Wednesday, July 2, 2008

കരിമുകള്‍- ഇരുപത്താറ്‌



ഇരുപത്താറ്‌

സാബിറ ടീച്ചര്‍ ക്ലാസ്‌ എടുത്തുകൊണ്ടിരിക്കുകയാണ്‌. പൊക്കാമറ്റം ഗ്രാമത്തിലെ സാധാരണക്കാരുടെ കുട്ടികള്‍ കേട്ടുകൊണ്ടിരുന്നു.

"പ്രകൃതി മനുഷ്യനെ എല്ലാ കാലങ്ങളിലും ശിക്ഷിക്കാറുണ്ട്‌. ദുരന്തങ്ങളുണ്ടാവുന്നത്‌ ഭൂമിയില്‍ സാധാരണം. ചിലത്‌ പ്രകൃതി നമ്മളില്‍ മനഃപൂര്‍വം അടിച്ചേല്‍പ്പിക്കുന്നു. അതു തടുക്കുവാന്‍ മനുഷ്യന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.

സുനാമിയുണ്ടാവുമെന്നു പേടിച്ച്‌ മനുഷ്യനു കടല്‍ക്കരയില്‍ വീടുവയ്ക്കാതിരിക്കാനൊക്കുമോ? അതു വന്നപ്പോള്‍ വീടിനോടൊപ്പം അവനും ഒലിച്ചുപോയി. പക്ഷേ, മുന്‍കൂട്ടി ചെയ്യാവുന്ന കുറെ കാര്യങ്ങളുണ്ടായിരുന്നു. അതിലൊന്ന്‌ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്ന കണ്ടല്‍ കാടുകള്‍ നശിപ്പിക്കാതിരിക്കണമായിരുന്നു. അല്ലെങ്കില്‍ പുതിയവ വച്ചു പിടിപ്പിക്കാമായിരുന്നു.

ഇതൊന്നും നമ്മള്‍ ഗൗനിക്കാതിരുന്നതിനുള്ള ശിക്ഷ നാം ഏറ്റു വാങ്ങുകയും ചെയ്തു.

വളര്‍ന്നുവരുന്ന നാളത്തെ പൗരന്മാരാണ്‌ നിങ്ങള്‍. നാളെ ആരൊക്കെയാവും എന്തൊക്കെ സംഭവിക്കും എന്നൊന്നും ഇപ്പോള്‍ നമുക്കു പറയാന്‍ കഴിയില്ല.

എവിടെ ജീവിച്ചാലും പ്രകൃതിയെ സ്നേഹിക്കേണ്ടിയിരിക്കുന്നു. അതിന്റെ നിലനില്‍പ്പിനു ദോഷമായി ഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയോ അതു ചെയ്യുന്നവര്‍ക്ക്‌ കൂട്ടു നില്‍ക്കുകയോ അരുത്‌. ജീവിതത്തിെ‍ന്‍റ സമസ്ഥ മേഖലയിലും പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്‌. ഇതിെ‍ന്‍റ പ്രതിഫലനങ്ങളാണ്‌ ദുരന്തങ്ങളുടെ രൂപത്തില്‍ നമുക്കു തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നത്‌.

നമ്മുടെ ഗ്രാമത്തിലെ വ്യവസായ മലിനീകരണത്തിനെതിരെ എക്കാലവും ശബ്ദിച്ചയാളാണ്‌ നാരായണന്‍ മാഷ്‌. അദ്ദേഹമിപ്പോള്‍ ജയിലിലാണ്‌. പ്രകൃതിസ്നേഹിക്കു നമ്മുടെ സമൂഹം കൊടുത്ത കൂലിയാണീ ജയില്‍വാസം. അദ്ദേഹത്തിനു വേണമെങ്കില്‍ മിണ്ടാതിരിക്കാമായിരുന്നു. ഒരു മനുഷ്യ സ്നേഹിക്ക്‌ ഒരിക്കലും അനീതി കണ്ട്‌ മിണ്ടാതിരിക്കാനാവില്ല. അതു ലോക നിയമമാണ്‌.

അടുത്ത ഏതാനും നാളുകള്‍ക്കകം യൂറേനിയം സംസ്കരണ പ്ലാനൃ ഈ ഗ്രാമത്തിലെത്തും. അത്‌ എണ്ണപോലെയോ കരിപോലെയോ വാതകം പോലെയോ അല്ല. റേഡിയേഷനിലൂടെയാണ്‌ അവ നമ്മെ ബാധിക്കുക."

കുട്ടികള്‍ വീര്‍പ്പടക്കിയിരുന്നു...

"മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്കുള്ളിലെ ക്രോമോസോമുകളെ നശിപ്പിച്ചു കളയുന്ന സൂക്ഷ്മ രശ്മികളാണ്‌ റേഡിയേഷനുകള്‍. ഇവിടെത്തെ യൂറേനിയം സംസ്കരണ പ്ലാന്‍റുകളുടെ മാലിന്യങ്ങള്‍ പുറന്തള്ളാനായി കമ്പനി കണ്ടുവച്ചിട്ടുള്ള സ്ഥലം ചിത്രപ്പുഴയാണ്‌. അതിപ്പോള്‍ തന്നെ മാലിന്യ കൂമ്പാരങ്ങള്‍ വഹിക്കുന്ന പുഴയാണ്‌. ഇതുകൂടിയാകുമ്പോള്‍ ജനങ്ങള്‍ അര്‍ബുദരോഗികളാകാന്‍ തുടങ്ങും. പുഴയിലെ മത്സ്യം കഴിക്കുന്നവര്‍ക്ക്‌ ആമാശത്തില്‍ റേഡിയേഷനും മറ്റുമുണ്ടാകും. കാന്‍സര്‍, അകാല വാര്‍ധക്യം, ജരാനരകള്‍ ഇവയെല്ലാം മനുഷ്യനു വന്നു ഭവിക്കും... നിങ്ങള്‍ സ്കൂള്‍ കുട്ടികളെല്ലാം വൃദ്ധന്മാരെപ്പോലെ..."

ഒരു വിദ്യാര്‍ത്ഥി എണീറ്റുനിന്നു...

"ടീച്ചര്‍... വ്യവസായശാലകള്‍ ഏതൊരു രാജ്യത്തിന്റെയും പുരോഗതിയെ നിയന്ത്രിക്കുന്ന ഘടകങ്ങളെന്നല്ലേ പഠിക്കാനുള്ളത്‌? അതൊഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം ഇൌ‍ നൂറ്റാണ്ടില്‍ നടപ്പാക്കാന്‍ കഴിയുമോ?"

ടീച്ചര്‍ അവെ‍ന്‍റ പുറത്തുതട്ടി "ഗുഡ്‌"

"ചോദ്യം ശരിയാണ്‌. വ്യവസായ ശാലകള്‍ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു താങ്ങും തണലുമാകേണ്ടവയാണ്‌. അതു സ്ഥാപിക്കരുത്‌ എന്നു പറയുന്നത്‌ രാജ്യപുരോഗതിയെ പിന്നോട്ടു നയിക്കുന്ന ഘടകവുമാണ്‌. പക്ഷേ.... ഓരോ വ്യവസായ ശാലകളും പാലിക്കേണ്ട കുറെ നിയമങ്ങളുണ്ട്‌. അവ ശരിയാംവണ്ണം നടത്താന്‍ സര്‍ക്കാരിനും കമ്പനി നടത്തിപ്പുകാര്‍ക്കും ബാധ്യതയുണ്ട്‌.

പൊക്കാമറ്റം ഗ്രാമത്തിലെ എത്ര വ്യവസായ ശാലകള്‍ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്‌? കമ്പനികളുടെ ചുറ്റുമതിലന്‌ നിശ്ചിത പരിധിക്കു പുറത്തു മാത്രമാണ്‌ ജനവാസം പാടുള്ളുവെന്നാണ്‌ നിയമം. ഇവിടെയോ? വ്യവസായ മാലിന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ഹാനികരമായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ പാടില്ല. പക്ഷേ, ഈ ഗ്രാമത്തിലെ സ്ഥിതി അതാണോ? കമ്പനികളിലെ പഴയ പ്ലാന്‍റുകള്‍ പൊളിച്ച്‌ മാറ്റി മലിനീകരണം ഇല്ലെന്നുറപ്പു വരുത്തുന്ന പുതിയവ നിര്‍മിക്കണം. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പോലും നടത്താത്ത എത്ര പ്ലാന്‍റുകളാണീ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നത്‌? എണ്ണ കമ്പനി തന്നെ എത്രയോ വര്‍ഷം പഴക്കമുള്ള പ്ലാന്‍റാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌. കരിക്കമ്പനിയില്‍നിന്ന്‌ ഈ ഗ്രാമം മുഴുവന്‍ കരിപ്പൊടി തുപ്പുകയല്ലേ? ഇതിെ‍ന്‍റ ലാഭമെല്ലാം സ്വകാര്യ പോക്കറ്റുകളിലേക്കാണൊഴുകുന്നത്‌. നാട്ടുകാര്‍ക്ക്‌ മെച്ചം കുറെ അസുഖങ്ങളും... കഷ്ടപ്പാടുകളും...

വിദേശ രാജ്യങ്ങളിലെല്ലാം ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവിടെ ഒരു തരി പൊടി പുറത്തുവരില്ല. അങ്ങനെ സംഭവിച്ചാല്‍ അതിെ‍ന്‍റ നടത്തിപ്പുകാര്‍ അഴിയെണ്ണും. അത്രയ്ക്ക്‌ കര്‍ശന നിയമങ്ങളാണവിടെ. ഇന്ത്യയില്‍ മലിനീകരണം ചൂണ്ടിക്കാണിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതിയാണിന്നുള്ളത്‌....

നിയമങ്ങള്‍ അനുസരിക്കുവാന്‍ ആജ്ഞാപിക്കുന്നവര്‍ അവ വേണ്ടവിധം പരിപാലിക്കാനും ബാധ്യസ്ഥരാണ്‌. ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണിയുള്ള ഏതു നിയമവും പൊളിച്ചെഴുതപ്പെടേണ്ടതാണ്‌. ജനങ്ങളുടെ സമാധാന ജീവിതമാണ്‌ പരമപ്രധാനം..."

ബല്ലടിച്ചു... ടീച്ചര്‍ പിന്നീടൊന്നും സംസാരിക്കാതെ സ്റ്റാഫ്‌ റൂമിലേക്കു നടന്നു...

No comments: