന്റെ സര്‍വ വിവരങ്ങളുമറിയുന്ന ജോസഫ്‌ ശത്രുപക്ഷത്ത്‌ എത്തിയിരിക്കുന്നു...!

അയാള്‍ പാര്‍ട്ടിയോപ്പീസിലെ മുറിയിലിരുന്നു പല്ലു ഞെരിച്ചു.

കേന്ദ്ര കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവയിലേക്കെല്ലാം ഫോണ്‍ പോയി. ഒപ്പം കാര്‍ബണ്‍ കമ്പനി ഡയറക്ടറെ വിളിച്ചു ചിലതു സംസാരിക്കുകയും ചെയ്തു.

പൊക്കാമറ്റം കവലയില്‍നിന്നു ജനക്കൂട്ടം ജാഥയായി കാര്‍ബണ്‍ കമ്പനി ഗേറ്റിനടുത്തെത്തി. ജനങ്ങള്‍ സമാധാനമായി സമരം നടത്തണമെന്നായിരുന്നു ഗാന്ധിയനായ മാഷിെ‍ന്‍റ താല്‍പര്യം. സാധാരണ സമരങ്ങളിലെപ്പോലെ തല്ലും അലങ്കോലവും ഉണ്ടാവില്ല എന്ന ഉറപ്പും അദ്ദേഹം ഗ്രാമവാസികള്‍ക്കു നല്‍കിയിരുന്നു.

വലിയൊരു ജനാവലി ജാഥയില്‍ പങ്കെടുത്തു.

സ്ത്രീകളും കുട്ടികളും കലാകാരന്മാരും എഴുത്തുകാരും മലിനീകരണത്തിനെതിരായ ജാഥ വിജയിപ്പിക്കാനായി എത്തിയിരുന്നു
.
കാഴ്ചകാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ലോറിയില്‍ ഒരു ടാബ്ലോ ഒരുക്കിനിര്‍ത്തി. കരിവിഷം തുപ്പുന്ന ഒരു കൂറ്റന്‍ ഡ്രാഗണ്‍ കണ്ണുതുറിച്ചു ദാഷ്ട്രങ്ങള്‍ കാണിച്ചുനില്‍ക്കുന്നു. താഴെ നിരപരാധികളായ മനുഷ്യര്‍ ചിതറിക്കിടക്കുന്നു. പ്ലാസ്റ്റര്‍ ഓഫ്‌ പാരീസില്‍ നിര്‍മ്മിച്ച ഡ്രാഗണിെ‍ന്‍റ കഴുത്തില്‍ തൂക്കിയിട്ട ബോര്‍ഡില്‍ കാര്‍ബണ്‍ കമ്പനിയെന്നെഴുതിയിരുന്നു.

മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയുള്ള ഈ ജാഥയില്‍ നാട്ടിലെ ട്രേഡ്‌ യൂണിയെ‍ന്‍റ ചില ചെറുപ്പക്കാരും സഹകരിച്ചിരുന്നു. എങ്കിലും ബഹുഭൂരിപക്ഷവും രാഷ്ട്രീയമില്ലാത്ത സാധാരണക്കാരായിരുന്നു.

മുന്‍ നിശ്ചയപ്രകാരം സമാധാന ജാഥ നടത്താനുള്ള അനുമതിക്കായി മാഷ്‌ പൊക്കാമറ്റം പോലീസ്‌ സ്റ്റേഷനില്‍ ചെന്നിരുന്നു.

അനുമതി കിട്ടി... മുന്‍ കരുതലുമായി രണ്ടുവണ്ടി സി.ആര്‍.പി. ബറ്റാലിനേക്കൂടി കമ്പനി ഗേറ്റിലേക്കയച്ചു.

കമ്പനിയുടെ പ്രധാന ഗേറ്റിനടുത്തു താല്‍ക്കാലിക പന്തലില്‍ മാഷും ജോസഫും ജനങ്ങളും കുത്തിയിരുന്ന്‌ മുദ്രാവാക്യം മുഴക്കി.

കാര്‍ബണ്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുക. മലിനീകരണം അവസാനിപ്പിക്കുക. കാര്‍ബണ്‍ കമ്പനി അടച്ചുപൂട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ വിളിച്ചുപറഞ്ഞു.

യോഗസ്ഥലത്തിനു കുറച്ചുമാറി തങ്കയ്യന്റെയും കുര്യാക്കോയുടെയും ചില ആളുകള്‍ സ്ഥിതി ഗതികള്‍ വീക്ഷിച്ചുകൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.

കമ്പനിയുടെ എം.ഡി.യുടെ കാര്‍ ഈ സമയം ഗേറ്റിനു മുമ്പില്‍ വന്നുനിന്നു.

മുദ്രാവാക്യത്തിന്റെ ശക്തി കൂടി. കാര്‍ കടത്തി വിടാനായി സെക്യുരിറ്റികാര്‍ ഗേറ്റു തുറന്നതോടെ ജോസഫും മാഷുമുള്‍പ്പെടെ കുറെയാളുകള്‍ അയാളുടെ കാര്‍ തടഞ്ഞുനിര്‍ത്തി.

എം.ഡി. കാറില്‍നിന്നിറങ്ങി മാഷുമായി സംസാരിച്ചു. എത്രയും പെട്ടെന്ന്‌ മലിനീകരണത്തിനെതിരെ എന്തെങ്കിലും ചെയ്യാമെന്നു അയാള്‍ വാക്കാല്‍ ഉറപ്പുകൊടുത്തു.

എം.ഡി. കാറില്‍ കയറി ഗേറ്റിലൂടെ അകത്തേക്കു കടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു പറ്റം അപരിചിതരായ ചെറുപ്പക്കാര്‍ ആയുധങ്ങളുമായി കമ്പനിക്കുള്ളിലേക്കു പ്രവേശിച്ചു. അതിലൊരാള്‍ എം.ഡി.യുടെ കാറിലേക്കു നാടന്‍ ബോംബെറിഞ്ഞു!

ചെറുപ്പക്കാര്‍ ഓടിനടന്ന്‌ കണ്ണില്‍ക്കണ്ടവയെല്ലാം തല്ലിത്തകര്‍ത്തു. സ്ത്രീകളും കുട്ടികളും അടികൊണ്ട്‌ നാലുപാടും ചിതറിയോടി... കൂട്ടക്കരച്ചില്‍...

മാഷ്‌ സ്തംഭിച്ചുനിന്നു...!

എം.ഡി.യെ കുറെയാളുകള്‍ മര്‍ദ്ദിക്കുന്നു. അവരെയാരെയും മാഷിന്‌ മുമ്പു പരിചയമില്ല.

ജോസഫ്‌ അവര്‍ക്കിടയിലേക്കു ചെന്നു.

"അയാളെ ഒന്നും ചെയ്യരുത്‌.. വിടടോ..."

സംഭവം നിയന്ത്രണാതീതമായെന്നു മനസിലാക്കിയ പോലീസ്‌ ചാടിയിറങ്ങി കണ്ണീര്‍ഷെല്ലുകളും തോക്കും പ്രയോഗിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ പോലീസിന്റെ വെടി കുറെ പൊട്ടി.

അതിലൊന്നു ജോസഫിന്റെ കഴുത്തില്‍ പതിക്കുന്നതു മാഷു കണ്ടു.

അയാളുടെ ചോരയില്‍ കുളിച്ച പഴന്തുണി പോലുള്ള ശരീരം മാഷിന്റെ കൈത്തണ്ടയില്‍ വീണു കിടന്നു.

ജോസഫുള്‍പ്പെടെ മൂന്നാളുകള്‍ മരിച്ചു.

രണ്ടു കുട്ടികള്‍ക്കും ഒരു സ്ത്രീക്കും വെടി കൊണ്ടിട്ടുണ്ട്‌. ഒരു പെണ്‍കുട്ടിയുടെ നില അതീവ ഗുരുരമാണ്‌.

മാഷിനെയും കണ്ടാലറിയാവുന്ന കുറെയാളുകളെയും പ്രതിചേര്‍ത്തു അറസ്റ്റ്‌ ചെയ്തു കൊലക്കുറ്റത്തിനു കേസ്‌ ചാര്‍ജ്‌ ചെയ്തു.

പോസ്റ്റ്മോര്‍ട്ടംകഴിഞ്ഞ്‌ ജോസഫിെ‍ന്‍റ മൃതദേഹം ഏറ്റെടുക്കാന്‍ കുര്യാക്കോയും അന്നക്കുട്ടിയും ശോശക്കുട്ടിയും ഗവണ്‍മെന്‍റാശുപത്രിയില്‍ ചെന്നു. രാവിലെ തന്നെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു മൃതദേഹം വിട്ടുകിട്ടി. പുതിയ വീട്ടില്‍ കൊണ്ടുവന്ന്‌ ഉമ്മറത്ത്‌ പൊതുദര്‍ശനത്തിന്‌ വച്ചു.

അന്തികൂദാശയ്ക്കായി അന്നക്കുട്ടി പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെനിന്നു അനുകൂലമായ മറുപടിയല്ല ലഭിച്ചത്‌.

"അന്നക്കുട്ടി... നിെ‍ന്‍റ കെട്ട്യോന്‍ ജീവിച്ചതു ദൈവമാര്‍ഗം വെടിഞ്ഞുകൊണ്ടായിരുന്നു. മാമോദീസ വെള്ളം വീഴ്ത്താനും കല്യാണത്തിനുമല്ലാതെ ഒരിക്കലുമയാള്‍ അള്‍ത്താരയ്ക്കു മുമ്പില്‍ വന്നിട്ടില്ല. ഇതു വിശ്വാസികള്‍ക്കുള്ള പവിത്രമായ ശവപ്പറമ്പാണ്‌. അവിടെ അയാളെ കുഴിച്ചിടാന്‍ സമ്മതമല്ല..."

കത്തനാരച്ചന്‍ നിലപാടു വ്യക്തമാക്കി.

ജോസഫിന്‌ പള്ളി നിശ്ചയിച്ചിരുന്ന ഇടം ആ തെക്കുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന തെമ്മാടിക്കുഴി തന്നെയാണ്‌.

അന്നക്കുട്ടി ഒപ്പിട്ട ഒരു ബ്ലാങ്ക്‌ ചെക്ക്‌ അച്ചന്‌ നേരെ നീട്ടി.

"എെ‍ന്‍റ കെട്ട്യോന്‌ തെമ്മാടിക്കുഴി കിട്ടിയാല്‍ ഞങ്ങടെ ഇന്നത്തെ നിലവച്ച്‌ അപമാനമാണ്‌. ഈ ചടങ്ങില്‍ പ്രധാനപ്പെട്ട പല പ്രമുഖന്മാരും പങ്കെടുക്കുന്നുണ്ട്‌. ആവശ്യമുള്ളത്‌ എഴുതിയെടുത്തോ...?"

മരിച്ചുകഴിഞ്ഞാല്‍ എന്തു തെമ്മാടിക്കുഴി...? എവിടെ കുഴിച്ചിട്ടാലും മണ്ണോടു ചേരേണ്ടതായ ശരീരത്തിലെന്തിന്‌ ഇത്തരം വക തിരിവുകള്‍...?

ഇവിടെ മനുഷ്യന്‍ ജീവിക്കുന്ന ഭൗതിക നിലവാരത്തിനനുസരിച്ചാണ്‌ നല്ലതും ചീത്തയും നിശ്ചയിക്കപ്പെടുന്നത്‌. ഈ ഭൂമിയില്‍ മരിച്ച ശവത്തിനുപോലും വകതിരിവുകളുണ്ട്‌.

