Thursday, July 24, 2008

കരിമുകള്‍- അഞ്ച്‌


അഞ്ച്‌

ദുരന്തങ്ങള്‍ എല്ലാക്കാലത്തും സാധാരണക്കാരെ മാത്രമേ ബാധിക്കാറുള്ളൂ. കമ്പനിയിലെ തീപിടിത്തം ആറാം ദിവസം അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അവസാനിച്ചു. കത്തിയ ടാങ്കു നിന്നിടത്ത്‌ ഉരുകിയൊലിച്ച ഇരുമ്പു കീടങ്ങള്‍ ശവം ദഹിപ്പിച്ച പട്ടട പോലെ കറുത്തു കിടന്നു. ചുറ്റുപാടുമുള്ള ടാങ്കുകള്‍ ചൂടേറ്റ്‌ പുളഞ്ഞു നിന്നിരുന്നു. തൊട്ടടുത്തുനിന്നിരുന്ന ഒരു തെങ്ങ്‌ മാത്രം ശിരസ്സുകത്തി ആകാശത്തേക്കു കറുത്ത വിരല്‍ ചൂണ്ടി നിന്നു.

നാടുവിട്ടുപോയ ജനങ്ങള്‍ ഒറ്റയും തെറ്റയുമായി ആശങ്കകളോടെ വീടുകളില്‍ തിരിച്ചെത്തി. പല വീടുകളും കൊളളയടിക്കപ്പെട്ടിട്ടുണ്ട്‌. കമ്പനി ടാങ്കിലെ കീടന്‍ കത്തിയ ഓക്കാനിപ്പിക്കുന്ന മണം അപ്പോഴും ഗ്രാമത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. കത്തിയ അലൂമിനിയം ഫോയിലുകള്‍ ഗ്രാമത്തിലെങ്ങും അപ്പൂപ്പന്‍ താടി പോലെ പറന്നു കളിച്ചു. കൊച്ചുകുട്ടികള്‍ കൗതുകത്തോടെ അവ പെറുക്കി കൂട്ടാന്‍ മത്സരിച്ചു.

അന്നക്കുട്ടിയും ശോശക്കുട്ടിയും പശുവിനെ അഴിച്ചുവിട്ടിട്ട്‌ കോലഞ്ചേരിക്കു പോയതായിരുന്നു. അവളുടെ ഒരു ബന്ധുവിെ‍ന്‍റ വീട്ടില്‍ രണ്ടുമൂന്നു ദിവസം തങ്ങി. ഉടുതുണിക്കു മറുതുണി പോലും എടുക്കാതെയാണ്‌ പോയത്‌. അതുകൊണ്ടുതന്നെ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ മുഷിഞ്ഞു നാറിയിരുന്നു.

ജോസഫിനെപ്പറ്റി വിവരമൊന്നുമില്ല. അയാള്‍ എവിടെയാണെന്നൊന്നും അന്വേഷിക്കാന്‍ മെനക്കെട്ടില്ല. അവള്‍ക്കു പശുവിനെക്കുറിച്ചായിരുന്നു വേവലാതി. പാടംവഴി അതിനെ അന്വേഷിച്ച്‌ പങ്ങാലിപ്പീടിക വരെ നടന്നു. പാടത്തിെ‍ന്‍റ ഇരു കരകളിലും വീടുകള്‍ ആളും അനക്കവുമില്ലാതെ അനാഥമായി കിടപ്പുണ്ടായിരുന്നു.
ദൂരെയൊരു പശുക്കൂട്ടം നാഥനില്ലാതെ അലയുന്നതു കണ്ട്‌ അവള്‍ പ്രതീക്ഷയോടെ അങ്ങോട്ടു ചെന്നു.

അവിടെയെങ്ങും തെ‍ന്‍റ പശുവുണ്ടായിരുന്നില്ല.

കുറെക്കഴിഞ്ഞപ്പോള്‍ അന്നക്കുട്ടിയ്ക്കു മടുത്തു. അവള്‍ കൂരയിലെത്തി പാത്രം കഴുകി അരി അടുപ്പത്തിട്ടു.

ചിത്രപ്പുഴയുടെ കൈവഴികളായി പിരിഞ്ഞു വരുന്ന തോടുകളിലൊന്നാണ്‌ വേളൂര്‍ത്തോട്‌. ഇവിടെ ആദ്യകാലങ്ങളില്‍ സമൃദ്ധമായി നല്ലയിനം മീനുകളുണ്ടായിരുന്നു. ഇപ്പോള്‍ കുറെക്കാലങ്ങളായി തോട്ടിലൂടെ ഒഴുകുന്നത്‌ എണ്ണപ്പാട കെട്ടിയ വെള്ളമാണ്‌. കമ്പനിയുടെ പ്ലാന്‍റില്‍നിന്നു ശുദ്ധി ചെയ്യാതെ മലിന ജലം രാത്രി ഷിഫ്റ്റിലെ തൊഴിലാളികള്‍ ചിത്രപ്പുഴയിലേക്കു തുറന്നു വിടാറുണ്ട്‌.

ഗ്രാമത്തിലുള്ളവര്‍ കൃഷിക്കും കുടിക്കാനും കുളിക്കാനുമുപയോഗിക്കുന്ന വെള്ളമാണ്‌ പുഴയിലുള്ളത്‌. ഈ കൊലച്ചതി ആദ്യമൊന്നും ഗ്രാമീണര്‍ക്കും മനസിലായിരുന്നില്ല. തോട്ടിലെ കടവുകളില്‍ ചിത്രപ്പുഴ മുതല്‍ പങ്ങാലിത്താഴം വരെ എണ്ണപ്പാടയില്‍ സൂര്യരശ്മി വീണ്‌ മഴവില്ലിെ‍ന്‍റ വര്‍ണ്ണങ്ങള്‍ തെളിഞ്ഞുനിന്നു.

ഒരു ദിവസം സന്ധ്യക്ക്‌ അന്നക്കുട്ടി കുളിക്കാനായി തോട്ടിലെ വെള്ളത്തില്‍നിന്ന്‌ ഈറനോടെ സോപ്പു തേയ്ക്കുമ്പോള്‍ തൊട്ടടുത്ത കൈതപ്പൊന്തയിലൊരനക്കം...!

സൂക്ഷിച്ചു നോക്കിയപ്പോള്‍ ആരോ പൊന്തയ്ക്കകത്തിരിപ്പുണ്ട്‌ എന്നു മനസ്സിലായി. അവള്‍ പെട്ടെന്ന്‌ ഒരു മുണ്ടെടുത്ത്‌ പുതച്ചു.

"ആരാത്‌?" അവള്‍ വിളിച്ചു ചോദിച്ചു.

പെട്ടെന്ന്‌ ഒരു നിഴല്‍ കൈതപ്പൊന്ത വിട്ട്‌ അടുത്ത നടവരമ്പിലൂടെ വേഗത്തില്‍ പാടം മുറിച്ചു നടന്നു പോയി. സന്ധ്യയുടെ അവ്യക്തതയിലും അന്നക്കുട്ടിക്ക്‌ ആളെ വ്യക്തമായി.

"കുര്യാക്കോ!"

അന്നക്കുട്ടിയുടെ മനസ്സിലും ചില ചലനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ആ പയ്യന്‍ വല്ലതും കണ്ടു കാണുമോ? ഹേയ്‌... ഇനീപ്പോ കണ്ടാലെന്താ...? അവനൊരാണല്ലേ...?

പിന്നീടുള്ള മിക്ക സന്ധ്യകളിലും അന്നക്കുട്ടി മനഃപൂര്‍വം കുളിക്കാനായി തോട്ടിലെ വെള്ളത്തില്‍ നനഞ്ഞു കിടന്നു. കൈതപ്പൊന്തയില്‍ കത്തിയെരിയുന്ന രണ്ടു കണ്ണുകള്‍ മിക്കവാറും തെളിഞ്ഞു നില്‍പ്പുണ്ടാകുമെന്നവള്‍ക്കറിയാമായിരുന്നു.

ഒരു ദിവസം സന്ധ്യക്ക്‌ ജോസഫ്‌ ആടിയാടി കൂരയിലെത്തി. കയ്യിലൊരു പൊതിക്കെട്ടുണ്ട്‌. വന്ന പാടെ അധികാര സ്വരത്തില്‍ അന്നക്കുട്ടിയെ വിളിച്ചു... പൊതിക്കെട്ട്‌ അവളുടെ മുന്നിലേക്കിട്ടു.

"ടീ... ഇതു നന്നായി കറി വയ്ക്കുക. കുറച്ച്‌ എറച്ചിയാ... നല്ല ഫ്രഷ്‌ സാധനം."

അന്നക്കുട്ടി പൊതിയെടുത്ത്‌ അടുക്കളയിലേക്കു നടന്നു. ശോശക്കുട്ടി വാതില്‍ക്കല്‍ മറഞ്ഞുനിന്നു. ജോസഫ്‌ അന്നക്കുട്ടിയുടെ അടുത്തു കൂടി ഒരു ശൃംഗാരശ്രമം നടത്തി പരാജയപ്പെട്ടു. അവള്‍ അതു ഗൗനിക്കാതെ കറിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

"ടീ... നമ്മടെ പശുവെന്ത്യേ...?"

"അതു പാടത്തു വല്ലയിടത്തും കാണും. കുറേ ദിവസമായി പലരോടും അന്വേഷിച്ചു. പക്ഷേ, ആരും കണ്ടില്ല."

അവള്‍ അടുക്കളയില്‍നിന്നു വിളിച്ചു പറഞ്ഞു.

ജോസഫ്‌ ഊറിച്ചിരിച്ചു പാടത്തേക്കു നോക്കിക്കൊണ്ടിരുന്നു. അയാള്‍ ദുരൂഹമായെതെന്തോ ആലോചിക്കുകയായിരുന്നു.

ഇറച്ചി ചെറുതായി നുറുക്കി നല്ല ശേലായി വറുത്തരച്ച്‌ കറിയാക്കി. അവള്‍ ജോസഫിനെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു.

അയാളന്ന്‌ നല്ല വണ്ണം ഇറച്ചിക്കറി കൂട്ടി ചോറുണ്ടു. തൃപ്തിയായി ഏമ്പക്കം വിട്ടു.

മകള്‍ക്കും കൊടുത്ത്‌ അന്നക്കുട്ടിയും കഴിക്കാനെടുത്തു മുന്നില്‍ വച്ചു. അവള്‍ കറി ഒഴിച്ച്‌ ഒരുരുള വായിലേക്ക്‌ വയ്ക്കാന്‍ തുടങ്ങുകയായിരുന്നു.

ജോസഫ്‌ അവളുടെ കണ്ണുകളിലേക്കു നോക്കി എന്തോ പറയാന്‍ തുനിഞ്ഞു. ഒടുക്കം പറയുകയും ചെയ്തു.

"നമ്മടെ പശൂനെ ഞാന്‍ അറവുകാര്‍ക്ക്‌ പിടിച്ചുകൊടുത്തു. അവരതിനെ വെട്ടി.ആ എറച്ചിയാടിയിത്‌ എങ്ങിനേണ്ട്‌...?

അന്നക്കുട്ടി ചവച്ചുകൊണ്ടിരുന്ന ഉരുള താഴോട്ടിറങ്ങിയില്ല. അവള്‍ ചോറും കറിയും പിന്നാമ്പുറത്തെ തെങ്ങിന്‍ ചുവട്ടില്‍ കൊണ്ടുപോയി കമഴ്ത്തിക്കളഞ്ഞു. ഏങ്ങിക്കരഞ്ഞുകൊണ്ടു ശോശക്കുട്ടിയുടെ അടുത്തുവന്നു കിടന്നു.

അതൊന്നും ഗൗനിക്കാതെ ജോസഫ്‌ പാടം മുറിച്ചു കടന്നു പൊക്കാമറ്റം ഷാപ്പിലേക്ക്‌ നീങ്ങിക്കഴിഞ്ഞിരുന്നു.

No comments: