Monday, July 14, 2008

കരിമുകള്‍- പതിന്നാല്‌


പതിന്നാല്‌


വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി കമ്പനി അടച്ചിട്ടിരിക്കുകയാണ്‌. പുറത്തുനിന്നുള്ള ചെറുപ്പക്കാര്‍ക്കൊക്കെ ധാരാളം പണികളുണ്ട്‌. പൊക്കാമറ്റം കവലയില്‍ ചില താല്‍ക്കാലിക കച്ചവടക്കാര്‍ പല ദേശങ്ങളില്‍ നിന്നും പലവിധ സാധനങ്ങളുമായെത്തി. സന്ധ്യാനേരത്താണ്‌ കച്ചവടം പൊടിപൊടിക്കുക. ചിന്നമുക്കിലും ഈ സമയങ്ങളില്‍ കച്ചവടം കാര്യമായി നടക്കും. പട്ടണത്തില്‍നിന്ന്‌ കൂടുതല്‍ ചെറുപ്പക്കാരികളെ ചിന്ന തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടാകും.

സമയം സന്ധ്യാനേരം.

ഗ്രാമത്തില്‍നിന്ന്‌ രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഒരു ബസ്‌ സ്റ്റോപ്പില്‍ പൊക്കാമറ്റത്തേക്കുള്ള ബസ്‌ കാത്തു നില്‍ക്കുന്ന കുറച്ചാളുകള്‍. ഇക്കൂട്ടത്തില്‍ കമ്പനിപ്പണിക്കാരായ രണ്ടു ചെറുപ്പക്കാര്‍ രണ്ടു പെണ്ണുങ്ങളെ വളച്ചുകൊണ്ടു പൊക്കാമറ്റം ബസ്‌ കാത്തു നില്‍ക്കുന്നുണ്ട്‌.

അവര്‍ ആകെ പ്രശ്നത്തിലാണ്‌. രണ്ടു കിളിപോലുള്ള പെണ്ണുങ്ങള്‍ എന്തിനും തയ്യാറായി അവരുടെ കൂടെയുണ്ട്‌. പക്ഷേ ഇവറ്റകളെയുംകൊണ്ട്‌ പോകാനിടമില്ല.

ഹോട്ടലിലും ലോഡ്ജിലും പോലീസ്‌ റെയ്ഡും പ്രശ്നങ്ങളുമാണ്‌. പിന്നെ പെണ്ണുങ്ങള്‍ക്കും കൊടുത്തു ലോഡ്ജിലും കൊടുക്കാന്‍ പൈസ തികയില്ല.

നല്ല 'കിളി'പോലെത്തെ പെണ്ണുങ്ങള്‍...!

വിടാനും മനസു വരുന്നില്ല.

അവര്‍ ഒരു പോംവഴി കണ്ടെത്തി. ഇവളുമാരെ ബസില്‍ കയറ്റി പൊക്കാമറ്റം കവലയിലിറങ്ങുക. തൊട്ടപ്പുറത്ത്‌ പണിതീരാതെ കാടുപിടിച്ചു കിടക്കുന്ന പഞ്ചായത്ത്‌ ഷോപ്പിംഗ്‌ സെന്‍ററിലെ കെട്ടിടത്തിലേക്കു കയറ്റുക. ഒരു മനുഷ്യനറിയുകയുമില്ല. കാര്യം സാധിക്കുകയുമാവാം...

ചെറുപ്പക്കാര്‍ 'മാന്യ'ന്മാരായിരുന്നു.

ഇതനുസരിച്ച്‌ പൊക്കാമറ്റം ബസില്‍ കിളികളെയും കൊണ്ട്‌ പറന്ന്‌ കവലയിലിറങ്ങി. കാട്ടിനുള്ളില്‍ ഇരുട്ടുപിടിച്ചുകിടക്കുന്ന ഷോപ്പിംഗ്‌ കോംപ്ലക്സിനുള്ളിലേക്കു ചെറുപ്പക്കാരും കിളികളും കയറിപ്പോയി.

ചെറുപ്പക്കാരുടെ എതിര്‍കക്ഷിയില്‍പ്പെട്ട വിപ്ലവ യൂണിയെ‍ന്‍റ രണ്ടുപേര്‍ ഇതെല്ലാം കണ്ടു കുറച്ചുമാറി നില്‍ക്കുന്നുണ്ടായിരുന്നു.

കാക്ക നെല്ല്‌ തിന്നുന്നതു കോഴിക്കു പണ്ടേ കണ്ടു കൂടല്ലോ...?

അവരുടെ വിപ്ലവ ബോധവും സദാചാര മര്യാദകളും സടകുടഞ്ഞെണീറ്റു.

ഇതു പൊളിച്ചുകൊടുക്കണം. അവര്‍ തീരുമാനിച്ചു.

ചെറുപ്പക്കാര്‍ പോയ ഭാഗത്തേക്ക്‌ അപരന്മാര്‍ പാത്തും പതുങ്ങിയും ചെന്നു. അവര്‍ ചെവി വട്ടം പിടിച്ചു. ചെറിയ നാട്ടു വെളിച്ചവും ചീവിടിെ‍ന്‍റ കരച്ചിലും മാത്രം ബാക്കിയായി...

എവിടെ പോയി...?

ഒരുത്തന്‍ വീണ്ടും മുകളിലേക്കു കയറാന്‍ തുടങ്ങി. ഒരു മുറിയുടെ അകത്തുനിന്നു ചില ഞരക്കങ്ങളും മൂളലുകളും നേര്‍ത്തുനേര്‍ത്തുവരുന്നു.

ഇവിടെയുണ്ടെടാ... ഒരുത്തന്‍ ചെവിയില്‍ മന്ത്രിച്ചു.

ഒരു മുറിയുടെ അരുകില്‍ ഒരു മനുഷ്യരൂപം കിടന്നുരുണ്ടു മറിയുന്നു.

അവരിലൊരുവന്‍ തീപ്പെട്ടിയുരച്ചു.

കോണ്‍ട്രാക്ടര്‍ ജോസഫ്‌ വിഷം കഴിച്ചു കിടക്കുന്നു!

അവര്‍ ക്രമേണ എല്ലാം വിശദമായി കണ്ടു. നല്ല തയ്യാറെടുപ്പുകളോടെയാണ്‌ ജോസഫ്‌ മരിക്കാനായി തുനിഞ്ഞത്‌.

വഴയുടെ കൂമ്പടപ്പന്‍ രോഗത്തിനിടുന്ന കുരുടാന്‍ എന്ന ഫ്യുരഡാനാണ്‌ ജോസഫ്‌ തെരഞ്ഞെടുത്തത്‌. നല്ല വയലറ്റ്‌ നിറമുള്ള തരികളാണത്‌. നാട്ടില്‍ ഗാട്ടുകരാറും കാര്‍ഷിക പ്രതിസന്ധികളുമുണ്ടായപ്പോള്‍ ധാരാളം കൃഷിക്കാര്‍ വാങ്ങി വാഴക്കിടാതെ സ്വയംകഴിച്ച്‌ പരലോകം പൂകിയ വില കുറഞ്ഞ മരുന്നാണത്‌. കഴിച്ചാല്‍ മരണം ഉറപ്പ്‌.

ജോസഫ്‌ സന്ധ്യകഴിഞ്ഞപ്പോള്‍ എളിയില്‍ കുറച്ചു പച്ചമുളകും ഒരു കുപ്പി ത്രീയെക്സ്‌ റമ്മുമായി ഷോപ്പിംഗ്‌ കോംപ്ലക്സിനുള്ളില്‍ കയറി ഇരുപ്പുവച്ചതാണ്‌. അടുത്തുള്ള മാടക്കടയില്‍നിന്നു വാങ്ങിയ രണ്ടു കല്ലുകുപ്പി സോഡയുമുണ്ട്‌.

ആദ്യം ത്രീയെസക്സ്‌ മൂന്നു ലാര്‍ജ്‌ മടമടയായി അകത്തുകേറ്റി. പച്ചമുളക്‌ വച്ച്‌ നാവ്‌ പൊള്ളിച്ചു. പിന്നെ സോഡ പൊട്ടിച്ച്‌ രണ്ടു മൂന്നു കവിളിറക്കി. എളിയില്‍നിന്നു ഫ്യൂരഡാനെടുത്ത്‌ കല്ലുകുപ്പി സോഡയുടെ അകത്തിട്ട്‌ ഒന്നു കുലുക്കി. വയലറ്റുവെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തു. പിന്നീട്‌ രണ്ടിഷ്ടിക തലയിണയാക്കിവച്ച്‌ മരണം കാത്തു കിടന്നു.

മരണം വന്നില്ല. മറിച്ചു തലകുത്തി മറിഞ്ഞുള്ള ഛര്‍ദ്ദിയും ഓക്കാനാവും തുടങ്ങി. കണ്ണു കാണുന്നില്ല. ചുറ്റും ഇരുട്ട്‌. തലച്ചോറില്‍ ഭൂകമ്പം.... മിന്നല്‍പ്പിണരുകള്‍...

താനിപ്പോള്‍ തന്നെ മരിക്കും. തനിക്കാരുമില്ല. ഭാര്യയും മകളും തനിക്കന്യയായി. അവരുടെ മനസിലും താനില്ല. തന്റെ ജീവിതം കുര്യാക്കോ തട്ടിയെടുത്തു.

വിഷംപോയ വഴിയിലെല്ലാം മാംസം വെന്തു പോയിരുന്നു. കണ്ണിലിരുട്ട്‌. ചെവിയില്‍ മുഴക്കങ്ങള്‍. പ്രജ്ഞകള്‍ക്കപ്പുറത്തുള്ള വേറെയേതോ ലോകത്ത്‌ താനൊഴുകി നടക്കുന്നു.
മരണ കവാടത്തിലെത്തിയപ്പോള്‍ വര്‍ണ്ണങ്ങള്‍ മാറിമാറിവരുന്നു. ശബ്ദങ്ങളില്‍ ഫാക്ടറിയുടെ ഹുങ്കാരങ്ങളില്‍ തുടങ്ങി വെള്ളച്ചാട്ടത്തിെ‍ന്‍റ അഗാധതകളിലേക്കു ഊളിയിടുന്നപോലുള്ള മുഴക്കം മാത്രം.

പാദങ്ങള്‍ എങ്ങും സ്പര്‍ശിക്കുന്നില്ല. മരണത്തിന്റെ നൂലിഴലുകള്‍ അതീവ സൂക്ഷ്മം. താഴെ അഗാധത. മുകളില്‍ തൂവെള്ള വെളിച്ചം പൊഴിയുന്ന സ്വര്‍ഗവാതില്‍.

തനിക്കേതാണ്‌ വിധിച്ചിരിക്കുന്നത്‌? സ്വര്‍ഗമോ നരകമോ? എല്ലായിടത്തും അസ്വസ്ഥതകളുണ്ട്‌.

കണ്ണു തുറക്കുമ്പോള്‍ താന്‍ ഇനിയും മരിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞു. മുകളില്‍ കറങ്ങുന്ന പങ്ക... ചുറ്റിനും യന്ത്രങ്ങള്‍ ഘടിപ്പിച്ച ആശുപത്രി മുറി.

ആദ്യമായി കേട്ടത്‌ ഏതോ ഒരു കുഞ്ഞിന്റെ കരച്ചിലാണ്‌. ഇടയ്ക്ക്‌ ഒരു നേഴ്സ്‌ വന്ന്‌ ഒരു യന്ത്രം നിര്‍ത്തുകയും പകരം മറ്റൊന്നു പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ശരീരത്തില്‍നിന്നു വിവിധ യന്ത്രങ്ങളിലേക്ക്‌ കുഴലുകള്‍ കടിച്ചുതൂങ്ങി കിടന്നു. ജോസഫ്‌ നനഞ്ഞു കുതിര്‍ന്ന കണ്ണുകള്‍ ഇറുക്കിയടച്ചു.

2 comments:

Unknown said...

Hi Sivan chetooo.....

Keep your spirit going on and on....

Express your feeling what you learn from this world which you know how to note it on papers and then publish it.

Only few people from the whole crowd can do this....

Happy to learn that you are one among the blessed and assigned to bring light into the darkness, unawareness and to the unnoticed segment.

Blessings on you and your beloved one's will certainly reach for the good contribution you have done for the soceity.

GOD BLESS !

a true friend
Babu Joseph

Unknown said...

A NICE FOOT PRINT !

Which a human being can leave behind in today's materialistic WORLD !

bj