ജോസഫിെ‍ന്‍റ മൃതദേഹം തെമ്മാടിക്കുഴിയില്‍ പോയില്ല. ശവഘോഷയാത്രയും വഹിച്ചുകൊണ്ടുള്ള ചടങ്ങില്‍ കുര്യാക്കോയും പാര്‍ട്ടിയിലെ ഉന്നതരും പങ്കെടുത്തു. റീത്തുകളുടെ കൂമ്പാരം തന്നെ അവിടെ കുമിഞ്ഞുകൂടി. കുലീനരായ തറവാട്ടുകാരണവന്മാര്‍ അന്തിയുറങ്ങുന്നതിെ‍ന്‍റ തൊട്ടടുത്തുതന്നെ മാര്‍ബിളില്‍ തീര്‍ത്ത ശവകുടീരതില്‍ അയാളുടെ ശരീരം സര്‍വവിധ പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ അടക്കപ്പെട്ടു.

ഒരാഴ്ച കഴിഞ്ഞു കാര്‍ബണ്‍ കമ്പനി ഡയറക്ടറുടെ വക പട്ടണത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഗംഭീരമായൊരു വിരുന്നു നടന്നു. വിരുന്നില്‍ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍നിന്നുള്ള പലരും പങ്കെടുത്തു. ട്രേഡ്‌ യൂണിയന്‍ നേതാക്കളായ കുര്യാക്കോയും തങ്കയ്യനും അതിലെ മുഖ്യ ക്ഷണിതാക്കളായിരുന്നു.

മാഷിനെതിരെ സര്‍വവിധ കുറ്റങ്ങളും ആരോപിക്കപ്പെട്ട ഒരു വിരുന്നായിരുന്നു അത്‌. പാര്‍ട്ടിക്കിടയില്‍ നേതാക്കളായ തങ്കയ്യനെയും കുര്യാക്കോയെയും ഡയറക്ടര്‍ വിളിച്ചു മാറ്റിനിര്‍ത്തി സംസാരിക്കുന്നതും കാണാമായിരുന്നു
.
മാഷിനെതിരെ കുറ്റങ്ങള്‍ നിരത്തപ്പെട്ടു.

അന്യായമായി സംഘം ചേരല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, കൂട്ടുചേര്‍ന്നുള്ള ആക്രമണങ്ങള്‍, നരഹത്യ തുടങ്ങി ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അവ.

അന്നക്കുട്ടിയും ശോശാക്കുട്ടിയും മാഷിനെതിരെ വിരല്‍ചൂണ്ടി.

പട്ടണത്തിലെ സബ്ജയിലിലെ ചെളി പിടിച്ച കമ്പിയില്‍ പിടിച്ചു അപരിചിതരായ ജയില്‍പുള്ളികളെ അതിശയത്തോടെ നോക്കിക്കൊണ്ടുനിന്നു ഗാന്ധിയനായ മാഷ്‌.

ഒരു തടവുകാരന്‍ അടുത്തുവന്നു.

"കമ്പനിക്കെതിരെ സമരം നടത്തീന്നു കേട്ട വാദ്ധ്യാരാണല്ലേ...?"

ഹും... മാഷ്‌ അയാളെ തുറിച്ചുനോക്കി.

"അന്ന്‌ വെടി കൊണ്ട ആ പെണ്‍കുട്ടിയും ഇന്നലെ മരിച്ചു. മൊത്തം നാലുപേരെ കുരുതി കൊടുത്ത മഹാപാപി...!"

തടവുകാരന്‍ മാഷിെ‍ന്‍റ മുഖത്ത്‌ വൃത്തികെട്ട ശബ്ദത്തില്‍ കാര്‍ക്കിച്ചു തുപ്പി.


No comments: